മനുഷ്യബന്ധങ്ങളാണ് വലിയ ശക്തി, ഒരാളെ ഉപയോഗിച്ച ശേഷം വലിച്ചെറിഞ്ഞു രസിക്കരുത്’: നിതിന്‍ ഗഡ്കരി

നാഗ്പുര്‍: ബിസിനസിലായാലും സാമൂഹിക പ്രവര്‍ത്തനമോ രാഷ്ട്രീയമോ ആയാലും മനുഷ്യബന്ധങ്ങളാണ് വലിയ ശക്തിയെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. ശനിയാഴ്ച നാഗ്പുരില്‍ സംരംഭകരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഒരാളെ ഉപയോഗിച്ച ശേഷം വലിച്ചെറിഞ്ഞു രസിക്കരുത്. നല്ല കാലമോ ചീത്തകാലമോ ആകട്ടെ, നിങ്ങള്‍ ഒരാളുടെ കൈ പിടിച്ചാല്‍ എല്ലായ്പ്പോഴും മുറുകെപ്പിടിച്ചിരിക്കണം. അധികാരത്തിലുള്ളയാളെ ആരാധിക്കരുത്.
വിദ്യാര്‍ഥി നേതാവായിരിക്കെ എന്നോട് കോണ്‍ഗ്രസില്‍ ചേരാന്‍ മുതിര്‍ന്ന നേതാവ് ശ്രീകാന്ത് ജിച്കര്‍ ആവശ്യപ്പെട്ടിരുന്നു. കിണറ്റിലേക്കു ചാടി മരിക്കാന്‍ തയാറായാലും കോണ്‍ഗ്രസില്‍ ചേരാനില്ല. അവരുടെ പ്രത്യയശാസ്ത്രം എനിക്ക് ഇഷ്ടമല്ല എന്നായിരുന്നു എന്റെ മറുപടി. യുവ സംരംഭകര്‍ അഭിലാഷങ്ങളെ ഒരിക്കലും വിട്ടുകളയരുത്’- മന്ത്രി പറഞ്ഞു.

പരാജയപ്പെടുമ്പോഴല്ല, പരിശ്രമം ഉപേക്ഷിക്കുമ്പോഴാണ് ഒരു മനുഷ്യന്‍ തോല്‍ക്കുന്നതെന്നു മുന്‍ യുഎസ് പ്രസിഡന്റ് റിച്ചാര്‍ഡ് നിക്സന്റെ ആത്മകഥയിലെ വാചകവും അദ്ദേഹം ആവര്‍ത്തിച്ചു.