Recent Posts (Page 1,631)

തിരുവോണ ദിനം തിയേറ്ററിലെത്തുന്ന ഒറ്റ് എന്ന ചിത്രത്തിന്റെ പ്രചാരണത്തിനിടെ റോഡുകളിലെ കുഴിയുമായി ബന്ധപെട്ട് പരോക്ഷ വിമര്‍ശനവുമായി നടന്‍ കുഞ്ചാക്കോ ബോബന്‍. ഒറ്റ് എന്ന പുതിയ ചിത്രത്തില്‍ മുബൈയില്‍ നിന്ന് മംഗലാപുരം വരെ യാത്ര ചെയ്‌തെങ്കിലും റോഡില്‍ ഒറ്റ കുഴി പോലുമില്ലെന്ന് കുഞ്ചാക്കോ ബോബന്‍ പറഞ്ഞു. തിരുവോണ ദിനം തിയേറ്ററിലെത്തുന്ന ചിത്രത്തിന്റെ പ്രചാരണ പരിപാടിക്കിടെയായിരുന്നു താരത്തിന്റെ പ്രതികരണം.

റോഡില്‍ കുഴികളില്ലാത്തതിനാല്‍ പ്രേക്ഷകര്‍ക്ക് ധൈര്യപൂര്‍വം തിയേറ്ററുകളിലേക്ക് വരാം. മംഗലാപുരം മുതല്‍ കൊച്ചി വരെ റോഡ് പണി നടന്നുകൊണ്ടിരിക്കുകയാണ്. ചില ചിത്രങ്ങള്‍ മൂലം നല്ല കാര്യങ്ങള്‍ സംഭവിക്കുമെന്നും താരം കൂട്ടിച്ചേര്‍ത്തു. ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിന്റെ വിജയം പരസ്യ വാചകത്തിന്റെ പേരില്‍ വിമര്‍ശിച്ചവര്‍ക്കുള്ള മറുപടി കൂടിയാണെന്ന് കുഞ്ചാക്കോ ബോബന്‍ പറഞ്ഞു. എന്താണ് നമ്മള്‍ ഉദ്ദേശിക്കുന്നതെന്ന് മനസിലാക്കാതെ ആളുകള്‍ മറ്റ് രീതിയില്‍ അതിനെ വ്യാഖ്യാനിക്കുന്ന സാഹചര്യമുണ്ടാകാറുണ്ട്. ഉദ്ദേശ ശുദ്ധി മനസിലാക്കാതെ ചിലര്‍ക്ക് തങ്ങള്‍ പറയുന്നതാണ് കാര്യമെന്ന് വരുത്തി തീര്‍ക്കാനുള്ള വ്യഗ്രത എന്തിനാണെന്ന് മനസിലാകുന്നില്ല. ആക്ഷേപഹാസ്യം ആസ്വദിക്കാന്‍ കഴിവുള്ളവരാണ് മലയാളികളെന്നും വേറൊരു രീതിയില്‍ ആക്ഷേപഹാസ്യത്തെ കാണരുതെന്നും ചാക്കോച്ചന്‍ അഭിപ്രായപ്പെട്ടു. ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ച് കഴിഞ്ഞ മാസം ഏഴിന് പത്രങ്ങളില്‍ പ്രസിദ്ധീകരിച്ച ‘തിയേറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്, എന്നാലും വന്നേക്കണേ’ എന്ന ചിത്രത്തിന്റെ പോസ്റ്ററിലെ പരസ്യവാക്യത്തിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ന്നിരുന്നു. പരസ്യത്തിനെ അനുകൂലിച്ചും പ്രതികൂലിച്ചും സമൂഹ മാധ്യമങ്ങളിലൂടെ നിരവധി പേരാണ് രംഗത്ത് എത്തിയത്.

ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രിയും രാഷ്ട്രപതിയും. ‘ഏവര്‍ക്കും, പ്രത്യേകിച്ച് കേരളത്തിലെ ജനങ്ങള്‍ക്കും ലോകമെമ്പാടുമുള്ള മലയാളി സമൂഹത്തിനും ഓണാശംസകള്‍. ഈ ഉത്സവം പ്രകൃതി മാതാവിന്റെ സുപ്രധാന പങ്കിനെയും നമ്മുടെ കഠിനാധ്വാനികളായ കര്‍ഷകരുടെ പ്രാധാന്യത്തെയും വീണ്ടും ഉറപ്പിക്കുന്നു. ഓണം നമ്മുടെ സമൂഹത്തില്‍ ഐക്യത്തിന്റെ ചൈതന്യം വര്‍ദ്ധിപ്പിക്കട്ടെ’- പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.

‘എല്ലാ സഹപൗരന്മാര്‍ക്കും, വിശേഷിച്ചും മലയാളി സഹോദരങ്ങള്‍ക്ക് ഓണാശംസകള്‍ നേരുന്നു. വിളവെടുപ്പിന്റെ ഉത്സവമായ ഓണം സമത്വത്തിന്റെയും നീതിയുടെയും സത്യത്തിന്റെയും ആഘോഷം കൂടിയാണ്. ഈ ഉത്സവത്തിന്റെ ചൈതന്യം സാമൂഹ്യമൈത്രി ശക്തിപ്പെടുത്തുകയും ഏവര്‍ക്കും സമാധാനവും സമൃദ്ധിയും കൈവരുത്തുകയും ചെയ്യട്ടെ’- രാഷ്ട്രപതി ദ്രൗപദി മുര്‍മു ആശംസിച്ചു.

അതേസമയം, ‘എല്ലാവര്‍ക്കും എന്റെ ഹൃദയംഗമമായ ഓണാശംസകള്‍. സമാധാനത്തിന്റെയും സമൃദ്ധിയുടെയും പ്രാധാന്യം ഊട്ടിയുറപ്പിക്കാന്‍ ഓണോത്സവത്തിന് കഴിയും. എല്ലാവരുടെയും ആരോഗ്യത്തിനും ക്ഷേമത്തിനും വേണ്ടി ഞാന്‍ ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു’- എന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ആശംസിച്ചു.

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ പട്ടികജാതി വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന വിജ്ഞാൻവാടികളുടെ മേൽനോട്ട ചുമതലകൾക്കായി കോ ഓർഡിനേറ്റർമാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. നിയമന കാലാവധി 1 വർഷം. അപേക്ഷകർ അതാത് ബ്ലോക്ക്/മുൻസിപ്പാലിറ്റി പരിധിയിലുള്ളവരും പട്ടികജാതിയിൽപ്പെട്ട പ്ലസ് ടു പാസായ കമ്പ്യൂട്ടർ പരിജ്ഞാനമുളളവരായിരിക്കണം.

പ്രായപരിധി 21 നും 45 നും ഇടയിലായിരിക്കണം. പട്ടികജാതി വികസന വകുപ്പിലോ മറ്റ് സർക്കാർ വകുപ്പുകളിലോ പ്രവർത്തന പരിചയമുളളവർക്ക് മുൻഗണന ഉണ്ടായിരിക്കും. താൽപര്യമുള്ളവർ അപേക്ഷ സെപ്തംബർ 20ന് വൈകുന്നേരം 5 മണിക്ക് മുൻപ് കോഴിക്കോട് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.ഫോൺ 0495 2370379.

അതേസമയം, സമഗ്രശിക്ഷാ കേരളം തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയുടെ പരിധിയിലുള്ള വിവിധ ബി.ആർ.സികളിൽ നിലവിലുള്ള ഐ.ഇ.ഡി.സി സെക്കൻഡറി സ്പെഷ്യൽ എഡ്യൂക്കേറ്റർമാരുടെ ഒഴുവുകളിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. ബിരുദവും സ്പെഷ്യൽ എഡ്യൂക്കേഷനിൽ ബി.എഡും സാധുവായ ആർ.സി.ഐ രജിസ്ട്രേഷനും അല്ലെങ്കിൽ ബിരുദവും ജനറൽ ബി.എഡും സ്പെഷ്യൽ എഡ്യൂക്കേഷനിൽ ഡിപ്ലോമയും സാധുവായ ആർ.സി.ഐ രജിസ്ട്രേഷനും ആണ് യോഗ്യത.

ഉദ്യോഗാർഥികൾ സെപ്റ്റംബർ 13ന് രാവിലെ 9ന് എസ്.എസ്.കെ ജില്ലാ പ്രോജക്ട് ഓഫീസിൽ (ഗവ. ഗേൾസ് എച്ച്.എസ് സ്‌കൂൾ കോമ്പൗണ്ട് കിള്ളിപ്പാലം, തിരുവനന്തപുരം) നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിൽ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി ഹാജരാകണം. ഫോൺ: 0471-2455590.

തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ 2022-23 അധ്യയന വർഷത്തേക്ക് ബയോകെമിസ്ട്രി വിഭാഗത്തിൽ അതിഥി അധ്യാപകരെ നിയമിക്കുന്നു. ഇതിനായുള്ള അഭിമുഖം സെപ്തംബർ 15 ന് രാവിലെ 11 ന് നടക്കും. യൂജിസി നിഷ്‌കർഷിച്ച യോഗ്യത ഉള്ളവരും കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ കൊല്ലം ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ അതിഥി അധ്യാപകരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്തവരുമായ ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം. ബയോഡാറ്റ, യോഗ്യത സർട്ടഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റ്, മുൻപരിചയം, തിരിച്ചറിയൽ രേഖ എന്നിവയുടെ അസൽ രേഖകൾ സഹിതം ഹാജരാകണം.

അതേസമയം, വടശേരിക്കര ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഒഴിവുള്ള അക്രഡിറ്റഡ് എൻജിനീയർ തസ്തിയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിനുള്ള അഭിമുഖം ഈ മാസം 15ന് രാവിലെ 11 മുതൽ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടത്തും. യോഗ്യത : എൻജിനീയറിംഗ് ബിരുദം (അഗ്രികൾച്ചർ/ സിവിൽ) അഗ്രികൾച്ചറൽ ബിരുദധാരികൾക്ക് മുൻഗണന.

നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികളുടെ അഭാവത്തിൽ സിവിൽ എഞ്ചിനീയറിംഗ് ഡിപ്ലോമയുള്ള ഓവർസീയർ ഉദ്യോഗാർഥികളെയും പരിഗണിക്കും. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന ഉമ്ടായിരിക്കും. താല്പര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത,പ്രവ്യത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിൽ നേരിട്ട് ഹാജരാകണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോൺ : 0473 5 252 029

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയുടെ ഡി-ലിറ്റ് സ്വീകരിക്കാന്‍ താല്‍പര്യമില്ലെന്നറിയിച്ച് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ വൈസ് ചാന്‍സലര്‍ക്ക് കത്തയച്ചു. വിദ്യാഭ്യസ രംഗത്ത് നല്‍കിയ മഹനീയമായ സേവനങ്ങള്‍ കണക്കിലെടുത്ത്, കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍, വെള്ളാപ്പള്ളി നടേശന്‍ എന്നിവര്‍ക്ക് ഡോക്ടറേറ്റ് ബഹുമതി നല്‍കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ഇടത് സിന്‍ഡിക്കേറ്റംഗം ഇ. അബ്ദുറഹിം പ്രമേയം അവതരിപ്പിച്ചിരുന്നു. വൈസ് ചാന്‍സലറുടെ അനുമതിയോടെയാണ് പ്രമേയം അവതരിപ്പിച്ചത്.

അതേസമയം, ഒന്‍പത് അംഗങ്ങള്‍ പങ്കെടുത്ത യോഗത്തില്‍ എട്ട് പേരും ഇടത് ചായ്‌വ് ഉള്ളവരാണ്. തര്‍ക്കത്തിനൊടുവില്‍ ഡി-ലിറ്റ് നല്‍കാന്‍ പ്രമുഖരായ വ്യക്തികളെ കണ്ടെത്തുന്നതിന് രൂപീകരിച്ച സിന്‍ഡിക്കേറ്റ് സബ് കമ്മിറ്റിയുടെ പരിഗണയിലേക്ക് പ്രമേയം നല്‍കാന്‍ തീരുമാനമായി. അതിനിടെ, സാംസ്‌ക്കാരിക മണ്ഡലത്തിനും വൈജ്ഞാനിക മേഖലയ്ക്കും ഉന്നത സംഭാവനകള്‍ നല്‍കിയിട്ടുള്ള വ്യക്തിത്വങ്ങളെ ആദരിക്കുന്നതിന് സര്‍വകലാശാലാ ചട്ടങ്ങളില്‍ വ്യവസ്ഥ ചെയ്തിട്ടുള്ള ഓണററി ഡോക്ടറേറ്റ് ബിരുദം കാന്തപുരത്തിനും വെള്ളാപ്പള്ളിക്കും നല്‍കാനുള്ള കാലിക്കറ്റ് സര്‍വകലാശാലയുടെ നീക്കം പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് കാലിക്കറ്റ് വൈസ് ചാന്‍സലറോടും, ഡിഗ്രിക്ക് അംഗീകാരം നല്‍കരുതെന്ന് ഗവര്‍ണറോടും സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയിന്‍ കമ്മിറ്റി ആവശ്യപ്പെട്ടു.

എന്നാല്‍, ഡി- ലിറ്റുമായി ബന്ധപ്പെട്ട് നടക്കുന്ന ചര്‍ച്ചകള്‍ കാന്തപുരത്തിന്റെ അറിവോടെയല്ലെന്നും അക്കാദമിക് രംഗത്ത് സര്‍വ്വകലാശാല ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും കാന്തപുരത്തിന്റെ വക്താവ് കത്തില്‍ ചൂണ്ടിക്കാട്ടി.

കൊച്ചി: കേരളത്തിലേക്ക് മയക്കു മരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണി അറസ്റ്റിൽ. ആഫ്രിക്കൻ യുവതിയാണ് പോലീസിന്റെ പിടിയിലായത്. സംസ്ഥാനത്തേക്ക് അതിതീവ്ര ലഹരിമരുന്നായ എംഡിഎംഎ എത്തിക്കുന്ന സംഘത്തിലെ പ്രധാനിയായ യുവതിയെയാണ് പിടികൂടിയതെന്ന് പാലാരിവട്ടം പോലീസ് അറിയിച്ചു.

ആഫ്രിക്കയിലെ ഘാന സ്വദേശിനിയായ ഏഞ്ചല്ല തക്വിവായെയാണ് അറസ്റ്റ് ചെയ്തത്. ബംഗളൂരുവിൽ വച്ചാണ് പാലാരിവട്ടം പോലീസ് ഇവരെ പിടികൂടിയത്. ജൂലൈ 20 ന് കൊച്ചി കലൂർ സ്റ്റേഡിയത്തിനരികെ പാർക്ക് ചെയ്ത വാഹനത്തിൽ നിന്നും 102 ഗ്രാം എംഡിഎംഎ പൊലീസ് പിടികൂടിയിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് യുവതി വലയിലായത്.

ലഹരിക്കടത്തുമായി ബന്ധപ്പെട്ട് നൈജീരിയൻ സ്വദേശി ഒക്കാഫോർ എസേ ഇമ്മാനുവൽ ഉൾപ്പെടെ ആറ് പേർ നേരത്തെ പിടിയിലായിരുന്നു. ഇവരെ ചോദ്യം ചെയ്‌തോടെയാണ് ഏഞ്ചലയെ കുറിച്ച് വിവരം ലഭിച്ചത്. സംസ്ഥാനത്തേക്ക് എംഡിഎംഎ കൂടുതലായി എത്തുന്നത് ഡൽഹി, ബംഗളൂരു എന്നിവിടങ്ങളിൽ നിന്നാണ്. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി.

ചെന്നൈ: ബിജെപിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സിബിഐ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, ആദായ നികുതി വകുപ്പ് എന്നീ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷത്തെ ഭയപ്പെടുത്താനാണ് ബിജെപി ശ്രമിക്കുന്നതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഭാരത് ജോഡോ യാത്രയ്ക്ക് തുടക്കം സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെയാണ് കോൺഗ്രസ് ഭാരത് ജോഡോ യാത്ര നടത്തുന്നത്. കന്യാകുമാരി മുതൽ കശ്മീർ വരെ 3,500 കിലോമീറ്ററിലേറെ കാൽ നടയായി നടത്തുന്ന ഭാരത് ജോഡോ യാത്ര 12 സംസ്ഥാനങ്ങളിലൂടെയും, രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലൂടെയും കടന്നു പോകും.

ഈ രാജ്യത്ത് ജീവിക്കുന്ന ഓരോ വ്യക്തിയുടെയും മതത്തെയും ഭാഷയെയും പ്രതിനിധീകരിക്കുന്നതാണ് ദേശീയ പതാക. എന്നാൽ ആ പതാക തങ്ങളുടെ സ്വകാര്യ സ്വത്താണെന്ന് ബിജെപിയും ആർ.എസ്.എസും കരുതുന്നു. രാജ്യത്തിന്റെ ഭാവി ഏകപക്ഷീയമായി നിർണയിക്കാമെന്ന് ഒരു വിഭാഗം കരുതുന്നു. ഇന്ന് ഓരോ സ്ഥാപനവും ബിജെപിയുടെയും ആർഎസ്എസിന്റെയും ആക്രമണത്തിന് വിധേയമാണ്. നേരത്തെ ഇന്ത്യയെ നിയന്ത്രിച്ചത് ഈസ്റ്റ് ഇന്ത്യ കമ്പനിയായിരുന്നു. എന്നാൽ, ഇന്ന് ഇന്ത്യയെ മുഴുവൻ നിയന്ത്രിക്കുന്നത് വൻകിട കമ്പനികളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൊച്ചി: തെരുവുനായ ശല്യം രൂക്ഷമായിട്ടും ഇതിന് പരിഹാം കാണാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഒന്നും ചെയ്യാത്ത സാഹചര്യത്തിൽ വേറിട്ട പ്രതിഷേധവുമായി പിറവം നഗരസഭ ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ ജിൽസ് പെരിയപ്പുറം. നീതി തേടി അദ്ദേഹം ഹൈക്കോടതിക്ക് മുൻപിൽ ശയനപ്രദക്ഷിണം നടത്തി ഇന്നലെ രാവിലെയായിരുന്നു ഇദ്ദേഹം ഹൈക്കോടതിയ്ക്ക് മുന്നിൽ പ്രതിഷേധം നടത്തിയത്. വന്ധ്യംകരണം ശാശ്വത പരിഹാരമല്ലെന്നും പണം തട്ടാനുള്ള മാർഗം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങളെ ഭീതിയിലാഴ്ത്തുന്ന തെരുവുനായ ശല്യത്തിനു പരിഹാരം കാണാൻ അടിയന്തര ഇടപെടൽ നടത്തണമെന്ന ആവശ്യവും അദ്ദേഹം മുന്നോട്ടുവെയ്ക്കുന്നുണ്ട്. അതേസമയം, സംസ്ഥാനത്ത് തെരുവുനായ ആക്രമണങ്ങൾ വർദ്ധിച്ചു വരികയാണ്. ചെങ്ങമനാട് നെടുവന്നൂരിൽ തെരുവുനായയുടെ കടിയേറ്റ് 2 പേർക്കു പരുക്കേറ്റു.

സംസ്ഥാനത്ത് നായകളിൽ നിന്നുള്ള കടിയേൽക്കുന്നവരുടെ എണ്ണം കൂടിയ സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് ‘ഉറ്റവരെ കാക്കാം: പേവിഷത്തിനെതിരെ ജാഗ്രത’ എന്ന പേരിൽ ക്യാമ്പെയ്ൻ ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. പേവിഷബാധയെക്കുറിച്ച് ജനങ്ങളിൽ അവബോധം ഉണ്ടാക്കുന്നതിനും ആശങ്കയകറ്റുന്നതിനുമാണ് പുതുതായി ക്യാമ്പെയ്ൻ ആരംഭിക്കുന്നത്. ഇതിന് പൊതുജനങ്ങളുടെ പങ്കാളിത്തവും അവബോധവും വളരെ പ്രധാനമാണ്. സ്‌കൂൾ കുട്ടികൾക്കും ബോധവത്ക്കരണം നടത്തും. എല്ലാവരും പേവിഷബാധയ്‌ക്കെതിരായ പ്രതിരോധം അറിഞ്ഞിരിക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.

മൃഗങ്ങൾ കടിച്ചാൽ എത്ര ചെറിയ മുറിവാണെങ്കിലും അവഗണിക്കരുത്. പ്രഥമ ശുശ്രൂഷയ്ക്കും വാക്‌സിനേഷനും അതീവ പ്രധാന്യം. കടിയേറ്റ ഭാഗം എത്രയും വേഗം സോപ്പും വെള്ളവുമുപയോഗിച്ച് 15 മിനിറ്റോളം നന്നായി കഴുകുക. എത്രയും വേഗം ആശുപത്രിയിലെത്തിച്ച് വാക്‌സിനെടുക്കുക. മുറിവിന്റെ തീവ്രതയനുസരിച്ച് ആന്റി റാബിസ് വാക്‌സിനും (ഐ.ഡി.ആർ.വി.) ഇമ്മ്യൂണോഗ്ലോബുലിനുമാണ് എടുക്കുന്നത്. കൃത്യമായ ഇടവേളയിൽ വാക്‌സിൻ എടുത്തെന്ന് ഉറപ്പ് വരുത്തണം. കടിയേറ്റ ദിവസവും തുടർന്ന് 3, 7, 28 എന്നീ ദിവസങ്ങളിലും വാക്‌സിൻ എടുക്കണം. വാക്‌സിനെടുത്ത് കഴിഞ്ഞും രോഗലക്ഷണങ്ങൾ കണ്ടാൽ ഉടനെ ചികിത്സ തേടുക. വീടുകളിൽ വളർത്തുന്ന നായകൾക്ക് വാക്‌സിനേഷൻ ഉറപ്പ് വരുത്തുക. മത്സ്യം, മാംസം തുടങ്ങിയ ആഹാരാവശിഷ്ടങ്ങൾ പൊതു സ്ഥലങ്ങളിൽ വലിച്ചെറിയരുത്. പേവിഷബാധയ്ക്ക് നിലവിലുള്ള ഏറ്റവും വലിയ പ്രതിരോധമാണ് പ്രഥമ ശുശ്രൂഷയും വാക്‌സിനേഷനും. അതിനാൽ ഇവ അവഗണിക്കരുതെന്നും വീണാ ജോർജ് അഭ്യർത്ഥിച്ചു.

തിരുവനന്തപുരം: എ എ റഹീം എംപിയും വിദ്യാർത്ഥി നേതാക്കളുമടക്കം കേരള സർവകലാശാലാ ലൈബ്രറിയിൽ നിന്നെടുത്ത പുസ്തകങ്ങൾ തിരികെ നൽകിയില്ലെന്ന് കണ്ടെത്തി സർവ്വകലാശാലയുടെ ഓഡിറ്റ് വിഭാഗം. ഭഗത് സിംഗ്, അറബി ചരിത്രം, സ്വദേശാഭിമാനി വക്കം മൗലവി, കേരള മുസ്ലീങ്ങൾ, ടിപ്പു സുൽത്താൻ തുടങ്ങിയ എട്ട് പുസ്തകങ്ങളാണ് റഹീം മടക്കി നൽകാത്തത്. കേരള സർവകലാശാലയുടെ ഇസ്ലാമിക് സ്റ്റഡീസ് ലൈബ്രറിയൽ നിന്ന് അഞ്ച് വർഷം മുൻപാണ് റഹീം ഈ പുസ്തകങ്ങൾ എടുത്തത്.

ഗവേഷക വിദ്യാർത്ഥിയായിരുന്നപ്പോഴാണ് റഹീം ഈ പുസ്തകങ്ങൾ എടുത്തത്. അതേസമയം, 2014 മുതൽ 2017 വരെ ഇസ്ലാമിക് പഠനവകുപ്പിൽ ഗവേഷക വിദ്യാർഥിയായിരിക്കെ നാല് ലക്ഷത്തോളം രൂപ റഹിം ഫെല്ലോഷിപ്പായി കൈപ്പറ്റിയിരുന്നു. എന്നാൽ, റഹീം ഗവേഷണ പ്രബന്ധം സമർപ്പിച്ചില്ലെന്ന ആരോപണം നേരത്തെ ഉയർന്നു വന്നിരുന്നു.

ആറു മാസത്തിൽ കൂടുതൽ സമയം പുസ്തകങ്ങൾ കൈവശം വയ്ക്കാൻ പാടില്ലെന്നാണ് സർവകലാശാലാ ലൈബ്രറി ചട്ടത്തിൽ വ്യക്തമാക്കിയിട്ടുള്ളത്. വിദ്യാർത്ഥിയായിരിക്കുമ്പോൾ ആവശ്യമെങ്കിൽ ഇവ പുതുക്കി വാങ്ങാൻ വ്യവസ്ഥയുണ്ട്. കാലാവധി കഴിഞ്ഞ ശേഷം അധികൃതർ ആവശ്യപ്പെട്ടെങ്കിലും റഹിം പുസ്തകങ്ങൾ മടക്കി നൽകില്ലെന്നാണ് കണ്ടെത്തൽ. കഴിഞ്ഞ ജൂണിൽ ലൈബ്രറിയുടെ സ്‌റ്റോക്ക് ഓഡിറ്റ് നടന്നപ്പോഴാണ് പുസ്തകങ്ങൾ റഹിം മടക്കി നൽകിയിട്ടില്ലെന്ന് കണ്ടെത്തിയത്. ഇക്കാര്യം മേലധികാരികൾക്ക് ഓഡിറ്റ് വിഭാഗം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ദേശീയ സിനിമാ ദിനത്തോടനുബന്ധിച്ച് 75 രൂപയ്ക്ക് ടിക്കറ്റുകള്‍ നല്‍കാനൊരുങ്ങി മള്‍ട്ടിപ്ലക്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയും(എംഎഐ) രാജ്യത്തുടനീളമുള്ള മള്‍ട്ടി പ്ലക്‌സ് തിയേറ്ററുകളും. സെപ്റ്റംബര്‍ 16 ന് ആണ് സിനിമാ പ്രേമികള്‍ക്ക് ഇത്തരമൊരു അവസരം ഒരുക്കുന്നത്.

സിനിപോളിസ്, പിവിആര്‍, കാര്‍ണിവര്‍, ഏഷ്യന്‍, വേവ്, മൂവി ടൈം ഉള്‍പ്പടെയുള്ള നാലായിരത്തോളം തിയേറ്റര്‍ ശൃംഖലകളില്‍ 75 രൂപ നിരക്കില്‍ ടിക്കറ്റുകള്‍ ലഭ്യമാക്കും. കൊവിഡ് മഹാമാരിയ്ക്ക് ശേഷം തിയേറ്ററുകള്‍ തുറക്കാന്‍ സഹായിച്ച സിനിമാ പ്രേമികള്‍ക്കുള്ള നന്ദി അറിയിച്ചുകൊണ്ടാണ് ഈ അവസരം സാധ്യമാക്കുന്നത്. കൊവിഡാനന്തരം തിയേറ്ററുകളില്‍ എത്തിയിട്ടില്ലാത്ത പ്രേക്ഷകരെ ആകര്‍ഷിക്കുക കൂടി ലക്ഷ്യം വച്ചുള്ളതാണ് പദ്ധതി.

എന്നാല്‍ തമിഴ്‌നാട്ടില്‍ ആ ദിവസം മുഴുവന്‍ തുകയും നല്‍കി ടിക്കറ്റ് എടുക്കേണ്ടതായി വരും. ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്ത് ചിമ്ബു നായകനാകുന്ന ‘വേണ്ടു തനിന്തതു കാട്(വിടികെ)’ സെപ്റ്റംബര്‍ 15നാണ് റിലീസ്. റിലീസിന് പിന്നാലെ കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് നല്‍കുന്നത് വലിയ സാമ്ബത്തിക നഷ്ടം ഉണ്ടാക്കും എന്ന കാരണം പറഞ്ഞാണ് തമിഴ്‌നാട്ടിലെ തിയേറ്റര്‍ ഉടമകളുടെ സംഘടന എംഎഐയുടെ ശുപാര്‍ശ അവഗണിക്കുന്നത്.