Recent Posts (Page 1,633)

ന്യൂഡല്‍ഹി: ലിബിയയില്‍ ഐഎസ് ചാവേറായി കൊല്ലപ്പെട്ട മലയാളിയെ കുറിച്ച് ഐസ് മുഖപത്രമായ ‘വോയ്‌സ് ഓഫ് ഖുറാസ’നില്‍ വെളിപ്പെടുത്തല്‍. കേരളത്തില്‍ നിന്നുള്ള ക്രിസ്ത്യന്‍ യുവാവാണ് ഇയാളെന്നും എഞ്ചനീയറിങ് ബിരുദധാരിയാണെന്നും ലേഖനത്തില്‍ വ്യക്തമാക്കുന്നു.

ബംഗളൂരുവിലെ ഐടി കമ്പനിയില്‍ ജോലി ചെയ്യുന്നതിനിടെയാണ് ഇയാള്‍ക്ക് ദുബായില്‍ ജോലി ലഭിച്ചത്. അതിനിടെ ഒരിടത്തു നിന്ന് കിട്ടിയ ലഘുലേഖയില്‍ അതില്‍ ആകൃഷ്ടനായ ഇയാള്‍ ഇസ്ലാമിനെ കുറിച്ച് കൂടുതല്‍ പഠിക്കാന്‍ തീരുമാനിച്ചു. തുടര്‍ന്ന് ഇന്റര്‍നെറ്റ് വഴി പഠനം തുടങ്ങി. 2013-14ല്‍ ഇസ്ലാം മതം സ്വീകരിച്ചു. അതിനിടെയാണ് ജിഹാദിനെ കുറിച്ച് അറിഞ്ഞത്. തുടര്‍ന്ന് ഐഎസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. അങ്ങനെ ഐഎസ് അനുകൂല പ്രവര്‍ത്തനം നടത്തുന്നവരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് യമനിലെ ഐഎസില്‍ ചേരാന്‍ തീരുമാനിച്ചു. എന്നാല്‍ അന്ന് അയാള്‍ക്ക് യമനിലേക്ക് പോകാന്‍ അവസരം ഒത്തുവന്നില്ല.

പിന്നീട് യുവാവ് ദുബായില്‍ നിന്ന് നാട്ടില്‍ തിരിച്ചെത്തിയപ്പോള്‍ വിവാഹം നടത്താന്‍ മാതാപിതാക്കള്‍ ശ്രമിക്കുകയും ഒരു വധുവിനെ കണ്ടെത്തുകയും ചെയ്തു. എന്നാല്‍, ഇയാള്‍ ജോലിയുടെ കാര്യം പറഞ്ഞു ലിബിയയിലേക്ക് പോവുകയായിരുന്നു. ഐഎസിന്റെ ശക്തികേന്ദ്രമായ സിര്‍ത്തില്‍ വച്ചാണ് ഇയാള്‍ക്ക് ആയുധ പരിശീലനം കിട്ടിയത്. സിര്‍ത്തില്‍ ഐഎസിന് നേരെയുണ്ടായ മിലിട്ടറി ഓപ്പറേഷനെ തടയാന്‍ വേണ്ടി ചാവേര്‍ ആക്രമം ആസൂത്രണം ചെയ്യുമ്പോള്‍ സ്വയം സന്നദ്ധനായി ഇയാള്‍ മുന്നോട്ടുവരികയായിരുന്നെന്ന് ലേഖനത്തില്‍ പറയുന്നു. 2015ലെ ചാവേര്‍ സ്‌ഫോടനത്തിലാണ് ഇയാള്‍ കൊല്ലപ്പെട്ടത്. അബൂബക്കര്‍ അല്‍ ഹിന്ദി എന്ന പേരിലാണ് ഇയാള്‍ ഐഎസില്‍ പ്രവര്‍ത്തിച്ചിരുന്നത്. സംഭവത്തില്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

ന്യൂഡൽഹി: കോൺഗ്രസ് സംഘടന തെരഞ്ഞെടുപ്പിൽ അനിശ്ചിതത്വം തുടരുന്നു. പാർട്ടി പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നതിനെ കുറിച്ച് കോൺഗ്രസ് നേതൃത്വം ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല. ഓഗസ്റ്റ് ഇരുപതിന് പിസിസി തെരഞ്ഞെടുപ്പുകൾ പൂർത്തിയാക്കുമെന്നും ഓഗസ്റ്റ് 21ന് നടപടികൾ തുടങ്ങി സെപ്റ്റംബർ 20ന് എഐസിസി അധ്യക്ഷനെ തെരഞ്ഞെടുക്കുമെന്നുമായിരുന്നു കോൺഗ്രസ് നേരത്തെ പ്രഖ്യാപിച്ചത്. എന്നാൽ പിന്നീട് വിഷയത്തിൽ പ്രതികരണം നടത്താൻ കോൺഗ്രസ് തയ്യാറായിട്ടില്ല.

കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്കില്ലെന്നാണ് രാഹുൽഗാന്ധിയുടെ നിലപാട്. സോണിയാ ഗാന്ധിക്ക് ഇനി ദീർഘനാൾ കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്ത് തുടരാനാവില്ല. പ്രിയങ്ക ഗാന്ധിയെ കോൺഗ്രസ് നേതൃത്വത്തിലേക്ക് എത്തിക്കണമെന്നാണ് ചില നേതാക്കളുടെ ആവശ്യം. കുടുംബ പാർട്ടി വിമർശനം ശക്തമാകുന്ന സാഹചര്യത്തിൽ ഗാന്ധി കുടുംബത്തിൽ നിന്ന് പുറത്തൊരാളെ പ്രസിഡന്റായി തെരഞ്ഞെടുക്കാനാണ് സാധ്യത.

സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പിന് തൊട്ടു മുൻപ് മാത്രം പ്രവർത്തനം തുടങ്ങുന്നതിൽ പാർട്ടിയിൽ വലിയ അതൃപ്തി നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സംഘടനാ തെരഞ്ഞെടുപ്പിലെ അനിശ്ചിതത്വവും വിമർശനം ശക്തമാകുന്നത്.

സംസ്ഥാനത്ത് ഏത് ഓര്‍ഡിനന്‍സ് കൊണ്ടുവന്നാലും ഒപ്പിടണോ എന്ത് തീരുമാനമെടുക്കണമെന്നത് ഗവര്‍ണറുടെ താത്പര്യമാണെന്നും ഗവര്‍ണര്‍ക്ക് സവിശേഷ അധികാരങ്ങളുണ്ടെന്നും ഗോവ ഗവര്‍ണര്‍ പി. എസ് ശ്രീധരന്‍പിള്ള പറഞ്ഞു. കേരള സര്‍ക്കാരും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും തമ്മില്‍ പോര് മുറുകുന്നതിനിടെയാണ് ശ്രീധരന്‍ പിള്ളയുടെ പരാമര്‍ശം.

‘കാലാവധി കഴിഞ്ഞ ഓര്‍ഡിനന്‍സുകള്‍ ഒപ്പിടാത്ത സാഹചര്യം ഗവര്‍ണറുടെ തീരുമാനമാണ്. സര്‍ക്കാര്‍ കൊണ്ടുവരുന്ന ഓര്‍ഡിനന്‍സുകളായാലും നിയമങ്ങളായാലും അതെല്ലാം ഗവര്‍ണര്‍ മനസിരുത്തി പഠിക്കണം. ചില സാഹചര്യങ്ങളില്‍ രാഷ്ട്രപതിക്ക് അയച്ച് കൊടുക്കേണ്ടിവരും. ചിലപ്പോള്‍ തിരിച്ചയക്കേണ്ടിവരും. ചിലതില്‍ ബന്ധപ്പെട്ടവരുടെ അഭിപ്രായം തേടേണ്ടി വരും. ഭരണഘടനാപരമായ എല്ലാ അവകാശങ്ങളും ഗവര്‍ണര്‍ക്കുണ്ട്. തലേന്ന് ഓര്‍ഡിനന്‍സ് കൊണ്ടുവന്ന് പിറ്റേന്ന് ഒപ്പിടുന്ന രീതിയല്ല ഗവര്‍ണറുടേത്. അത് അദ്ദേഹം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഏത് നിയമം കൊണ്ടുവന്നാലും അത് ഭരണഘടനയ്ക്ക് അനുയോജ്യമാണോ എത്രമാത്രം നീതിയുള്ളതാണെന്നൊക്കെ നോക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമുണ്ട്’- വ്യക്തമാക്കി.

ഇസ്ലാമാബാദ്: ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് യുദ്ധമല്ല മറിച്ച് ചർച്ചകളാണ് മാർഗമെന്ന് പാകിസ്താൻ പ്രധാനമന്ത്രി ഷഹ്ബാസ് ഷരീഫ്. മേഖലയിലെ സമാധാനം കശ്മീർ വിഷയവുമായി ബന്ധപ്പെട്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി. ഹാർവാർഡ് യൂണിവേഴ്സിറ്റിയിലെ ഒരു സംഘം വിദ്യാർത്ഥികളെ അഭിസംബോധന ചെയ്യവെയാണ് ഇന്ത്യയുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള താത്പര്യത്തെ കുറിച്ച് പാക് പ്രധാനമന്ത്രി പരാമർശിച്ചത്.

പാകിസ്താൻ ആഗ്രഹിക്കുന്നത് മേഖലയിൽ സമാധാന അന്തരീക്ഷം സ്ഥാപിക്കുകയെന്നതാണ്. പരമ്പരാഗതമായി പാകിസ്താൻ നേരിടുന്ന വെല്ലുവിളികളെ കുറിച്ചും അദ്ദേഹം വിശദീകരിച്ചു. രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്ക് കാരണം ഘടനാപരമായ പ്രശ്നങ്ങളും ദശകങ്ങളായി രാഷ്ട്രീയ അസ്ഥിരതകളുമാണെന്ന് അദ്ദേഹം പറഞ്ഞു.

പാകിസ്താൻ രൂപം കൊണ്ട ശേഷമുള്ള ആദ്യ ദശകങ്ങളിലെ കാര്യം പരിശോധിച്ചാൽ സാമ്പത്തിക മേഖലയിൽ ഉൾപ്പെടെ രാജ്യം മുന്നോട്ട് കുതിച്ചിരുന്നുവെന്നും അത് കൃത്യമായി ആസൂത്രണം ചെയ്ത പദ്ധതികളുടെ ഫലമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ന്യൂഡല്‍ഹി: ഇന്ത്യയുടെ മികച്ച വനിതാ പേസര്‍ ജൂലന്‍ ഗോസ്വാമി രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു. സെപ്തംബര്‍ 24ന് ഇംഗ്ലണ്ടിനെതിരെ ലോര്‍ഡ്സില്‍ നടക്കുന്ന ഏകദിനം ജൂലന്‍ ഗോസ്വാമിയുടെ വിടവാങ്ങല്‍ മത്സരമായിരിക്കുമെന്ന് ബിസിസിഐ വൃത്തങ്ങള്‍ പറഞ്ഞു.

ബംഗാള്‍ സ്വദേശിയായ ജൂലന്‍ തന്റെ 39ാം വയസ്സിലാണ് വിരമിക്കുന്നത്. ഏറ്റവുമധികം വിക്കറ്റ് നേടിയ ക്രിക്കറ്റ് താരമെന്ന റെക്കോര്‍ഡിന് ഉടമയാണ്. ഏകദിനത്തില്‍ 252 വിക്കറ്റ് നേടിയ ബംഗാള്‍ സ്വദേശിയായ താരം ടെസ്റ്റില്‍ 44ഉം ട്വന്റി 20യില്‍ 56 വിക്കറ്റ് വീതവും നേടിയിട്ടുണ്ട്. 2002ല്‍ ഇംഗ്ലണ്ടിനെതിരെ 19ാം വയസിലായിരുന്നു ജൂലന്‍ ഗോസ്വാമിയുടെ രാജ്യന്തര അരങ്ങേറ്റം.

ന്യൂഡൽഹി: കണ്ണൂർ സർവകലാശാല വൈസ് ചാൻസിലർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കണ്ണൂർ വി സി ക്രിമിനാലാണെന്ന് അദ്ദേഹം പറഞ്ഞു. ചരിത്ര കോൺഗ്രസ് വേദിയിൽ കായികമായി തന്നെ നേരിടാൻ വൈസ് ചാൻസിലർ ഒത്താശ ചെയ്തു. പാർട്ടി കേഡറിനെ പോലെ പെരുമാറുന്ന വൈസ് ചാൻസിലർക്കെതിരായ നിയമ നടപടികൾ ആരംഭിച്ചുവെന്നും അദ്ദേഹം വിശദമാക്കി. ഡൽഹിയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 2019 ൽ കണ്ണൂർ സർവ്വകാലാശാലയിൽ നടന്ന ചരിത്ര കോൺഗ്രസിലെ സംഭവവുമായി ബന്ധപ്പെട്ടാണ് ഗവർണറുടെ പരാമർശം.

പൗരത്വ നിയമ ഭേദഗതിയെ ന്യായീകരിച്ച ഗവർണർക്കെതിരെ അന്ന് വലിയ പ്രതിഷേധം ഉയർന്നിരുന്നു. ചരിത്രകാരൻ ഇർഫാൻ ഹബീബ് തന്റെ പ്രസംഗത്തെ ചോദ്യം ചെയ്യാൻ ശ്രമിച്ചതും പിന്നീട് കയ്യാങ്കളിയോളമെത്തിയതും ആസൂത്രിത സംഭവമായിരുന്നുവെന്ന് ഗവർണർ ആരോപിക്കുന്നു. കണ്ണൂർ വിസി ഇതിന് എല്ലാ ഒത്താശയും ചെയ്തിരുന്നു. തന്റെ എഡിസിക്ക് നേരെ കയ്യേറ്റമുണ്ടായി. ഡൽഹി കേന്ദ്രീകരിച്ച് നടന്ന ഗൂഢാലോചനയാണ് സംഭവത്തിന് പിന്നിലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

രാഷ്ട്രപതിക്കോ ഗവർണ്ണർക്കോ നേരെ കയ്യേറ്റ ശ്രമമുണ്ടാകുന്നത് ഗുരുതരമായ കുറ്റമാണ്. എന്നാൽ സംഭവം പോലീസിന്റെ ശ്രദ്ധയിൽപ്പെടുത്താനോ, താൻ നിർദ്ദേശിച്ച അന്വേഷണത്തോട് സഹകരിക്കാനോ വിസി തയ്യാറായില്ലെന്നും അദ്ദേഹം വിമർശിച്ചു.

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന് പിന്തുണയുമായി കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയുടെ കണ്ണൂർ സർവകലാശാലയിലെ നിയമനം മരവിപ്പിച്ചതിന് പിന്നാലെ സിപിഎം നടത്തിയ ബന്ധുനിയമനങ്ങളെ കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സമിതിയെ നിയോഗിക്കാനുള്ള ഗവർണ്ണറുടെ നടപടിയെ അദ്ദേഹം സ്വാഗതം ചെയതു. വൈകിയെങ്കിലും ധീരമായ നിലപാട് സ്വീകരിച്ച ഗവർണ്ണറെ ഹൃദയത്തിന്റെ ഭാഷയിൽ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ഗവർണ്ണർ പദവിയുടെ അന്തസ്സ് ഉയർത്തിപിടിക്കുന്ന നടപടിയാണിത്. സർവകലാശാലകളുടെ വിശ്വാസ്യത തകർത്ത ക്ഷുദ്രശക്തികൾക്കെതിരായ പോരാട്ടത്തിൽ ഗവർണ്ണർ ഒറ്റക്കാവില്ല. കേരളീയ സമൂഹത്തിന്റെ എല്ലാ പിന്തുണയും അദ്ദേഹത്തിനുണ്ടെന്നും സുധാകരൻ ചൂണ്ടിക്കാട്ടി. എൽഡിഎഫ് ഭരണത്തിലെ കഴിഞ്ഞ മൂന്ന് വർഷത്തെ ബന്ധുനിയമനങ്ങൾ അന്വേഷിക്കാനാണ് തീരുമാനമെങ്കിലും കഴിഞ്ഞ ആറുവർഷം നടന്ന എല്ലാ ചട്ടവിരുദ്ധ നിയമനങ്ങളെ കുറിച്ചും വിശദമായ അന്വേഷണത്തിന് ഗവർണ്ണർ തയ്യാറാകണമെന്ന ആവശ്യവും അദ്ദേഹം മുന്നോട്ടുവെച്ചു.

കണ്ണൂർ, കേരള, കാലിക്കറ്റ്, സംസ്‌കൃത സർവകലാശാലകളിൽ ഇക്കാലയളവിൽ നിയമനങ്ങളുമായി ബന്ധപ്പെട്ട് അർഹതയും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികളെ മറികടന്ന് സിപിഎമ്മിന് വേണ്ടി നിരവധി ക്രമക്കേടുകളാണ് നടത്തിയത്. സിപിഎം നടത്തിയ സ്വജനപക്ഷപാത നിയമനങ്ങൾക്കെല്ലാം വിസിമാരുടെ പിന്തുണയും ഉണ്ടായിരുന്നു.സിപിഎം നടത്തുന്ന വഴിവിട്ട നിയമനങ്ങൾക്ക് കുടപിടിക്കുന്ന വിസിമാരെ എല്ലാ ഭരണസംവിധാനങ്ങളെയും നോക്കുകുത്തിയാക്കി പുനഃർനിയമനം വരെ നൽകി. കണ്ണൂർ വിസിയുടെ പുന:ർനിയമനത്തിൽ ഗവർണ്ണറെ പോലും ചോദ്യം ചെയ്താണ് സർക്കാർ നിലപാട് സ്വീകരിച്ചത്. അദ്ധ്യാപക നിയമനത്തിലെ സംവരണം വരെ വിസിമാരെ ഉപയോഗിച്ച് അട്ടിമറിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സർവകലാശാല ചാൻസിലറായ ഗവർണ്ണറുടെ അധികാരം കവരുന്ന ബില്ലുമായി ബന്ധപ്പെട്ട് സർക്കാർ നടപടികൾ സ്വീകരിക്കുന്നത് തന്നെ അധികാരത്തിന്റെ തണലിൽ സിപിഎം നടത്തിയ ബന്ധുനിയമനങ്ങൾ അസാധുവാകാതിരിക്കാനാണ്. സർവകലാശാലകളിൽ രാഷ്ട്രീയ അതിപ്രസരം ഇനിയും വർധിപ്പിച്ച് ഭരണവും നിയമനങ്ങളും കൈപിടിയിലൊതുക്കാനുള്ള വളഞ്ഞ വഴിയാണ് സർക്കാർ നോക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: ലോകായുക്തയുടെ അധികാരം വെട്ടിക്കുറക്കുന്ന നിയമഭേദഗതി ബിൽ സർക്കാർ ബുധനാഴ്ച നിയമസഭയിൽ അവതരിപ്പിക്കും. സർക്കാർ ബില്ലിന്റെ കരട് വിജ്ഞാപനം ചെയ്തിട്ടുണ്ട്.

ലോകായുക്തയുടെ വിധി പുന:പരിശോധിക്കാൻ സർക്കാരിന് അധികാരം നൽകുന്നതാണ് ബില്ലിലെ ഭേദഗതി. ഗവർണർക്കോ മുഖ്യമന്ത്രിക്കോ സർക്കാരിനോ ഹിയറിംഗ് നടത്തി ലോകായുക്തയുടെ വിധി പുനപരിശോധിക്കാമെന്ന് വിധി തള്ളിക്കളയാമെന്നുമാണ് ബില്ലിലെ വ്യവസ്ഥ.

പതിനഞ്ചാം കേരള നിയമസഭയുടെ ആറാം സമ്മേളനം ഓഗസ്റ്റ് 22ന് ആരംഭിക്കുമെന്ന് നിയമസഭാ സ്പീക്കർ എം.ബി. രാജേഷ് വാർത്താ സമ്മേളനത്തിൽ അറിയിച്ചിരുന്നു. 10 ദിവസം സഭ സമ്മേളിച്ച് സെപ്റ്റംബർ രണ്ടിനു പിരിയും.

2022-23 വർഷത്തെ ധനാഭ്യർഥനകൾ ചർച്ച ചെയ്തു പാസാക്കുന്നതിനായി കഴിഞ്ഞ ജൂൺ 27 മുതൽ ചേർന്ന അഞ്ചാം സമ്മേളനം 15 ദിവസം സമ്മേളിച്ചു നടപടികൾ പൂർത്തിയാക്കി ജൂലൈ 21 നാണ് പിരിഞ്ഞത്. അഞ്ചാം സമ്മേളനകാലയളവിൽ നിലവിലുണ്ടായിരുന്ന ഓർഡിനൻസുകൾക്കു പകരമുള്ള ബില്ലുകളും മറ്റ് അത്യാവശ്യ ബില്ലുകളും പരിഗണിക്കുന്നതിനായി ഒക്ടോബർ – നവംബർ മാസങ്ങളിൽ പ്രത്യേക സമ്മേളനം ചേരുമെന്ന പ്രഖ്യാപനത്തോടെയാണ് അഞ്ചാം സമ്മേളനം അവസാനിച്ചത്. എന്നാൽ, അഞ്ചാം സമ്മേളനം ആരംഭിച്ച തീയതി മുതൽ 42 ദിവസ കാലയളവിനുള്ളിൽ അന്നു നിലവിലുണ്ടായിരുന്ന 11 ഓർഡിനൻസുകൾ വീണ്ടും പ്രഖ്യാപിക്കാൻ കഴിയാതെവരികയും അവ റദ്ദാകുകയും ചെയ്തതുമൂലമുണ്ടായ അസാധാരണ സ്ഥിതിവിശേഷം മറികടക്കുന്നതിനായി, റദ്ദായിപ്പോയ ഓർഡിനൻസുകളുടെ സ്ഥാനത്തു പുതിയ നിയമ നിർമാണം നടത്തുന്നതിനുവേണ്ടിയാണ് അടിയന്തരമായി ഇപ്പോൾ സമ്മേളനം ചേരുന്നതെന്നു സ്പീക്കർ പറഞ്ഞു.

2022 ലെ കേരള ആഭരണ തൊഴിലാളി ക്ഷേമനിധി (ഭേദഗതി ഓർഡിനൻസ്), 2022ലെ കേരള തദ്ദേശ സ്വയംഭരണ പൊതുസർവീസ് ഓർഡിനൻസ്, 2022ലെ കേരള വ്യവസായ ഏകജാലക ക്ലിയറൻസ് ബോർഡുകളും വ്യവസായ നഗരപ്രദേശ വികസനവും (ഭേദഗതി) ഓർഡിനൻസ്, ദി കേരള പ്രൈവറ്റ് ഫോറസ്റ്റ് (വെസ്റ്റിങ് ആൻഡ് അസൈൻമെന്റ്) അമെന്റ്‌മെന്റ് ഓർഡിനൻസ്, ദി കേരള ലോക് ആയുക്ത(അമെന്റ്‌മെന്റ്) ഓർഡിനൻസ് 2022, 2022ലെ കേരള മാരിടൈം ബോർഡ് (ഭേദഗതി) ഓർഡിനൻസ്, 2022ലെ കേരള കന്നുകാലിത്തീറ്റ, കോഴിത്തീറ്റ, ധാതുലവണ മിശ്രിതം (ഉത്പാദനവും വിൽപ്പനയും നിയന്ത്രിക്കൽ) ഓർഡിനൻസ്, 2022ലെ കേരള സഹകരണ സംഘ (രണ്ടാം ഭേദഗതി) ഓർഡിനൻ്‌സ, ദി കേരള പബ്ലിക് ഹെൽത്ത് ഓർഡിനൻസ് 2022, ദി കേരള പബ്ലിക് സർവീസ് കമ്മിഷൻ (അഡിഷണൽ ഫങ്ഷൻസ് ആസ് റെസ്‌പെക്റ്റ്‌സ് സെർട്ടൻ കോർപ്പറേഷൻസ് ആൻഡ് കമ്പനീസ്) അമെന്റ്‌മെന്റ് ഓർഡിനൻസ് 2022, ദി കേരള പബ്ലിക് എന്റർപ്രൈസസ് സെലക്ഷൻ ആൻഡ് റിക്രൂട്ട്‌മെന്റ് ബോർഡ് ഓർഡിനൻസ് 2022 എന്നിവയാണു പുനഃപ്രഖ്യാപനം നടത്താൻ കഴിയാത്തതുമൂലം റദ്ദായിപ്പോയത്.

ആറാം സമ്മേളനത്തിന്റെ ആദ്യ ദിനമായ ഓഗസ്റ്റ് 22ന് ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75 സംവത്സരങ്ങൾ അനുസ്മരിച്ചുള്ള പ്രത്യേക യോഗം ചേരും. അന്നു മറ്റു നടപടികൾ ഉണ്ടാകില്ല. ഓഗസ്റ്റ് 23ന് 2022ലെ കേരള സഹകരണ സംഘ (രണ്ടാം ഭേദഗതി) ബിൽ, 2022ലെ കേരള മാരിടൈം ബോർഡ്(ഭേദഗതി) ബിൽ, 2021ലെ കേരള റദ്ദാക്കലും ഒഴിവാക്കലും ബിൽ എന്നിവയുടേയും 24ന് ദി കേരള ലോക് ആയുക്ത(അമെന്റ്‌മെന്റ്) ബിൽ 2022, ദി കേരള പബ്ലിക് സർവീസ് കമ്മിഷൻ (അഡിഷണൽ ഫങ്ഷൻസ് അസ്റെസ്‌പെറ്റ്‌സ് സെർട്ടൻ കോർപ്പറേഷൻസ് ആൻഡ് കമ്പനീസ് അമെന്റ്‌മെന്റ് ബിൽ, 2022ലെ കേരള ആഭരണ തൊഴിലാളി ക്ഷേമനിധി (ഭേദഗതി) ബിൽ എന്നിവയുടേയും അവതരണത്തിനും സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് അയക്കണമെന്ന പ്രമേയത്തിന്റെ പരിഗണനയ്ക്കും വിനിയോഗിക്കും.

ആദ്യ ദിനമായ ഓഗസ്റ്റ് 22നു സഭ പിരിഞ്ഞതിനു ശേഷം യോഗം ചേരുന്ന കാര്യോപദേശക സമിതി തുടർന്നുള്ള ദിനങ്ങളിലെ നിയമനിർമാണത്തിനായുള്ള സമയക്രമം സംബന്ധിച്ചു ചർച്ച ചെയ്തു യുക്തമായ തീരുമാനമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂഡല്‍ഹി: കെ.ടി ജലീല്‍ കശ്മീരിനെ കുറിച്ച് നടത്തിയ വിവാദ പരാമര്‍ശത്തെ സംബന്ധിച്ച് ലഭിച്ച പരാതിയില്‍ അന്വേഷണത്തിനായി ഡല്‍ഹി പോലീസ് പരാതി സൈബര്‍ ക്രൈം വിഭാഗത്തിന് കൈമാറി. പോലീസ് നിയമോപദേശവും തേടിയിട്ടുണ്ട്. പ്രാഥമികാന്വേഷണവും നിയമോപദേശവും ലഭിച്ച ശേഷം കേസെടുത്തേക്കാം എന്നാണ് വിവരം.

ബി.ജെ.പിയുടെ അഭിഭാഷകന്‍ ജി.എസ്. മണിയാണ് കെ.ടി. ജലീലിനെതിരേ ഡല്‍ഹി തിലക് മര്‍ഗ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. പരാതിയില്‍ അന്വേഷണം നടത്തുകയോ മറ്റു നടപടികള്‍ സ്വീകരിക്കുകയോ ഉണ്ടാവാത്തതിനെ തുടര്‍ന്ന് ജി.എസ്. മണി ഡി.സി.പിയ്ക്ക് പരാതി നല്‍കുകയായിരുന്നു. ഇതിന് ശേഷമാണ് ഇപ്പോള്‍ കേസ് സൈബര്‍ ക്രൈം വിഭാഗത്തിന് നല്‍കിയിരിക്കുന്നത്.

സോഫിയ: അണ്ടര്‍ 20ലോക ഗുസ്തി ചാമ്ബ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമായി അന്‍തിം പംഗല്‍. ബള്‍ഗേറിയയിലെ സോഫിയ വേദിയാകുന്ന ചാമ്ബ്യന്‍ഷിപ്പില്‍ വനിതകളുടെ 53 കിലോ വിഭാഗത്തില്‍ സ്വര്‍ണം നേടിയാണ് പതിനേഴുകാരിയായ അന്‍തിം ചരിത്ര നേട്ടം കുറിച്ചത്.

ഫൈനലില്‍ കസക്ക്സ്ഥാന്റെ അറ്റ്ലിന്‍ ഷാഗയേവയെ 8-0ത്തിന് ഏകപക്ഷിയമായി തോല്‍പ്പിച്ചാണ് അന്‍തിം പൊന്നണിഞ്ഞത്. ഹരിയാനയിലെ ഭഗാന സ്വദേശിയായ അന്‍തിം ടൂര്‍ണമെന്റില്‍ നേരത്തേ യൂറോപ്യന്‍ ചാമ്ബ്യന്‍ ഒലീവിയ ആന്‍ഡ്രിച്ചിനേയും പരാജയപ്പെടുത്തിയിരുന്നു.