വിഴിഞ്ഞം തുറമുഖ പദ്ധതി നിർമ്മാണം നിർത്തിവെക്കാൻ നിർദ്ദേശം നൽകാനാകില്ല; ഹൈക്കോടതി

കൊച്ചി: വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട പ്രതിഷേധത്തിൽ ഇടപെടലുമായി ഹൈക്കോടതി. മത്സ്യത്തൊഴിലാളികൾക്ക് എന്ത് പരാതിയുണ്ടെങ്കിലും വിഴിഞ്ഞം തുറമുഖ പദ്ധതി തടസ്സപ്പെടുത്തിയാകരുത് പ്രതിഷേധമെന്ന് കോടതി അറിയിച്ചു. തുറമുഖ പദ്ധതി നിർമ്മാണം നിർത്തിവെക്കാൻ നിർദ്ദേശം നൽകാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. അദാനി ഗ്രൂപ്പ് നൽകിയ ഹർജി പരിഗണിക്കവേയാണ് കോടതി ഇക്കാര്യം അറിയിച്ചത്.

വിഴിഞ്ഞത്ത് പോലീസ് സംരക്ഷണം തേടിയാണ് അദിനി ഗ്രൂപ്പ് ഹൈക്കോടതിയെ സമീപിച്ചത്. മേഖലയിൽ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് അദാനി ഗ്രൂപ്പ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. പോലീസ് സംരക്ഷണം വേണമെന്ന് കരാർ കമ്പനിയും ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര സേനയുടെയും പോലീസിന്റെയും സംരക്ഷണം ഉറപ്പാക്കണമെന്നും ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

തുറമുഖ തൊഴിലാളികളുടെ ജീവന് ഭീഷണിയെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. നൂറ് കണക്കിന് സമരക്കാർ പദ്ധതി പ്രദേശത്തെ അതീവ സുരക്ഷാ മേഖലയിലേക്ക് ഇരച്ച് കയറി ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടാക്കി. സമരക്കാർ അക്രമം അഴിച്ചുവിട്ടപ്പോൾ പോലീസ് നിഷ്‌ക്രിയരായി നോക്കി നിന്നെന്നും അദാനി ഗ്രൂപ്പ് ഹർജിയിൽ പറയുന്നു.

മത്സ്യത്തൊഴിലാളികൾക്ക് പദ്ധതിക്കെതിരെ പ്രതിഷേധം നടത്താം. എന്നാൽ പദ്ധതി തടസ്സപ്പെടുത്തരുത്. പദ്ധതിയെക്കുറിച്ച് പരാതി ഉണ്ടെങ്കിൽ ഉചിതമായ സ്ഥലത്ത് ഉന്നയിക്കാം. പ്രതിഷേധം നിയമത്തിന്റെ പരിധിയിൽ നിന്നാകണമെന്നും കോടതി നിർദ്ദേശിച്ചു. പ്രതിഷേധമുള്ളത് കൊണ്ട് നിർമ്മാണം നിർത്തിവെക്കാൻ നിർദ്ദേശിക്കാൻ ആകില്ലെന്നും കോടതി നിലപാടെടുത്തു.