‘ഹര്‍ജി തള്ളിയാല്‍ സര്‍ക്കാരല്ലേ അപ്പീല്‍ നല്‍കേണ്ടത്?’; ആനക്കൊമ്പ് കേസില്‍ മോഹന്‍ലാലിനെതിരെ ഹൈക്കോടതി

ആനക്കൊമ്പ് കൈവശം വച്ചെന്ന കേസില്‍ നടന്‍ മോഹന്‍ലാലിനെതിരെ വിമര്‍ശനവുമായി ഹൈക്കോടതി. ‘ആനക്കൊമ്പ് പിടിക്കുമ്പോള്‍ ലാലിന്റെ കൈയ്യില്‍ ഉടമസ്ഥാവകാശ രേഖ ഉണ്ടായിരുന്നില്ല. ലാലിന് ഹര്‍ജി നല്‍കാന്‍ അവകാശമുണ്ടോ? ഹര്‍ജി തള്ളിയാല്‍ സര്‍ക്കാരല്ലേ അപ്പീല്‍ നല്‍കേണ്ടത്?’- കോടതി ചോദിച്ചു. എന്നാല്‍, പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് റദ്ദാക്കണമെന്നാണ് മോഹന്‍ലാലിന്റെ ഹര്‍ജിയിലെ പ്രധാന ആവശ്യം.

അതേസമയം, കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ ഹര്‍ജി പെരുമ്പാവൂര്‍ കോടതി തള്ളിയതിനെതിരെ നടന്‍ ഹര്‍ജിയുമായി ഹൈക്കോടതിയിലെത്തുകയായിരുന്നു. തനിക്കെതിരെ തെളിവില്ലാത്തതിനാലാണ് സര്‍ക്കാര്‍ കേസ് പിന്‍വലിക്കാന്‍ അപേക്ഷ നല്‍കിയതെന്നും, പെരുമ്പാവൂര്‍ മജിസ്ട്രേറ്റ് കോടതി വസ്തുതകളും നിയമ വശവും പരിശോധിച്ചില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. 2012 ല്‍ ആണ് മോഹന്‍ലാലിന്റെ വീട്ടില്‍ നിന്ന് നാല് ആനക്കൊമ്പുകള്‍ ആദായ നികുതി വകുപ്പ് പിടികൂടുന്നത്.