മന്ത്രിസഭാ വികസനം; കെ കെ ശൈലജയെ പരിഗണിച്ചേക്കുമെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: മന്ത്രിസഭാ വികസനം ഓണാവധിയ്ക്ക് ശേഷം മാത്രമെ ഉണ്ടാകൂവെന്ന് റിപ്പോർട്ട്. സിപിഎം സംസ്ഥാന സെക്രട്ടറിയായി മന്ത്രി എം വി ഗോവിന്ദൻ സ്ഥാനമേറ്റതോടെ മന്ത്രിസഭാ വികസനം ഉറപ്പായിരിക്കുകയാണ്. മന്ത്രിസഭയിലേക്ക് കെ കെ ശൈലജയെ പരിഗണിച്ചേക്കുമെന്നാണ് വിവരം. കണ്ണൂർ ജില്ലയിൽ നിന്നുള്ള എം വി ഗോവിന്ദന് പകരം മന്ത്രി അതേ ജില്ലയിൽ നിന്ന് മതിയെന്ന് തീരുമാനിച്ചാൽ ശൈലജ മന്ത്രിസഭയിലേക്കെത്താനാണ് സാധ്യത. കഴിഞ്ഞ മന്ത്രിസഭയിലുള്ളവരെ വേണ്ടെന്ന തീരുമാനം ശൈലജയ്ക്ക് വേണ്ടി മാത്രം മാറ്റുമോയെന്ന കാര്യം വ്യക്തമല്ല.

മലപ്പുറത്ത് നിന്ന് സി.ഐ.ടി.യു പ്രമുഖനായ പി. നന്ദകുമാറിനെയും കാസർകോട് നിന്ന് സി.എച്ച്. കുഞ്ഞമ്പുവിനെയും മന്ത്രിസഭയിലേക്ക് പരിഗണിക്കാൻ സാധ്യതയുണ്ട്. വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ മന്ത്രിസഭാ പുനഃസംഘടന ചർച്ചാവിഷയമാകും. വി ശിവൻകുട്ടിയെ ജില്ലാ സെക്രട്ടറിയാക്കാനും വി ജോയിയെ മന്ത്രിയാക്കാനും സാദ്ധ്യതയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

സ്പീക്കർ എം.ബി. രാജേഷിനെ മന്ത്രിസ്ഥാനത്തേക്കും മന്ത്രി വീണാ ജോർജിനെ സ്പീക്കർ പദവിയിലേക്കും പരിഗണിക്കുമെന്ന അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. അതേസമയം, മന്ത്രിസഭയിൽ കാര്യമായ അഴിച്ചുപണി ഉണ്ടാവില്ലെന്നാണ് നേതൃത്വം അറിയിച്ചിട്ടുള്ളത്.