Politics (Page 369)

തിരുവനന്തപുരം: കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരനെതിരെ ഗുരുതര ആരോപണങ്ങളുമായി കോൺഗ്രസ് നേതാവ് കെ വി തോമസ്. തന്നെ കോൺഗ്രസിൽ നിന്നും പുറത്താക്കുക എന്ന അജണ്ട കെ സുധാകരൻ നടപ്പാക്കുകയാണെന്നാണ് അദ്ദേഹം പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കെ സുധാകരനല്ല കോൺഗ്രസ്. താൻ പാർട്ടിയിൽ ഉണ്ടോ എന്ന് തീരുമാനിക്കേണ്ടത് കെ സുധാകരനല്ല. സി പി എമ്മിൽ ചേരാൻ തന്നോട് ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സോണിയാ ഗാന്ധിയുടെ പിന്തുണ തനിക്കുണ്ട്. നടപടി എന്തായാലും കോൺഗ്രസിൽ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, കോൺഗ്രസ് നേതൃത്വത്തിന്റെ വിലക്ക് ലംഘിച്ച് സി പി എം പാർട്ടി കോൺഗ്രസിൽ പങ്കെടുത്ത കെ വി തോമസിനെതിരെ അച്ചടക്കനടപടി വേണമെന്നാണ് കെ പി സി സി ഉന്നയിക്കുന്ന ആവശ്യം. എ കെ ആന്റണി അദ്ധ്യക്ഷനായ എ ഐ സി സി അച്ചടക്കസമിതിക്ക് വിട്ടിരിക്കുകയാണ് കെപിസിസിയുടെ ശുപാർശ.

കെ വി തോമസിൽ നിന്നും വിശദീകരണം തേടിയതിന് ശേഷമാകും തുടർനടപടികളിലേക്ക് കടക്കുകയെന്നാണ് റിപ്പോർട്ടുകൾ.

ലക്നൗ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയ്ക്ക് ഉപദേശവുമായി ബിഎസ്പി അധ്യക്ഷ മായാവതി. ആദ്യം സ്വന്തം കുടുംബം നേരെയാക്കിയിട്ട് ബിഎസ്പിയുടെ കാര്യത്തിൽ ഇടപെടണമെന്ന് മായാവതി രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ടു. ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ സഖ്യ നിർദ്ദേശം തള്ളി മായാവതിയും ബിഎസ്പിയും ബിജെപിക്ക് അനായാസ വിജയം സമ്മാനിച്ചെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് മായാവതിയുടെ പ്രതികരണം.

ഇവിടെ അധികാരത്തിലുള്ളപ്പോലും അധികാരത്തിനു പുറത്തായപ്പോഴും ഒന്നും ചെയ്യാൻ കോൺഗ്രസിന് സാധിച്ചിട്ടില്ലന്ന് അദ്ദേഹം വിമർശിച്ചു. ഇത്തരം പരാമർശങ്ങൾ നടത്തുന്നതിന് മുൻപ് കോൺഗ്രസ് 100 പ്രാവശ്യം ചിന്തിക്കുന്നത് നല്ലതാണ്. ബിജെപിക്കെതിരെ അവർക്ക് വിജയിക്കാനായില്ല. എന്നിട്ടും ബിഎസ്പിക്കെതിരെ തോന്നുന്നതെല്ലാം പറയുന്നുവെന്ന് മായാവതി വ്യക്തമാക്കി. ഇത്തവണ തിരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ കോൺഗ്രസിന്റെ പ്രകടനം ദയനീയമായിരുന്നുവെന്ന് ആർക്കാണ് അറിയാത്തത്. ബിജെപിക്കെതിരെ സ്വന്തം പ്രകടനം ശരിക്ക് വിലയിരുത്തിയിട്ട് മതി ബിഎസ്പിയെ കുറ്റപ്പെടുത്തുന്നതെന്ന് മായാവതി അഭിപ്രായപ്പെട്ടു.

മറ്റൊരു പാർട്ടിയെ കുറ്റപ്പെടുത്തുന്നതിനു മുൻപ് സ്വന്തം പാർട്ടിയുടെ കാര്യം നോക്കൂ. സ്വന്തം കുടുംബം നന്നാക്കിയിട്ടു പോരേ മറ്റുള്ളവരെ നന്നാക്കുന്നതതെന്ന് മായാവതി ചോദിച്ചു. തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് എല്ലാ പ്രതിപക്ഷ പാർട്ടികളും ആത്മപരിശോധന നടത്തണമെന്നാണ് തന്റെ അഭിപ്രായമെന്നും മായാവതി കൂട്ടിച്ചേർത്തു.

modi-biden

ന്യൂഡൽഹി: അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡനുമായി ചർച്ച നടത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. റഷ്യ-യുക്രൈൻ യുദ്ധം, കോവിഡ് സാഹചര്യം തുടങ്ങിയ വിഷയങ്ങളാകും ഇരുവരും തമ്മിൽ ചർച്ച ചെയ്യുക. ഓൺലൈനിലാണ് ഇരുവരും തമ്മിൽ ചർച്ച നടത്തുക.

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സഹകരണം ഉൾപ്പെടെയുള്ള വിഷയങ്ങളും മോദിയും ബൈഡനും തമ്മിൽ ചർച്ച ചെയ്യും. ഇരു രാജ്യങ്ങളുടെയും പ്രതിരോധ വിദേശ കാര്യമന്ത്രിമാരുടെ യോഗത്തിന് മുന്നോടിയായാണ് ബൈഡനും മോദിയും തമ്മിൽ ചർച്ച നടക്കുന്നതെന്നത്. തിങ്കളാഴ്ച്ചയാണ് ഇന്ത്യ അമേരിക്ക പ്രതിരോധ വിദേശകാര്യ മന്ത്രിമാരുടെ യോഗം ആരംഭിക്കുന്നത്.

cpim

കണ്ണൂർ: സിപിഎം 23-ാം പാർട്ടി കോൺഗ്രസിന് സമാപനമായി. വൈകുന്നേരം നായനാർ അക്കാദമിയിൽ നിന്ന് ജവഹർ സ്റ്റേഡിയത്തിലേക്ക് നടന്ന റെഡ് വാളണ്ടയർ മാർച്ചോടെയാണ് സമാപന സമ്മേളനം ആരംഭിച്ചത്. രണ്ടായിരം വളണ്ടിയർമാർ മാർച്ചിൽ പങ്കെടുത്തു. മുഖ്യമന്ത്രി പിണറായി വിജയൻ, സിപീഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, പ്രകാശ് കാരാട്ട് എന്നിവർ തുറന്ന വാഹനത്തിൽ റെഡ് വളണ്ടിയർ മാർച്ചിന്റെ ഗാർഡ് ഓഫ് ഓണർ പരിശോധിച്ചു.

1943-ൽ മുംബൈയിലാണ് ഒന്നാം പാർട്ടി കോൺഗ്രസ് ആരംഭിച്ചത്. 23 -ാം പാർട്ടി കോൺഗ്രസിൽ എത്തിനിൽക്കുമ്പോൾ നിരവധി വിഷയങ്ങളെ കുറിച്ച് ചർച്ചകൾ നടന്നിട്ടുണ്ട്. അഞ്ചു ദിവസമാണ് 23 -ാം പാർട്ടി കോൺഗ്രസ് നടന്നത്. ദേശീയ തലത്തിൽ പാർട്ടിയുടെ വളർച്ചയ്ക്ക് കോട്ടംതട്ടിയെന്ന് 23 -ാം പാർട്ടി കോൺഗ്രസ് അംഗീകരിച്ചു. പാർട്ടി കോൺഗ്രസ് സെമിനാറിൽ കെ വി തോമസ് പങ്കെടുക്കാനെത്തിയത് നിരവധി വിവാദങ്ങൾക്ക് വഴി വെച്ചു. കെപിസിസി വിലക്ക് ലംഘിച്ച് സെമിനാറിൽ പങ്കെടുത്ത കെ വി തോമസ് ഒടുവിൽ കോൺഗ്രസിൽ നിന്ന് പുറത്താക്കലിന്റെ വക്കിലെത്തി നിൽക്കുകയാണ്.

23-ാം പാർട്ടി കോൺഗ്രസിൽ മൂന്നാം തവണയും യെച്ചൂരിയെ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്തു. ചരിത്രത്തിലാദ്യമായി ഒരു ദളിത് വിഭാഗത്തിൽ പെട്ടയാളെ പോളിറ്റ് ബ്യൂറോയിലേക്ക് തെരഞ്ഞെടുക്കുകയും ചെയ്തു. എന്നാൽ കേന്ദ്ര കമ്മിറ്റിയംഗം എം.സി ജോസഫൈനിന്റെ അപ്രതീക്ഷിത വിയോഗം സമ്മേളനത്തിലെ സങ്കട കാഴ്ച്ചയായി.

തൃശൂര്‍: കോണ്‍ഗ്രസ് സ്വയം ശവക്കുഴി തോണ്ടുകയാണെന്നും, നേതാക്കള്‍ തമ്മിലടിച്ച് ബിജെപിയെ സഹായിക്കുകയാണെന്നും തൃശൂര്‍ അതിരൂപത. അതിരൂപതയുടെ മുഖപത്രമായ ‘കത്തോലിക്കാസഭ’യുടെ പുതിയ ലക്കത്തില്‍ ‘കോണ്‍ഗ്രസ് ദേശീയ ബദലില്‍ നിന്ന് അകലുന്നുവോ’ എന്ന ലേഖനത്തിലാണ് രൂക്ഷ വിമര്‍ശനമുന്നയിച്ചിരിക്കുന്നത്.

‘ബിജെപിയുടെ ദേശീയ ബദല്‍ എന്ന സ്ഥാനം ആം ആദ്മി പാര്‍ട്ടി സ്വന്തമാക്കിയെന്നാണ് അഞ്ചിടങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം നല്‍കുന്ന പാഠം. കോണ്‍ഗ്രസിന്റെ നേതൃനിരയിലുള്ള രാഹുല്‍ഗാന്ധിയുടെ നിലപാടും രീതികളും ഇരട്ടത്താപ്പാണ്. ജനം അത് അംഗീകരിക്കില്ല. പേരില്‍ ഗാന്ധി ഉള്ളതുകൊണ്ട് മാത്രം വിജയം കാണാനാവില്ല. നേതൃത്വമില്ലായ്മയും ഉള്‍പ്പോരും കുതിക്കാല്‍വെട്ടും കോണ്‍ഗ്രസിന് തന്നെ നാണക്കേടാണ്. ഇതിനിയും തിരിച്ചറിഞ്ഞില്ലെങ്കില്‍ ഭാരതം ജനാധിപത്യ മതേതര മൂല്യങ്ങളില്‍ നിന്നും വഴിമാറി സംഘപരിവാറിന്റെ പുതിയ ഹിന്ദുസ്ഥാനിലേക്ക് പ്രവേശിക്കുന്നത് കാണേണ്ടി വരുമെന്നാണ് തിരഞ്ഞെടുപ്പ് ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. കോണ്‍ഗ്രസില്‍ നിന്ന് പ്രതിപക്ഷ നേതൃസ്ഥാനവും ദേശീയ ബദല്‍ പ്രതീക്ഷയും ഇല്ലാതായി.ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ചരിത്രം പേറുന്ന കോണ്‍ഗ്രസ് ഇപ്പോള്‍ വെറും കാഴ്ചക്കാര്‍ മാത്രമാകുന്നു’- ലേഖനത്തില്‍ പറയുന്നു.

തിരുവനന്തപുരം: സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുക്കരുതെന്ന നിർദേശം ലംഘിക്കേണ്ടി വന്നത് കൈപിസിസി നേതൃത്വം ഭീഷണിപ്പെടുത്തിയതിനാലാണെന്ന് കോൺഗ്രസ് നേതാവ് കെ വി തോമസ്. പാർട്ടി കോൺഗ്രസ് കഴിഞ്ഞ് കണ്ണൂരിൽ നിന്നും തിരുവനന്തപുരത്ത് എത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

സിപിഎം പാർട്ടി കോൺഗ്രസിൽ അല്ല അവർ സംഘടിപ്പിച്ച ദേശീയ സെമിനാറിലാണ് താൻ പങ്കെടുത്തതെന്ന് അദ്ദേഹം വിശദമാക്കി. താൻ ഇപ്പോഴും കോൺഗ്രസുകാരനാണ്. പാർട്ടി കോൺഗ്രസിൽ പങ്കെടുത്ത വിഷയവുമായി ബന്ധപ്പെട്ട് തന്നെ ഒരു കമ്മ്യൂണിറ്റിയുടെ ഭാഗമായി കണ്ട് വിമർശിക്കുന്ന അവസ്ഥയുണ്ടായി. തന്നെ കെപിസിസി നേതൃത്വം ഭീഷണിപ്പെടുത്തിയെന്നും കെ വി തോമസ് വെളിപ്പെടുത്തി.

വികസനത്തിന് ഒപ്പം നിൽക്കണം എന്നതാണ് തന്റെ നിലപാട്. കെ.സുധാകരൻ കോൺഗ്രസ് ആയത് ഇപ്പോഴാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

തിരുവനന്തപുരം: തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുത്തതിൽ പ്രതികരണവുമായി കേന്ദ്രസഹമന്ത്രി വി മുരളീധരൻ. കുറച്ച് പേർ കൂടിയിരുന്നാൽ മോദിയുടെ മൂക്ക് തെറിക്കില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മുല്ലപ്പെരിയാറിലെ ജനങ്ങളുടെ ആശങ്ക പരിഹരിക്കാനെങ്കിലും കുറച്ച് സമയം ഇവർക്ക് മാറ്റിവയ്ക്കാമായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ ഹിന്ദിയെപ്പറ്റിയുള്ള പ്രസ്താവനയെ കുറിച്ചും അദ്ദേഹം പ്രതികരണം നടത്തി. ഹിന്ദി മാതൃഭാഷയായ സംസ്ഥാനങ്ങളെക്കുറിച്ചാണ് അമിത് ഷാ സംസാരിച്ചതെന്ന് മുരളീധരന്റെ വിശദീകരണം.

മലയാളികൾക്ക് അടക്കം ഇത് ബാധകമല്ലെന്നും അദ്ദേഹം വിശദീകരിച്ചു. ഇംഗ്ലീഷിന് പകരം ഹിന്ദി ഉപയോഗിക്കണമെന്നായിരുന്നു അമിത് ഷായുടെ പരാമർശം.

തിരുവനന്തപുരം: വിലക്ക് ലംഘിച്ച് സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുത്ത കെ വി തോമസിനെതിരെ തിങ്കളാഴ്ച്ച അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് എഐസിസി അംഗം കെ സി വേണുഗോപാൽ. വിഷയം എ കെ ആന്റണി അദ്ധ്യക്ഷനായ അച്ചടക്ക സമിതിക്ക് മുന്നിൽ എത്തിയിട്ടുണ്ട്. തിങ്കളാഴ്ച്ച തന്നെ കമ്മിറ്റി കൂടി അച്ചടക്ക നടപടി സ്വീകരിക്കാനാണ് തീരുമാനം. കേരളത്തിലെ കോൺഗ്രസ് പ്രവർത്തകരുടെ വികാരം മാനിച്ചുകൊണ്ടാണ് കെ വി തോമസിനെതിരെ നടപടി സ്വീകരിക്കുന്നത്.

കെ വി തോമസിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എഐസിസിക്ക് ശുപാർശ കത്ത് സമർപ്പിച്ചിട്ടുണ്ട്. എന്നാൽ കെ വി തോമസ് എഐസിസി മെമ്പറായതിനാൽ അച്ചടക്ക നടപടിയെടുക്കാൻ ചില നടപടി ക്രമങ്ങളുണ്ട്.

അതേസമയം, കെ വി തോമസ് കാണിച്ചത് രാഷ്ട്രീയ തറവാടിത്തമില്ലായ്മയാണെന്ന് സുധാകരൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അദ്ദേഹം കച്ചവടം നടത്തിയിട്ട് നിൽക്കുകയാണ്. നടന്നതെല്ലാം മുൻധാരണ പ്രകാരമുള്ള കാര്യങ്ങളാണ്. തോമസിന് വാരിക്കോരി സ്ഥാനമാനങ്ങൾ കൊടുത്തതിൽ സഹതപിക്കുന്നതായും അദ്ദേഹം പറഞ്ഞിരുന്നു.

മത്സ്യത്തൊഴിലാളി കുടുംബത്തിൽ നിന്ന് വന്നെന്ന് പറയുന്ന തോമസിന്റെ ആസ്തി എത്രയാണെന്ന് പരിശോധിക്കണമെന്നും സുധാകരൻ ആവശ്യപ്പെട്ടു. സ്വന്തം നാട്ടുകാരും അച്യുതാനന്ദനും ആണ് തിരുത തോമയെന്ന് അദ്ദേഹത്തെ വിളിച്ചത്. കഴിഞ്ഞ ഒരു വർഷമായി കെ.വി. തോമസിന് സി.പി.എം. നേതാക്കളുമായി അടുത്ത ബന്ധമാണുള്ളത്. മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥ പ്രകാരമാണ് കെ.വി. തോമസ് സി.പി.എം. സെമിനാറിൽ പങ്കെടുത്തത്. അദ്ദേഹം ലംഘിച്ചത് പാർട്ടി മര്യാദയും അച്ചടക്കവുമാണെന്ന് അദ്ദേഹം ആരോപിച്ചിരുന്നു.

കണ്ണൂര്‍: കോണ്‍ഗ്രസ് നേതാക്കളെ കാലുമാറ്റി പാര്‍ട്ടിയെ ദുര്‍ബലമാക്കാമെന്ന സിപിഎം കുതന്ത്രം നടക്കില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. സി.പി.എം പരിപാടിയില്‍ പങ്കെടുക്കാന്‍ കാരണം മുഖ്യമന്ത്രി ആണെന്നാണ് ഇന്നലെ കെ.വി തോമസ് സമ്മേളനത്തില്‍ പറഞ്ഞത്. അതിനര്‍ഥം മുഖ്യമന്ത്രി നേതാക്കളെ കാലുമാറ്റാന്‍ ശ്രമിക്കുന്നുവെന്നാണ്. അത് മുഖ്യമന്ത്രിയുടെ നിലവാരത്തിന് ചേര്‍ന്നതാണോ എന്ന് അദ്ദേഹം തീരുമാനിക്കട്ടേയെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

‘ഇത്രയും കാലം സ്വീകരിച്ച നിലപാടുകള്‍ക്ക് കടകവിരുദ്ധമായി കെ.വി തോമസ് പ്രവര്‍ത്തിക്കുന്നത് എല്ലാവരേയും അത്ഭുതപ്പെടുത്തുന്ന കാര്യമാണ്. കേരളം കണ്ട ദുര്‍ബലനായ മുഖ്യമന്ത്രി പിണറായി വിജയനെ ഏറ്റവും വലിയവനെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. അദ്ദേഹം പോയതില്‍ ഞങ്ങള്‍ക്ക് വിഷമമുണ്ട്. ഇത്രയും കാലം ഒന്നിച്ച് പ്രവര്‍ത്തിച്ചതാണല്ലോ. എന്നാല്‍, അതുകൊണ്ടൊക്കെ കോണ്‍ഗ്രസിനെ ദുര്‍ബലമാക്കാമെന്നും പ്രവര്‍ത്തകരുടെ ആത്മവീര്യത്തെ തകര്‍ക്കാമെന്നാണ് കരുതുന്നതെങ്കില്‍ അത് നടക്കുന്ന കാര്യമല്ല. കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രസ്ഥാനമാണ് കോണ്‍ഗ്രസ്. ഇത്തരത്തിലുള്ള സിപിഎം കുതന്ത്രങ്ങളില്‍ ഈ പാര്‍ട്ടി തകര്‍ന്നുപോവില്ല. കോണ്‍ഗ്രസിനെ ഇല്ലായ്മ ചെയ്യാന്‍ പിണറായിയും സിപിഎമ്മും എത്ര ശ്രമിച്ചാലും നടക്കാന്‍ പോകുന്നില്ല’- ചെന്നിത്തല വ്യക്തമാക്കി.

കണ്ണൂര്‍: സിപിഎം പിബിയിലെ ആദ്യ ദളിത് അംഗമായി പശ്ചിമ ബംഗാളില്‍ നിന്നുള്ള രാമചന്ദ്ര ഡോം സിപിഎം പൊളിറ്റ് ബ്യൂറോയിലേക്ക്. 1989 മുതല്‍ 2014 വരെ ബംഗാളിലെ ബിര്‍ഭും മണ്ഡലത്തില്‍ നിന്നുള്ള ലോക് സഭാംഗമായിരുന്നു രാമചന്ദ്ര ഡോം. നിലവില്‍ കേന്ദ്ര കമ്മിറ്റി അംഗമാണ്.

പ്രായപരിധിയെ തുടര്‍ന്ന് പിബിയില്‍ നിന്ന് ഒഴിയുന്ന ബിമന്‍ ബോസിന് പകരമാണ് രാമചന്ദ്ര ഡോം എത്തുന്നത്. സിപിഎം പൊളിറ്റ് ബ്യൂറോയില്‍ ഇതുവരെ ദളിത് പ്രാതിനിധ്യം ഉണ്ടായിട്ടില്ലെന്ന ചര്‍ച്ചകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ വ്യാപകമായി ഉയര്‍ന്നിരുന്നു. ഇത്തവണ പിബിയില്‍ ദളിത് പ്രാതിനിധ്യം ഉണ്ടാകുമോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് കാത്തിരുന്ന് കാണൂ എന്നായിരുന്നു മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് നേരത്തെ മറുപടി നല്‍കിയത്.