കെ വി തോമസിനെതിരെ തിങ്കളാഴ്ച്ച അച്ചടക്ക നടപടി സ്വീകരിക്കും; കെ സി വേണുഗോപാൽ

തിരുവനന്തപുരം: വിലക്ക് ലംഘിച്ച് സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുത്ത കെ വി തോമസിനെതിരെ തിങ്കളാഴ്ച്ച അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് എഐസിസി അംഗം കെ സി വേണുഗോപാൽ. വിഷയം എ കെ ആന്റണി അദ്ധ്യക്ഷനായ അച്ചടക്ക സമിതിക്ക് മുന്നിൽ എത്തിയിട്ടുണ്ട്. തിങ്കളാഴ്ച്ച തന്നെ കമ്മിറ്റി കൂടി അച്ചടക്ക നടപടി സ്വീകരിക്കാനാണ് തീരുമാനം. കേരളത്തിലെ കോൺഗ്രസ് പ്രവർത്തകരുടെ വികാരം മാനിച്ചുകൊണ്ടാണ് കെ വി തോമസിനെതിരെ നടപടി സ്വീകരിക്കുന്നത്.

കെ വി തോമസിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എഐസിസിക്ക് ശുപാർശ കത്ത് സമർപ്പിച്ചിട്ടുണ്ട്. എന്നാൽ കെ വി തോമസ് എഐസിസി മെമ്പറായതിനാൽ അച്ചടക്ക നടപടിയെടുക്കാൻ ചില നടപടി ക്രമങ്ങളുണ്ട്.

അതേസമയം, കെ വി തോമസ് കാണിച്ചത് രാഷ്ട്രീയ തറവാടിത്തമില്ലായ്മയാണെന്ന് സുധാകരൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അദ്ദേഹം കച്ചവടം നടത്തിയിട്ട് നിൽക്കുകയാണ്. നടന്നതെല്ലാം മുൻധാരണ പ്രകാരമുള്ള കാര്യങ്ങളാണ്. തോമസിന് വാരിക്കോരി സ്ഥാനമാനങ്ങൾ കൊടുത്തതിൽ സഹതപിക്കുന്നതായും അദ്ദേഹം പറഞ്ഞിരുന്നു.

മത്സ്യത്തൊഴിലാളി കുടുംബത്തിൽ നിന്ന് വന്നെന്ന് പറയുന്ന തോമസിന്റെ ആസ്തി എത്രയാണെന്ന് പരിശോധിക്കണമെന്നും സുധാകരൻ ആവശ്യപ്പെട്ടു. സ്വന്തം നാട്ടുകാരും അച്യുതാനന്ദനും ആണ് തിരുത തോമയെന്ന് അദ്ദേഹത്തെ വിളിച്ചത്. കഴിഞ്ഞ ഒരു വർഷമായി കെ.വി. തോമസിന് സി.പി.എം. നേതാക്കളുമായി അടുത്ത ബന്ധമാണുള്ളത്. മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥ പ്രകാരമാണ് കെ.വി. തോമസ് സി.പി.എം. സെമിനാറിൽ പങ്കെടുത്തത്. അദ്ദേഹം ലംഘിച്ചത് പാർട്ടി മര്യാദയും അച്ചടക്കവുമാണെന്ന് അദ്ദേഹം ആരോപിച്ചിരുന്നു.