തന്നെ കോൺഗ്രസിൽ നിന്നും പുറത്താക്കുക എന്ന അജണ്ട കെ സുധാകരൻ നടപ്പാക്കുന്നു; ആരോപണവുമായി കെ വി തോമസ്

തിരുവനന്തപുരം: കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരനെതിരെ ഗുരുതര ആരോപണങ്ങളുമായി കോൺഗ്രസ് നേതാവ് കെ വി തോമസ്. തന്നെ കോൺഗ്രസിൽ നിന്നും പുറത്താക്കുക എന്ന അജണ്ട കെ സുധാകരൻ നടപ്പാക്കുകയാണെന്നാണ് അദ്ദേഹം പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കെ സുധാകരനല്ല കോൺഗ്രസ്. താൻ പാർട്ടിയിൽ ഉണ്ടോ എന്ന് തീരുമാനിക്കേണ്ടത് കെ സുധാകരനല്ല. സി പി എമ്മിൽ ചേരാൻ തന്നോട് ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സോണിയാ ഗാന്ധിയുടെ പിന്തുണ തനിക്കുണ്ട്. നടപടി എന്തായാലും കോൺഗ്രസിൽ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, കോൺഗ്രസ് നേതൃത്വത്തിന്റെ വിലക്ക് ലംഘിച്ച് സി പി എം പാർട്ടി കോൺഗ്രസിൽ പങ്കെടുത്ത കെ വി തോമസിനെതിരെ അച്ചടക്കനടപടി വേണമെന്നാണ് കെ പി സി സി ഉന്നയിക്കുന്ന ആവശ്യം. എ കെ ആന്റണി അദ്ധ്യക്ഷനായ എ ഐ സി സി അച്ചടക്കസമിതിക്ക് വിട്ടിരിക്കുകയാണ് കെപിസിസിയുടെ ശുപാർശ.

കെ വി തോമസിൽ നിന്നും വിശദീകരണം തേടിയതിന് ശേഷമാകും തുടർനടപടികളിലേക്ക് കടക്കുകയെന്നാണ് റിപ്പോർട്ടുകൾ.