ചെങ്കടലായി കണ്ണൂർ: സിപിഎം 23-ാം പാർട്ടി കോൺഗ്രസിന് സമാപനം

cpim

കണ്ണൂർ: സിപിഎം 23-ാം പാർട്ടി കോൺഗ്രസിന് സമാപനമായി. വൈകുന്നേരം നായനാർ അക്കാദമിയിൽ നിന്ന് ജവഹർ സ്റ്റേഡിയത്തിലേക്ക് നടന്ന റെഡ് വാളണ്ടയർ മാർച്ചോടെയാണ് സമാപന സമ്മേളനം ആരംഭിച്ചത്. രണ്ടായിരം വളണ്ടിയർമാർ മാർച്ചിൽ പങ്കെടുത്തു. മുഖ്യമന്ത്രി പിണറായി വിജയൻ, സിപീഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, പ്രകാശ് കാരാട്ട് എന്നിവർ തുറന്ന വാഹനത്തിൽ റെഡ് വളണ്ടിയർ മാർച്ചിന്റെ ഗാർഡ് ഓഫ് ഓണർ പരിശോധിച്ചു.

1943-ൽ മുംബൈയിലാണ് ഒന്നാം പാർട്ടി കോൺഗ്രസ് ആരംഭിച്ചത്. 23 -ാം പാർട്ടി കോൺഗ്രസിൽ എത്തിനിൽക്കുമ്പോൾ നിരവധി വിഷയങ്ങളെ കുറിച്ച് ചർച്ചകൾ നടന്നിട്ടുണ്ട്. അഞ്ചു ദിവസമാണ് 23 -ാം പാർട്ടി കോൺഗ്രസ് നടന്നത്. ദേശീയ തലത്തിൽ പാർട്ടിയുടെ വളർച്ചയ്ക്ക് കോട്ടംതട്ടിയെന്ന് 23 -ാം പാർട്ടി കോൺഗ്രസ് അംഗീകരിച്ചു. പാർട്ടി കോൺഗ്രസ് സെമിനാറിൽ കെ വി തോമസ് പങ്കെടുക്കാനെത്തിയത് നിരവധി വിവാദങ്ങൾക്ക് വഴി വെച്ചു. കെപിസിസി വിലക്ക് ലംഘിച്ച് സെമിനാറിൽ പങ്കെടുത്ത കെ വി തോമസ് ഒടുവിൽ കോൺഗ്രസിൽ നിന്ന് പുറത്താക്കലിന്റെ വക്കിലെത്തി നിൽക്കുകയാണ്.

23-ാം പാർട്ടി കോൺഗ്രസിൽ മൂന്നാം തവണയും യെച്ചൂരിയെ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്തു. ചരിത്രത്തിലാദ്യമായി ഒരു ദളിത് വിഭാഗത്തിൽ പെട്ടയാളെ പോളിറ്റ് ബ്യൂറോയിലേക്ക് തെരഞ്ഞെടുക്കുകയും ചെയ്തു. എന്നാൽ കേന്ദ്ര കമ്മിറ്റിയംഗം എം.സി ജോസഫൈനിന്റെ അപ്രതീക്ഷിത വിയോഗം സമ്മേളനത്തിലെ സങ്കട കാഴ്ച്ചയായി.