Politics (Page 584)

ആലപ്പുഴ: കോണ്‍ഗ്രസ് നേതാവ് എം ലിജു ഡിസിസി പ്രസിഡന്റ് സ്ഥാനം രാജി വച്ചു. നിയമസഭാ തിരഞ്ഞെടുപ്പില്‍ ആലപ്പുഴ ജില്ലയിലെ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്താണ് രാജി തീരുമാനമെന്ന് അദ്ദേഹം അറിയിച്ചു. പാര്‍ട്ടി ഏല്‍പ്പിച്ച ദൗത്യം വിജയത്തിലെത്തിക്കാന്‍ കഴിഞ്ഞില്ല. തോല്‍വിയുടെ കാരണം എല്ലാ മണ്ഡലങ്ങളിലും ഉണ്ടാകും. ജില്ലയില്‍ യുഡിഎഫ് വിജയം നേടുമെന്നായിരുന്നു പ്രതീക്ഷ എന്നും ലിജു വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മണ്ഡലമായ ഹരിപ്പാട് മാത്രമാണ് യുഡിഎഫ് വിജയിച്ചത്. വയനാട് ഡിസിസി ജനറല്‍ സെക്രട്ടറി എംജി ബിജുവും രാജി സമര്‍പ്പിച്ചു. തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയേറ്റതോടെ കനത്ത പ്രതിസന്ധിയാണ് യുഡിഎഫിലുണ്ടായിരിക്കുന്നത്. മുല്ലപ്പള്ളി രാമചന്ദ്രനെ കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യം പാര്ട്ടിയില് ഒരു വിഭാഗം ശക്തമാക്കുന്നുണ്ട്. എന്നാല്‍ കെ സുധകാരന്‍, വിഎം സുധീരന്‍ എന്നിവര്‍ ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല.

തൃശൂര്‍: പ്രശ്‌നങ്ങള്‍ പരിഹരിക്കാതെ ഇനി മത്സരിക്കാനില്ലെന്നും തോല്‍വിയില്‍ നിന്ന് കോണ്‍ഗ്രസ് പഠിക്കണമെന്നും തൃശൂര്‍ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന പത്മജ വേണുഗോപാല്‍.

പത്മജയുടെ വാക്കുകള്‍ – ഇതൊരു പരാജയമായിട്ട് എനിക്ക് തോന്നിയില്ല. കാരണം വളരെ ചെറിയ വോട്ടുകള്‍ക്കാണ് തോറ്റത്. പിന്നെ തോല്‍ക്കാന്‍ കാരണമെന്താണെന്ന് പാര്‍ട്ടിയാണ് കണ്ടുപിടിക്കേണ്ടത്, നമ്മളല്ലാലോ.നമ്മള്‍ ചെയ്യേണ്ട ജോലികള്‍ ചെയ്തു. പാര്‍ട്ടി പ്രവര്‍ത്തകര്‍ കൂടെ നിന്നു. എന്തുകൊണ്ടാണ് തോറ്റതെന്ന് പാര്‍ട്ടി ഒന്ന് പരിശോധിക്കുന്നത് നല്ലതായിരിക്കും.എനിക്ക് മാത്രമല്ലല്ലോ, മൊത്തത്തില്‍ വല്ലാത്തൊരു തോല്‍വിയല്ലേ. കാരണമെന്താണെന്ന് പാര്‍ട്ടി ഇനിയെങ്കിലും പഠിച്ചില്ലെങ്കില്‍ മുന്നോട്ടുപോവുക ബുദ്ധിമുട്ടായിരിക്കും. ചില സ്ഥലങ്ങളിലെല്ലാം വോട്ട് ചോര്‍ച്ച ഉണ്ടായിട്ടുണ്ട്. അത് എവിടെ നിന്നാണ് പോയിട്ടുള്ളതെന്ന് പാര്‍ട്ടിയാണ് കണ്ടുപിടിക്കേണ്ടത്.

പാലക്കാട്: നായന്മാരെല്ലാം തൻ്റെ പോക്കറ്റിലാണെന്ന സുകുമാരൻ നായരുടെ ധാരണ തെറ്റിയെന്ന് മന്ത്രി എ കെ ബാലൻ.സുകുമാരൻ നായർ ബിജെപിയിലേക്ക് പോകുന്നതിന് എതിരല്ല. എന്നാൽ തെറ്റായ സന്ദേശമാണ് സുകുമാരൻ നായർ നൽകിയതെന്നും മന്ത്രി പറഞ്ഞു. കുപ്പിവള പൊട്ടുന്ന പോലെ പൊട്ടുന്ന പാർട്ടിയാണ് കോൺഗ്രസെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ വരെ പോകുമെന്നും എ കെ ബാലന്‍ പരിഹസിച്ചു.

നിരീശ്വരവാദികളും ഈശ്വരവാദികളും തമ്മിലുള്ള പോരാട്ടമെന്ന സുകുമാരൻ നായരുടെ പ്രസ്ഥാവന തെറ്റ്. അത് തെരഞ്ഞെടുപ്പ് ദിനം പറയാൻ പാടില്ലായിരുന്നു. ഇനിയെങ്കിലും സുകുമാരൻ നായർ തെറ്റ് തിരുത്തണമെന്ന് എ കെ ബാലന്‍ കൂട്ടിച്ചേര്‍ത്തു.

യു.ഡി.എഫിന്‍റെ തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവ് സ്ഥാനം ഏറ്റെടുക്കാനില്ലെന്ന് പാര്‍ട്ടിയെ അറിയിക്കുമെന്ന് സൂചന. എന്നാല്‍ പാര്‍ട്ടി സമ്മര്‍ദ്ദം ചെലുത്തിയാല്‍ വഴങ്ങുകയും ചെയ്യും. വി.ഡി സതീശനെ പ്രതിപക്ഷ നേതാവാക്കണമെന്ന ആവശ്യമുന്നയിക്കാന്‍ ഒരു വിഭാഗം തീരുമാനിച്ചിട്ടുണ്ട്. 2016 ലെ കനത്ത തോല്‍വിക്ക് ശേഷം പ്രതിപക്ഷ നേതാവ് സ്ഥാനം ഏറ്റെടുക്കാന്‍ ഉമ്മന്‍ചാണ്ടി തയ്യാറായിരുന്നില്ല. അതിലും കടുത്ത തിരിച്ചടി നേരിട്ട സാഹചര്യത്തില്‍ രമേശ് ചെന്നിത്തലയും ഒഴിഞ്ഞ് നില്‍ക്കണമെന്ന ആവശ്യം കോണ്‍ഗ്രസില്‍ ഉയരാം.

ഇത് മുന്നില്‍ കണ്ടാണ് ചെന്നിത്തലയുടെ നീക്കം. അതേസമയം എം.എല്‍.എമാരില്‍ മുന്‍തൂക്കം ചെന്നിത്തലക്കാണ്. മാത്രമല്ല എ ഗ്രൂപ്പ് മറിച്ചൊരു തീരുമാനം എടുത്താലും പിടി തോമസ് അടക്കമുള്ളവര്‍ അതിനൊപ്പം നില്‍ക്കില്ലെന്ന് അവിടെയും ആശങ്കയുണ്ട്. അങ്ങനെ വന്നാല്‍ പാര്‍ട്ടിയുടെ ആവശ്യപ്രകാരം പദവി ഏറ്റെടുക്കുന്ന നിലയിലേക്ക് എത്താമെന്നാണ് ചെന്നിത്തല കരുതുന്നത്. താന്‍ വിട്ടു നില്‍ക്കാന്‍ തയ്യാറായിരുന്നുവെന്നും പാര്‍ട്ടിയുടെ സമ്മര്‍ദ്ദം മൂലം ഏറ്റെടുത്തുവെന്ന പ്രതീതി സൃഷ്ടിക്കാനുമാവും.

പക്ഷേ ഇത് മുന്നില്‍ ഒരു മുഴം മുന്നേയെറിയാനാണ് മറുപക്ഷത്തിന്‍റെ നീക്കം. അവര്‍ വി.ഡി സതീശന്‍റെ പേര് മുന്നോട്ട് വെയക്കും. അതിനെ എതിര്‍ക്കാന്‍ ചെന്നിത്തലയ്ക്കും ആവില്ല. നേതൃ തലത്തില്‍ മുഖം മാറ്റവും തലമുറ മാറ്റവും മാത്രമാണ് പാര്‍ട്ടിക്ക് തിരിച്ച് വരവിനുള്ള വഴിയെന്നാണ് നേതാക്കളും പ്രവര്‍ത്തകരും ഒരു പോലെ കരുതുന്നത്. അതിനാല്‍ തെരഞ്ഞെടുപ്പ് തോല്‍വി ചെന്നിത്തലയുടെ രാഷ്ട്രീയ ജീവിതത്തിനും തിരിച്ചടിയാവും.

ആലപ്പുഴ: കേരളത്തില്‍ നേടിയ ചരിത്രവിജയത്തില്‍ എല്‍.ഡി.എഫിനെ പ്രശംസിച്ച് എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മേഴ്‌സിക്കുട്ടിയമ്മ തോല്‍വി അര്‍ഹിക്കുന്നുവെന്നും കെ.ടി. ജലീലിന്റേത് സാങ്കേതികമായി പരാജയമാണെന്നും അദ്ദേഹം പറഞ്ഞു. കുണ്ടറയില്‍ മേഴ്‌സിക്കുട്ടിയമ്മയുടേത് അര്‍ഹതപ്പെട്ട തോല്‍വിയാണ്. പേര് കൊണ്ട് മേഴ്‌സിക്കുട്ടി ആണെങ്കിലും മേഴ്‌സി ഇല്ലാത്ത മന്ത്രിയാണ് അവര്‍. മുന്‍പുള്ള അവരുടെ പെരുമാറ്റത്തില്‍നിന്ന് അത് കണ്ടതാണ്. അതുകൊണ്ടാണ് 30,000 വോട്ടിന് മുന്‍പ് ജയിച്ചിരുന്ന മേഴ്‌സിക്കുട്ടിയമ്മ ഇപ്പോള്‍ തോറ്റുപോയത്. കെടി ജലീലിന്റേയും ജയം സാങ്കേതികമായി പരാജയമാണ്. ചെറിയ ഭൂരിപക്ഷമാണ് അദ്ദേഹത്തിനുള്ളത്. ഉന്നത വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്ത് ജലീല്‍ മലപ്പുറത്തിന്റെ മാത്രം മന്ത്രിയായാണ് പ്രവര്‍ത്തിച്ചത്. അത് പാടില്ലായിരുന്നു. അതിന്റെ ദൈവശിക്ഷ അദ്ദേഹത്തിന് ലഭിച്ചു. ഇരുവര്‍ക്കും ഇത്തവണ ഷോക്ക് ട്രീറ്റ്‌മെന്റ് കിട്ടിയെന്നത് സന്തോഷിപ്പിക്കുന്നുവെന്ന് വെള്ളാപ്പള്ളി പറഞ്ഞു.

കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിക്കെതിരേയും രൂക്ഷവിമര്‍ശനമാണ് വെള്ളാപ്പള്ളി ഉയര്‍ത്തിയത്. നിരവധി വിവാദങ്ങളുടെ ചുഴിയില്‍പ്പെട്ടുകൊണ്ട് എല്‍.ഡി.എഫ്. സര്‍ക്കാര്‍ തകര്‍ന്നുപോവുമെന്ന് എല്ലാവരും കരുതിയിരുന്നെങ്കിലും ജനങ്ങള്‍ എല്‍.ഡി.എഫ്. സര്‍ക്കാരിനെ കൈവിടാതെ കൈവെള്ളയില്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുവന്നു. അത് സര്‍ക്കാരിന്റെ നന്മ കൊണ്ടാണെന്ന് മനസ്സിലാക്കണം. അന്നവും ക്ഷേമവും തന്ന് സഹായിച്ച എല്‍.ഡി.എഫ്. സര്‍ക്കാരിന് അടിസ്ഥാനവര്‍ഗം നല്‍കിയ വിജയമാണ്. ഇടതുപക്ഷ സര്‍ക്കാരെന്നാല്‍ പാവപ്പെട്ടവന്റെ സര്‍ക്കാരാണ്. നിരവധി എം.എല്‍.എമാരെ മാറ്റിനിര്‍ത്തി പുതുമുഖങ്ങളെ കൊണ്ടുവന്നപ്പോള്‍ എല്‍.ഡി.എഫ്. തോല്‍ക്കുമെന്ന് പലരും കരുതി. എന്നാല്‍, ഈ മാറ്റങ്ങള്‍ കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ മനസ്സിലായി.

കോണ്‍ഗ്രസിന് അടിസ്ഥാനവര്‍ഗക്കാരോട്, ഈഴവരോട് അവഗണനയാണ്. എന്നാല്‍ ഇടതുപക്ഷം അങ്ങനെയല്ല. എല്ലാ പിന്തുണയും നല്‍കി. തിരഞ്ഞെടുപ്പില്‍ അവര്‍ ഈഴവരെ പരിഗണിച്ചു, ജയിപ്പിച്ചു. ഇനിയും എല്‍.ഡി.എഫ്. സര്‍ക്കാര്‍ അവരെ മറക്കരുത്. ഞാന്‍ ഒരിക്കലും പിണറായി വിജയന്റെ ഔദാര്യത്തിന് പോയിട്ടില്ല. എന്നാല്‍ സുകുമാരന്‍ നായര്‍ കയറിയിറങ്ങി. എല്ലാം കഴിഞ്ഞിട്ട് അവര്‍ക്കിട്ട് കുത്തി. സുകുമാരന്‍ നായര്‍ എന്നാല്‍ നന്ദികേടാണ്. തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും കോണ്‍ഗ്രസ് വിമുക്ത കേരളമെന്ന ബി.ജെ.പിയുടെ ലക്ഷ്യം വിജയിച്ചുവെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

മലപ്പുറം : കുഞ്ഞാലിക്കുട്ടിയെ ഇരുകൈയ്യും നീട്ടി സ്വീകരിച്ച് സംസ്ഥാന രാഷ്ട്രീയം. വേങ്ങരയില്‍ നിന്ന് 30522 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പി കെ കുഞ്ഞാലിക്കുട്ടി വിജയിച്ചത്. പ്രചരണസമയം മുതലേ കുഞ്ഞാലിക്കുട്ടിയുടെ മടങ്ങിവരവ് വലിയ ചര്‍ച്ചാവിഷയമായിരുന്നു.പി.കെ. കുഞ്ഞാലിക്കുട്ടിക്ക് 70,193 വോട്ടും ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റിയംഗം പി. ജിജിക്ക് 39,671 വോട്ടുമാണ് ലഭിച്ചത്. 2016 ല്‍ 72,181 വോട്ട് വേങ്ങരയില്‍ നിന്നും നേടിയാണ് എം.എല്‍.എയായത്.

ചെന്നൈ: തമിഴ്നാട്ടില്‍  അണ്ണാഡിഎംകെയുടെ പത്ത് വര്‍ഷത്തെ തുടര്‍ഭരണം അവസാനിച്ചതോടെ പാര്‍ട്ടിയില്‍ ഇപിഎസ് ഒപിഎസ് നേതൃത്വത്തിന്‍റെ നിലനിലപ്പ് ഭീഷണിയിലായി.ആറടി മണ്ണിനായി കലൈജ്ഞറുടെ സമാധിയിടത്തില്‍ വരെ വീശിയടിച്ച രാഷ്ട്രീയ കാറ്റിന്  തെരഞ്ഞെടുപ്പിലൂടെ മറുപടിക്ക് കാത്തിരുന്ന ഡിഎംകെയ്ക്ക്  ഒട്ടും പിഴച്ചില്ല.ജയലളിത വികാരം ആളികത്തിച്ചിട്ടും അത് വോട്ടായി മാറിയില്ല.  

ഇതോടെ ഇരുവരും ചേര്‍ന്ന് ജയലളിതയുടെ പാര്‍ട്ടിയെ തകര്‍ത്തെന്ന് ശശികല വിഭാഗം ആരോപിച്ചു.രാഷ്ട്രീയ പിന്‍മാറ്റം പ്രഖ്യാപിച്ച ശശികല പുതിയ നീക്കങ്ങള്‍ക്ക് ഒരുങ്ങുമോ എന്നാണ് തമിഴകം ഉറ്റുനോക്കുന്നത്. ഇപിഎസ് ഒപിഎസ് നേതൃത്വത്തിന്‍റെ പതനവും അണ്ണാഡിഎംകെയുടെ തകര്‍ച്ചയും തുടങ്ങിയെന്ന നിലപാടിലാണ് എം കെ സ്റ്റാലിന്‍. അണ്ണാഡിഎംകെയുടെ  ആറ് മന്ത്രിമാര്‍, സിറ്റിങ് എംഎല്‍എമാര്‍ ഉള്‍പ്പടെ തോറ്റു.

ഒ പനീർസെൽവം കടന്നുകൂടിയത് നേരിയ ഭൂരിപക്ഷത്തിലാണ്. ശശികല പക്ഷത്തെ ഒപ്പം നിര്‍ത്താനുള്ള ശ്രമം ഇപിഎസ് വിഭാഗം ശക്തമായി എതിര്‍ത്തിരുന്നു. ബിജെപി സമ്മര്‍ദ്ദങ്ങള്‍ക്കൊടുവിലും ഇപിഎസ് വിട്ടുവീഴ്ച്യ്ക്ക് തയാറായിരുന്നില്ല. ഒരുമിച്ച് നിന്ന് വോട്ടുപിളര്‍പ്പ് ഒഴിവാക്കാതെ ഇരുപക്ഷവും ചേർന്ന് പാര്‍ട്ടിയെ തകര്‍ത്തെന്ന് ശശികല പക്ഷം വിമര്‍ശിച്ചു.ടിടിവി ദിനകരന്‍റെ അമ്മ മക്കള്‍ മുന്നേറ്റ കഴകം ശക്തികേന്ദ്രങ്ങളില്‍ പോലും വോട്ടുചോര്‍ച്ചയ്ക്ക് ആക്കം കൂട്ടിയതാണ് അണ്ണാഡിഎംകെയ്ക്ക് തിരിച്ചടിയായത്.

കോട്ടയം: തിളക്കമാർന്ന വിജയം സമ്മാനിച്ചതിന് പാലായിലെ ജനങ്ങളോട് നന്ദി പറഞ്ഞ് മാണി സി കാപ്പൻ. ‘എപ്പോഴും പറയുന്നതു പോലെ എന്റെ ചങ്കാണ് പാലാ. ഒപ്പം നിന്ന, എന്നില്‍ വിശ്വാസമര്‍പ്പിച്ച നിങ്ങള്‍ക്കോരോരുത്തര്‍ക്കും ഹൃദയത്തില്‍ നിന്നും നന്ദി പറയുന്നു.കൊടുംചൂടും മഴയും വകവയ്ക്കാതെ കൂടെ നിന്ന പ്രവര്‍ത്തകര്‍ക്ക്, സുഹൃത്തുക്കള്‍ക്ക്, ഒപ്പം നിന്നവര്‍ക്കെല്ലാം ഹൃദയത്തില്‍ നിന്ന് നന്ദി പറയുന്നു.

‘എടുത്ത രാഷ്ട്രീയ നിലപാടുകളെ എന്റെ ജനങ്ങൾ അംഗീകരിച്ചതിൽ അതിയായ സന്തോഷം. തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് പ്രായഭേദമെന്യേ ജനങ്ങള്‍ കാണിച്ച സ്‌നേഹം മറക്കാനാവില്ലെന്നും മാണി സി കാപ്പൻ ഫേസ്ബുക്കിൽ എഴുതി

balakrishna pillai

കൊല്ലം: കേരളാകോണ്‍ഗ്രസ് ബി ചെയര്‍മാനും മുന്‍ മന്ത്രിയുമായിരുന്ന ആര്‍. ബാലകൃഷ്ണപിള്ള അന്തരിച്ചു. കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കുറച്ച് മാസങ്ങളായി അദ്ദേഹം ചികിത്സയിലായിരുന്നു. വാളകത്തെ തറവാട്ടില്‍ ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് സംസ്‌കാരചടങ്ങുകള്‍ നടക്കുക.1935 മാര്‍ച്ച് എട്ടിനാണ് കൊല്ലം ജില്ലയിലെ കൊട്ടാരക്കരയില്‍ കീഴൂട്ട് രാമന്‍പിള്ളയുടേയും കാര്‍ത്ത്യായനിയമ്മയുടേയും മകനായി ബാലകൃഷ്ണപിള്ള ജനിച്ചത്. തിരുവനന്തപുരത്തെ എം.ജി. കോളേജ്, യൂണിവേഴ്‌സിറ്റി കോളേജ് എന്നിവിടങ്ങളില്‍ വിദ്യാര്‍ത്ഥിയായിരിക്കെ രാഷ്ട്രീയത്തില്‍ ആകൃഷ്ടനായി കോണ്‍ഗ്രസിലൂടെ സജീവരാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചു. പിന്നീട് 1964-ല്‍ കേരളാ കോണ്‍ഗ്രസ് രൂപവത്കരിച്ചപ്പോള്‍ സ്ഥാപകനേതാക്കളില്‍ ഒരാളായി.കെ. എം ജോര്‍ജ്ജിന്റെ മരണശേഷം കെ.എം മാണിയുമായുണ്ടായ അഭിപ്രായവ്യത്യാസത്തെ തുടര്‍ന്നാണ് കേരളാകോണ്‍ഗ്രസ് ബി രൂപീകരിച്ചത്. പിന്നീട് എല്‍ഡിഎഫിനൊപ്പവും യുഡിഎഫിനൊപ്പവും പ്രവര്‍ത്തിച്ചു. നിലവില്‍ എല്‍ഡിഎഫിനൊപ്പമാണ് കേരളാകോണ്‍ഗ്രസ് ബി. 197ല്‍ അച്യൂതമേനോന്‍ സര്‍ക്കാരിന്റെ കാലത്താണ് ബാലകൃഷ്ണപിള്ള ഗതാഗതം, എക്‌സൈസ്, ജയില്‍ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായി അധികാരമേല്‍ക്കുന്നത്. 980-82, 82-85,86-87 വര്‍ഷങ്ങളില്‍ വൈദ്യുതി വകുപ്പുമന്ത്രിയായും 1991-95, 2001-04 കാലയളവില്‍ ഗതാഗത വകുപ്പുമന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1971-ല്‍ മാവേലിക്കരയില്‍ നിന്നും ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1960,1965,1977,1980,1982,1987,1991,2001 വര്‍ഷങ്ങളില്‍ കേരള നിയമസഭാംഗമായിരുന്നു. 2006-ലാണ് പിള്ള അവസാനമായി നിയമസഭാ തിരഞ്ഞെുപ്പില്‍ മത്സരിക്കുന്നത്.വിവാദമായ പഞ്ചാബ് മോഡല്‍ പ്രസംഗത്തിന്റെ പേരില്‍ 85-ല്‍ മന്ത്രിസ്ഥാനം നഷ്ടപ്പെട്ടു. കൂറുമാറ്റ നിരോധന നിയമപ്രകാരം ശിക്ഷിക്കപ്പെട്ട ആദ്യ നിയമസഭാംഗവും അഴിമതി കേസില്‍ ശിക്ഷിക്കപ്പെടുന്ന കേരളത്തിലെ ആദ്യമന്ത്രിയും ബാലകൃഷ്ണപിള്ളയാണ്.
ആര്‍ വത്സലയാണ് ബാലകൃഷ്ണപിള്ളയുടെ ഭാര്യ. സിനിമാനടനും പത്തനാപുരം എം.എല്‍.എയുമായ ഗണേഷ് കുമാര്‍, ഉഷ, ബിന്ദു എന്നിവരാണ് മക്കള്‍.

ന്യൂഡൽഹി: കൊവിഡ് രണ്ടാം വ്യാപനത്തോടെ വാക്സിൻ ആവശ്യം വർദ്ധിച്ച സാഹചര്യത്തിൽ ഇന്ത്യ സ്വന്തമായി വികസിപ്പിച്ച കൊവാക്സിൻ വിദേശത്ത് നിർമ്മിക്കാൻ കേന്ദ്രസർക്കാർ നീക്കം തുടങ്ങി. ഇതിനായി വാക്സിൻ സാങ്കേതിക വിദ്യ വിദേശ രാജ്യങ്ങൾക്ക് കൈമാറും.

ജനിതക മാറ്റം വന്ന വൈറസ് വൻ ഭീഷണിയായ പശ്ചാത്തലത്തിൽ കൊവാക്സിൻ വിദേശത്ത് നിർമ്മിച്ച് ലഭ്യത കൂട്ടാനുള്ള സാദ്ധ്യതകൾ തേടുകയാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. താത്പര്യമുള്ള രാജ്യങ്ങളെ കണ്ടെത്താൻ എംബസികളോട് നിർദ്ദേശിച്ചു. വാക്സിൻ നിർമ്മാണത്തിന് വാണിജ്യ സ്ഥാപനങ്ങൾക്ക് സാങ്കേതിക വിദ്യ കൈമാറും. ഇന്ത്യയിൽ കൊവാക്സിൻ നിർമ്മിക്കുന്ന ഹൈദരാബാദിലെ ഭാരത് ബയോടെക്കുമായാണ് കമ്പനികൾ ധാരണയുണ്ടാക്കേണ്ടത്.

ഭാവിയിൽ ഇന്ത്യയിൽ വികസിപ്പിക്കുന്ന വാക്സിനുകളുടെ കാര്യത്തിലും ഇതേ നയം തുടരുമെന്നും ഉദ്യോഗസ്ഥർ വിശദീകരിച്ചു.കൊവിഡ് വ്യാപനത്തെ തുടർന്ന് ആവശ്യം കൂടിയെങ്കിലും ആനുപാതികമായി കോവാക്സിനും കോവിഷീൽഡും നിർമ്മിക്കാൻ രണ്ട് കമ്പനികൾക്കും കഴിയുന്നില്ല.