Politics (Page 368)

പാലക്കാട്: ബിജെപിക്കെതിരെ വിമർശനവുമായി മന്ത്രി കെ കൃഷ്ണൻകുട്ടി. പാലക്കാട്ടെ ഇരട്ടക്കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ വിളിച്ച സർവ്വകക്ഷിയോഗം ബിജെപി ബഹിഷ്‌ക്കരിച്ച സാഹചര്യത്തിലാണ് അദ്ദേഹം വമർശനവുമായി രംഗത്തെത്തിയത്. ബിജെപി യോഗത്തിൽ നിന്ന് ഇറങ്ങിപ്പോകാൻ തീരുമാനിച്ചു വന്നതാണെന്നും ചർച്ച പരാജയമല്ലെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തിന്റെ പൊതു അഭിപ്രായം ചർച്ച ചെയ്തുവെന്നും ഇനിയും ചർച്ച സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

യോഗത്തിൽ തർക്കം ഉണ്ടായിട്ടില്ല. അക്രമം ആവർത്തിക്കാതിരിക്കാൻ പോലീസിന്റെ ശക്തമായ ഇടപെടലുണ്ടാകും. തീവ്രവാദ സ്വഭാവമുള്ള അക്രമമാണ് നടന്നത്. ജനങ്ങളുടെ ഭീതി അകറ്റുകയെന്നതാണ് പ്രാധാനം. ബിജെപി ഒഴികെ മറ്റെല്ലാ കക്ഷികളും സമാധാന ശ്രമങ്ങളുമായി സഹകരിച്ചെന്നും ശക്തമായ ഇരട്ടക്കൊലപാതകങ്ങളിൽ പൊലീസ് നടപടി ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.

പൊലീസ് നടപടികൾ ശക്തമാക്കുന്നതിനൊപ്പം ഇന്റലിജൻസ് സംവിധാനവും ശക്തമാക്കും. സമാധാനം തകർക്കുന്നവർക്കെതിരെ ശക്തമായ നടപടികൾ ഉണ്ടാകുമെന്നും അദ്ദേഹം ഉറപ്പു നൽകി.

കണ്ണൂര്‍: സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസിന്റെ സമയത്ത് യെച്ചൂരി ഉപയോഗിച്ച കാര്‍ ട്രാവല്‍ ഏജന്‍സി വഴി വാടകക്കെടുത്തതാണെന്ന് കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍ പറഞ്ഞു. ‘വാഹന ഉടമകളുടെ രാഷ്ട്രീയം നോക്കിയിരുന്നില്ല. കുറഞ്ഞ വാടകയാണ് നോക്കിയത്. പാര്‍ട്ടി കോണ്‍ഗ്രസ് വന്‍ വിജയമായതില്‍ ബിജെപി അസ്വസ്ഥരാണ്. അതുകൊണ്ടാണ് ഇത്തരത്തിലുള്ള നീചമായ ആരോപണം ഉന്നയിക്കുന്നത്’- അദ്ദേഹം വ്യക്തമാക്കി.

‘ക്വട്ടേഷനുകള്‍ ക്ഷണിച്ചു കൊണ്ടാണ് വാഹനത്തിന്റെ വാടക നിര്‍ണയിച്ചത്. ഇത്തരം ഏജന്‍സികളില്‍ നിന്ന് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും വാടകക്കെടുക്കാറുണ്ട്. ബിജെപിയുടെ ആരോപണം അടിസ്ഥാനരഹിതമാണ്. പാര്‍ട്ടി കോണ്‍ഗ്രസിന് കോഴിക്കോട് നിന്ന് മാത്രമല്ല എറണാകുളം ജില്ലയില്‍ നിന്ന് വരെ വാഹനങ്ങള്‍ വാടകക്കെടുത്തിട്ടുണ്ട്. സമ്മേളന പ്രതിനിധികളെ വിവിധ വിമാനത്താവളങ്ങളില്‍ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ടാണ് ഇത്തരത്തിലുള്ള സൗകര്യം ഏര്‍പ്പെടുത്തിയത്. യെച്ചൂരി സ്ഥിരമായി ഉപയോഗിച്ചത് വിവാദമായ വാഹനം അല്ലായിരുന്നു. കെഎല്‍ 13 എആര്‍ 2707 നമ്പറിലുള്ള വാഹനമായിരുന്നു. വിവാദത്തിലായ വാഹനത്തിലായിരിക്കാം യെച്ചൂരി വിമാനത്താവളത്തില്‍ നിന്ന് വന്നിട്ടുണ്ടാവുക, എന്നാല്‍ ഇത് വിവാദമാക്കേണ്ട വിഷയം ഒന്നും ഇല്ല’- ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

പാലക്കാട്: പാലക്കാട്ട് ജില്ലയിലെ ഇരട്ടക്കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ വിളിച്ചുചേർത്ത സർവകക്ഷി സമാധാന യോഗത്തിൽ നിന്ന് ആർഎസ്എസ്-ബിജെപി നേതാക്കൾ ഇറങ്ങിപ്പോയി. യോഗം പ്രഹസനമാണെന്നും അന്വേഷണം ഏകപക്ഷീയമാണെന്നും ആരോപിച്ചാണ് ആർഎസ്എസ്-ബിജെപി നേതാക്കൾ സമാധാന യോഗത്തിൽ ബിഹിഷ്‌ക്കരിച്ച് ഇറങ്ങിപ്പോയത്. അതേസമയം, ബിജെപി ഒഴികെ മറ്റെല്ലാ കക്ഷികളും സമാധാന ശ്രമങ്ങളുമായി സഹകരിച്ചെന്നും ശക്തമായ ഇരട്ടക്കൊലപാതകങ്ങളിൽ പൊലീസ് നടപടി ഉണ്ടാകുമെന്നും മന്ത്രി കെ കൃഷ്ണൻ കുട്ടി അറിയിച്ചു.

യോഗം ആരംഭിച്ച് 15 മിനിറ്റിനകം ആർഎസ്എസ്-ബിജെപി നേതാക്കൾ യോഗ ഹാൾ വിട്ടിറങ്ങി. യോഗം പ്രഹസനമെന്നും യോഗം നിയന്ത്രിക്കുന്നതിനെച്ചൊല്ലി എം പി വി കെ ശ്രീകണ്ഠനും മുൻ എം പി എൻ എൻ കൃഷ്ണദാസും തമ്മിൽ തർക്കം തുടരുന്നതിനാൽ യോഗത്തിൽ ഇരിക്കുന്നതിൽ അർത്ഥമില്ലെന്നും ബിജെപി നേതാക്കൾ വ്യക്തമാക്കി. പിന്നീട് യോഗത്തിൽ നിന്നും ഇറങ്ങി പോകുന്നതിലേക്ക് നയിച്ച മറ്റ് കാരണങ്ങളും ആർഎസ്എസ്-ബിജെപി നേതാക്കൾ വിശദമാക്കി. പൊലീസിന്റെ അറസ്റ്റും അന്വേഷണവും പ്രഹസനമാണ്. ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത് കൊല്ലപ്പെട്ട ഘട്ടത്തിൽ സർക്കാർ സമാധാന യോഗം വിളിച്ചില്ല. സഞ്ജിതിന്റെ ഭാര്യയെ ചോദ്യം ചെയ്യാനെന്ന പേരിൽ പൊലീസ് ബുദ്ധിമുട്ടിക്കുകയാണെന്നും നേതാക്കൾ ആരോപിച്ചു.

പൊലീസ് നടപടികൾ ശക്തമാക്കുന്നതിനൊപ്പം ഇന്റലിജൻസ് സംവിധാനവും ശക്തമാക്കുമെന്നും മന്ത്രി കെ കൃഷ്ണൻകുട്ടി വിശദമാക്കി. സമാധാനം തകർക്കുന്നവർക്കെതിരെ ശക്തമായ നടപടികൾ ഉണ്ടാകുമെന്നും അദ്ദേഹം ഉറപ്പു നൽകി.

തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയെ രൂക്ഷമായി വിമര്‍ശിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ജെ കുര്യനെതിരെ നടപടി വേണമെന്ന് കെപിസിസി രാഷ്ട്രീയകാര്യ സമിതിയില്‍ തൃശ്ശൂര്‍ എം.പി ടി.എന്‍ പ്രതാപന്‍ ആവശ്യപ്പെട്ടതായി സൂചന. മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ വേണ്ടത്ര ഗൗരവത്തോടെ കണ്ടില്ലെന്നും കേന്ദ്ര നേതൃത്വം നിര്‍ദേശിച്ച സമയക്രമം പാലിക്കുന്നതില്‍ വീഴ്ചയുണ്ടായെന്നും യോഗത്തില്‍ വിമര്‍ശനമുണ്ടായി.

അതേസമയം, രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ പങ്കെടുക്കുമെന്നാണ് പി.ജെ കുര്യന്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നെങ്കിലും പിന്നീട്, വ്യക്തിപരമായ കാരണങ്ങളാല്‍ പങ്കെടുക്കുന്നില്ലെന്ന് അറിയിക്കുകയായിരുന്നു. എന്നാല്‍, രാഹുല്‍ ഗാന്ധിക്കെതിരെ വിമര്‍ശനം ഉന്നയിച്ച സാഹചര്യത്തില്‍ യോഗത്തില്‍ പങ്കെടുക്കാതെ മനപ്പൂര്‍വം മാറിനിന്നുവെന്നാണ് വിലയിരുത്തല്‍. പി.ജെ കുര്യന്‍, കെ.വി തോമസ് എന്നിവരുടെ കാര്യത്തില്‍ കേന്ദ്രം തീരുമാനമെടുക്കട്ടെ എന്നതാണ് കെപിസിസിയുടെ പക്ഷം.

കണ്ണൂര്‍: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ സമയത്ത് സീതാറാം യെച്ചൂരി സഞ്ചരിച്ചത് ക്രിമിനല്‍ കേസ് പ്രതിയുടെ വാഹനത്തിലെന്ന ആരോപണവുമായി ബിജെപി. ‘KL 18 AB 5000 എന്ന വാഹനത്തിന്റെ ഉടമയായ സിദ്ധിഖ് പത്തോളം ക്രിമിനല്‍ കേസിലെ പ്രതിയാണ്. സിദ്ദിഖ് പകല്‍ മുസ്ലീം ലീഗിന്റെയും രാത്രി എസ്ഡിപിഐയുടെയും പ്രവര്‍ത്തകനാണ്. സി പി എം – എസ് ഡി പി ഐ കൊടുക്കല്‍ വാങ്ങലിന്റെ തെളിവാണ് വാഹനം നല്‍കിയ സംഭവം. സി പി എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്‍ മാസ്റ്റര്‍ വഴിയാണ് വാഹനം ഏര്‍പ്പാട് ചെയ്തത്’- കണ്ണൂര്‍ ജില്ല പ്രസിഡന്റ് എന്‍. ഹരിദാസ് ആരോപിച്ചു.

അതേസമയം, ബിജെപി ആരോപണം തള്ളി സിപിഎം രംഗത്തെത്തി. താന്‍ ആര്‍ക്കും കാര്‍ വാടകയ്ക്ക് എടുത്ത് നല്‍കിയിട്ടില്ലെന്നും, ബിജെപി കണ്ണൂര്‍ ജില്ലാ അധ്യക്ഷന്റെ ആരോപണത്തെക്കുറിച്ച് അറിയില്ലെന്നും പി മോഹനന്‍ പ്രതികരിച്ചു. കണ്ണൂര്‍ ജില്ലാ നേതൃത്വമാണ് വാഹനം ഒരുക്കിയത്. ചുണ്ടേല്‍ സിദ്ദിഖിനെ അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

തിരുവനന്തപുരം: എല്‍ഡിഎഫിന്റെ പുതിയ കണ്‍വീനറായി സിപിഎം കേന്ദ്രകമ്മിറ്റിയംഗം ഇ.പി ജയരാജന്‍. നിലവിലെ കണ്‍വീനറായ എ. വിജയരാഘവനെ പിബിയില്‍ ഉള്‍പ്പെടുത്തിയതിനാല്‍ അദ്ദേഹത്തിന് പകരക്കാരനായാണ് ഇപി വരുന്നത്. നേരത്തെ ഇപിയെ പൊളിറ്റ് ബ്യൂറോയിലേക്ക് പരിഗണിച്ചേക്കുമെന്ന റിപ്പോര്‍ട്ട് പുറത്തു വന്നിരുന്നു എന്നാല്‍ എ.വിജയരാഘവനെയാണ് പാര്‍ട്ടി ഉള്‍പ്പെടുത്തിയത്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് ശാരീരിക അവശത കാരണം തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കില്ലെന്ന് ഇപി തുറന്നു പറഞ്ഞിരുന്നു. മൂന്ന് തവണ എംഎല്‍എയായിരുന്ന ഇപി ജയരാജന്‍ ഒന്നാം പിണറായി മന്ത്രിസഭയില്‍ വ്യവസായ, കായിക മന്ത്രി കൂടിയായിരുന്നു. 1997- ല്‍ അഴീക്കോടുനിന്നാണ് അദ്ദേഹം ആദ്യം നിയമസഭയിലെത്തിയത്. പിന്നീട് 2011ലും 2016ലും മട്ടന്നൂരില്‍ നിന്നും നിയമസഭയിലെത്തി. 2024-ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടാന്‍ എല്‍ഡിഎഫിനെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് വിജയരാഘവന് പകരം മറ്റൊരു ഉന്നതനേതാവിനെ കണ്‍വീനര്‍ സ്ഥാനത്തേക്ക് നിയോഗിച്ചത്.

തിരുവനന്തപുരം: കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ നിന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ വിട്ടുനിൽക്കുന്നു. ഉന്നയിച്ച പരാതികൾ പരിഹരിക്കാത്തതിനുള്ള അതൃപ്തിയെ തുടർന്നാണ് മുല്ലപ്പള്ളി യോഗത്തിൽ നിന്നും വിട്ടു നിന്നത്. തന്നെ പല പരിപാടികളും അറിയിക്കുന്നില്ലെന്ന പരാതി മുല്ലപ്പള്ളി നേരത്തെ ഉയർത്തിയിരുന്നു.

മുതിർന്ന നേതാവ് പി ജെ കുര്യനും കെ വി തോമസും യോഗത്തിൽ പങ്കെടുക്കുന്നില്ല. വ്യക്തിപരമായ അസൗകര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് യോഗത്തിൽ പങ്കെടുക്കില്ലെന്ന് പി ജെ കുര്യൻ അറിയിച്ചിരുന്നു. കെപിസിസി നേതൃത്വത്തെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും പി.ജെ.കുര്യൻ വ്യക്തമാക്കിട്ടുണ്ട്.

രാഹുൽ ഗാന്ധിക്കെതിരെ പി ജെ കുര്യൻ കഴിഞ്ഞ ദിവസം വിമർശനം ഉന്നയിച്ചിരുന്നു. ഇക്കാര്യം രാഷ്ട്രീയകാര്യ സമിതിയിൽ ചർച്ചയാകുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് പി ജെ കുര്യൻ യോഗത്തിൽ പങ്കെടുക്കാനില്ലെന്ന് തീരുമാനിച്ചത്. രാഹുൽ ഗാന്ധി ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒളിച്ചോടിയ ആളാണെന്നായിരുന്നു പി ജെ കുര്യൻ വിമർശിച്ചത്. പാർട്ടി അധ്യക്ഷനല്ലാത്ത ഒരാൾ നയപരമായ തീരുമാനങ്ങൾ എടുക്കുന്നത് ശരിയല്ല. രാഹുൽ ഗാന്ധി ആശ്രയിക്കുന്നത് ഒരു കോക്കസിനെ മാത്രമാണ്. രാഹുൽ അല്ലാതെ മറ്റൊരാൾ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് വരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

ആലപ്പുഴ: പാലക്കാട് ഇരട്ട കൊലപാതകത്തിൽ പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. രണ്ടു വർഗ്ഗീയ സംഘടനകൾ പരസ്പരം ഏറ്റുമുട്ടുകയും പരസ്പരം കൊലപ്പെടുത്തുകയും ചെയ്യുന്നതിൽ സർക്കാരിന് എന്താണ് കാര്യമെന്ന് കാനം രാജേന്ദ്രൻ ചോദിക്കുന്നു.

സർക്കാരിനെയോ പോലീസിനെയോ അറിയിച്ചില്ല കൊലപാതകങ്ങളും അക്രമങ്ങളം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴയിൽ നടക്കുന്ന എഐഎസ്എഫ് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പോപ്പുലർ ഫ്രണ്ട്, ആർഎസ്എസ് നേതാക്കളുടെ കൊലപാതകത്തിൽ അന്വേഷണം മുന്നോട്ട് പോകുന്നുണ്ട്. വർഗീയ സംഘടനകളെ പൊതുസമൂഹത്തിന് മുന്നിൽ തുറന്നു കാട്ടേണ്ട ഉത്തരവാദിത്തം മാദ്ധ്യമങ്ങൾക്കാണെന്നും കാനം രാജേന്ദ്രൻ അഭിപ്രായപ്പെട്ടു.

കൊച്ചി: അച്ചടക്ക സമിതിക്ക് മറുപടി നൽകി മുതിർന്ന കോൺഗ്രസ് നേതാവ് കെ.വി തോമസ്. എ.ഐ.സി.സി വിലക്ക് ലംഘിച്ച് സി.പി.എം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുത്ത വിഷയത്തിലാണ് അദ്ദേഹം അച്ചടക്ക സമിതിയ്ക്ക് മറുപടി നൽകിയത്.

സി.പി.എം സമ്മേളന വേദിയിൽ പങ്കെടുക്കുന്ന ആദ്യ കോൺഗ്രസുകാരൻ താനല്ലെന്നും രമേശ് ചെന്നിത്തലയടക്കമുള്ളവർ നേരത്തേ സമ്മേളനത്തിന് പോയിട്ടുണ്ടെന്നും കെ വി തോമസ് വ്യക്തമാക്കി. അച്ചടക്ക സമിതി ചെയർമാനായ എ.കെ ആന്റണിടയടക്കമുള്ളവർ സിപിഎം നേതാക്കളെ പ്രകീർത്തിച്ച് പ്രസംഗിച്ചതടക്കമുള്ള കാര്യങ്ങളും മറുപടിയിൽ വിശദമാക്കുന്നുണ്ട്. ഇ മെയിലിലൂടെയാണ് അദ്ദേഹം അച്ചടക്ക സമിതിയ്ക്ക് മറുപടി നൽകിയത്. അച്ചടക്ക സമിതിക്ക് മുമ്പാകെ നേരിട്ട് ഹാജരാവാൻ അനുവദിക്കണമെന്നും ഇ മെയിലിൽ കെ വി തോമസ് ആവശ്യപ്പെടുന്നുണ്ട്.

തിരുവനന്തപുരത്ത് ബ്രഹ്മോസ് ഉദ്ഘാടന വേളയിലാണ് അന്ന് പ്രതിരോധമന്ത്രിയായിരുന്ന എ.കെ. ആന്റണി കേരള മുഖ്യമന്ത്രിയായിരുന്ന വി.എസ്. അച്യുതാനന്ദനെയും വ്യവസായമന്ത്രിയായിരുന്ന എളമരം കരീമിനെയും പുകഴ്ത്തി സംസാരിച്ചത്. വികസനകാര്യത്തിൽ എൽ.ഡി.എഫ്. സർക്കാർ പ്രകടിപ്പിക്കുന്ന താത്പര്യത്തെയാണ് എ കെ ആന്റണി പ്രശംസിച്ചത്. ബ്രഹ്മോസ് കേരളത്തിന് അനുവദിച്ചപ്പോൾ അന്നത്തെ വ്യവസായമന്ത്രി എളമരം കരീമിന്റെ പൂർണസഹകരണം തനിക്ക് ലഭിച്ചെന്നും മുഖ്യമന്ത്രി വി.എസും പിന്തുണ നൽകിയെന്നും എ കെ ആന്റണി പറഞ്ഞിരുന്നു.

രാഷ്ട്രീയമായി രണ്ട് കോണുകളിലായിട്ടും 2006 മുതൽ 2011 വരെ പ്രതിരോധ വകുപ്പിന്റെ ഒട്ടേറെ പദ്ധതികൾ കേരളത്തിൽ തുടങ്ങാൻ കഴിഞ്ഞു. എളമരം കരീമിന്റെ സഹകരണത്തെക്കുറിച്ച് വിശേഷിപ്പിക്കാൻ തന്റെ നിഘണ്ടുവിൽ വാക്കുകളില്ലെന്നും ആന്റണി അഭിപ്രായപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെയും വ്യവസായമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയെയും സാക്ഷിയാക്കിയായിരുന്നു ആന്റണി.ുടെ പരാമർശം. ഇക്കാര്യങ്ങളെല്ലാം വിശദീകരിച്ചാണ് കെ വി തോമസ് മറുപടി തയ്യാറാക്കിയിട്ടുള്ളത്.

പാലക്കാട്: പാലക്കാട് ജില്ലയിൽ തിങ്കളാഴ്ച്ച നടക്കാനിരിക്കുന്ന സർവകക്ഷി യോഗത്തിൽ പങ്കെടുക്കാൻ തീരുമാനിച്ച് ബിജെപി. രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിലാണ് പാലക്കാട്ട് ജില്ലയിൽ സർവ്വകക്ഷി യോഗം വിളിച്ച് ചേർത്തത്.

യോഗത്തിൽ പങ്കെടുക്കില്ലെന്നായിരുന്നു നേരത്തെ ബിജെപി തീരുമാനിച്ചിരുന്നത്. പിന്നീട് ഈ തീരുമാനം മാറ്റുകയായിരുന്നു. പാലക്കാട് കളക്ടറേറ്റിൽ ഉച്ചകഴിഞ്ഞ് 3.30 ന് ചേരുന്ന സർവ്വകക്ഷി യോഗത്തിൽ മന്ത്രി കെ കൃഷ്ണൻ കുട്ടി അധ്യക്ഷത വഹിക്കും.

സർവ്വകക്ഷി യോഗത്തിൽ പങ്കെടുക്കുമെന്നും പോലീസിന്റെ വീഴ്ചകളെ കുറിച്ച് യോഗത്തിൽ തുറന്ന് കാട്ടുമെന്നും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി.കൃഷ്ണകുമാർ അറിയിച്ചു. പോപ്പുലർ ഫ്രണ്ട് എലപ്പുള്ളി ഏരിയാ സെക്രട്ടറി കുപ്പിയാട് എ.സുബൈർ(43), മേലാമുറി എസ്.കെ.എസ് ഓട്ടോസ് ഉടമയും ആർ.എസ്.എസ്. മുൻ ശാരീരിക് ശിക്ഷൺ പ്രമുഖുമായ മേലാമുറി പള്ളിപ്പുറം ശ്രീനിവാസൻ(45) തുടങ്ങിയവരാണ് കഴിഞ്ഞ ദിവസം പാലക്കാട് ജില്ലയിൽ കൊല്ലപ്പെട്ടത്. രാഷ്ട്രീയ കൊലപാതകത്തിന്റെ സാഹചര്യത്തിൽ ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.