തിരഞ്ഞെടുപ്പിൽ സമദൂരമാണ് എൻഎസ്എസിന്റെ നിലപാട്; ജി സുകുമാരൻ നായർ

ചങ്ങനാശ്ശേരി: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നിലപാട് വ്യക്തമാക്കി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. തിരഞ്ഞെടുപ്പിൽ സമദൂരമാണ് എൻഎസ്എസിന്റെ നിലപാടെന്ന് അദ്ദേഹം പറഞ്ഞു. വഴപ്പള്ളി സെന്റ് തെരേസാസ് ഹയർ സെക്കൻഡറി സ്‌കൂളിലെ ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

എൻഎസ്എസ് നൽകിയിരിക്കുന്നത് രാജ്യത്തിന് ഗുണകരമായ ആൾക്കാർക്ക് വോട്ട് ചെയ്യാനുള്ള ആഹ്വാനമാണ്. കാര്യങ്ങൾ തിരിച്ചറിയാൻ കഴിവുള്ളവരാണ് സമുദായാംഗങ്ങൾ. അവർക്കിഷ്ടമുള്ളവർക്ക് വോട്ട് ചെയ്യാം. ഔദ്യോഗിക ആഹ്വാനമൊന്നും എൻഎസ്എസ് പുറത്തിറക്കിയിട്ടില്ല. മാധ്യമങ്ങളിലൂടെയുള്ള അറിയിപ്പ് മാത്രമാണുള്ളതെന്ന് അദ്ദേഹം ചൂണിക്കാട്ടി.

ജനാധിപത്യവും മതേതരത്വവും തിരഞ്ഞെടുപ്പിൽ സംരക്ഷിക്കപ്പെടണമെന്നും ജി സുകുമാരൻ നായർ ആവശ്യപ്പെട്ടു. അതേസമയം, ആലപ്പുഴയിലെ ബിജെപി സ്ഥാനാർഥി ശോഭ സുരേന്ദ്രന് കഴിഞ്ഞ തവണ ലഭിച്ചതിനേക്കാൾ വോട്ട് ഇത്തവണ കിട്ടുമെന്ന് പ്രതീക്ഷിക്കാമെന്നായിരുന്നു എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അറിയിച്ചത്. ആര് ജയിക്കും എന്ന് പറയാൻ സാധിക്കില്ലെന്നും വെള്ളിപ്പള്ളി നടേശൻ അഭിപ്രായപ്പെട്ടു.