മുസ്ലീം പരാമർശത്തിൽ മാധ്യമങ്ങൾ തന്നെ കടന്നാക്രമിക്കുന്നു; പ്രധാനമന്ത്രി

ന്യൂഡൽഹി: മാദ്ധ്യമങ്ങൾക്കെതിരെ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. മുസ്ലീം പരാമർശത്തിൽ മാധ്യമങ്ങൾ തന്നെ കടന്നാക്രമിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. വസ്തുതാന്വേഷണം നടത്താതെയാണ് തനിക്കെതിരെ തിരിഞ്ഞിരിക്കുന്നത്. മൻമോഹൻ സിംഗ് മുസ്ലീം പ്രീണന പരാമർശം നടത്തിയിട്ടില്ലെന്ന് പറയുന്നവരെ വെല്ലുവിളിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ന് പുറത്ത് വന്ന ഒരു പഴയ വിഡിയോയിലും മൻമോഹൻ സിംഗ് പറയുന്നത് താൻ പറഞ്ഞ കാര്യങ്ങൾ തന്നെയാണ്. ന്യൂനപക്ഷങ്ങൾക്ക്, പ്രത്യേകിച്ച് പാവപ്പെട്ട മുസ്ലീങ്ങൾക്ക് മുൻഗണന നൽകണമെന്നാണ് മൻമോഹൻ സിംഗ് വീഡിയോയിൽ പറയുന്നത്. മുസ്ലീങ്ങൾക്ക് മുൻഗണന നൽകുന്ന കോൺഗ്രസിനെക്കുറിച്ചോ ‘ഇൻഡി’ സഖ്യത്തെ കുറിച്ചോ പറയുമ്പോൾ അവർ ദേഷ്യപ്പെടുകയും തന്നെ ആക്രമിക്കാൻ തുടങ്ങുകയും ചെയ്യുന്നു. 25 വർഷമായി അവർ തന്നെ ഭയപ്പെടുത്താൻ ശ്രമിക്കുന്നു. പക്ഷേ പരാജയപ്പെട്ടുവെന്ന് അവർ മനസിലാക്കണമെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

ഇനി അവർ ഈ ശ്രമങ്ങൾ അവസാനിപ്പിക്കണം. മുസ്ലീംങ്ങൾക്ക് ആദ്യ പരിഗണന നൽകുമെന്ന് മൻമോഹൻ സിംഗ് പറഞ്ഞത് തന്നെയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മുസ്ലീം സംവരണം കോൺഗ്രസിന്റെ പ്രഥമ പരിഗണന തന്നെയാണ്. എസ്സി – എസ്ടി, ഒബിസി വിഭാഗങ്ങൾക്ക് കോൺഗ്രസ് തുല്യ പരിഗണന നൽകുന്നില്ല. മുസ്ലീംങ്ങൾക്ക് അധിക സംവരണം നൽകാനുള്ള നീക്കം സുപ്രീം കോടതി ഇടപെടലിലാണ് തടയപ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.