Politics (Page 370)

പാലക്കാട്: പാലക്കാട് മേലാമുറിയില്‍ ആര്‍എസ്എസ് നേതാവ് ശ്രീനിവാസനെ വെട്ടിക്കൊന്നത് കടയില്‍ കയറി ആക്രമിച്ചെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ‘സെക്കനന്റ് ബൈക്ക് ഷോറൂം കട നടത്തുന്ന വ്യക്തിയാണ് ശ്രീനിവാസന്‍. ആ സമയത്ത് ശ്രീനിവാസന്‍ മാത്രമേ കടയിലുണ്ടായിരുന്നൊള്ളൂ. കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങാനെന്ന നിലയിലാണ് എത്തിയത്. തുടര്‍ന്ന് വടിവാള്‍ ഉപയോഗിച്ചു ആക്രമിക്കുകയുമായിരുന്നു. ഞങ്ങള്‍ കാണുമ്പോള്‍ തലക്കും കാലിനും നെറ്റിയിലും മുഖത്തുമെല്ലാം വെട്ടേറ്റ് കിടക്കാണ്. ഗുരുതരമായ പരിക്കാണ് അദ്ദേഹത്തിന് ഏറ്റത്’-ശ്രീനിവാസനെ ആശുപത്രിയിലെത്തിയവര്‍ പറയുന്നു. പാലക്കാട് നഗരത്തിലെ പച്ചക്കറി മാര്‍ക്കറ്റിന് സമീപത്ത് വച്ചാണ് ശ്രീനിവാസന് വെട്ടേറ്റിരിക്കുന്നത്.

കഴിഞ്ഞ ദിവസം പോപ്പുലര്‍ ഫ്രണ്ട് നേതാവ് വേട്ടേറ്റു മരിച്ചതിനെ തുടര്‍ന്ന് ജില്ലയില്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരുന്നു. ഇതിനിടയിലാണ് ആര്‍എസ്എസ് പ്രവര്‍ത്തകന് വെട്ടേറ്റിരിക്കുന്നത്. എസ്ഡിപിഐ നേതാവും ആര്‍എസ്എസ് നേതാവും രണ്ടു ദിവസത്തിനിടെ കൊല്ലപ്പെട്ട ജില്ലയിലെ ക്രമസമാധാനം വലിയ പ്രശ്നമായി നിലനില്‍ക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ പാലക്കാട്ടേക്ക് കൂടുതല്‍ പൊലീസിനെ വിന്യസിക്കുന്നുണ്ട്. എറണാകുളം റൂറലില്‍ നിന്ന് ഒരു ബറ്റാലിയന്‍ പാലക്കാട്ടേക്ക് തിരിച്ചു. കെഎപി – 1 ബറ്റാലിയനാണ് പാലക്കാട്ടേക്ക് പോകുന്നത്. 300 പൊലീസുകാരാണ് സംഘത്തിലുണ്ടാകുക. ഉത്തര മേഖലാ ഐജി വിജയ് സാഖറെയുടെ നേതൃത്വത്തില്‍ സുരക്ഷ വിപുലീകരിക്കാനാണ് തീരുമാനം. ഡിജിപി അനില്‍ കാന്ത് ഇദ്ദേഹത്തിന് നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു. എല്ലാ ജില്ലകളിലും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. എസ്ഡിപിഐ, ആര്‍എസ്എസ് നേതാക്കള്‍ക്ക് സംരക്ഷണം നല്‍കും. ജില്ലകളില്‍ സുരക്ഷാ പരിശോധന കര്‍ശനമാക്കണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം, ആര്‍എസ്എസ് നേതാവിന്റെ കൊലപാതകത്തിന് കാരണം എസ്.ഡി.പി.ഐ ആണെന്നും, കേരളത്തില്‍ കലാപം സൃഷ്ടിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും പാലക്കാട് ബിജെപി ജില്ലാ പ്രസിഡന്റ് ഹരിദാസ് പറഞ്ഞു. ആശുപത്രിയില്‍ വച്ചാണ് ശ്രീനിവാസന്റെ മരണം സ്ഥിരീകരിച്ചത്.

കൊച്ചി: യുഡിഎഫിന്റെ ഉറച്ച സീറ്റായ തൃക്കാക്കരയിലെ ഉപതിരഞ്ഞെടുപ്പില്‍ പി. ടി തോമസിന്റെ ഭാര്യയെ പരിഗണിക്കണമെന്ന നിലപാടുമായി കെപിസിസി നേതൃത്വം. തിങ്കളാഴ്ച ചേരുന്ന കെപിസിസി രാഷ്ട്രീയ കാര്യ സമിതിയോഗം വിഷയം ചര്‍ച്ച ചെയ്യും. ഈ വിഷയത്തില്‍ സംഘടനാ തലത്തില്‍ നടക്കുന്ന ആദ്യ ഔദ്യോഗിക ചര്‍ച്ചയാണിത്. അതേസമയം, പാര്‍ട്ടിയിലെ നേതാക്കളെ തന്നെ മത്സരിപ്പിക്കണമെന്ന ആവശ്യവുമായി എറണാകുളത്തെ പ്രമുഖ നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.

ഉപതിരഞ്ഞെടുപ്പിനായി ബൂത്ത് തലം മുതല്‍ പ്രവര്‍ത്തനങ്ങള്‍ സജീവമാണ്. കെ സി വേണുഗാപലും വി ഡി സതീശനും ഒരുമിച്ച് പി ടി തോമസിന്റെ ഭാര്യ ഉമയെ വീട്ടിലെത്തി സന്ദര്‍ശിച്ചതോടെയാണ് അണിയറയില്‍ ചര്‍ച്ചകള്‍ക്ക് ചൂടു പിടിച്ചത്. എന്നാല്‍, ഉമയെ കണ്ടത് സ്ഥാനാര്‍ഥി നിര്‍ണയുമായി ബന്ധപ്പെട്ടല്ലെന്ന് നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. ഉമ ഇത് വരെ മത്സരിക്കാനുള്ള സന്നദ്ധത അറിയിച്ചിട്ടില്ല. തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നാലുടന്‍ ഉമയെ കണ്ട് ഇത് സംബന്ധിച്ച ചര്‍ച്ച നടത്താനാണ് ധാരണയായിരിക്കുന്നത്.

അതേസമയം, കെപിസിസി ജനറല്‍ സെക്രട്ടറിമാരായ അബ്ദുല്‍ മുത്തലിബ്, ദീപ്തി മേരി വര്‍ഗീസ് നിര്‍വ്വാഹക സമിതി അംഗം ജയ്‌സണ്‍ ജോസഫ്,ഡിസിസി പ്രസിഡന്‌റ് മുഹമ്മദ് ഷിയാസ്,യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ഡൊമിനിക് പ്രസന്റേഷന്‍ എന്നിവരുടെ പേരുകളും സ്ഥാനാര്‍ഥി സാധ്യതാ പട്ടികയിലുണ്ട്. തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നാല്‍ മുതിര്‍ന്ന നേതാക്കളെ ഉപയോഗിച്ചു കൊണ്ട് ഉമയെ സമ്മതിപ്പിക്കണണമെന്ന ആലോചനയും കെപിസിസി നേതൃത്വത്തിനുണ്ട്.

തിരുവനന്തപുരം: അംഗത്വ വിതരണത്തിനുള്ള സമയപരിധി നീട്ടി ചോദിക്കാനൊരുങ്ങി കോൺഗ്രസ് സംസ്ഥാന നേതൃത്വം. വെള്ളിയാഴ്ച്ച അംഗത്വ വിതരണത്തിനുള്ള സമയം അവസാനിക്കാനിരിക്കെയാണ് കോൺഗ്രസ് ഇക്കാര്യം ആവശ്യപ്പെട്ടിട്ടുള്ളത്. പ്രതീക്ഷിച്ച അംഗത്വ സംഖ്യ തികയ്ക്കുന്നതിനായി രണ്ടാഴ്ച കൂടി കാലാവധി നീട്ടിചോദിക്കാനാണ് നേതൃത്വം പദ്ധതിയിടുന്നത്.

50 ലക്ഷം അംഗത്വ സംഖ്യയായിരുന്നു നേതൃത്വം ലക്ഷ്യമിട്ടിരുന്നത്. എന്നാൽ വ്യാഴാഴ്ച വൈകുന്നേരം വരെ 10.4 ലക്ഷം പേരെ മാത്രമാണ് ഡിജിറ്റലായി ചേർക്കാൻ കഴിഞ്ഞത്. പേപ്പർ രൂപത്തിൽ അംഗത്വം ചേർക്കാൻ നൽകിയിരുന്നെങ്കിലും ഇതിന്റെ പൂർണ കണക്കുകൾ ലഭ്യമായിട്ടില്ല. രണ്ടാഴ്ച കൂടി സമയം ലഭിക്കുകയാണെങ്കിൽ 26,400 ബൂത്ത് കമ്മറ്റികളിൽ നിന്നായി ലക്ഷ്യമിട്ട അംഗത്വത്തിലേക്ക് എത്താൻ കഴിയുമെന്ന് കെപിസിസി നേതൃത്വം പ്രതീക്ഷിക്കപ്പെടുന്നുണ്ട്. സംസ്ഥാനത്ത് മാർച്ച് 25 ന് ശേഷമാണ് അംഗത്വ വിതരണം ആരംഭിച്ചത്. മറ്റ് സംസ്ഥാനങ്ങളിൽ ഡിസംബർ മാസം തന്നെ അംഗത്വ വിതരണം ആരംഭിച്ചിരുന്നു.

അവസാന ഘട്ടത്തിൽ പുനഃസംഘടന വേണ്ടെന്ന് വെച്ചതോടെയാണ് സംസ്ഥാനത്ത് അംഗത്വ വിതരണത്തിലേക്ക് കടക്കാൻ പാർട്ടി തീരുമാനിച്ചത്.

തൃശൂർ: ബിജെപിയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി കോൺഗ്രസ് നേതാവ് പദ്മജ വേണുഗോപാൽ. കോടിക്കണക്കിനു വരുന്ന കർണാടക സർക്കാരിന്റെ അഴിമതി പണം വിതരണം ചെയ്യുന്നത് കേരളത്തിലെ ബിജെപിക്കാണെന്നാണ് പത്മജ വേണുഗോപാലിന്റെ ആരോപണം. താൻ മത്സരിച്ച തൃശൂർ മണ്ഡലത്തിലുൾപ്പെടെ കോടിക്കണക്കിന് രൂപയുടെ കുഴൽപ്പണമാണ് കർണാടകയിൽ നിന്നെത്തിയതെന്നും പദ്മജ വ്യക്തമാക്കി. അഴിമതി ആരോപണത്തിന്റെ പേരിൽ കർണാടക മന്ത്രി കെഎസ് ഈശ്വരപ്പയുടെ രാജിപ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഫേസ്ബുക്കിലൂടെയാണ് പദ്മജയുടെ പ്രതികരണം.

കർണാടക ഭരിക്കുന്ന ബിജെപി സർക്കാർ അഴിമതിയിൽ മറ്റു ബിജെപി സംസ്ഥാന സർക്കാരുകളെക്കാൾ മുൻപന്തിയിൽ ആണ്. സന്തോഷ് പാട്ടീൽ എന്ന കരാറുകാരന്റെ ആത്മഹത്യ വെളിവാക്കുന്നത് സർക്കാർ തലത്തിൽ നടക്കുന്ന കൊടിയ അഴിമതിയുടെ നേർ രേഖയാണ്. സർക്കാർ വർക്കുകളുടെ 40% കമ്മീഷൻ നൽകിയാലേ ബില്ല് മാറി നൽകൂ എന്നാണ് കർണാടക ബിജെപിയുടെ നിയമം. ബസവരാജ് ബൊമ്മ സർക്കാർ ഒന്നടങ്കം ഇന്ന് അഴിമതിയിൽ കുളിച്ചു നിൽക്കുന്നു.. സർക്കാറിനെതിരെ കോൺഗ്രസ് നടത്തുന്ന പ്രതിഷേധ കൊടുങ്കാറ്റിൽ സർക്കാർ ആടി ഉലഞ്ഞു തകരും എന്നായപ്പോൾ കെ എസ് ഈശ്വരപ്പ എന്ന മന്ത്രിയെ മാത്രം രാജി വെപ്പിച്ച് മുഖം രക്ഷിക്കൽ ആണ് ഇപ്പോൾ നടന്നിരിക്കുന്നതെന്ന് പദ്മജ വ്യക്തമാക്കി.

കേരളത്തിൽ കഴിഞ്ഞ നിയമ സഭ തെരഞ്ഞെടുപ്പിൽ കൊടകരയിൽ നിന്നും പിടിച്ച ബിജെപിയുടെ കുഴൽപണം എത്തിയത് കർണാടകയിൽ നിന്നാണ്. ഞാൻ മത്സരിച്ച തൃശൂർ ഉൾപ്പടെ മണ്ഡലങ്ങളിൽ കോടിക്കണക്കിനു കുഴൽ പണം ആണ് ബിജെപി ഒഴുക്കിയത്. കർണാടക സർക്കാർ കേരളത്തിലെ ബിജെപിയുടെ അഴിമതി പണ വിതരണ കേന്ദ്രം ആണെന്നും പദ്മജ കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

കർണാടക ഭരിക്കുന്ന ബിജെപി സർക്കാർ അഴിമതിയിൽ മറ്റു BJP സംസ്ഥാന സർക്കാരുകളെക്കാൾ മുൻപന്തിയിൽ ആണ് … സന്തോഷ് പാട്ടീൽ എന്ന കരാറുകാരന്റെ ആത്മഹത്യ വെളിവാക്കുന്നത് സർക്കാർ തലത്തിൽ നടക്കുന്ന കൊടിയ അഴിമതിയുടെ നേർ രേഖയാണ്…സർക്കാർ വർക്കുകളുടെ 40% കമ്മീഷൻ നൽകിയാലേ ബില്ല് മാറി നൽകൂ എന്നാണ് കർണാടക BJP യുടെ നിയമം… ബസവരാജ് ബൊമ്മ സർക്കാർ ഒന്നടങ്കം ഇന്ന് അഴിമതിയിൽ കുളിച്ചു നിൽക്കുന്നു.. സർക്കാറിനെതിരെ കോൺഗ്രസ് നടത്തുന്ന പ്രതിഷേധ കൊടുങ്കാറ്റിൽ സർക്കാർ ആടി ഉലഞ്ഞു തകരും എന്നായപ്പോൾ

K S ഈശ്വരപ്പ എന്ന മന്ത്രിയെ മാത്രം രാജി വെപ്പിച്ച് മുഖം രക്ഷിക്കൽ ആണ് ഇപ്പോൾ നടന്നിരിക്കുന്നത്..

കേരളത്തിൽ കഴിഞ്ഞ നിയമ സഭ തെരഞ്ഞെടുപ്പിൽ കൊടകരയിൽ നിന്നും പിടിച്ച BJP യുടെ കുഴൽപണം എത്തിയത് കർണാടകയിൽ നിന്നാണ്… ഞാൻ മത്സരിച്ച തൃശൂർ ഉൾപ്പടെ മണ്ഡലങ്ങളിൽ കോടിക്കണക്കിനു കുഴൽ പണം ആണ് BJP ഒഴുക്കിയത്.. കർണാടക സർക്കാർ കേരളത്തിലെ BJP യുടെ അഴിമതി പണ വിതരണ കേന്ദ്രം ആണ്

പദ്മജ വേണുഗോപാൽ

ചണ്ഡീഗഡ്: പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ വമ്പന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയതിന് പിന്നാലെ പ്രകടന പത്രികയില്‍ നല്‍കിയിരുന്ന വാഗ്ദാനം നടപ്പിലാക്കാനൊരുങ്ങി ആംആദ്മി സര്‍ക്കാര്‍. ഇനി മുതല്‍ സംസ്ഥാനത്തെ ജനങ്ങള്‍ക്ക് സൗജന്യ വൈദ്യുതി ലഭ്യമാകുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

മുഖ്യമന്ത്രി ഭഗവന്ത് മന്‍ നയിക്കുന്ന സര്‍ക്കാര്‍ സംസ്ഥാനത്ത് ഒരു മാസം പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് സൗജന്യ വൈദ്യുതി പ്രഖ്യാപനം. ജൂലായ് ഒന്ന് മുതല്‍ 300 യൂണിറ്റ് വൈദ്യുതിയാണ് സൗജന്യമായി നല്‍കുക. പഞ്ചാബില്‍ സൗജന്യ വൈദ്യുതി നല്‍കുന്ന പദ്ധതിയെക്കുറിച്ച് ചര്‍ച്ച ചെയ്യാനായി ഭഗവന്ത് മന്‍ ചൊവ്വാഴ്ച ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളുമായി ചര്‍ച്ച നടത്തിയിരുന്നു.

300 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി എല്ലാ വീടുകളിലും നല്‍കുമെന്നത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി മുന്നോട്ട് വച്ച പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു.

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പാലക്കാട് എലപ്പുള്ളിപാറയിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈർ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് വി ഡി സതീശൻ സർക്കാരിനെതിരെ വിമർശനം ഉന്നയിച്ചത്.

കേരളത്തിൽ വർഗീയ ശക്തികൾ അഴിഞ്ഞാടുകയാണെന്ന് അദ്ദേഹം പറഞ്ഞു. വർഗീതയുടെ പേരിൽ കൊലപാതകങ്ങൾ നിരന്തരം നടക്കുന്നു. ആഭ്യന്തര വകുപ്പിന്റെ കൂടി ചുമതലയുള്ള മുഖ്യമന്ത്രി ഭരിക്കാൻ മറന്നു പോയി. സോഷ്യൽ എഞ്ചിനീയറിംഗ് എന്ന ഓമന പേരിൽ വർഗീയ പ്രീണനമാണ് മുഖ്യമന്ത്രി നടത്തുന്നത്. അതുകൊണ്ട് തന്നെ വർഗീയ ശക്തികൾക്കും അക്രമികൾക്കും എതിരെ ശക്തമായ നടപടി എടുക്കാൻ സർക്കാരിന് കഴിയുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ആർക്കും ഒരു നിയന്ത്രണവുമില്ല. വർഗീയ ധ്രുവീകരണമുണ്ടാക്കാൻ വിവിധ വർഗീയ സംഘടനകൾ ശ്രമിക്കുന്നത് സർക്കാർ കയ്യുംകെട്ടി നോക്കി നിൽക്കുകയാണ്. ഇനിയെങ്കിലും ആഭ്യന്തര വകുപ്പിൽ മുഖ്യമന്ത്രിക്ക് നിയന്ത്രണമുണ്ടാകണം. വർഗീയ ശക്തികളെ നിലയ്ക്ക് നിർത്തണം. ജനങ്ങളുടെ സ്വൈര്യ ജീവിതം ഉറപ്പാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

ഒരു വിഷു ദിനം കൂടി സങ്കടത്തിൽ അവസാനിച്ചു. പിതാവിന്റെ മുന്നിലിട്ട് മകനെ അരുംകൊല ചെയ്തു. കേരളത്തിൽ വർഗീയ ശക്തികൾ അഴിഞ്ഞാടുകയാണ്. വർഗീതയുടെ പേരിൽ കൊലപാതകങ്ങൾ നിരന്തരം നടക്കുന്നു. ആഭ്യന്തര വകുപ്പിന്റെ കൂടി ചുമതലയുള്ള മുഖ്യമന്ത്രി ഭരിക്കാൻ മറന്നു പോയി. സോഷ്യൽ എഞ്ചിനീയറിംഗ് എന്ന ഓമന പേരിൽ വർഗീയ പ്രീണനമാണ് മുഖ്യമന്ത്രി നടത്തുന്നത്.

അതുകൊണ്ട് തന്നെ വർഗീയ ശക്തികൾക്കും അക്രമികൾക്കും എതിരെ ശക്തമായ നടപടി എടുക്കാൻ സർക്കാരിന് കഴിയുന്നില്ല. ആർക്കും ഒരു നിയന്ത്രണവുമില്ല. വർഗീയ ധ്രുവീകരണമുണ്ടാക്കാൻ വിവിധ വർഗീയ സംഘടനകൾ ശ്രമിക്കുന്നത് സർക്കാർ കയ്യുംകെട്ടി നോക്കി നിൽക്കുകയാണ്. ഇനിയെങ്കിലും ആഭ്യന്തര വകുപ്പിൽ മുഖ്യമന്ത്രിക്ക് നിയന്ത്രണമുണ്ടാകണം. വർഗീയ ശക്തികളെ നിലയ്ക്ക് നിർത്തണം. ജനങ്ങളുടെ സ്വൈര്യ ജീവിതം ഉറപ്പാക്കണം.

ഘടക കക്ഷികള്‍ ഭരിക്കുന്ന വകുപ്പുകളില്‍ സിഐടിയു ഭരണ പ്രതിസന്ധി സൃഷ്ടിക്കുന്നില്ലെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ വ്യക്തമാക്കി.

‘എനിക്ക് അങ്ങനെ തോന്നിയില്ല. പ്രശ്നങ്ങള്‍ രൂപപ്പെടാനുള്ള വകുപ്പുകള്‍ ഘടക കക്ഷികളുടെ കൈയ്യില്‍ ആയി പോയെന്നേയുള്ളു. ജലവിഭവ-ഇറിഗേഷന്‍ വകുപ്പുകളില്‍ അത്തരമൊരു പ്രശ്നം ഉണ്ടായിട്ടില്ല. അത്തരമൊരു സംഭവമേ ഇല്ല. ജലവിഭവ വകുപ്പ് പുനസംഘടിപ്പിക്കുന്നതിന് തൊഴിലാളി സംഘടനകള്‍ വിലങ്ങ് തടിയാകുന്ന പ്രതിസന്ധി ഉണ്ടായിട്ടില്ല. പുനസംഘടനയെ പറ്റി വ്യക്തമായ പ്രാരംഭ ചര്‍ച്ചയിലേക്ക് പോലും കടന്നിട്ടില്ല. ജനങ്ങള്‍ക്ക് മികച്ച സേവനം നല്‍കുന്നതിനുള്ള മാറ്റങ്ങളാണ് ഉദ്ദേശിക്കുന്നത്. ജീവനക്കാരേയും തൊഴിലാളി സംഘടനകളെയും മുഖവിലയ്ക്ക് എടുക്കാതെ ഒന്നും ചെയ്യില്ല. അവരുടെ അഭിപ്രായങ്ങള്‍ കേള്‍ക്കും. തൊഴിലാളി സംഘടനകളുമായി വിശാലമായ ചര്‍ച്ച നടത്തും. തൊഴിലാളി സംഘടനകളുമായി ചര്‍ച്ചയോ ആലോചനയോ നടന്നിട്ടില്ല. ജീവനക്കാരെ വിശ്വാസത്തിലെടുത്തേ മുന്നോട്ട് പോകു. അവര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്ന ഒന്നും ചെയ്യില്ല’- മന്ത്രി പറഞ്ഞു.

കൊച്ചി: കെ. വി തോമസിനെതിരെ അച്ചടക്ക ലംഘന ആരോപണവുമായി കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം രംഗത്ത്. ഹൈക്കമാന്‍ഡിന്റെ വിലക്ക് ലംഘിച്ച് സിപിഎം വേദിയിലെത്തി എന്നതാണ് നിലവില്‍ കെ വി തോമസിനെതിരെയുള്ള ആരോപണം. ഇക്കാര്യമാണ് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍ നല്‍കിയ പരാതിയിലും ചൂണ്ടിക്കാണിച്ചിട്ടുള്ളത്. എന്നാല്‍, സെമിനാറില്‍ പങ്കെടുത്ത കെ.വി തോമസിന്റെ പ്രസംഗത്തിലെ പരാമര്‍ശങ്ങള്‍ പരാതിയിലില്ലാത്തതിനാല്‍ കെ-റെയില്‍ അനുകൂല പരാമര്‍ശം അടക്കം ചൂണ്ടിക്കാട്ടി രണ്ടാമതൊരു പരാതി കൂടി നല്‍കാനാണ് നേതൃത്വത്തിന്റെ നീക്കം.

എഐസിസി രാഷ്ട്രീയകാര്യ സമിതി അംഗമാണെങ്കിലും കെ വി തോമസിനെ തിങ്കളാഴ്ച ചേരുന്ന സമിതി യോഗത്തിലേയ്ക്ക് ക്ഷണിക്കില്ലെന്നും രാഷ്ട്രീയകാര്യ സമതിയില്‍ നിന്ന് അദ്ദേഹത്തെ പുറത്താക്കണമെന്ന് ആവശ്യപ്പെടുമെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കെ വി തോമസിനെതിരെ കടുത്ത നടപടിയുണ്ടാകുമെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നതെങ്കിലും നിലവിലെ സാഹചര്യത്തില്‍ അദ്ദേഹത്തെ പുറത്താക്കാനുള്ള സാധ്യത കുറവാണെന്നാണ് വിലയിരുത്തല്‍.

എന്നാല്‍, എഐസിസി സമിതിയിലെ അംഗങ്ങളെ നീക്കാനുള്ള അധികാരം കെപിസിസി നേതൃത്വത്തിനില്ലെന്നാണ് സൂചന. കെ വി തോമസ് കോണ്‍ഗ്രസ് വിട്ടാല്‍ സിപിഎമ്മിന് രാഷ്ട്രീയ മേല്‍ക്കൈ നേടാന്‍ ഇത് ഇടയാക്കുമെന്നും കോണ്‍ഗ്രസിന് ആശങ്കയുണ്ട്. അതേസമയം, അടുത്ത ചൊവ്വാഴ്ചയ്ക്കുള്ളില്‍ അച്ചടക്ക സമിതിയുടെ നോട്ടീസിനു മറുപടി നല്‍കാമെന്നാണ് കെ വി തോമസ് എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറിനെ അറിയിച്ചിട്ടുള്ളത്.

ബംഗളൂരു: കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പക്കും മുഖ്യമന്ത്രി ബസവരാജ് ബൊമ്മെക്കും അടുപ്പമുള്ള നേതാക്കളിലൊരാളായ കെ.എസ് ഈശ്വരപ്പയാണ് ഇപ്പോള്‍ തിരിച്ചടി നേരിട്ട് പടിയിറങ്ങാനൊരുങ്ങുന്നത്.

ശിവമോഗ മണ്ഡലത്തില്‍ നിന്നാണ് പലതവണ ജയിച്ച് അദ്ദേഹം നിയമസഭയിലെത്തുന്നത്. 2012ല്‍ ജഗദീഷ് ഷെട്ടാര്‍ മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രിയും, 2008ല്‍ യെദ്യൂരപ്പ മന്ത്രി സഭയില്‍ മന്ത്രിയുമായി. 2019-ല്‍ ഗ്രാമവികസന മന്ത്രിയുമായി. പ്രതിപക്ഷ നേതാവായും, ബിജെപി സംസ്ഥാന പ്രസിഡന്റായും അദ്ദേഹം പ്രവര്‍ത്തിച്ചു.

ഈശ്വരപ്പയുടെ പ്രസ്താവനകള്‍ പലപ്പോഴും പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കാറുണ്ട്. കാവിപ്പതാക ദേസീയ പതാകയാകുന്ന കാലം വരുമെന്ന അദ്ദേഹത്തിന്റെ പരാമര്‍ശം പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയത് പാര്‍ട്ടിക്ക് വലിയ ക്ഷീണമായി മാറിയിരുന്നു. ശിവമോഗയില്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്‍ കൊല ചെയ്യപ്പെട്ടപ്പോള്‍, മുസ്ലീങ്ങളുടെ ഗുണ്ടായിസമാണെന്ന രീതിയില്‍ പ്രസ്താവന നടത്തിയതിന്റെ പേരില്‍ പോലീസ് കേസെടുത്തിരുന്നു.

കോഴിക്കോട് കോടഞ്ചേരിയില്‍ മിശ്രവിവാഹം ചെയ്ത ജോയ്സ്നയുടെ വീട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ സന്ദര്‍ശിച്ചു. ‘ബാഹ്യസമ്മര്‍ദം മൂലമാണ് ലൗ ജിഹാദ് പരാമര്‍ശത്തില്‍ സിപിഐഎം മലക്കം മറിഞ്ഞത്. മകളോട് സംസാരിക്കാന്‍ രക്ഷിതാക്കള്‍ക്ക് അവസരമൊരുക്കാന്‍ സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടി എന്തുകൊണ്ട് ശ്രമിച്ചില്ല’. ലൗ ജിഹാദ് ഉണ്ടെന്ന് പരസ്യമായി സമ്മതിച്ച ജോര്‍ജ് എം. തോമസിനെ ഭീഷണിപ്പെടുത്തി മാറ്റിപ്പറയിപ്പിച്ച സിപിഐഎം തീവ്രവാദികള്‍ക്ക് മുമ്പില്‍ മുട്ടിലിഴയുകയാണ്. നിലപാട് മാറ്റിയില്ലെങ്കില്‍ പാര്‍ട്ടിക്കു പുറത്തുപോവേണ്ടിവരും എന്ന സന്ദേശമാണ് സത്യം തുറന്ന് പറഞ്ഞ ജോര്‍ജ് എം. തോമസിന് പാര്‍ട്ടി നല്‍കിയത്. കേരളത്തിലെ ക്രൈസ്ത ന്യൂനപക്ഷങ്ങളുടെ ആശങ്ക പുറംകാല്‍ കൊണ്ട് തട്ടിക്കളയുകയാണ് സി.പി.ഐ.എമ്മെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, മിശ്രവിവാഹ വിവാദം അവസാനിച്ചതായി സി.പി.ഐ.എം പറയുമ്പോഴും മകളെ നേരിട്ട് കാണണമെന്ന ആവശ്യത്തിലുറച്ച് നില്‍ക്കുകയാണ് മാതാപിതാക്കള്‍. പെണ്‍കുട്ടിയുടെ കുടുംബത്തിനൊപ്പം പാര്‍ട്ടി ഉണ്ടാകുമെന്ന് ഇന്നലെ കോടഞ്ചേരിയില്‍ നടത്തിയ രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ സിപിഎം ജില്ലാ സെക്രട്ടറി പി. മോഹനന്‍ വ്യക്തമാക്കിയിരുന്നു. പെണ്‍കുട്ടിയെയും കൂട്ടി സ്ഥലം വിടുന്നതിന് മുന്‍പ് പെണ്‍കുട്ടിയുടെ കുടുംബത്തെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ ഷെജിന് കഴിഞ്ഞില്ലെന്നും അദ്ദേഹം വിമര്‍ശിച്ചിരുന്നു.

എന്നാല്‍, ഡി.വൈ.എഫ്.ഐ നേതാവു കൂടിയായ ഷെജിനെതിരെ നടപടി ഉണ്ടാകില്ലെന്നും മോഹനന്‍ വ്യക്തമാക്കി. മുന്‍ എം.എല്‍.എയും സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ ജോര്‍ജ് എം. തോമസിന്റെ ലൗ ജിഹാദ് പരാമര്‍ശം നാക്കു പിഴയാണെന്നാണ് പാര്‍ട്ടിയുടെ വിശദീകരണം.