ആദ്യം സ്വന്തം കുടുംബം നേരെയാക്കിയിട്ട് ബിഎസ്പിയുടെ കാര്യത്തിൽ ഇടപെടണം; രാഹുൽ ഗാന്ധിയ്ക്ക് ഉപദേശവുമായി മായാവതി

ലക്നൗ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയ്ക്ക് ഉപദേശവുമായി ബിഎസ്പി അധ്യക്ഷ മായാവതി. ആദ്യം സ്വന്തം കുടുംബം നേരെയാക്കിയിട്ട് ബിഎസ്പിയുടെ കാര്യത്തിൽ ഇടപെടണമെന്ന് മായാവതി രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ടു. ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ സഖ്യ നിർദ്ദേശം തള്ളി മായാവതിയും ബിഎസ്പിയും ബിജെപിക്ക് അനായാസ വിജയം സമ്മാനിച്ചെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് മായാവതിയുടെ പ്രതികരണം.

ഇവിടെ അധികാരത്തിലുള്ളപ്പോലും അധികാരത്തിനു പുറത്തായപ്പോഴും ഒന്നും ചെയ്യാൻ കോൺഗ്രസിന് സാധിച്ചിട്ടില്ലന്ന് അദ്ദേഹം വിമർശിച്ചു. ഇത്തരം പരാമർശങ്ങൾ നടത്തുന്നതിന് മുൻപ് കോൺഗ്രസ് 100 പ്രാവശ്യം ചിന്തിക്കുന്നത് നല്ലതാണ്. ബിജെപിക്കെതിരെ അവർക്ക് വിജയിക്കാനായില്ല. എന്നിട്ടും ബിഎസ്പിക്കെതിരെ തോന്നുന്നതെല്ലാം പറയുന്നുവെന്ന് മായാവതി വ്യക്തമാക്കി. ഇത്തവണ തിരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ കോൺഗ്രസിന്റെ പ്രകടനം ദയനീയമായിരുന്നുവെന്ന് ആർക്കാണ് അറിയാത്തത്. ബിജെപിക്കെതിരെ സ്വന്തം പ്രകടനം ശരിക്ക് വിലയിരുത്തിയിട്ട് മതി ബിഎസ്പിയെ കുറ്റപ്പെടുത്തുന്നതെന്ന് മായാവതി അഭിപ്രായപ്പെട്ടു.

മറ്റൊരു പാർട്ടിയെ കുറ്റപ്പെടുത്തുന്നതിനു മുൻപ് സ്വന്തം പാർട്ടിയുടെ കാര്യം നോക്കൂ. സ്വന്തം കുടുംബം നന്നാക്കിയിട്ടു പോരേ മറ്റുള്ളവരെ നന്നാക്കുന്നതതെന്ന് മായാവതി ചോദിച്ചു. തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് എല്ലാ പ്രതിപക്ഷ പാർട്ടികളും ആത്മപരിശോധന നടത്തണമെന്നാണ് തന്റെ അഭിപ്രായമെന്നും മായാവതി കൂട്ടിച്ചേർത്തു.