ഡിസ്‌പ്ലേയിലുണ്ടാകുന്ന ഗ്രീൻ ലൈൻ; സാംസങ് ഗാലക്സി ഫോൺ ഉപയോഗിക്കുന്നവർക്ക് സൗജന്യമായി സ്‌ക്രീൻ മാറ്റി നൽകും

സാംസങ് ഗാലക്സി ഫോൺ ഉപയോഗിക്കുന്നവർ ഇടയ്ക്കിടെ നേരിടുന്ന ഒരു വലിയ പ്രശ്‌നമാണ് ഡിസ്‌പ്ലേയിലുണ്ടാകുന്ന ഗ്രീൻ ലൈൻ. ഈ പ്രശ്‌നത്തിന് പരിഹാരവുമായി എത്തിയിരിക്കുകയാണ് കമ്പനി. ഗ്രീൻ ലൈൻ പ്രശ്‌നമുള്ള ചില ഗാലക്‌സി എസ് സീരീസ് ഫോണുകൾക്ക് സാംസങ് സൗജന്യമായി സ്‌ക്രീൻ മാറ്റി നൽകുമെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

സാംസങ് ഫോണുകളുടെ സ്‌ക്രീനിൽ ഗ്രീൻലൈൻ കാണുന്നുവെന്ന പരാതി വർധിച്ച സാഹചര്യത്തിലാണ് കമ്പനിയുടെ നടപടി. ഗാലക്‌സി എസ് സീരീസിൽ വരുന്ന ഫ്‌ളാഗ്ഷിപ്പ് മോഡലുകളിലും സമാന രീതിയിലുള്ള പ്രശ്‌നങ്ങൾ അനുഭവപ്പെടുന്നുണ്ട്. സോഫ്റ്റ് വെയർ അപ്‌ഡേറ്റ് ചെയ്തപ്പോഴാണ് പലരും ഈ പ്രശ്‌നം നേരിടാൻ തുടങ്ങിയത്. മൂന്ന് വർഷത്തിനുള്ളിൽ വാങ്ങിയ ഗാലക്‌സി എസ്20 സീരീസ്, ഗാലക്‌സി എസ്21 സീരീസ്, എസ്22 അൾട്ര സ്മാർട്‌ഫോണുകൾക്കാണ് ഈ സേവനം ലഭിക്കുന്നത്.

ഗാലക്‌സി എസ് 20 സീരീസ്, ഗാലക്‌സി എസ് 21 സീരീസ്, എസ് 22 അൾട്രാ സ്മാർട്‌ഫോണുകൾ എന്നിവയ്ക്ക് ഒറ്റത്തവണയാണ് സൗജന്യ സ്‌ക്രീൻ റീപ്ലേസ്‌മെന്റ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.വാറന്റി ഇല്ലെങ്കിലും സ്‌ക്രീൻ മാറ്റിനൽകും. ഈ മാസം 30 വരെ ഗ്രീൻ ലൈൻ പ്രശ്‌നമുള്ള മുകളിൽ പറഞ്ഞ ഫോണുകളുടെ ഉപഭോക്താക്കൾക്ക് സാംസങ് സർവീസ് സെന്ററിൽ എത്തി സ്‌ക്രീൻ മാറ്റാമെന്നാണ് വിവരം.