International (Page 127)

കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ കൂപ്പുകുത്തിയിരിക്കുകയാണ് ശ്രീലങ്ക. നേരത്തെ കൊളംബോയിലെ ഷാംഗ്രില ഹോട്ടലിന് സമീപമായുള്ള പോര്‍ട്ട് സിറ്റിയെന്ന ‘വെള്ളാന’യെ സ്ഥാപിക്കാനായി 2014ല്‍ ചൈന ശ്രീലങ്കയ്ക്ക് സൗകര്യങ്ങള്‍ വാഗ്ദാനം ചെയ്തിരുന്നു. ഇതോടെ ദുബായിയേക്കാള്‍ സാമ്പത്തിക സൗകര്യമുള്ള പ്രദേശമായി ശ്രീലങ്കന്‍ തീരം മാറുമെന്നും ചൈന വ്യക്തമാക്കിയിരുന്നു. കിട്ടാവുന്നിടത്ത് നിന്നെല്ലാം കടം വാങ്ങി കോടിക്കണക്കിന് രൂപ ശ്രീലങ്ക ചൈനയ്ക്ക് നല്‍കുകയും ചെയ്തു. എന്നാല്‍, ഇതുവരെ ചൈന പോര്‍ട്ട് സിറ്റിയുടെ പണി പൂര്‍ത്തിയാക്കിയിട്ടില്ല.

ലങ്കന്‍ സര്‍ക്കാരിന്റെ ഈ ഗുരുതര വീഴ്ചയില്‍ പട്ടിണിയുടെ ഏറ്റവും കടുത്ത അവസ്ഥയിലേക്കാണ് ജനം എടുത്തെറിയപ്പെട്ടത്. പെട്രോളിന്റെയും ഡീസലിന്റെയും വില ലിറ്ററിന് 250 രൂപ കടന്നിരിക്കുകയാണ്. ഭക്ഷണസാധനങ്ങളുടെ വിലയും രാജ്യത്ത് അനിയന്ത്രിതമായി തുടരുകയാണ്. സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാനുള്ള ചര്‍ച്ചകള്‍ ശ്രീലങ്കയില്‍ സജീവമായി നടക്കുന്നുണ്ടെങ്കിലും പരിഹാരമാര്‍ഗങ്ങള്‍ ഇതുവരെ സര്‍ക്കാരിന് മുന്നിലെത്തിയിട്ടില്ല. ശ്രീലങ്കക്ക് സഹായമായി മറ്റ് രാജ്യങ്ങളും രംഗത്തെത്തിയിട്ടില്ല.

അതേസമയം, ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ ഇന്ന് ശ്രീലങ്കയില്‍ എത്തി. കടുത്ത സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയില്‍ ഇന്ത്യയെ ശ്രീലങ്ക പ്രതീക്ഷയോടെയാണ് നോക്കുന്നത്. നിരവധി പേരാണ് രാജ്യത്ത് നിന്ന് പലായനം ചെയ്യാനൊരുങ്ങുന്നത്. ഭക്ഷ്യോല്‍പന്നങ്ങള്‍, ഇന്ധനം, മരുന്ന് തുടങ്ങിയ അടിസ്ഥാന കാര്യങ്ങളടക്കമുള്ളതിന് വരെ പണമില്ലാത്ത അവസ്ഥയാണ് നിലവില്‍ ലങ്കയിലുള്ളത്.

ഇസ്ലാമാബാദ്: പ്രതിപക്ഷ പാർട്ടികൾക്കെതിരെ രൂക്ഷ വിമർശനവുമായി പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. തന്നെ പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും താഴെയിറക്കാൻ പ്രതിപക്ഷം വിദേശ ശക്തികളെ ഉപയോഗിക്കുകയാണെന്ന് ഇമ്രാൻ ഖാൻ അറിയിച്ചു. ഇസ്ലാമാബാദിൽ തന്റെ പാർട്ടിയുടെ ശക്തിപ്രകടനത്തിനിടെയാണ് ഇമ്രാൻ ഖാന്റെ പ്രതികരണം. പാക്കിസ്ഥാനിൽ സർക്കാരിനെതിരായ അവിശ്വാസ പ്രമേയം തിങ്കളാഴ്ച പരിഗണിക്കാനിരിക്കുകയാണ്. ഇതിനിടെയാണ് ഇമ്രാൻ പാർട്ടിയുടെ ശക്തിപ്രകടനം സംഘടിപ്പിച്ചത്.

പാകിസ്താൻ സർക്കാരിനെ മാറ്റാൻ വിദേശപണം ഉപയോഗിക്കാനുള്ള ശ്രമത്തിലാണ്. പാകിസ്താനിലെ ആളുകളെയും അതിനായി ഉപയോഗിക്കുന്നുണ്ടെന്ന് ഇമ്രാൻ ഖാൻ ചൂണ്ടിക്കാട്ടി. ഇത് എവിടെ നിന്നാണ് ആസൂത്രണം ചെയ്യുന്നത് എന്നതിന് തെളിവുണ്ട്. പക്ഷേ രാജ്യതാൽപര്യം സംരക്ഷിക്കേണ്ടതിനാൽ ഇപ്പോൾ ഇതേക്കുറിച്ചു കൂടുതൽ സംസാരിക്കാനാവില്ലെന്നും എന്നാൽ വിദേശ ഗൂഢാലോചന സംബന്ധിച്ച കാര്യങ്ങൾ ഉടൻ വെളിപ്പെടുത്തുമെന്നും ഇമ്രാൻ ഖാൻ വ്യക്തമാക്കി.

കഴിഞ്ഞ 30 വർഷം മാറിമാറി ഭരിച്ച പാർട്ടികൾ രാജ്യത്തെ കൊള്ളയടിക്കുകയായിരുന്നു. തന്റെ സർക്കാർ നിലംപതിച്ചാലും അഴിമതിക്കാരോട് പൊറുക്കില്ലെന്നും പാകിസ്താൻ പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

ലോസ് ഏഞ്ചല്‍സ്: ഓസ്‌കര്‍ വിതരണ ചടങ്ങിനിടെ അവതാരകനായ ക്രിസ് റോക്കിനെ മുഖത്തടിച്ചതിന് പിന്നാലെ വേദിയില്‍ വികാരഭരിതനായി നടന്‍ വില്‍ സ്മിത്ത്. കിംഗ് റിച്ചാര്‍ഡ് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള പുരസ്‌കാരം സ്വീകരിച്ച ശേഷം ക്ഷമാപണം നടത്തുകയായിരുന്നു അദ്ദേഹം.

‘എനിക്ക് അക്കാദമിയോട് മാപ്പ് പറയണം. എന്റെ എല്ലാ നോമിനികളോടും ക്ഷമ ചോദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇതൊരു മനോഹരമായ നിമിഷമാണ്, ഞാന്‍ കരയാന്‍ ആഗ്രഹിക്കുന്നില്ല. കല ജീവിതത്തെ അനുകരിക്കുന്നു. റിച്ചാര്‍ഡ് വില്യംസിനെക്കുറിച്ച് അവര്‍ പറഞ്ഞതുപോലെ ഞാന്‍ ഒരു ഭ്രാന്തന്‍ പിതാവിനെപ്പോലെയാണ്. സ്നേഹം നിങ്ങളെ ഭ്രാന്തന്‍ കാര്യങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിക്കും’- സ്മിത്ത് പറഞ്ഞു.

ഭാര്യയെ കളിയാക്കിയതാണ് വില്‍ സ്മിത്ത് ക്രിസ് റോക്കിനെ ഓസ്‌കര്‍ വേദിയില്‍ കയറി മുഖത്ത് അടിക്കുകയായിരുന്നു. തിരിച്ച് വന്ന് കസേരയിലിരുന്ന വില്‍ സ്മിത്ത് തുടര്‍ന്ന് ആക്രോശിക്കുകയും ചെയ്തു. വില്‍സ്മിത്തിന്റെ ഭാര്യ ജാദ പിക്കറ്റ് സ്മിത്തിന്റെ ഹെയര്‍ സ്‌റ്റൈലിനെ കളിയാക്കിയതായിരുന്നു അദ്ദേഹത്തെ ചൊടിപ്പിച്ചത്.

ലോസ് ആഞ്ജലീസ്: 94-ാമത് ഓസ്‌കാര്‍ പുരസ്‌കാരത്തില്‍ സിയാന്‍ ഹെഡറിന്റെ സംവിധാനത്തിലൊരുങ്ങിയ ‘കോഡ’ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച അവലംബിത തിരക്കഥയ്ക്കുള്ള പുരസ്‌കാരവും കോഡയിലൂടെ സിയാന്‍ ഹെഡര്‍ സ്വന്തമാക്കി. മികച്ച സംവിധാനത്തിനുള്ള പുരസ്‌കാരം ദ പവര്‍ ഡോഗിന്റെ സംവിധായിക ജെയിന്‍ കാമ്പയിന്‍ നേടി. കിങ് റിച്ചാര്‍ഡിലെ അഭിനയത്തിന് വില്‍ സ്മിത്തിനെ മികച്ച നടനായി തിരഞ്ഞെടുത്തു. ജെസീക്ക ചസ്റ്റനാണ് (ദ ഐയ്‌സ് ഓഫ് ടമ്മി ഫായേ) മികച്ച നടി. ട്രോയ് കൊട്‌സുര്‍ മികച്ച സഹനടനുള്ള പുരസ്‌കാരവും, വെസ്റ്റ് സൈഡ് സ്റ്റോറിയിലെ അഭിനയത്തിന് അരിയാന ഡിബോസിനെ മികച്ച സഹനടിയായും തിരഞ്ഞെടുത്തു.

ജന്മനാ കേള്‍വി ശക്തിയില്ലാത്ത നടനാണ് ട്രോയ് കൊട്‌സുര്‍. തന്റെ പുരസ്‌കാരം കേള്‍വി ശക്തിയില്ലാത്തവര്‍ക്ക് സമര്‍പ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മികച്ച ഒറിജില്‍ സ്‌കോര്‍, മികച്ച ചിത്ര സംയോജനം, മികച്ച ഛായാഗ്രഹണം, മികച്ച ചിത്രസംയോജനം, മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍, മികച്ച വിഷ്വല്‍ എഫക്ട് തുടങ്ങി ആറ് വിഭാഗങ്ങളില്‍ ഡെനിസ് വില്ലനോവിന്റെ ഡ്യൂണ്‍ അര്‍ഹത നേടി.

‘റൈറ്റിങ് വിത്ത് ഫയര്‍’ എന്ന ഡോക്യുമെന്ററിയുമായി മലയാളിയായ റിന്റു തോമസ് ഓസ്‌കറില്‍ മത്സരിക്കാനെത്തിയിരുന്നു. ഇന്ത്യന്‍ വംശജനായ ജോസഫ് പട്ടേല്‍ നിര്‍മിച്ച സമ്മര്‍ ഓഫ് സോളിനാണ് പുരസ്‌കാരമെങ്കിലും ഇതുവരെയെത്തിയ റിന്റുവിന്റെ നേട്ടം അഭിമാനമായി. ഇരുപതിലേറെ അന്താരാഷ്ട്ര ബഹുമതികള്‍ ഇതനകം തന്നെ ഡോക്യുമെന്ററിക്ക് ലഭിച്ചിട്ടുണ്ട്.

മികച്ച ചിത്രം- കോഡ

മികച്ച നടന്‍- വില്‍ സ്മിത്ത് (കിംഗ് റിച്ചാര്‍ഡ്)

മികച്ച നടി- ജെസീക്ക ചസ്റ്റന്‍ (ദ ഐസ് ഓഫ് ടമ്മി ഫായേ)

മികച്ച സംവിധായിക/സംവിധായകന്‍- ജെയിന്‍ കാമ്പയിന്‍ (o പവര്‍ ഓഫ് ദ ഡോഗ്)

മികച്ച ഗാനം- ബില്ലി എലിഷ്, ഫിന്നെസ് ഒ കോനല്‍ (നോ ടൈം ടു ഡൈ)

മികച്ച ഡോക്യുമെന്ററി ചിത്രം- സമ്മര്‍ ഓഫ് സോള്‍

മികച്ച ചിത്രസംയോജനം- ജോ വാക്കര്‍ (ഡ്യൂണ്‍)

മികച്ച സംഗീതം (ഒറിജിനല്‍)- ഹാന്‍സ് സിമ്മര്‍ (ഡ്യൂണ്‍)

മികച്ച അവലംബിത തിരക്കഥ- സിയാന്‍ ഹെഡെര്‍ (കോഡ)

മികച്ച തിരക്കഥ (ഒറിജിനല്‍)-കെന്നത്ത് ബ്രാന (ബെല്‍ഫാസ്റ്റ്)

മികച്ച ലൈവ് ആക്ഷന്‍ ഷോര്‍ട്ട് ഫിലിം- ദ ലോംഗ് ഗുഡ്‌ബൈ

മികച്ച വസ്ത്രാലങ്കാരം- ജെന്നി ബെവന്‍ (ക്രുവല്ല)

മികച്ച അന്താരാഷ്ട്ര ചിത്രം- ഡ്രൈവ് മൈ കാര്‍ (ജപ്പാന്‍)

മികച്ച സഹനടന്‍- ട്രോയ് കൊട്‌സര്‍ (കോഡാ)

മികച്ച ആനിമേറ്റഡ് ഹ്രസ്വ ചിത്രം- ദ വിന്‍ഡ്ഷീല്‍ഡ് വൈപ്പര്‍

മികച്ച ആനിമേറ്റഡ് ഫീച്ചര്‍ ചിത്രം- എന്‍കാന്റോ

മികച്ച മേക്കപ്പ്, കേശാലങ്കാരം-ലിന്റെ ഡൗഡ്‌സ് (ദ ഐസ് ഓഫ് ടാമി ഫയെക്ക്)

മികച്ച വിഷ്വല്‍ എഫക്ട്- പോള്‍ ലാംബെര്‍ട്ട്, ട്രിസ്റ്റന്‍ മൈല്‍സ്, ബ്രയാന്‍ കോണര്‍, ജേര്‍ഡ് നെഫ്‌സര്‍ (ഡ്യൂണ്‍)

മികച്ച ഡോക്യുമെന്റി (ഷോര്‍ട്ട് സബ്ജക്ട്)- ദ ക്യൂന്‍ ഓഫ് ബാസ്‌കറ്റ് ബോള്‍

മികച്ച ഛായാഗ്രഹണം ഗ്രേയ്ഗ് ഫ്രാസര്‍ (ഡ്യൂണ്‍)

മികച്ച അനിമേറ്റഡ് ഷോര്‍ട് ഫിലിം ‘ദ വിന്‍ഡ്ഷീല്‍ഡ് വൈപര്‍’

മികച്ച സഹനടി അരിയാന ഡിബോസ് (വെസ്റ്റ് സൈഡ് സ്റ്റോറി)

മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍ ഡ്യൂണ്‍

മികച്ച ചിത്രസംയോജനത്തിനുള്ള ഓസ്‌കര്‍ ജോ വാക്കര്‍ (ഡ്യൂണ്‍)

മാക് റൂത്ത്, മാര്‍ക്ക് മാങ്കിനി, ദിയോ ഗ്രീന്‍, ഡഗ് ഹെംഫില്‍, റോണ്‍ ബാര്‍ട്‌ലെറ്റ് എന്നിവര്‍ മികച്ച ശബ്ദത്തിനുള്ള പുരസ്‌കാരം നേടി.

കൊളംബോ: ശ്രീലങ്കയില്‍ പ്രവര്‍ത്തനത്തിന് പണമില്ലാത്തതിനാല്‍ ഇറാഖ്, ഓസ്ട്രേലിയ, നോര്‍വെ, സ്വീഡന്‍ എന്നീ രാജ്യങ്ങളിലെ എംബസികള്‍ രാജ്യം അടച്ചു പൂട്ടി. ഇന്ധനവില 303 രൂപയായി കുതിച്ചുയര്‍ന്നതോടെ പെട്രോള്‍ പമ്പുകളില്‍ മണിക്കൂറുകളോളം നീണ്ട ക്യൂ ആണ്. അതിനാല്‍ കൃത്യമായ വിതരണത്തിന് കാവലായി ശ്രീലങ്കന്‍ പട്ടാളത്തെ സര്‍ക്കാര്‍ നിയമിച്ചിട്ടുണ്ട്.

അതേസമയം, ശ്രീലങ്കയിലെ ഇന്ധനക്ഷാമം പരിഹരിക്കാനുളള ഇടപെടല്‍ നടത്തിയ ഇന്ത്യ 40,000 ടണ്‍ ഡീസല്‍ ലങ്കക്ക് നല്‍കും. വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍ നാളെ ലങ്കയിലെത്തും. ഭക്ഷ്യക്ഷാമം പരിഹരിക്കാന്‍ രണ്ടായിരം ടണ്‍ അരി ശ്രീലങ്കയ്ക്ക് നല്‍കാന്‍ ചൈനയും തീരുമാനിച്ചു

പ്രതിസന്ധി തുടരുന്ന ശ്രീലങ്കയില്‍ അച്ചടി മഷി ക്ഷാമമുളളതിനാല്‍ പരീക്ഷകള്‍ മാറ്റി വെച്ചു. കടലാസ് ക്ഷാമം വന്നതോടെ ദി ഐലന്‍ഡ് ഉള്‍പ്പടെ നിരവധി പത്രങ്ങള്‍ അച്ചടി നിര്‍ത്തുകയും, ഓണ്‍ലൈന്‍ എഡിഷനിലേക്ക് മാറുകയും ചെയ്തു. ടൂറിസം മേഖല തകര്‍ന്നു. 2019ലെ ഈസ്റ്റര്‍ ദിനത്തിലുണ്ടായ ബോംബാക്രമണമാണ് രാജ്യത്തെ സാമ്പത്തിക തകര്‍ച്ചയിലേക്ക് നയിച്ചത്. കൊവിഡ് വ്യാപനം കൂടിയതോടെ ആരോഗ്യരംഗത്തും തിരിച്ചടി നേരിട്ട രാജ്യം വളരെയധികം സാമ്പത്തിക തകര്‍ച്ചയിലേക്ക് കൂപ്പുകുത്തി. ഇതിനിടെ റഷ്യ-യുക്രെയിന്‍ യുദ്ധം തുടങ്ങിയതോടെ എണ്ണവില വര്‍ധിച്ചതും രാജ്യത്ത് കൂടുതല്‍ പ്രതിസന്ധികള്‍ക്ക് കാരണമായി.

കോവിഡ് രോഗബാധിതകർക്ക് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കൂടുതലാണെന്ന് ഗവേഷകർ. ‘ഡയബറ്റോളജിയ’ എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. മനുഷ്യന്റെ പാൻക്രിയാസും സാർസ് കോവ് 2 (സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം കൊറോണ വൈറസ് ടൈപ്പ് 2 വൈറസുകൾ) യുടെ ലക്ഷ്യമാകുമെന്ന് പഠനങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്.

കോവിഡ് അണുബാധയെത്തുടർന്ന് ബീറ്റാ കോശങ്ങളിലെ ഇൻസുലിൻ സ്രവിക്കുന്ന തരികളുടെ എണ്ണം കുറയുകയും ഗ്ലൂക്കോസ്-ഉത്തേജിത ഇൻസുലിൻ സ്രവണം കുറയുകയും ചെയ്തതായി പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു. കോവിഡ് 19 രോഗത്തിന് ശേഷം, ചില രോഗികൾക്ക് ഇൻസുലിൻ പ്രതിരോധം വികസിക്കുകയും രക്തത്തിലെ ഗ്ലൂക്കോസ് അളവ് വർദ്ധിപ്പിക്കുകയും ചെയ്തു. SARS-CoV-2 അണുബാധ പ്രോ-ഇൻഫ്‌ളമേറ്ററി സിഗ്നലിംഗ് വസ്തുക്കളുടെ (സൈറ്റോകൈനുകൾ) ശക്തമായ റിലീസിലേക്ക് നയിച്ചേക്കാം.

SARS-CoV-2 അണുബാധയ്ക്ക് ശേഷവും രോഗപ്രതിരോധ സംവിധാനത്തിന്റെ സജീവമാക്കൽ മാസങ്ങളോളം നിലനിൽക്കുകയും ഇൻസുലിൻ ഫലപ്രാപ്തിയെ (പേശി, കരൾ) തടസ്സപ്പെടുത്തുകയും ചെയ്യും. SARS-CoV-2 അണുബാധയ്ക്ക് ശേഷം പ്രമേഹം ഉണ്ടാകുന്നത് അന്വേഷിക്കുക എന്നതായിരുന്നു തങ്ങളുടെ പഠനത്തിന്റെ ലക്ഷ്യമെന്ന് DDZ (ജർമ്മൻ ഡയബറ്റിസ് സെന്റർ) എപ്പിഡെമിയോളജി റിസർച്ച് ഗ്രൂപ്പിന്റെ മേധാവിയായ വുൾഫ്ഗാംഗ് റാത്ത്മാൻ അറിയിച്ചു.

കീവ്: റഷ്യ-യുക്രൈന്‍ സംഘര്‍ഷത്തില്‍ കഴിഞ്ഞയാഴ്ച മരിയുപോളിലെ ഒരു തിയേറ്ററിനു നേര്‍ക്ക് റഷ്യ നടത്തിയ ബോംബാക്രമണത്തില്‍ 300 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. തിയേറ്ററില്‍ അഭയം തേടിയവരാണ് കൊല്ലപ്പെട്ടത്.

അതേസമയം, റഷ്യ പിരിച്ചെടുത്ത ബെര്‍ഡിയാന്‍ക് തുറമുഖത്ത് എത്തിയ ഒരു കപ്പല്‍ തകര്‍ത്തതായി യുക്രൈന്‍ അവകാശപ്പെടുന്നു. കപ്പലില്‍ നിന്നും പുക ഉയരുന്നതിന്റെയും സ്ഫോടനത്തിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഭക്ഷണവും മറ്റ് അവശ്യ വസ്തുക്കള്‍ക്കും ക്ഷാമം നേരിടുന്നതോടെ കാര്‍കീവില്‍ നിന്ന്‌ പകുതിയിലേറെ പേര്‍ പലായനം ചെയ്തുവെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. കര്‍കീവിലെ ഒരു എയ്ഡ് കേന്ദ്രത്തിനു നേര്‍ക്കുണ്ടായ റഷ്യയുടെ ഷെല്ലാക്രമണത്തില്‍ നാല് പേര്‍ കൊല്ലപ്പെടുകയും ഏഴ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കീവിനു പുറത്ത് ഒരു ഇന്ധന ഡിപ്പോ റഷ്യയുടെ മിസൈല്‍ ആക്രമണത്തില്‍ തകര്‍ന്നിട്ടുണ്ട്.

ന്യൂഡല്‍ഹി: അതിര്‍ത്തി പിന്മാറ്റം സംബന്ധിച്ച് ഇന്ത്യയും ചൈനയും പരസ്പര ധാരണയിലെത്തിയതായി ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ വ്യക്തമാക്കി. ഇന്ത്യ- ചൈന നയതന്ത്ര സൈനിക തല ചര്‍ച്ചകള്‍ ഇനിയും തുടരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതിര്‍ത്തി വിഷയം പരിഹരിക്കപ്പെടണം. പിന്‍മാറ്റത്തില്‍ പരസ്പര ധാരണയിലെത്തിയിട്ടുണ്ട്. ഇക്കാര്യത്തില്‍ ഇന്ത്യ കൃത്യമായ നിലപാട് വ്യക്തമാക്കി. അഫ്ഗാനിസ്ഥാന്‍, യക്രൈന്‍ വിഷയങ്ങളും ചര്‍ച്ചയായതായും എസ്. ജയശങ്കര്‍ പറഞ്ഞു.

ചൈനീസ് വിദേശകാര്യ മന്ത്രിയുടെ സന്ദര്‍ശനത്തെക്കുറിച്ച് കേന്ദ്രസര്‍ക്കാര്‍ ഔദ്യോഗിക അറിയിപ്പുകള്‍ ഒന്നും നല്‍കിയിരുന്നില്ല. ഇന്നലെ അഫ്ഗാന്‍ സന്ദര്‍ശനത്തിന് ശേഷം വാങ് യി ഇന്ത്യയിലെത്തുകയായിരുന്നു. അതിര്‍ത്തികളിലെ കൈയേറ്റത്തിനും സംഘര്‍ഷങ്ങള്‍ക്കും പിന്നാലെ ഇന്ത്യ ചൈന നയതന്ത്രബന്ധം മോശം ആയ ഈ സാഹചര്യത്തില്‍ ഇപ്പോഴത്തെ സന്ദര്‍ശനം ഏറെ നിര്‍ണായകമാണ്.

തിരുവനന്തപുരം: ദുബായിലെ പ്രമുഖ സ്വകാര്യ ആശുപത്രി ഗ്രൂപ്പിലേക്ക് നഴ്‌സുമാരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിന് നോർക്ക റൂട്ട്‌സ് അപേക്ഷ ക്ഷണിച്ചു. കുറഞ്ഞത് മൂന്നു വർഷം ലേബർ ആൻഡ് ഡെലിവറി/ മറ്റേർണിറ്റി/പോസ്റ്റ് നേറ്റൽ വാർഡ്, മിഡ്വൈഫറി, ഔട്ട് പേഷ്യന്റ്, എമർജൻസി വിഭാഗങ്ങളിൽ പ്രവൃത്തി പരിചയമുള്ള നഴ്‌സുമാർക്ക് അപേക്ഷിക്കാം. എമർജൻസി വകുപ്പിൽ പുരുഷൻമാർക്കും അപേക്ഷിക്കാം. അപേക്ഷകർ ഡിഎച്ച്എ പരീക്ഷ പാസായിരിക്കണം.

അപേക്ഷ സമർപ്പിക്കുമ്പോൾ ഡിഎച്ച്എ പരീക്ഷാ ഫലത്തിന് കുറഞ്ഞത് ആറു മാസത്തെ കാലാവധി ഉണ്ടായിരിക്കണം. കൂടാതെ രണ്ടു മാസത്തിനു മുകളിൽ പ്രവർത്തന വിടവ് ഉണ്ടാവരുത്. ശമ്പളം 5000 ദിർഹം. (ഏകദേശം ഒരു ലക്ഷം ഇന്ത്യൻ രൂപ). ബന്ധപ്പെട്ട വിഷയത്തിൽ ബിരുദം, ഡി എച്ച് എ ആണ് യോഗ്യത.

ഉദ്യോഗാർത്ഥികൾ അവരുടെ അപ്‌ഡേറ്റ് ചെയ്ത ബയോഡേറ്റയോടൊപ്പം ഡിഎച്ച്എ പരീക്ഷ ഫലം, യോഗ്യത, പ്രവർത്തി പരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, പാസ്പോർട്ടിന്റെ പകർപ്പ്, ഫോട്ടോ എന്നിവ സഹിതം www.norkaroots.org വഴി മാർച്ച് 31 നകം അപേക്ഷിക്കണമെന്ന് നോർക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.

ഇതേ ആശുപത്രിയിലേക്ക് നേരത്തെ ക്ഷണിച്ചിരുന്ന അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 31 വരെ നീട്ടിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് നോർക്ക റൂട്ട്‌സിന്റെ വെബ്‌സൈറ്റ് സന്ദർശിക്കുകയോ 1800 425 3939 എന്ന ടോൾ ഫ്രീ നമ്പരിൽ ബന്ധപ്പെടുകയോ ചെയ്യണം. വിദേശത്തു നിന്നും +91 8802 012345 എന്ന നമ്പരിൽ മിസ്ഡ് കോൾ സൗകര്യവും ലഭ്യമാണ്.

ലണ്ടന്‍: റഷ്യ-യുക്രൈന്‍ സംഘര്‍ഷത്തില്‍ യുക്രൈനിന് സഹായ വാഗ്ദാനവുമായി ബ്രിട്ടണ്‍. 6,000 മിസൈലുകളും 2.5 കോടി പൗണ്ട് (3.3 കോടി ഡോളര്‍) സാമ്പത്തിക സഹായമായും യുക്രൈനിന് നല്‍കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അറിയിച്ചു. നാറ്റോ, ജി 7 ഉച്ചകോടികള്‍ നടക്കുന്നതിന് തൊട്ടുമുമ്പാണ് ടാങ്ക് വേധ മിസൈലുകളും ഉഗ്രശേഷിയുള്ള ആയുധങ്ങളുമടക്കമുള്ള സഹായം ബ്രിട്ടന്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

യുക്രൈനിലെ പട്ടണങ്ങളും നഗരങ്ങളും റഷ്യ തകര്‍ക്കുന്നത് നോക്കി നില്‍ക്കാനാകില്ലെന്നും റഷ്യക്കൊപ്പം നില്‍ക്കില്ലെന്നും ബോറിസ് ജോണ്‍സണ്‍ പ്രസ്താവനയില്‍ പറഞ്ഞു. യുക്രൈന് സൈനികവും സാമ്പത്തികവുമായ പിന്തുണ വര്‍ധിപ്പിക്കുന്നതിന് ബ്രിട്ടണ്‍ സഖ്യകക്ഷികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുക്രൈനിന് കൂടുതല്‍ പ്രതിരോധ പിന്തുണ നല്‍കിയും റഷ്യക്കെതിരായ സാമ്പത്തിക ഉപരോധങ്ങള്‍ ഇരട്ടിയാക്കിയും അവര്‍ക്കെതിരായ പ്രതിരോധം ശക്തമാക്കാന്‍ ബോറിസ് ജോണ്‍സണ്‍ പാശ്ചാത്യ സഖ്യകക്ഷികളോട് അഭ്യര്‍ത്ഥിച്ചതായി അദ്ദേഹത്തിന്റെ ഓഫീസ് വ്യക്തമാക്കി.

അതേസമയം, യുക്രൈനില്‍ റഷ്യ രാസായുധങ്ങളും ആണവായുധങ്ങളും പ്രയോഗിച്ചാല്‍ തിരിച്ചടിക്കാന്‍ അടിയന്തിര പദ്ധതികളുമായി യു.എസ് തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.