സാമ്പത്തിക പ്രതിസന്ധി: വിവിധ രാജ്യങ്ങളിലെ എംബസികള്‍ ശ്രീലങ്ക അടച്ചുപൂട്ടി

കൊളംബോ: ശ്രീലങ്കയില്‍ പ്രവര്‍ത്തനത്തിന് പണമില്ലാത്തതിനാല്‍ ഇറാഖ്, ഓസ്ട്രേലിയ, നോര്‍വെ, സ്വീഡന്‍ എന്നീ രാജ്യങ്ങളിലെ എംബസികള്‍ രാജ്യം അടച്ചു പൂട്ടി. ഇന്ധനവില 303 രൂപയായി കുതിച്ചുയര്‍ന്നതോടെ പെട്രോള്‍ പമ്പുകളില്‍ മണിക്കൂറുകളോളം നീണ്ട ക്യൂ ആണ്. അതിനാല്‍ കൃത്യമായ വിതരണത്തിന് കാവലായി ശ്രീലങ്കന്‍ പട്ടാളത്തെ സര്‍ക്കാര്‍ നിയമിച്ചിട്ടുണ്ട്.

അതേസമയം, ശ്രീലങ്കയിലെ ഇന്ധനക്ഷാമം പരിഹരിക്കാനുളള ഇടപെടല്‍ നടത്തിയ ഇന്ത്യ 40,000 ടണ്‍ ഡീസല്‍ ലങ്കക്ക് നല്‍കും. വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍ നാളെ ലങ്കയിലെത്തും. ഭക്ഷ്യക്ഷാമം പരിഹരിക്കാന്‍ രണ്ടായിരം ടണ്‍ അരി ശ്രീലങ്കയ്ക്ക് നല്‍കാന്‍ ചൈനയും തീരുമാനിച്ചു

പ്രതിസന്ധി തുടരുന്ന ശ്രീലങ്കയില്‍ അച്ചടി മഷി ക്ഷാമമുളളതിനാല്‍ പരീക്ഷകള്‍ മാറ്റി വെച്ചു. കടലാസ് ക്ഷാമം വന്നതോടെ ദി ഐലന്‍ഡ് ഉള്‍പ്പടെ നിരവധി പത്രങ്ങള്‍ അച്ചടി നിര്‍ത്തുകയും, ഓണ്‍ലൈന്‍ എഡിഷനിലേക്ക് മാറുകയും ചെയ്തു. ടൂറിസം മേഖല തകര്‍ന്നു. 2019ലെ ഈസ്റ്റര്‍ ദിനത്തിലുണ്ടായ ബോംബാക്രമണമാണ് രാജ്യത്തെ സാമ്പത്തിക തകര്‍ച്ചയിലേക്ക് നയിച്ചത്. കൊവിഡ് വ്യാപനം കൂടിയതോടെ ആരോഗ്യരംഗത്തും തിരിച്ചടി നേരിട്ട രാജ്യം വളരെയധികം സാമ്പത്തിക തകര്‍ച്ചയിലേക്ക് കൂപ്പുകുത്തി. ഇതിനിടെ റഷ്യ-യുക്രെയിന്‍ യുദ്ധം തുടങ്ങിയതോടെ എണ്ണവില വര്‍ധിച്ചതും രാജ്യത്ത് കൂടുതല്‍ പ്രതിസന്ധികള്‍ക്ക് കാരണമായി.