സാമ്പത്തിക പ്രതിസന്ധി: ശ്രീലങ്ക വീഴാന്‍ കാരണം ചൈനയുടെ ‘വെള്ളാന’ പദ്ധതി?

കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ കൂപ്പുകുത്തിയിരിക്കുകയാണ് ശ്രീലങ്ക. നേരത്തെ കൊളംബോയിലെ ഷാംഗ്രില ഹോട്ടലിന് സമീപമായുള്ള പോര്‍ട്ട് സിറ്റിയെന്ന ‘വെള്ളാന’യെ സ്ഥാപിക്കാനായി 2014ല്‍ ചൈന ശ്രീലങ്കയ്ക്ക് സൗകര്യങ്ങള്‍ വാഗ്ദാനം ചെയ്തിരുന്നു. ഇതോടെ ദുബായിയേക്കാള്‍ സാമ്പത്തിക സൗകര്യമുള്ള പ്രദേശമായി ശ്രീലങ്കന്‍ തീരം മാറുമെന്നും ചൈന വ്യക്തമാക്കിയിരുന്നു. കിട്ടാവുന്നിടത്ത് നിന്നെല്ലാം കടം വാങ്ങി കോടിക്കണക്കിന് രൂപ ശ്രീലങ്ക ചൈനയ്ക്ക് നല്‍കുകയും ചെയ്തു. എന്നാല്‍, ഇതുവരെ ചൈന പോര്‍ട്ട് സിറ്റിയുടെ പണി പൂര്‍ത്തിയാക്കിയിട്ടില്ല.

ലങ്കന്‍ സര്‍ക്കാരിന്റെ ഈ ഗുരുതര വീഴ്ചയില്‍ പട്ടിണിയുടെ ഏറ്റവും കടുത്ത അവസ്ഥയിലേക്കാണ് ജനം എടുത്തെറിയപ്പെട്ടത്. പെട്രോളിന്റെയും ഡീസലിന്റെയും വില ലിറ്ററിന് 250 രൂപ കടന്നിരിക്കുകയാണ്. ഭക്ഷണസാധനങ്ങളുടെ വിലയും രാജ്യത്ത് അനിയന്ത്രിതമായി തുടരുകയാണ്. സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാനുള്ള ചര്‍ച്ചകള്‍ ശ്രീലങ്കയില്‍ സജീവമായി നടക്കുന്നുണ്ടെങ്കിലും പരിഹാരമാര്‍ഗങ്ങള്‍ ഇതുവരെ സര്‍ക്കാരിന് മുന്നിലെത്തിയിട്ടില്ല. ശ്രീലങ്കക്ക് സഹായമായി മറ്റ് രാജ്യങ്ങളും രംഗത്തെത്തിയിട്ടില്ല.

അതേസമയം, ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ ഇന്ന് ശ്രീലങ്കയില്‍ എത്തി. കടുത്ത സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയില്‍ ഇന്ത്യയെ ശ്രീലങ്ക പ്രതീക്ഷയോടെയാണ് നോക്കുന്നത്. നിരവധി പേരാണ് രാജ്യത്ത് നിന്ന് പലായനം ചെയ്യാനൊരുങ്ങുന്നത്. ഭക്ഷ്യോല്‍പന്നങ്ങള്‍, ഇന്ധനം, മരുന്ന് തുടങ്ങിയ അടിസ്ഥാന കാര്യങ്ങളടക്കമുള്ളതിന് വരെ പണമില്ലാത്ത അവസ്ഥയാണ് നിലവില്‍ ലങ്കയിലുള്ളത്.