സർക്കാരിനെ താഴെയിറക്കാൻ പ്രതിപക്ഷം വിദേശ ശക്തികളെ ഉപയോഗിക്കുന്നു; ഇമ്രാൻ ഖാൻ

ഇസ്ലാമാബാദ്: പ്രതിപക്ഷ പാർട്ടികൾക്കെതിരെ രൂക്ഷ വിമർശനവുമായി പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. തന്നെ പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും താഴെയിറക്കാൻ പ്രതിപക്ഷം വിദേശ ശക്തികളെ ഉപയോഗിക്കുകയാണെന്ന് ഇമ്രാൻ ഖാൻ അറിയിച്ചു. ഇസ്ലാമാബാദിൽ തന്റെ പാർട്ടിയുടെ ശക്തിപ്രകടനത്തിനിടെയാണ് ഇമ്രാൻ ഖാന്റെ പ്രതികരണം. പാക്കിസ്ഥാനിൽ സർക്കാരിനെതിരായ അവിശ്വാസ പ്രമേയം തിങ്കളാഴ്ച പരിഗണിക്കാനിരിക്കുകയാണ്. ഇതിനിടെയാണ് ഇമ്രാൻ പാർട്ടിയുടെ ശക്തിപ്രകടനം സംഘടിപ്പിച്ചത്.

പാകിസ്താൻ സർക്കാരിനെ മാറ്റാൻ വിദേശപണം ഉപയോഗിക്കാനുള്ള ശ്രമത്തിലാണ്. പാകിസ്താനിലെ ആളുകളെയും അതിനായി ഉപയോഗിക്കുന്നുണ്ടെന്ന് ഇമ്രാൻ ഖാൻ ചൂണ്ടിക്കാട്ടി. ഇത് എവിടെ നിന്നാണ് ആസൂത്രണം ചെയ്യുന്നത് എന്നതിന് തെളിവുണ്ട്. പക്ഷേ രാജ്യതാൽപര്യം സംരക്ഷിക്കേണ്ടതിനാൽ ഇപ്പോൾ ഇതേക്കുറിച്ചു കൂടുതൽ സംസാരിക്കാനാവില്ലെന്നും എന്നാൽ വിദേശ ഗൂഢാലോചന സംബന്ധിച്ച കാര്യങ്ങൾ ഉടൻ വെളിപ്പെടുത്തുമെന്നും ഇമ്രാൻ ഖാൻ വ്യക്തമാക്കി.

കഴിഞ്ഞ 30 വർഷം മാറിമാറി ഭരിച്ച പാർട്ടികൾ രാജ്യത്തെ കൊള്ളയടിക്കുകയായിരുന്നു. തന്റെ സർക്കാർ നിലംപതിച്ചാലും അഴിമതിക്കാരോട് പൊറുക്കില്ലെന്നും പാകിസ്താൻ പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.