റഷ്യ-യുക്രൈന്‍ സംഘര്‍ഷം: യുക്രൈനിന് 6,000 മിസൈലുകള്‍ വാഗ്ദാനം ചെയ്ത് ബ്രിട്ടന്‍

ലണ്ടന്‍: റഷ്യ-യുക്രൈന്‍ സംഘര്‍ഷത്തില്‍ യുക്രൈനിന് സഹായ വാഗ്ദാനവുമായി ബ്രിട്ടണ്‍. 6,000 മിസൈലുകളും 2.5 കോടി പൗണ്ട് (3.3 കോടി ഡോളര്‍) സാമ്പത്തിക സഹായമായും യുക്രൈനിന് നല്‍കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അറിയിച്ചു. നാറ്റോ, ജി 7 ഉച്ചകോടികള്‍ നടക്കുന്നതിന് തൊട്ടുമുമ്പാണ് ടാങ്ക് വേധ മിസൈലുകളും ഉഗ്രശേഷിയുള്ള ആയുധങ്ങളുമടക്കമുള്ള സഹായം ബ്രിട്ടന്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

യുക്രൈനിലെ പട്ടണങ്ങളും നഗരങ്ങളും റഷ്യ തകര്‍ക്കുന്നത് നോക്കി നില്‍ക്കാനാകില്ലെന്നും റഷ്യക്കൊപ്പം നില്‍ക്കില്ലെന്നും ബോറിസ് ജോണ്‍സണ്‍ പ്രസ്താവനയില്‍ പറഞ്ഞു. യുക്രൈന് സൈനികവും സാമ്പത്തികവുമായ പിന്തുണ വര്‍ധിപ്പിക്കുന്നതിന് ബ്രിട്ടണ്‍ സഖ്യകക്ഷികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുക്രൈനിന് കൂടുതല്‍ പ്രതിരോധ പിന്തുണ നല്‍കിയും റഷ്യക്കെതിരായ സാമ്പത്തിക ഉപരോധങ്ങള്‍ ഇരട്ടിയാക്കിയും അവര്‍ക്കെതിരായ പ്രതിരോധം ശക്തമാക്കാന്‍ ബോറിസ് ജോണ്‍സണ്‍ പാശ്ചാത്യ സഖ്യകക്ഷികളോട് അഭ്യര്‍ത്ഥിച്ചതായി അദ്ദേഹത്തിന്റെ ഓഫീസ് വ്യക്തമാക്കി.

അതേസമയം, യുക്രൈനില്‍ റഷ്യ രാസായുധങ്ങളും ആണവായുധങ്ങളും പ്രയോഗിച്ചാല്‍ തിരിച്ചടിക്കാന്‍ അടിയന്തിര പദ്ധതികളുമായി യു.എസ് തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.