‘സ്‌നേഹം നിങ്ങളെ ഭ്രാന്തന്‍ കാര്യങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിക്കും’; അവതാരകന്റെ മുഖത്തടിച്ച ശേഷം വില്‍സ്മിത്തിന്റെ പരസ്യ ക്ഷമാപണം

ലോസ് ഏഞ്ചല്‍സ്: ഓസ്‌കര്‍ വിതരണ ചടങ്ങിനിടെ അവതാരകനായ ക്രിസ് റോക്കിനെ മുഖത്തടിച്ചതിന് പിന്നാലെ വേദിയില്‍ വികാരഭരിതനായി നടന്‍ വില്‍ സ്മിത്ത്. കിംഗ് റിച്ചാര്‍ഡ് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള പുരസ്‌കാരം സ്വീകരിച്ച ശേഷം ക്ഷമാപണം നടത്തുകയായിരുന്നു അദ്ദേഹം.

‘എനിക്ക് അക്കാദമിയോട് മാപ്പ് പറയണം. എന്റെ എല്ലാ നോമിനികളോടും ക്ഷമ ചോദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇതൊരു മനോഹരമായ നിമിഷമാണ്, ഞാന്‍ കരയാന്‍ ആഗ്രഹിക്കുന്നില്ല. കല ജീവിതത്തെ അനുകരിക്കുന്നു. റിച്ചാര്‍ഡ് വില്യംസിനെക്കുറിച്ച് അവര്‍ പറഞ്ഞതുപോലെ ഞാന്‍ ഒരു ഭ്രാന്തന്‍ പിതാവിനെപ്പോലെയാണ്. സ്നേഹം നിങ്ങളെ ഭ്രാന്തന്‍ കാര്യങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിക്കും’- സ്മിത്ത് പറഞ്ഞു.

ഭാര്യയെ കളിയാക്കിയതാണ് വില്‍ സ്മിത്ത് ക്രിസ് റോക്കിനെ ഓസ്‌കര്‍ വേദിയില്‍ കയറി മുഖത്ത് അടിക്കുകയായിരുന്നു. തിരിച്ച് വന്ന് കസേരയിലിരുന്ന വില്‍ സ്മിത്ത് തുടര്‍ന്ന് ആക്രോശിക്കുകയും ചെയ്തു. വില്‍സ്മിത്തിന്റെ ഭാര്യ ജാദ പിക്കറ്റ് സ്മിത്തിന്റെ ഹെയര്‍ സ്‌റ്റൈലിനെ കളിയാക്കിയതായിരുന്നു അദ്ദേഹത്തെ ചൊടിപ്പിച്ചത്.