ഇന്ത്യ-ചൈന അതിര്‍ത്തി പിന്മാറ്റത്തില്‍ ധാരണയായി: എസ്. ജയശങ്കര്‍

ന്യൂഡല്‍ഹി: അതിര്‍ത്തി പിന്മാറ്റം സംബന്ധിച്ച് ഇന്ത്യയും ചൈനയും പരസ്പര ധാരണയിലെത്തിയതായി ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ വ്യക്തമാക്കി. ഇന്ത്യ- ചൈന നയതന്ത്ര സൈനിക തല ചര്‍ച്ചകള്‍ ഇനിയും തുടരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതിര്‍ത്തി വിഷയം പരിഹരിക്കപ്പെടണം. പിന്‍മാറ്റത്തില്‍ പരസ്പര ധാരണയിലെത്തിയിട്ടുണ്ട്. ഇക്കാര്യത്തില്‍ ഇന്ത്യ കൃത്യമായ നിലപാട് വ്യക്തമാക്കി. അഫ്ഗാനിസ്ഥാന്‍, യക്രൈന്‍ വിഷയങ്ങളും ചര്‍ച്ചയായതായും എസ്. ജയശങ്കര്‍ പറഞ്ഞു.

ചൈനീസ് വിദേശകാര്യ മന്ത്രിയുടെ സന്ദര്‍ശനത്തെക്കുറിച്ച് കേന്ദ്രസര്‍ക്കാര്‍ ഔദ്യോഗിക അറിയിപ്പുകള്‍ ഒന്നും നല്‍കിയിരുന്നില്ല. ഇന്നലെ അഫ്ഗാന്‍ സന്ദര്‍ശനത്തിന് ശേഷം വാങ് യി ഇന്ത്യയിലെത്തുകയായിരുന്നു. അതിര്‍ത്തികളിലെ കൈയേറ്റത്തിനും സംഘര്‍ഷങ്ങള്‍ക്കും പിന്നാലെ ഇന്ത്യ ചൈന നയതന്ത്രബന്ധം മോശം ആയ ഈ സാഹചര്യത്തില്‍ ഇപ്പോഴത്തെ സന്ദര്‍ശനം ഏറെ നിര്‍ണായകമാണ്.