International (Page 128)

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണും പങ്കെടുക്കുന്ന ഇന്ത്യ-ഓസ്ട്രേലിയ ഉഭയകക്ഷി ഉച്ചകോടി ഇന്ന് ഉച്ചയോടെ വെര്‍ച്വലായി നടക്കും. ഇന്ത്യയില്‍ ഒന്നിലധികം മേഖലകളിലായി 1,500 കോടി രൂപയുടെ നിക്ഷേപം ഓസ്ട്രേലിയ പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അങ്ങനെ സംഭവിച്ചാല്‍ ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ ഇന്ത്യയില്‍ നടത്തുന്ന എക്കാലത്തെയും വലിയ നിക്ഷേപമായിരിക്കും ഇത്.

ഇന്ത്യയും ഓസ്ട്രേലിയയും ധാതുക്കളുടെ മേഖലയില്‍ ധാരണാപത്രം ഒപ്പുവെക്കും. ഇത് ഓസ്ട്രേലിയയില്‍ നിന്ന് മെറ്റാലിക് കല്‍ക്കരി, ലിഥിയം എന്നിവ സ്വന്തമാക്കുന്നതിന് ഇന്ത്യയെ സഹായിക്കുകയും പ്രവേശനം വര്‍ധിപ്പിക്കുകയും ചെയ്യും. ഇന്ത്യ-ഓസ്ട്രേലിയ വ്യാപാര കരാര്‍ ഈ മാസം അവസാനത്തോടെ തീരുമാനമാകും.

അതേസമയം, അടുത്ത 5 വര്‍ഷം കൊണ്ട് ജപ്പാന്‍ ഇന്ത്യയില്‍ 3.20 ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് ന്യൂഡല്‍ഹിയില്‍ ജാപ്പനീസ് പ്രധാനമന്ത്രി ഫ്യുമിയോ കിഷിദയുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷം നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു. ഇന്ത്യയിലെത്തുന്ന ജാപ്പനീസ് കമ്പനികള്‍ക്ക് എല്ലാ സഹായവും ഉറപ്പാക്കും. ആഗോളതലത്തില്‍ ഒരുമിച്ചുള്ള പ്രവര്‍ത്തനം ശക്തമാക്കും. ബുള്ളറ്റ് ട്രെയിനുകളുടെ കാര്യത്തില്‍ ഇന്ത്യയിലെ ഏറ്റവും വലിയ നിക്ഷേപകര്‍ ജപ്പാനാണെന്ന് കിഷിദയും ചൂണ്ടിക്കാട്ടി.

കീവ്: റഷ്യയുമായുള്ള എല്ലാ വ്യാപാരങ്ങളും അവസാനിപ്പിക്കണമെന്ന് യൂറോപ്യൻ നേതാക്കളോട് ആഹ്വാനം ചെയ്ത് യുക്രൈൻ പ്രസിഡന്റ് വൊളോദിമർ സെലെൻസ്‌കി. ബാൾട്ടിക് രാജ്യങ്ങൾ ഉൾപ്പെടെ യൂറോപ്യൻ യൂണിയനിലെ നിരവധി രാജ്യങ്ങൾ റഷ്യൻ എണ്ണ, വാതക ഇറക്കുമതിക്ക് ഉപരോധം ഏർപ്പെടുത്താൻ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് അദ്ദേഹം നേതാക്കളോട് ഇക്കാര്യം അഭ്യർത്ഥിച്ചത്. ഒരു വീഡിയോ അഭിസംബോധനയിലൂടെയാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.

റഷ്യയുടെ യുദ്ധായുധങ്ങൾ സ്പോൺസർ ചെയ്യരുതെന്നാണ് അദ്ദേഹത്തിന്റെ അഭ്യർത്ഥന. അധിനിവേശക്കാർക്ക് യൂറോ വേണ്ടെന്നും നിങ്ങളുടെ എല്ലാ തുറമുഖങ്ങളും അവർക്ക് മുന്നിൽ അടയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു. അവർക്ക് നിങ്ങളുടെ ഉൽപ്പന്നം കയറ്റുമതി ചെയ്യരുത്. ഊർജ്ജ വിഭവങ്ങൾ നിഷേധിക്കുക. യുക്രൈനിൽ നിന്ന് പിന്മാറാൻ റഷ്യയെ പ്രേരിപ്പിക്കണമെന്നും അദ്ദേഹം വീഡിയോയിൽ പറയുന്നു.

നിങ്ങൾക്ക് ശക്തിയുണ്ട്, യൂറോപ്പിന് ശക്തിയുണ്ടെന്നായിരുന്നു ജർമ്മനിയെ നേരിട്ട് അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം വ്യക്തമാക്കിയത്. അതേസമയം, യുക്രൈൻ വിഷയം ചർച്ച ചെയ്യാനും റഷ്യയ്ക്കെതിരെയുള്ള ഉപരോധം കർശനമാക്കുന്നത് സംബന്ധിച്ചും ചർച്ച ചെയ്യാൻ വേണ്ടി യൂറോപ്യൻ യൂണിയൻ വിദേശകാര്യ മന്ത്രിമാർ യോഗം ചേരും.

റോം: വത്തിക്കാനിലെ ഭരണ സംവിധാനത്തിൽ നിർണായക മാറ്റം. മാമോദീസ സ്വീകരിച്ച വനിതകൾ ഉൾപ്പെടെയുള്ള ഏത് കത്തോലിക്കക്കാർക്കും വത്തിക്കാനിലെ വിവിധ ഭരണ വകുപ്പുകളുടെ നേതൃത്വത്തിൽ ഇനി മുതൽ എത്താനാകും. മാർപ്പാപ്പയാണ് ഇക്കാര്യം വ്യക്തമാക്കുന്ന പുതിയ അപ്പസ്‌തോലിക രേഖ പുറത്തിറക്കിയത്. നൂറ്റാണ്ടുകളായി തുടർന്നുവന്ന രീതിക്കാണ് പുതിയ പ്രഖ്യാപനത്തോടെ മാറ്റം വരുന്നത്.

പ്രോഡീക്കേറ്റ് ഇവാൻജലിയം’ എന്നാണ് പുതിയ ഭരണരേഖയുടെ പേര്. ജൂൺ അഞ്ചിന് ഇത് നിലവിൽ വരും. ഫാൻസിസ് മാർപാപ്പ സ്ഥാനമേറ്റതിന്റെ ഒമ്പതാം വാർഷികദിനവും വിശുദ്ധ യൗസേപ്പിന്റെ തിരുനാൾ ദിനത്തിലുമായി പുതിയ ഭരണ ഘടന പുറത്തിറക്കിയത്. പുതിയ തീരുമാനത്തോടെ കർദിനാൾമാർ കൈകാര്യം ചെയ്തിരുന്ന ഭരണ സംവിധാനങ്ങളിൽ വനിതകൾക്കും പ്രവർത്തിക്കാൻ കഴിയും.

കർദിനാൾമാർക്കും ബിഷപ്പുമാർക്കും മാത്രമായിരുന്നു നേരത്തെ ഭരണ സംവിധാനത്തിൽ ഇടപെടാൻ കഴിഞ്ഞിരുന്നത്. പത്ത് വർഷത്തോളം നീണ്ടുനിന്ന ചർച്ചകൾക്കും കൂടിയാലോചനകൾക്കും ശേഷമാണ് പുതിയ ഭരണ ഘടന പ്രഖ്യാപിച്ചത്. മാർപാപ്പയും ബിഷപ്പുമാരും മറ്റ് നിയുക്ത ശുശ്രൂഷകരും സഭയിലെ സുവിശേഷകർ മാത്രമല്ലെന്ന് പുതിയ അപ്പസ്‌തോലിക രേഖയുടെ ആമുഖത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. പുതിയ ഭരണഘടന പ്രകാരം മാമോദീസ സ്വീകരിച്ച വിശ്വാസികളായ ഏതൊരു അംഗത്തിനും ഭരണസംവിധാനത്തിന്റെ ഭാഗമാകാനാകും.

ബീജിംഗ്: ചൈനയില്‍ 132 യാത്രക്കാരുമായി പറന്നുയര്‍ന്ന ഈസ്‌റ്റേണ്‍ എയര്‍ലൈനിന്റെ ബോയിംഗ് 737 വിമാനം തകര്‍ന്നു വീണു. തെക്കന്‍ ചൈനയിലെ ഒരു പര്‍വതയിടുക്കിലാണ് വിമാനം തകര്‍ന്നു വീണതെന്നാണ് ചൈന സെന്‍ട്രല്‍ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തത്.

ഇന്ന് ഉച്ചക്ക് 1.11ന് കുമിംഗില്‍ നിന്ന് ഗ്വാംഷുവിലേക്ക് പുറപ്പെട്ട വിമാനമാണ് തകര്‍ന്നത്. എത്രപേര്‍ രക്ഷപ്പെട്ടു എന്നത് സംബന്ധിച്ച് കൃത്യമായ വിവിരങ്ങളൊന്നും പുറത്തു വന്നിട്ടില്ല. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

123 യാത്രക്കാരും ഒമ്പത് ക്രൂ മെമ്പേഴ്സും അടങ്ങുന്ന സംഘമാണ് വിമാനത്തിലുണ്ടായിരുന്നത്. വുഷോവിലെ ടെംഗ് കൗണ്ടി മലനിരകളിലാണ് വിമാനം തകര്‍ന്നുവീണതെന്നാണ് വിവരും. പ്രദേശത്താകെ തീ പടര്‍ന്നുപിടിക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. വിമാനത്തിലുള്ളവരെ കുറിച്ച് നിലവില്‍ വിവരമില്ല.

കീവ്: റഷ്യ -യുക്രൈൻ യുദ്ധത്തിൽ റഷ്യയുടെ 14,700 സൈനികർ കൊല്ലപ്പെട്ടു. യുക്രൈൻ വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. റഷ്യയുടെ 1,487 കവചിത വാഹനങ്ങൾ, 96 വിമാനങ്ങൾ, 230 പീരങ്കികൾ, 947 വാഹനങ്ങൾ എന്നിവ തകർത്തുവെന്നും യുക്രൈൻ വ്യക്തമാക്കി.

യുക്രൈനിൽ റഷ്യൻ സേനയ്ക്ക് കൂടുതൽ മുന്നേറാൻ മതിയായ പോരാട്ടവീര്യം ഇല്ലെന്നാണ് യുക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കിയുടെ ഉപദേഷ്ടാവ് ഒലെക്‌സി അരെസ്റ്റോവിച്ച് അഭിപ്രായപ്പെട്ടത്. അതേസമയം, യുക്രൈനിലെ റഷ്യൻ അധിനിവേശം നാലാമത്തെ ആഴ്ചയിലെത്തി.

ഞായറാഴ്ച 400 ലധികം പേർ അഭയാർഥികളായി കഴിഞ്ഞിരുന്ന മരിയുപോളിലെ സ്‌കൂൾ കെട്ടിടം റഷ്യൻ സേന ബോംബിട്ട് തകർത്തിരുന്നു. ആക്രമണത്തിൽ കെട്ടിടം പൂർണമായി തകർന്നു. എത്രപേരാണ് മരണപ്പെട്ടതെന്ന വിവരം പുറത്തുവന്നിട്ടില്ല.

കൊളമ്പോ: ശ്രീലങ്കയിലെ പടിഞ്ഞാറൻ പ്രവിശ്യയിൽ ദശലക്ഷക്കണക്കിന് സ്‌കൂൾ വിദ്യാർത്ഥികളുടെ പരീക്ഷകൾ റദ്ദാക്കി. കടലാസും മഷിയുമില്ലാത്തതിനാൽ അച്ചടി മുടങ്ങിയതിനെ തുടർന്നാണ് നടപടിയെന്ന് അധികൃതർ അറിയിച്ചു. സാമ്പത്തിക പ്രതിസന്ധി മൂലം കടലാസ്, മഷി ഇറക്കുമതി നിലച്ചതാണ് അച്ചടി മുടങ്ങാൻ കാരണം.

1948 ൽ സ്വാതന്ത്ര്യം നേടിയതിന് ശേഷമുള്ള ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ശ്രീലങ്ക ഇപ്പോൾ കടന്നു പോകുന്നത്. ഇതിൽ നിന്നും കരകയറാനുള്ള ശ്രമത്തിലാണ് രാജ്യം. രൂക്ഷമായ പേപ്പർ ക്ഷാമത്തെ തുടർന്ന് നാളെ മുതൽ ഒരാഴ്ച നടത്താനിരുന്ന ടേം ടെസ്റ്റുകൾ അനിശ്ചിതകാലത്തേക്ക് മാറ്റിവച്ചതായി വിദ്യാഭ്യാസ അധികൃതർ അറിയിച്ചു.

ആവശ്യമായ പേപ്പറും മഷിയും ഇറക്കുമതി ചെയ്യുന്നതിന് പ്രിന്ററുകൾക്ക് വിദേശനാണ്യം സുരക്ഷിതമാക്കാൻ കഴിയാത്തതിനാൽ സ്‌കൂൾ പ്രിൻസിപ്പൽമാർക്ക് ടെസ്റ്റുകൾ നടത്താൻ കഴിയില്ലെന്ന് പശ്ചിമ പ്രവിശ്യയിലെ വിദ്യാഭ്യാസ വകുപ്പ് പറഞ്ഞു. രാജ്യത്തെ 4.5 ദശലക്ഷം വിദ്യാർത്ഥികളിൽ ഏകദേശം മൂന്നിൽ രണ്ട് പേർക്കും പരീക്ഷകൾ നിർത്തലാക്കുന്ന നടപടി ബാധിക്കും. വർഷാവസാനം വിദ്യാർത്ഥികളെ അടുത്ത ഗ്രേഡിലേക്ക് പ്രമോട്ടുചെയ്യണോ എന്ന് തീരുമാനിക്കുന്നതിനുള്ള തുടർച്ചയായ മൂല്യനിർണ്ണയ പ്രക്രിയയുടെ ഭാഗമാണ് ടേം ടെസ്റ്റുകൾ.

ഇസ്ലാമബാദ്: പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ അനുകൂലിക്കുമെന്ന് പ്രഖ്യാപിച്ച് രണ്ട് ഡസന്‍ ഭരണകക്ഷി എംപിമാര്‍ പരസ്യമായി രംഗത്ത് വന്നതോടെ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ കസേര തെറിക്കുമെന്ന് ഏതാണ്ട് ഉറപ്പായി. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയും വിലക്കയറ്റവും ദുര്‍ഭരണവും ആരോപിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം ചര്‍ച്ച ചെയ്യാന്‍ നാളെ പാര്‍ലമെന്റ് സമ്മേളനം ആരംഭിക്കും.

എന്നാല്‍, അധികാരം തുടരാന്‍ വേണ്ടി ബലപ്രയോഗത്തിനും മടിക്കില്ലെന്ന് പ്രഖ്യാപിച്ച ഇമ്രാന്‍ പാക് സേനാ മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്വയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അവിശ്വാസപ്രമോയ വോട്ടെടുപ്പിന് മുമ്പ് പാക് പാര്‍ലമെന്റിനു മുന്നില്‍ 10 ലക്ഷം പാര്‍ട്ടി പ്രവര്‍ത്തകരുടെ മാര്‍ച്ച് സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. പ്രതിപക്ഷ കക്ഷികളായ പാകിസ്ഥാന്‍ മുസ്ലിം ലീഗ്-നവാസ്, പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി എന്നീ പാര്‍ട്ടികളിലെ നൂറോളം എംപിമാരാണ് പാര്‍ലമെന്റില്‍ അവിശ്വാസ പ്രമേയം കൊണ്ടുവരുന്നത്.

അതേസമയം, ഇമ്രാന്റെ തിരിച്ചടി ഭയന്ന് വിമത എംപിമാര്‍ സിന്ധ് ഹൗസില്‍ കഴിയുകയാണ്. എന്നാല്‍, സിന്ധ് ഭരണകൂടം കോഴ നല്‍കി തങ്ങളുടെ എംപിമാരെ തട്ടിക്കൊണ്ടു പോയതാണെന്നാണ് ഇമ്രാന്റെ കക്ഷിയുടെ ആരോപണം.

ജെനീവ: തെറ്റിദ്ധാരണകള്‍ പ്രചരിപ്പിക്കുന്നതടക്കം നിരവധി ഘടകങ്ങള്‍ കൊവിഡ് വ്യാപനത്തിന് ഇടയാക്കുന്നുവെന്ന് ലോകാരോഗ്യ സംഘടനയുടെ സാങ്കേതിക വിഭാഗ മേധാവി മരിയ വാന്‍ കെര്‍ഖോവ്.

കൊവിഡിന്റെ ഒമിക്രോണ്‍ വകഭേദം അപകടമില്ലാത്തതാണെന്നും, അവസാനത്തെ വകഭേദമാണെന്നും പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. ഇത് ജനങ്ങള്‍ക്കിടയില്‍ പ്രതിരോധ നടപടികളെ അവഗണിക്കാനും രോഗവ്യാപനമുണ്ടാക്കാനും ഇടയാക്കുന്നുണ്ട്. മാത്രമല്ല, കൊവിഡ് അവസാനിച്ചെന്ന തെറ്റായ പ്രചാരണവും ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണകള്‍ക്കിടയാക്കിയിട്ടുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി. രോഗം ബാധിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നത് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാക്കാനും മരണസംഖ്യ ഉയരാനും ഇടയാക്കിയേക്കാമെന്നും മരിയ വാന്‍ കെര്‍ഖോവ് കൂട്ടിച്ചേര്‍ത്തു.

ലോകത്ത് കഴിഞ്ഞ 30 ദിവസത്തിനിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതില്‍ 99.9 ശതമാനവും ഒമിക്രോണ്‍ വകഭേദമാണ്. എന്നാല്‍, കൊവിഡ് പരിശോധനയുടെ തോതില്‍ അടുത്തിടെ വലിയ കുറവ് വന്നിട്ടുണ്ടെന്നും ലോകാരോഗ്യ സംഘടന വിലയിരുത്തുന്നു. അതേസമയം, ലോകത്ത് പലയിടത്തും വര്‍ധിച്ചുവരുന്ന പുതിയ കേസുകളുടെ പശ്ചാത്തലത്തില്‍ കൊവിഡ് പൂര്‍ണമായും അവസാനിക്കുന്നതിന് ഇനിയും സമയമെടുത്തേക്കുമെന്നും സംഘടന നേരത്തെ വ്യക്തമാക്കിയിരുന്നു.

ക്ഷയ രോഗവുമായി ബന്ധപ്പെട്ട് നിർണായക പഠനവുമായി ഗവേഷകർ. ക്യാൻസർ മരുന്നുകൾ ക്ഷയരോഗത്തെ പ്രതിരോധിച്ചേക്കാമെന്നാണ് പുതിയ പഠനത്തിലെ കണ്ടെത്തൽ. ക്ഷയരോഗവും ക്യാൻസറും തമ്മിൽ ഒരു ബന്ധമുണ്ടെന്നും ഗവേഷകർ പറയുന്നു. സ്റ്റാൻഫോർഡ് മെഡിസിനിലെ ഗവേഷകരാണ് പഠനം നടത്തിയത്. ക്ഷയരോഗമുള്ള ആളുകളുടെ ശ്വാസകോശത്തിലെ ‘ഗ്രാനുലോമകൾ’ എന്ന് വിളിക്കപ്പെടുന്ന ക്ഷതം കാൻസർ കോശങ്ങൾ അല്ലെങ്കിൽ അണുബാധകൾ എന്നിവക്കെതിരായ ശരീരത്തിന്റെ രോഗപ്രതിരോധ പ്രതികരണത്തെ കുറയ്ക്കാൻ അറിയപ്പെടുന്ന പ്രോട്ടീനുകളാൽ നിറഞ്ഞിരിക്കുന്നുവെന്നും പഠനത്തിൽ കണ്ടെത്തി.

ചിലതരം ക്യാൻസർ മരുന്നുകൾ പ്രതിരോധശേഷി കുറയ്ക്കുന്ന പ്രോട്ടീനുകളെ ലക്ഷ്യമിടുന്നു. മരുന്നുകൾ ക്യാൻസർ രോഗികളിൽ വ്യാപകമായി ഉപയോഗിക്കുന്നതിനാൽ ക്ഷയരോഗബാധയെ ചെറുക്കാൻ കഴിയുമോ എന്ന് പരിശോധിക്കാൻ ക്ലിനിക്കൽ പരീക്ഷണങ്ങൾ വേഗത്തിൽ ആരംഭിക്കാൻ കഴിയുമെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ. മൾട്ടിപ്ലക്സ്ഡ് അയോൺ ബീം ഇമേജിംഗ് ബൈ ടൈം ഓഫ് ഫ്‌ലൈറ്റ് (MIBI-TOF) എന്ന ഇമേജിംഗ് സാങ്കേതികതയാണ് ഗവേഷകർ ഉപയോഗിച്ചത്. ഈ ടെക്‌നിക് ഉപയോഗിച്ച് ക്ഷയരോഗമുള്ള 15 ആളുകളിൽ നിന്ന് ശ്വാസകോശത്തിലെയും മറ്റ് കോശങ്ങളിലെയും ഗ്രാനുലോമകളിലെ പ്രതിരോധശേഷി കുറയ്ക്കുന്ന പ്രോട്ടീനുകളുടെ സ്ഥാനം നിരീക്ഷിച്ചു.

രണ്ട് പ്രോട്ടീനുകളുടെ ഉയർന്ന അളവുകൾ ഗവേഷകർ കണ്ടെത്തി. PD-L1, IDO1 – അത് ക്യാൻസറിനുള്ള പ്രതിരോധ പ്രതികരണത്തെ അടിച്ചമർത്താൻ കഴിയും. അവ പലപ്പോഴും ട്യൂമർ ടിഷ്യുകളിൽ കാണപ്പെടുന്നു. ക്യാൻസർ മരുന്നുകളാണ് ഈ പ്രോട്ടീനുകൾ ലക്ഷ്യമിടുന്നതെന്ന് നേച്ചർ ഇമ്മ്യൂണോളജി ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു. ഗവേഷകർ 1500 ത്തിൽ അധികം ആളുകളിൽ നിന്ന് ശേഖരിച്ച രക്തസാമ്പിളുകൾ പരിശോധിച്ചപ്പോൾ PD-L1 ന്റെ അളവ് ക്ലിനിക്കൽ ലക്ഷണങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നതായി കണ്ടെത്തി. ഒളിഞ്ഞിരിക്കുന്നതോ ലക്ഷണങ്ങളില്ലാത്തതോ ആയ അണുബാധയുള്ള രോഗികൾക്ക് അവരുടെ രക്തത്തിൽ PD-L1 ന്റെ അളവ് കുറവായിരുന്നു. മാത്രമല്ല ഉയർന്ന PD-L1 അളവുള്ളവരേക്കാൾ അണുബാധയിലേക്ക് പുരോഗമിക്കാനുള്ള സാധ്യത കുറവാണെന്നും ഗവേഷകർ ചൂണ്ടിക്കാട്ടി.

ലോസ് അഞ്ചിലസ്: സോഷ്യല്‍ മീഡിയ ആപ്പുകള്‍ക്ക് അടിമകളാകുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് ഇനി കമ്പനികള്‍ നഷ്ടപരിഹാരം നല്‍കണം. ഇതു സംബന്ധിച്ച ബില്ല് കാലിഫോര്‍ണിയ നിയമസഭയില്‍ അവതരിപ്പിച്ചു. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ എത്തുന്ന കുട്ടികള്‍ ചൂഷണം ചെയ്യുന്നത് തടയുന്നതിനുള്ള നിയമനിര്‍മ്മാണമാണ് ബില്ലിന്റെ ലക്ഷ്യം. ഇതിനുള്ള യുഎസിലെ എറ്റവും വലിയ രാഷ്ട്രീയ ശ്രമമാണ് ഇതെന്നാണ് ലോസ് അഞ്ചിലോസ് ടൈംസ് റിപ്പോര്‍ട്ട് പറയുന്നത്.

അസംബ്ലി ബില്‍ 2408, സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം ഡ്യൂട്ടി ടു ചില്‍ഡ്രന്‍ ആക്റ്റ് എന്നാണ് അവതരിപ്പിക്കപ്പെട്ട ബില്ലിന്റെ പേര്, പാസോ റോബിള്‍സിലെ റിപ്പബ്ലിക്കന്‍ പ്രതിനിധി ജോര്‍ദാന്‍ കണ്ണിംഗ്ഹാമും ഓക്ക്‌ലാന്‍ഡിലെ ഡെമോക്രാറ്റ് പ്രതിനിധി ബഫി വിക്‌സും ചേര്‍ന്ന് സാന്‍ഡീഗോ യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് ലോ ചില്‍ഡ്രന്‍സ് അഡ്വക്കസി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പിന്തുണയോടെയാണ് ഈ ബില്ല് അവതരിപ്പിച്ചത്.
‘ഈ കമ്പനികളില്‍ ചിലത് അവരുടെ ആപ്പുകളില്‍ മനഃപൂര്‍വ്വം കുട്ടികളെ കെണിയില്‍പ്പെടുത്താന്‍, കുട്ടികള്‍ ഉപയോഗിക്കുന്നുണ്ടെന്ന് കമ്പനികള്‍ക്ക് തന്നെ വ്യക്തമായി അറിയാം. ആപ്പിലെ സവിശേഷതകള്‍ സോഷ്യല്‍മീഡിയ കുട്ടികള്‍ കൂടുതല്‍ ഉപയോഗിക്കുന്നതിന് കാരണമാകുന്നു, ഇത് ആസക്തിയിലേക്ക് നയിക്കും,’ കണ്ണിംഗ്ഹാം വ്യക്തമാക്കി.

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ കുട്ടികള്‍ അടിമയാകാതിരിക്കാന്‍ പുതിയ ബില്ല് കമ്പനികളെ ബാധ്യസ്ഥമാക്കുമെന്നും, ആവശ്യമെങ്കില്‍ അവരുടെ ഡിസൈന്‍ സവിശേഷതകളും ഡാറ്റ ശേഖരണ രീതികളും ഭേദഗതി ചെയ്യിക്കാനും സാധ്യതയുണ്ടെന്നാണ് ബില്ലിന്റെ നിര്‍മ്മാതാക്കള്‍ പറയുന്നു.