International (Page 126)

രാത്രിയിൽ ലൈറ്റിട്ട് ഉറങ്ങുന്ന ശീലമുള്ളവരാണോ നിങ്ങൾ. എങ്കിൽ ആ ശീലം അത്ര നല്ലതല്ലെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. രാത്രി ഉറക്കത്തിനിടയിൽ മുറിയിൽ മിതമായ തോതിലുള്ള വെളിച്ചമാണെങ്കിൽ പോലും അത് ശരീരത്തെ ദോഷകരമായി ബാധിക്കുമെന്നാണ് ഗവേഷകർ വ്യക്തമാക്കുന്നത്. യുഎസിലെ നോർത്ത് വെസ്റ്റേൺ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. പിഎൻഎഎസ് ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്.

്ഉറക്കത്തിൽ മുറിയിലെ മിതമായ വെളിച്ചം സമ്പർക്കം പുലർത്തുന്നത് ഗ്ലൂക്കോസ്, ഹൃദയ സംബന്ധമായ നിയന്ത്രണങ്ങൾ എന്നിവയെ ബാധിക്കുമെന്നും ഇത് ഹൃദ്രോഗം, പ്രമേഹം, മെറ്റബോളിക് സിൻഡ്രോം എന്നിവയ്ക്കുള്ള അപകട ഘടകങ്ങളാണെന്നും യൂണിവേഴ്സിറ്റിയിലെ ഫെയിൻബർഗ് സ്‌കൂൾ ഓഫ് മെഡിസിനിലെ സ്ലീപ്പ് മെഡിസിൻ മേധാവി ഡോ. ഫിലിസ് സീ വ്യക്തമാക്കി.

രാത്രിയിൽ ഉറക്കത്തിൽ പ്രകാശം കൊള്ളുന്നത് ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യേണ്ടതാണെന്നും ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു. മിതമായ പ്രകാശം ശരീരത്തെ ഉയർന്ന ജാഗ്രതാവസ്ഥയിലേക്ക് നയിച്ചതായി അന്വേഷകർ കണ്ടെത്തി. ഈ അവസ്ഥയിൽ, ഹൃദയമിടിപ്പ് വർദ്ധിക്കുന്നതിനൊപ്പം ഹൃദയം ചുരുങ്ങുന്നതിന്റെ ശക്തിയും ഓക്‌സിജൻ നിറഞ്ഞ രക്തപ്രവാഹത്തിനായി നിങ്ങളുടെ രക്തക്കുഴലുകളിലേക്ക് എത്ര വേഗത്തിൽ രക്തം എത്തിക്കുന്നു എന്നതിന്റെ നിരക്കും വർദ്ധിക്കുന്നുവെന്നും പഠനത്തിൽ പറയുന്നുണ്ട്.

കൊളംബോ: ശ്രീലങ്കൻ ധനമന്ത്രി അലി സബ്രി രാജിവച്ചു. സത്യപ്രതിജ്ഞ ചെയ്ത് ഒരു ദിവസം പിന്നിടുമ്പോഴാണ് അലി സബ്രി രാജി വെച്ചത്. പ്രസിഡന്റ് ഗൊതബയ രജപക്സെയുടെ സഹോദരൻ ബസിൽ രജപക്സയെ മാറ്റിയാണ് അലി സബ്രിയെ നിയമിച്ചത്. നിലവിലെ സ്ഥിതി പഠിച്ച ശേഷം, പ്രതിസന്ധി മറികടക്കാൻ പുതിയ ധനമന്ത്രിയെ നിയമിക്കണമെന്ന് പ്രസിഡന്റിന് സമർപ്പിച്ച കത്തിൽ സബ്രി ആവശ്യപ്പെട്ടു.

നിയമവകുപ്പ് രാജിവച്ച ശേഷം മറ്റൊരു മന്ത്രി സ്ഥാനത്തെ കുറിച്ച് ചിന്തിച്ചിരുന്നില്ലെന്നും പാർലമെന്ററി ജനാധിപത്യം നിലനിർത്താനും സംവിധാനങ്ങൾ അതേപടി തുടരാനുമാണ് ധനമന്ത്രിയായി ചുമതലയേറ്റതെന്നും അദ്ദേഹം രാജി കത്ത് സമർപ്പിച്ച ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. മുൻപെങ്ങുമില്ലാത്ത വിധം കടുത്ത പ്രതിസന്ധിയാണ് ശ്രീലങ്കയിൽ അനുഭവപ്പെടുന്നത്.

കഴിഞ്ഞ ദിവസം രാത്രി മുഴുവൻ ശ്രീലങ്കയിലെ തെരുവുകളിൽ ജനങ്ങൾ പ്രതിഷേധം നടത്തി. നെഗോമ്പോ പട്ടണത്തിൽ പൊലീസും ജനങ്ങളും ഏറ്റുമുട്ടി. രാഷ്ട്രീയ നേതാക്കളുടെ വീടുകൾ ജനങ്ങൾ വളഞ്ഞു. മുൻ മന്ത്രി ഗാമിനി ലോകഗിന്റെ വീടിന് തീയിടാനും ശ്രമം നടന്നു. അതേസമയം, സർവകക്ഷി സർക്കാരിൽ ചേരില്ലെന്ന് പ്രതിപക്ഷം അറിയിച്ചു.

ശ്രീലങ്കയിൽ കടുത്ത നിയന്ത്രണങ്ങളാമ് ഏർപ്പെടുത്തിയിരിക്കുന്നത്. രാജ്യവ്യാപക കർഫ്യൂ തുടരുകയാണ്. ക്രമസമാധാനം ഉറപ്പിക്കാനും സാധന സാമഗ്രികളുടെ വിതരണം ഉറപ്പുവരുത്താനുമാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതെന്ന് പ്രസിഡന്റ് ഗൊതബായ രജപക്സെ നേരത്തെ അറിയിച്ചിരുന്നു.

ഇസ്ലാമാബാദ്: പാകിസ്ഥാന്‍ പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും തന്നെ മാറ്റുന്നതിന് വിദേശ ഇടപെടല്‍ ഉണ്ടായി എന്ന ഇമ്രാന്‍ ഖാന്റെ ആരോപണത്തിന് മറുപടിയുമായി പിപിപി ചെയര്‍മാന്‍ ബിലാവല്‍ ഭൂട്ടോ സര്‍ദാരി. ഇമ്രാന്‍ ഖാന് ഇന്ത്യയില്‍ നിന്നും ഇസ്രയേലില്‍ നിന്നും ധനസഹായം ലഭിച്ചുവെന്നാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണം. തിങ്കളാഴ്ച സിന്ധിലെ ശിക്കാര്‍പൂരിന് സമീപം ജനങ്ങളെ അഭിസംബോധന ചെയ്യവേയാണ് പാകിസ്ഥാന്റെ ആഭ്യന്തര വിഷയങ്ങളിലേക്ക് ഇന്ത്യയേയും ഇസ്രയേലിനേയും വലിച്ചിടാന്‍ ബിലാവല്‍ ഭൂട്ടോ സര്‍ദാരി ശ്രമിച്ചത്. എന്നാല്‍, ഇത് ഇമ്രാന്‍ ഉയര്‍ത്തിയ ‘വിദേശ ഗൂഢാലോചന’ കുറ്റത്തില്‍ നിന്നും രക്ഷപ്പെടാനുള്ള ബിലാവലിന്റെ തന്ത്രമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

‘ഒരു വിശ്വാസ വോട്ടെടുപ്പ് വരുന്നു, അത് വിജയിച്ചാല്‍ പാകിസ്ഥാന്റെ എല്ലാ തെറ്റുകളും ക്ഷമിക്കപ്പെടും, അല്ലാത്തപക്ഷം, പാകിസ്ഥാന്‍ അനന്തരഫലങ്ങള്‍ ഗുരുതരമായി നേരിടേണ്ടി വരും’-എ്ന്ന അമേരിക്കന്‍ നയതന്ത്രജ്ഞന്‍ ഡൊണാള്‍ഡ് ലു പറഞ്ഞതിനെ ഉദ്ധരിച്ചാണ് ഇമ്രാന്‍ ഖാന്‍ പ്രതിപക്ഷത്തിന് മേല്‍ വിദേശ ബന്ധമുണ്ടെന്ന ആരോപണം ഉന്നയിച്ചത്.

അതേസമയം, ഇമ്രാന്‍ ഖാന്‍ ഉയര്‍ത്തിയ ‘വിദേശ ഗൂഢാലോചന’ ആരോപണത്തില്‍ പാകിസ്ഥാന്‍ സൈന്യത്തിന്റെ നിലപാട് വ്യക്തമാക്കണമെന്നും പിപിപി നേതാവ് ആവശ്യപ്പെട്ടു. ഇമ്രാന്‍ ഖാനെതിരായ അവിശ്വാസ പ്രമേയം വോട്ടെടുപ്പ് കൂടാതെ നാഷണല്‍ അസംബ്ലി ഡെപ്യൂട്ടി സ്പീക്കര്‍ ഖാസിം ഖാന്‍ സൂരി തള്ളിയതോടെയാണ് പാകിസ്ഥാന്‍ ഭരണഘടനാ പ്രതിസന്ധി ശക്തമായത്.

ഇസ്ലാമാബാദ്: പാകിസ്താനിലെ രാഷ്ട്രീയ പ്രതിസന്ധിയിൽ ഇടക്കാല ഉത്തരവിന് തയാറാകാതെ സുപ്രീംകോടതി. പാകിസ്താനിലെ ഭരണ പ്രതിസന്ധിയിൽ സുപ്രീം കോടതിയിലെ മുഴുവൻ ജഡ്ജിമാരും ഉൾപ്പെട്ട ബെഞ്ച് വാദം കേൾക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് വാദം കേട്ടത്. പാർലമെന്റ് പിരിച്ചുവിട്ടതിന് എതിരായ പ്രതിപക്ഷത്തിന്റെ ഹർജിയിൽ നാളെയും വാദം തുടരും.

ഇമ്രാൻ ഖാനെതിരെ ദേശീയ അസംബ്ലിയിൽ അവിശ്വാസം പ്രമേയം അവതരിപ്പിക്കുന്നത് തടയാൻ സ്പീക്കർക്ക് അധികാരമില്ല, അവിശ്വാസ പ്രമേയം തടയാൻ സ്പീക്കർ ഭരണഘടനാ വളച്ചൊടിച്ചു, മൂന്ന്, അവിശ്വാസം പരിഗണനയിൽ ഇരിക്കെ ദേശീയ അസംബ്ലി പിരിച്ചുവിടാൻ കഴിയില്ല തുടങ്ങിയ കാര്യങ്ങളാണ് പ്രതിപക്ഷം മുന്നോട്ടുവെയ്ക്കുന്നത്.

പാർലമെന്റ് പിരിച്ചുവിട്ടത് ഇടക്കാല ഉത്തരവിലൂടെ സ്റ്റേ ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യം അംഗീകരിക്കാൻ കോടതി തയ്യാറായില്ല. എല്ലാ കാര്യങ്ങളിലും വിശദമായ വാദം കേട്ട് ഭരണഘടനാപരമായി വിധി പറയുമെന്ന് ചീഫ് ജസ്റ്റിസ് ഉമർ അതാ ബന്ദിയാൽ അറിയിച്ചു. രാജ്യത്തെ രാഷ്ട്രീയ പ്രതിസന്ധിയിൽ സൈന്യത്തിന് ഒന്നും ചെയ്യാനില്ലെന്ന് സൈനിക വക്താവ് ബാബർ ഇഫ്തികാർ വ്യക്തമാക്കി.

ശ്രീലങ്കയില്‍ പ്രതിസന്ധി രൂക്ഷമായിക്കൊണ്ടിരിക്കെ എല്ലാ രാഷ്ട്രീയ കക്ഷികളെയും ഉള്‍പ്പെടുത്തി ദേശീയ സര്‍ക്കാര്‍ രൂപീകരിച്ചു. സര്‍ക്കാരിനെതിരെ ജനരോഷം രൂക്ഷമായ സാഹചര്യത്തില്‍ പ്രധാനമന്ത്രി മഹിന്ദ രാജപക്സെ ഒഴികെ ശ്രീലങ്കയിലെ മുഴുവന്‍ കാബിനറ്റ് മന്ത്രിമാരും നേരത്തെ രാജിവച്ചിരുന്നു. പുതിയ സര്‍ക്കാരിന്റെ ആദ്യഘട്ടത്തില്‍ നാല് മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പൂര്‍ണ മന്ത്രി സഭ രുപീകരിക്കുന്നതുവരെ ഇവര്‍ ചുമതല വഹിക്കും.

രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് രണ്ട് ദിവസം പിന്നിടുമ്പോള്‍ മന്ത്രിമാരുടെ കൂട്ടരാജിക്കാണ് ശ്രീലങ്ക സാക്ഷ്യം വഹിച്ചത്. കായിക മന്ത്രിയും പ്രധാനമന്ത്രി രാജപക്സെയുടെ മകനുമായ നമല്‍ രാജപക്സെയാണ് ആദ്യം രാജിവച്ചത്. രാജ്യത്തെ സ്ഥിതി ചര്‍ച്ച ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത അടിയന്തര ക്യാബിനറ്റ് യോഗത്തിന് ശേഷമാണ് നടപടി. പിന്നാലെ എല്ലാ മന്ത്രിമാരും രാജിവയ്ക്കുന്നതായി വിദ്യാഭ്യാസ മന്ത്രി ദിനേഷ് ഗുണവര്‍ദ്ധനയുടെ പ്രഖ്യാപനം.

കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ കൂപ്പുകുത്തിയ ശ്രീലങ്കയില്‍ രാജപക്സെ സര്‍ക്കാരിനെതിരേ വന്‍ പ്രതിഷേധമാണ് നടക്കുന്നത്. പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമായി ശ്രീലങ്കയില്‍ വാരാന്ത്യ കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നു.

ഇസ്ലാമാബാദ്: ഇമ്രാൻ ഖാൻ പാകിസ്ഥാന്റെ പ്രധാനമന്ത്രിയല്ലെന്ന അറിയിപ്പുമായി പാക് കാബിനറ്റ് സെക്രട്ടറി. പാകിസ്ഥാൻ പ്രസിഡന്റ് അസംബ്ലി പിരിച്ചുവിട്ടതിനെ തുടർന്ന് 2022 ഏപ്രിൽ 3-ന് പാർലമെന്ററി കാര്യ മന്ത്രാലയം, ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് പാകിസ്ഥാൻ ഭരണഘടനയുടെ ആർട്ടിക്കിൾ 48(1) പ്രകാരം ആർട്ടിക്കിൾ 58(1) പ്രകാരം ഇമ്രാൻ ഖാൻ പാകിസ്ഥാന്റെ പ്രധാനമന്ത്രിയല്ലെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് പ്രവർത്തനം നിർത്തിയെന്നും വ്യക്തമാക്കി കാബിനറ്റ് സെക്രട്ടറി പ്രസ്താവന പുറത്തിറക്കി. പാക് ദേശീയ അസംബ്ലി പിരിച്ചുവിട്ടതിന് പിന്നാലെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ശുപാർശ പ്രകാരമാണ് പാക് ദേശീയ അസംബ്ലി പിരിച്ചുവിട്ടത്. പ്രധാനമന്ത്രിയുടെ ഉപദേശം അനുസരിച്ച്, പാകിസ്ഥാൻ ഭരണഘടനയുടെ ആർട്ടിക്കിൾ 101 പ്രകാരം മുഹമ്മദ് സർവാറിനെ പഞ്ചാബ് ഗവർണർ സ്ഥാനത്തു നിന്ന് നീക്കം ചെയ്യാനും ഒമർ സർഫ്രാസ് ചീമയെ പഞ്ചാബ് ഗവർണറായി നിയമിക്കാനും പ്രസിഡന്റ് ആരിഫ് അൽവി അനുമതി നൽകി.

ഇമ്രാൻ ഖാനെതിരായ അവിശ്വാസ വോട്ടെടുപ്പ് സ്പീക്കർ അനുവദിച്ചിരുന്നില്ല. വോട്ടെടുപ്പ് ആവശ്യമില്ലെന്നാണ് സഭ നിയന്ത്രിച്ച ഡെപ്യൂട്ടി സ്പീക്കർ ഖാസിം ഖാൻ സൂരി അറിയിച്ചത്. വിദേശ ഗൂഢാലോചനയിൽ പാകിസ്താൻ അസംബ്ലി പങ്കാളിയാകാനില്ലെന്ന് വ്യക്തമാക്കിയാണ് സ്പീക്കർ വോട്ടെടുപ്പ് ആവശ്യം തള്ളിയത്. തുടർന്ന് സഭ പിരിയുകയും ചെയ്തിരുന്നു.

കൊളംബോ: ശ്രീലങ്കൻ മന്ത്രിസഭയിലെ എല്ലാ മന്ത്രിമാരും രാജിവച്ചു. പ്രധാനമന്ത്രി മഹീന്ദ രാജപക്സെ ഒഴികെയുള്ള മുഴുവൻ മന്ത്രിമാരുമാണ് രാജിവച്ചത്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ശ്രീലങ്കയിൽ ജനരോക്ഷം ശക്തമാകുന്നതിനിടെയാണ് നടപടി.

അതേസമയം, മഹീന്ദ രാജപക്സെ പ്രധാനമന്ത്രിയായി തുടരുമെന്നാണ് റിപ്പോർട്ടുകൾ. മഹീന്ദ രാജപക്സെ രാജിവച്ചുവെന്ന തരത്തിലുള്ള വാർത്തകൾ കഴിഞ്ഞ ദിവസം പ്രചരിച്ചിരുന്നെങ്കിലും ഇത് നിഷേധിച്ച് കൊണ്ട് പ്രധാനമന്ത്രിയുടെ ഓഫീസ് രംഗത്തെത്തിയിരുന്നു.

അർദ്ധരാത്രിയോടെ പ്രത്യേക ക്യാബിനറ്റ് യോഗം ചേരുകയും, മന്ത്രിമാരെല്ലാം രാജിവയ്ക്കുകയും ചെയ്തുവെന്നാണ് വിവരം. പ്രധാനമന്ത്രിയുടെ മകൻ നമൽ രജപക്‌സെ ഉൾപ്പെടെ മന്ത്രിസഭയിലെ 26 പേർ രാജി സമർപ്പിച്ചു. അതേസമയം, ശ്രീലങ്കയിൽ ജനകീയ പ്രക്ഷോഭങ്ങൾക്ക് തടയിടുന്നതിന്റെ ഭാഗമായി രാജ്യവ്യാപക കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്.

വളരെയേറെ നിര്‍ണ്ണായകമായ സ്വതന്ത്ര വ്യാപാര കരാര്‍ ഓസ്‌ട്രേലിയ ഇന്ത്യയുമായി ഒപ്പുവെച്ചത് കഴിഞ്ഞ ദിവസമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട് മോറിസണും തമ്മില്‍ നടന്ന വെര്‍ച്വല്‍ യോഗത്തിലാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള 282 മില്യണ്‍ ഡോളറിന്റെ കരാറായത്. ഓസ്‌ട്രേലിയയിലേക്ക് യാത്ര ചെയ്യുന്ന വിനോദ സഞ്ചാരികള്‍ക്ക് ഇവിടെ ജോലി ചെയ്യാന്‍ അനുവാദം നല്‍കുന്ന കരാര്‍ പല രാജ്യങ്ങളുമായി ഇപ്പോള്‍ നിലവിലുണ്ട്. ഇന്ത്യയില്‍ നിന്നെത്തുന്ന വിനോദ സഞ്ചാരികള്‍ക്കും വര്‍ക്കിംഗ് ഹോളിഡേ വിസ നടപ്പിലാക്കാനാണ് ഈ കരാറിലൂടെ ഉദ്ദേശിക്കുന്നത്.

ഓസ്‌ട്രേലിയയിലെത്തുന്ന വിദേശ പൗരന്മാര്‍ക്ക് വര്‍ഷങ്ങളായി സര്‍ക്കാര്‍ അനുവദിച്ചു വരുന്നതാണ് വര്‍ക്കിംഗ് ഹോളിഡേ വിസയും വര്‍ക്ക് ആന്‍ഡ് ഹോളിഡേ വിസയും. വിനോദ സഞ്ചാരത്തിനും ഒഴിവുകാലം ചിലവഴിക്കുന്നതിനും പുറമേ ജോലി ചെയ്യാനും അവസരം നല്‍കുന്നതാണ് ഈ രണ്ട് വിസാ രീതികളും. ചെറിയ വ്യത്യാസങ്ങള്‍ മാത്രമേ ഇവ തമ്മില്‍ ഉള്ളൂ. വര്‍ക്ക് ആന്‍ഡ് ഹോളിഡേ വിസയില്‍ ഫംഗ്ഷണല്‍ ഈംഗ്ലീഷ് വിദ്യാഭ്യാസ യോഗ്യത മാനദണ്ഡമായി കണക്കാക്കും. എന്നാല്‍, വര്‍ക്കിംഗ് ഹോളിഡേ വിസയില്‍ ഇങ്ങനൊരു നിര്‍ബന്ധമില്ല. നിലവില്‍ 26ഓളം രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് വര്‍ക്ക് ആന്‍ഡ് ഹോളിഡേ വിസ സൗകര്യം ഓസ്‌ട്രേലിയ നല്‍കി വരുന്നുണ്ട്. ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ വര്‍ക്ക് ആന്‍ഡ് ഹോളിഡേ വിസ ലഭിക്കുന്ന 27)ആം രാജ്യമാകാന്‍ ഒരുങ്ങുകയാണ് ഇന്ത്യ.

കഴിഞ്ഞ ദിവസത്തെ ഇന്ത്യ-ഓസ്‌ട്രേലിയ കരാര്‍ പ്രകാരം രണ്ട് വര്‍ഷത്തിനകം വര്‍ക്ക് ആന്‍ഡ് ഹോളിഡേ വിസ ഇന്ത്യന്‍ പൗരന്മാര്‍ക്ക് ലഭിക്കണമെന്ന വ്യവസ്ഥയാണുള്ളത്. എന്നാല്‍, ഇതിന്റെ ആവശ്യകത മുന്‍നിര്‍ത്തിയും, ഇരു രാജ്യങ്ങളുമായുള്ള ഊഷ്മളമായ ബന്ധം മാനിച്ചും എത്രയും പെട്ടെന്ന് തന്നെ ഇന്ത്യക്കാര്‍ക്ക് ഈ വിസ ലഭ്യമാക്കാന്‍ സാധ്യതയുണ്ട്. നിലവിലെ തീരുമാനമനുസരിച്ച് 1000 വിസകളാണ് ഇന്ത്യക്കാര്‍ക്ക് വേണ്ടി ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ അനുവദിക്കുക.

വിസക്ക് വേണ്ടി അപേക്ഷിക്കാനുള്ള മാനദണ്ഡങ്ങള്‍

18നും 31നും ഇടയിലുള്ള പ്ലസ് ടു പാസായവര്‍ക്കാണ് അപേക്ഷിക്കാന്‍ യോഗ്യതയുള്ളത്.

അടിസ്ഥാനപരമായി ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യയുന്നവരുമായിരിക്കണം.

വര്‍ക്ക് ആന്‍ഡ് ഹോളിഡേ വിസ എന്ന പേര് സൂചിപ്പിക്കുന്നപോലെ തന്നെ വിസാ കാലാവധി (12 മാസം) തീരുന്നതു വരെ നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ജോലിയും ചെയ്യാന്‍ സാധിക്കും.

ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള ജോലിയില്‍ 3 മാസമെങ്കിലും ഏര്‍പ്പെട്ടിട്ടുണ്ടെങ്കില്‍ ഇന്ത്യക്കാര്‍ക്ക് വീണ്ടും ഇതേ വിസക്ക് തന്നെ രണ്ടാം തവണയും അപേക്ഷിക്കാന്‍ സാധിക്കും. രണ്ടം വിസ ലഭിച്ചാലും സര്‍ക്കാര്‍ ജോലിയിലാണ് ഏര്‍പ്പെട്ടതെങ്കില്‍ മൂന്നാം തവണയും വിസക്ക് അപേക്ഷിക്കാന്‍ യോഗ്യതയുണ്ട്.

വിസയുടെ വ്യവസ്ഥയനുസരിച്ച് 3,4 മാസ കാലയളവിലുള്ള സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ പരിശീലിക്കാനുള്ള അവസരവുമുണ്ട്.

ഫാമിലി മെംബേര്‍സിനെയോ കുട്ടികളെയോ ഓസ്‌ട്രേലിയയിലേക്ക് ഈ വിസാ രീതി പ്രകാരം കൊണ്ടുപോകാനാവില്ല. ദമ്പതികള്‍ക്ക്/ പാര്‍ട്ട്ണര്‍മാര്‍ക്ക് അപേക്ഷിക്കണമെങ്കില്‍ വ്യക്തിപരമായി അപേക്ഷിക്കണം. ഒരു കാരണവശാലും കുട്ടികളെ കൂടെ കൊണ്ട് വരാന്‍ അനുവദിക്കില്ല.

ഇസ്ലാമാബാദ്: പാക് അസംബ്ലിയിൽ അരങ്ങേറിയത് നാടകീയ നീക്കങ്ങൾ. ഇമ്രാൻ ഖാനെതിരായ അവിശ്വാസ വോട്ടെടുപ്പ് അനുവദിച്ചില്ല. വോട്ടെടുപ്പ് ആവശ്യമില്ലെന്നാണ് സഭ നിയന്ത്രിച്ച ഡെപ്യൂട്ടി സ്പീക്കർ ഖാസിം ഖാൻ സൂരി അറിയിച്ചത്. വിദേശ ഗൂഢാലോചനയിൽ പാകിസ്താൻ അസംബ്ലി പങ്കാളിയാകാനില്ലെന്ന് വ്യക്തമാക്കിയാണ് സ്പീക്കർ വോട്ടെടുപ്പ് ആവശ്യം തള്ളിയത്. തുടർന്ന് സഭ പിരിയുകയും ചെയ്തു.

അതേസമയം, ദേശീയ അസംബ്ലി പിരിച്ചുവിടാൻ പ്രസിഡന്റിനോട് ശുപാർശ ചെയ്തതായി ഇമ്രാൻ ഖാൻ പ്രതികരിച്ചു. രാജ്യം തിരഞ്ഞെടുപ്പിന് തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് വരെ രാജ്യത്ത് കാവൽ പ്രധാനമന്ത്രിയായി തുടരുമെന്നും ഇമ്രാൻ ഖാൻ അറിയിച്ചു.

എന്നാൽ ദേശീയ അസംബ്ലി പിരിച്ചുവിടാനുള്ള ഇമ്രാന്റെ നീക്കം അംഗീകരിക്കില്ലെന്നാണ് പ്രതിപക്ഷം പറയുന്നത്. തീരുമാനത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നും പ്രതിപക്ഷം കൂട്ടിച്ചേർത്തു.

ഇസ്ലാമാബാദ്: പ്രതിസന്ധി ഘട്ടത്തെ എങ്ങനെ നേരിടണമെന്ന് തനിക്ക് വ്യക്തമായ ധാരണയുണ്ടെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. തന്റെ ആളുകൾ കരുതലോടെയും ജീവനോടെയും ഇരിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും മറ്റേതെങ്കിലും രാജ്യത്താണ് ഇതെല്ലാം സംഭവിക്കുന്നതെങ്കിലും ജനങ്ങൾ ഇതിനോടകം തെരുവിലിറങ്ങുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

നിങ്ങളെല്ലാവരും ഇന്നും നാളെയും തെരുവിൽ ഇറങ്ങണമെന്ന് ഞാൻ ആവശ്യപ്പെടുകയാണ്. നിങ്ങളുടെ മനഃസാക്ഷിക്കു വേണ്ടിയും രാജ്യത്തിന്റെ താൽപര്യത്തിനു വേണ്ടിയും ഇത് ചെയ്യണം. ഒരു പാർട്ടിയും അങ്ങനെ ചെയ്യാൻ നിങ്ങളെ നിർബന്ധിക്കില്ല. നിങ്ങളുടെ കുഞ്ഞുങ്ങളുടെ ഭാവിക്കു വേണ്ടി നിങ്ങൾ തെരുവിലിറങ്ങണമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇപ്പോഴുണ്ടായ എല്ലാ പ്രതിസന്ധികൾക്കും പിന്നിൽ വിദേശ ശക്തികളുടെ ഗൂഢാലോചനയാണെന്നും അദ്ദേഹം ആരോപിച്ചു. ഞായറാഴ്ച്ച പാകിസ്താനിൽ വിശ്വാസ് വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് ഇമ്രാൻ ഖാന്റെ പ്രതികരണം.