General (Page 799)

കോട്ടയം: ഇടുക്കി, കോട്ടയം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച്ച അവധി പ്രഖ്യാപിച്ചു. അതിതീവ്രമഴയുടെയും വെള്ളപ്പൊക്കത്തിന്റെയും സാഹചര്യത്തിലാണ് ജില്ലാ കളക്ടർമാർ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചത്. കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ, അങ്കണവാടികൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച അവധിയായിരുക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

ഇടുക്കി ജില്ലയിലും പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയായിരിക്കും. എന്നാൽ, മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും, ഇന്റർവ്യൂകൾക്കും മാറ്റമുണ്ടായിരിക്കില്ല. അവധി മൂലം വിദ്യാർത്ഥികൾക്ക് നഷ്ടപ്പെടുന്ന പഠന സമയം ക്രമീകരിക്കാൻ വിദ്യാഭ്യാസ സ്ഥാപന മേധാവികൾ നടപടി സ്വീകരിക്കണമെന്നും ജില്ലാ കളക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്.

അതേസമയം, സംസ്ഥാനത്ത് മഴ ശക്തമായി തുടരുകയാണ്. ചാലക്കുടി പുഴയിൽ വൈകിട്ടോടെ കൂടുതൽ ജലം എത്തിച്ചേരുമെന്ന് മുന്നറിയിപ്പുണ്ട്. പ്രദേശവാസികൾ ജാഗ്രത പാലിക്കുകയും അധികൃതരുടെ നിർദേശങ്ങൾ അനുസരിച്ച് മാറിത്താമസിക്കാൻ തയ്യാറാവേണ്ടതാണ്. തൃശ്ശൂർ, എറണാകുളം ജില്ലകളുടെ താഴ്ന്ന പ്രദേശങ്ങളിലുള്ളവരും ജാഗ്രത പുലർത്തണം. 2018 ലെ പ്രളയകാലത്ത് ആളുകൾ മാറിത്താമസിച്ച പ്രദേശങ്ങളിലുള്ളവർ മുഴുവൻ ക്യാംപുകളിലേക്ക് മാറണമെന്നാണ് നിർദ്ദേശം.

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കണ്ണൂർ എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് റെഡ് അലെർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, മലപ്പുറം, കോഴിക്കോട്, വയനാട്, കാസർഗോഡ് എന്നീ ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണ്ണമായി ഒഴിവാക്കേണ്ടതുണ്ട്.

ലയങ്ങൾ, പുഴകളുടെ തീരങ്ങളിൽ താമസിക്കുന്നവർ, ദുരന്ത സാധ്യത പ്രദേശങ്ങളിൽ ഉള്ളവർ മഴ സാഹചര്യം കണക്കിലെടുത്തു അധികൃതരുടെ നിർദ്ദേശങ്ങൾക്കനുസരിച്ചു മാറി താമസിക്കേണ്ടതാണ്. എല്ലാ ജില്ലകളിലും ക്യാമ്പുകൾ തുറക്കുകയും സൗകര്യങ്ങൾ ഉറപ്പു വരുത്തുകയും ചെയ്തിട്ടുണ്ട്.
താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം.

ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല. ജലനിരപ്പ് ഉയർന്ന പ്രദേശങ്ങളിൽ, പ്രത്യേകിച്ചും പുഴകളുടെ കരകളിൽ, പുഴയിൽ, കായലിൽ, കുളങ്ങളിൽ വിനോദ സഞ്ചാരം, കുളിക്കൽ, തുണി കഴുകൽ, ചൂണ്ട ഇടൽ എന്നിവ ഒഴിവാക്കണം. എല്ലാ വീടുകളിലും എമർജൻസി കിറ്റുകൾ തയ്യാറാക്കി വെക്കേണ്ടതിന്റെ പ്രാധാന്യം എല്ലാവരും ഗൗരവത്തോടെ കാണേണ്ടതാണ്.

ലോവർ പെരിയാർ (ഇടുക്കി), കല്ലാർകുട്ടി (ഇടുക്കി), പൊന്മുടി (ഇടുക്കി), ഇരട്ടയാർ (ഇടുക്കി), കുണ്ടള (ഇടുക്കി), മൂഴിയാർ (പത്തനംതിട്ട) എന്നീ അണക്കെട്ടുകളിൽ നിലവിൽ റെഡ് അലേർട്ട് പ്രഖ്യപിച്ചിട്ടുണ്ട്.

ലക്നൗ: ഉത്തർപ്രദേശിൽ പുതിയ പ്രഖ്യാപനവുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാനത്തെ എല്ലാ കുടുംബങ്ങളിലേയും ഒരു വ്യക്തിക്കെങ്കിലും സർക്കാർ ജോലി ഉറപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇതിനായി പ്രത്യേക പദ്ധതികൾ ആരംഭിക്കാനാണ് തീരുമാനം.

ഇതിന്റെ ഭാഗമായി ഒരാൾക്ക് പോലും ജോലിയില്ലാത്ത കുടുംബങ്ങളുടെ വിവരം ശേഖരിക്കും. ഈ കുടുംബത്തിലെ അംഗങ്ങളെ ഈ സർക്കാർ പദ്ധതിയുമായി ബന്ധപ്പെടുത്തുകയും, ഇതുവഴി ഒരു കുടുംബാംഗത്തിനെങ്കിലും ജോലി ഉറപ്പാകുകയും ചെയ്യും. സംസ്ഥാനത്തെ ഒരു കുടുംബത്തിൽ പോലും തൊഴിൽ ഇല്ലാത്ത അവസ്ഥ ഉണ്ടാകില്ല. സംസ്ഥാനത്തും കേന്ദ്രത്തിലുമുള്ള ബിജെപിയുടെ ഡബിൾ എഞ്ചിൻ സർക്കാർ യുവാക്കളുടെ കഴിവ് തിരിച്ചറിയുന്നതിനായി സ്‌കിൽ ഇന്ത്യ, സ്റ്റാർട്ടപ്പ് ഇന്ത്യ തുടങ്ങി നിരവധി പദ്ധതികളാണ് ആരംഭിച്ചിട്ടുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്ത് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സർക്കാർ അഞ്ച് ലക്ഷം യുവാക്കൾക്കാണ് ജോലി നൽകിയത്. 60ലക്ഷത്തോളം ആളുകൾക്ക് സ്വയം തൊഴിലിനായി വായ്പ നൽകിയെന്നും അദ്ദേഹം അറിയിച്ചു. 2015-16 വർഷത്തിൽ സംസ്ഥാനത്തെ തൊഴിലില്ലായ്മ നിരക്ക് 18 ശതമാനമായിരുന്നു. എന്നാൽ ഇന്നത് 2.7 ശതമാനമായി കുറഞ്ഞുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

1 ട്രില്ല്യൺ ഡോളർ സമ്പദ് വ്യവസ്ഥയായി മാറാനുള്ള നടപടികളാണ് ഉത്തർപ്രദേശ് സർക്കാർ ഇപ്പോൾ കൈക്കൊണ്ടിരിക്കുന്നത്. ഇന്ത്യയെ അഞ്ച് ട്രില്ല്യൺ ഡോളർ സമ്പദ് വ്യവസ്ഥയായി മാറ്റാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലക്ഷ്യത്തിലേക്കുള്ള വലിയ സംഭാവനയായിരിക്കും ഇതെന്നും യോഗി ആദിത്യനാഥ് അഭിപ്രായപ്പെട്ടു. സമ്പത്തിന്റെ കാര്യത്തിൽ രാജ്യത്ത് രണ്ടാം സ്ഥാനത്താണ് ഉത്തർപ്രദേശ്. നേരത്തെ ആറാം സ്ഥാനമാണ് യുപിയ്ക്കുണ്ടായിരുന്നത്.

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ വലിയ സിറ്റി ബസുകൾക്ക് പകരം പുത്തൻതലമുറ ഇലക്ട്രിക് ബസുകൾ സർവ്വീസുകൾ ആരംഭിച്ചു. ഒമ്പതുമീറ്റർ നീളമുള്ള 23 ബസുകളാണ് കെഎസ്ആർടിസി നിരത്തിൽ ഇറക്കിയത്. വീതി കുറഞ്ഞ വഴികളിലൂടെ അനായാസം കടന്നുപോകുമെന്നതാണ് ഈ ബസുകളുടെ പ്രത്യേകത. നഗരത്തിലെ ചെറുവഴികളിൽ ഗതാഗതക്കുരുക്ക് ഉണ്ടാകില്ലെന്നതാണ് മറ്റൊരു നേട്ടം.

തിരുവനന്തപുരം സിറ്റി ഡിപ്പോയിൽ നിന്ന് 12 ബസുകളും പേരൂർക്കടയിൽനിന്ന് 10 ഷെഡ്യൂളുകളുമാണ് ഇപ്പോൾ ആംഭിച്ചത്. ഇനി 25 ബസുകൾ കൂടി ഉടനെത്തും. ഡീസൽ ബസിന്റെ ശബ്ദമോ വിറയലോ ഒന്നു തന്നെ ഇലക്ട്രിക് ബസുകൾക്കില്ല. പുക പുറന്തള്ളി അന്തരീക്ഷം മലിനമാക്കുകയും ചെയ്യില്ല.

10 രൂപയാണ് ഒരു ട്രിപ്പിന്റെ മിനിമം ചാർജ്. അതേസമയം, സർവ്വീസ് ആരംഭിച്ച തിങ്കളാഴ്ച്ച ബസിൽ സൗജന്യ യാത്രയ്ക്കുള്ള അവസരമാണ് നൽകിയിരുന്നത്. എ.സി. ഇല്ലാത്ത ബസുകളാണ് നിലവിൽ സർവ്വീസ് നടത്തുന്നത്. ഇവയ്ക്ക് കൂടുതൽ മൈലേജ് ലഭിക്കും. വികാസ്ഭവൻ, പാപ്പനംകോട് ഡിപ്പോകളിൽ ബസുകൾ ചാർജ് ചെയ്യാനുള്ള സൗകര്യവുമുണ്ട്. രാത്രിയും, യാത്രക്കാർ കുറവുള്ള ഉച്ചസമയത്തുമാകും ബസുകൾ ചാർജ് ചെയ്യുക.

ഇസ്ലാമാബാദ്: തായ്‌വാൻ വിഷയത്തിൽ ചൈനയ്ക്ക് അനുകൂല നിലപാടുമായി പാകിസ്താൻ. അമേരിക്കൻ പ്രതിനിധി സഭാ സ്പീക്കർ നാൻസി പെലോസിയുടെ തായ്‌വാൻ സന്ദർശനവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദത്തിലാണ് പാകിസ്താൻ ചൈനയ്ക്ക് പിന്തുണ നൽകിയത്. പാകിസ്താൻ വിദേശകാര്യ വക്താവ് അസീം ഇഫ്തിക്കർ പ്രസ്താവനയിലൂടെയാണ് ചൈനക്ക് ഉറച്ച പിന്തുണ നൽകുന്നതായി അറിയിച്ചത്. തായ്‌വാനിൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്ന പ്രതിസന്ധിയിൽ പാകിസ്താന് കടുത്ത ആശങ്കയുള്ളതായി അസീം അഭിപ്രായപ്പെട്ടു.

അതേസമയം, പാകിസ്താന്റെ നടപടിയിൽ അമേരിക്കയ്ക്ക് കടുത്ത അതൃപ്തിയുണ്ടെന്നാണ് റിപ്പോർട്ട്. എന്നാൽ, വിഷയവുമായി ബന്ധപ്പെട്ട് അമേരിക്ക ഔദ്യോഗിക പ്രതികരണളൊന്നും നടത്തിയിട്ടില്ല. പാകിസ്താന്റെ പരാമർശം അമേരിക്ക കൂടുതൽ പരിശോധിച്ച് വരികയാണ്.

നാൻസി പെലോസി തായ്‌വാൻ സന്ദർശിച്ചതിന് പിന്നാലെ ചൈന മേഖലയിൽ യുദ്ധസന്നാഹം ഒരുക്കിയിട്ടുണ്ട്. തായ്‌വാൻ വ്യോമ മേഖല ലക്ഷ്യമാക്കി നിരവധി ചൈനീസ് പോർവിമാനങ്ങൾ പുറപ്പെട്ടിരിക്കുകയാണ്. ചൈനീസ് പോർവിമാനങ്ങളുടെ കടന്നുകയറ്റം ചെറുക്കാൻ എയർ പട്രോൾ മോണിറ്റർ സംവിധാനവും വിമാനവേധ മിസൈലുകളും തായ്‌വാനും സജ്ജമാക്കി.

ന്യൂഡൽഹി: അടുത്ത സുപ്രീംകോടതി ചീഫ് ജസ്റ്റീസായി ജസ്റ്റിസ് യു യു ലളിതിന്റെ പേര് ശുപാർശ ചെയ്തു. നിലവിലെ ചീഫ് ജസ്റ്റിസ് എൻ വി രമണയാണ് ശുപാർശ ചെയ്തത്. കേന്ദ്ര സർക്കാരിന് അദ്ദേഹം ശുപാർശ കൈമാറി. ഓഗസ്റ്റ് 26 നാണ് ചീഫ് ജസ്റ്റിസ് എൻ വി രമണ വിരമിക്കുന്നത്. ചീഫ് ജസ്റ്റീസ് നിയമനത്തിനായി പിന്തുടരുന്ന കീഴ്‌വഴക്കമായ മെമ്മോറാണ്ടം ഓഫ് പ്രൊസീജ്വർ (എംഒപി) പ്രകാരം അടുത്ത ചീഫ് ജസ്റ്റിസിനെ ശുപാർശ ചെയ്യേണ്ടത് നിലവിലുള്ള ചീഫ് ജസ്റ്റീസാണ്.

ജസ്റ്റിസ് യു യു ലളിതാണ് ചീഫ് ജസ്റ്റിസ് എൻ വി രമണ വിരമിച്ചാൽ സുപ്രീംകോടതിയിലെ ഏറ്റവും മുതിർന്ന ജഡ്ജി. 2022 നവംബർ 8 വരെ ജസ്റ്റിസ് യു യു ലളിതിന് കാലാവധിയുണ്ട്. ചീഫ് ജസ്റ്റിസായി നിയമിതനായാൽ മൂന്ന് മാസം എൻ വി രമണയ്ക്ക് സേവനം അനുഷ്ഠിക്കാം. സുപ്രീംകോടതി ജഡ്ജിയായി ബാറിൽ നിന്ന് നേരിട്ട് നിയമിതനാകുന്ന രണ്ടാമത്തെ ചീഫ് ജസ്റ്റിസാകും യു യു ലളിത്. ജസ്റ്റിസ് എസ് എം സിക്രിയാണ് ഇതിന് മുമ്പ് ഇത്തരത്തിൽ ചീഫ് ജസ്റ്റിസ് ആയിട്ടുള്ളത്.

1983ൽ ബോംബെ ഹൈക്കോടതിയിലാണ് ജസ്റ്റിസ് ലളിത് അഭിഭാഷകനായി എന്റോൾ ചെയ്തത്. 2014ൽ ആണ് അദ്ദേഹം സുപ്രീംകോടതി ജഡ്ജിയായി നിയമിതനായത്.

ന്യൂഡൽഹി: യങ് ഇന്ത്യൻ ഓഫീസ് താത്ക്കാലികമായി സീൽ ചെയ്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. നാഷണൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ടാണ് നടപടി. കേസുമായി ബന്ധപ്പെട്ട് ഓഫീസും പരിസരവും മറ്റും വിശദമായ പരിശോധനകൾക്ക് വിധേയമാക്കേണ്ടതുണ്ടെന്ന് എൻഫോഴ്‌സ്‌മെന്റ് അറിയിച്ചു. മുൻകൂട്ടിയുള്ള അനുമതി ഇല്ലാതെ ഓഫീസും പരിസരവും തുറക്കുവാൻ പാടില്ലെന്നാണ് നിർദ്ദേശം.

എന്നാൽ ഹെറാൾഡ് ഹൗസ് ബിൽഡിംഗിലെ മറ്റ് കെട്ടിടങ്ങൾ തുറന്ന് പ്രവർത്തിപ്പിക്കാം. പത്രത്തിന്റെ ഐടിഒയ്ക്ക് സമീപത്തുള്ള ബഹദൂർഷ സഫർ മാർഗ് ഓഫീസ് അടക്കം 11 ഇടങ്ങളാണ് കള്ളപ്പണം വെളുപ്പിക്കൽ സംബന്ധിച്ച ഇഡിയുടെ അന്വേഷണ പരിധിക്കുള്ളിൽ ഉൾപ്പെട്ടിട്ടുള്ളത്. യങ് ഇന്ത്യൻ ഓഫീസ്സ് താൽക്കാലികമായി സീൽ ചെയ്തിട്ടു മാത്രമേയൊള്ളുവെന്നും സേർച്ചോ മറ്റോ തങ്ങളുടെ ഭാഗത്തു നിന്നും നടന്നിട്ടില്ലെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.

പ്രിൻസിപ്പൽ ഓഫീസർ മല്ലികാർജ്ജുൻ ഗാർഗെ സ്ഥലത്തേക്ക് എത്തിയെങ്കിലും സെർച്ച് നടക്കും മുൻപ് അവിടെ നിന്നും പോയി. റെയ്ഡ് സമാപിക്കുന്നതുവരെ സഹകരിക്കണമെന്ന് പ്രിൻസിപ്പൽ ഓഫീസർക്ക് (മല്ലികാർജ്ജുൻ ഗാർഗെ) സമൻസ് അയച്ചിരുന്നു. സ്ഥാപനത്തിന്റെ ഔദ്യോഗിക അധികാരിയായ വ്യക്തി നേരിട്ടെത്തി സേർച്ച് തീരുന്നത് വരെ സ്ഥാപനത്തിലുള്ള സീൽ തുടരുമെന്നും അധികൃതർ അറിയിച്ചു.

ന്യൂഡൽഹി: കായിക മേഖലയിലെ ഉത്തേജക മരുന്ന് ഉപയോഗത്തിനെതിരെ നിലപാട് കടുപ്പിച്ച് രാജ്യസഭാംഗം പി ടി ഉഷ. കായിക മേഖലയിലെ ഉത്തേജക മരുന്ന് ഉപയോഗം കർശനമായി തടയപ്പെടേണ്ടതാണെന്ന് പി ടി ഉഷ പറഞ്ഞു. രാജ്യസഭയിലെ തന്റെ കന്നിപ്രസംഗത്തിലാണ് പി ടി ഉഷ ഇക്കാര്യം അറിയിച്ചത്.

മുതിർന്ന കായിക താരങ്ങൾ മാത്രമായിരുന്നു മരുന്നടിയുടെ പേരിൽ മുമ്പ് ആരോപണവിധേയരായിരുന്നതെങ്കിൽ ഇപ്പോഴത് ജൂനിയർ താരങ്ങളിലേക്ക് വരെ എത്തിയിരിക്കുകയാണെന്നും പി ടി ഉഷ ചൂണ്ടിക്കാട്ടി.

അതേസമയം, ഇന്ത്യൻ കായികരംഗത്തിന് പ്രത്യേകിച്ച് അത്ലറ്റിക്സിന് ലഭിച്ച അംഗീകാരമാണ് തനിക്ക് കിട്ടിയ സ്ഥാനമെന്ന് പി ടി ഉഷ നേരത്തെ പറഞ്ഞിരുന്നു. ഉഷ ഇന്ത്യക്കാർക്ക് പ്രചോദനമാണെന്ന് പ്രധാനമന്ത്രിയുടെ ട്വീറ്റ് കണ്ടപ്പോൾ അഭിമാനം തോന്നിയെന്നും പി ടി ഉഷ വ്യക്തമാക്കിയിരുന്നു. പ്രധാനമന്ത്രിയുടെ ഇടപെടൽ രാജ്യത്തിന് ഗുണകരമാണ്. കായികമേഖലയ്ക്ക് വേണ്ടി നിരവധി സ്‌കീമുകളാണ് കേന്ദ്രസർക്കാർ കൊണ്ടുവന്നത്. കേരളത്തിന് പുറത്ത് മറ്റെവിടെയെങ്കിലുമായിരുന്നു സ്‌കൂൾ തുടങ്ങിയതെങ്കിൽ കൂടുതൽ പരിഗണന ലഭിക്കുമായിരുന്നു. ഇവിടെ കായിക മേഖലയിൽ പ്രവർത്തിക്കാൻ ധാരാളം ബുദ്ധിമുട്ടുകളുണ്ട്. നമ്മുടെ രാജ്യത്ത് കായിക മേഖല നേരിടുന്ന അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുമെന്നും പി ടി ഉഷ അറിയിച്ചിരുന്നു.

കായികലോകത്തെ പി.ടി ഉഷയുടെ നേട്ടങ്ങളും പുതിയ തലമുറയെ വാർത്തെടുക്കാൻ നടത്തുന്ന ശ്രമങ്ങളും അഭിനന്ദനാർഹമാണെന്നായിരുന്നു പ്രധാനമന്ത്രി പറഞ്ഞത്.

തിരുവനന്തപുരം: തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചു. പറമ്പികുളം ആളിയാർ പദ്ധതിയിൽ നിന്ന് കേരളത്തിന് ലഭിക്കേണ്ട അധിക ജലം വിവിധ പദ്ധതികൾക്ക് ഉപയോഗപ്പെടുത്താൻ തമിഴ്നാട് നടപടി സ്വീകരിക്കുന്നതിലുള്ള ആശങ്ക അറിയിച്ചു കൊണ്ടാണ് പിണറായി വിജയൻ തമിഴ്‌നാട് മുഖ്യമന്ത്രിയ്ക്ക് കത്തയച്ചത്. ജലവിഭവ മന്ത്രി റോഷി അഗസ്റ്റിനാണ് ഇക്കാര്യം അറിയിച്ചത്.

പറമ്പികുളം ആളിയാർ പദ്ധതിയിൽ നിന്ന് കേരളത്തിന് നൽകേണ്ട ജലത്തെക്കുറിച്ചും ചിറ്റൂരിൽ ജലസേചനത്തിന് നൽകേണ്ട ജലത്തെക്കുറിച്ചും പ്രളയ മഴയിൽ ലഭിക്കുന്ന അധിക ജലത്തിൽ കേരളത്തിന് ലഭിക്കേണ്ട വിഹിതത്തെക്കുറിച്ചും കരാറിൽ വ്യക്തമായ വ്യവസ്ഥകളുണ്ട്. മധുരയ്ക്കടുത്തുള്ള ഓട്ടൻഛത്രം, കീരനൂർ, നെയ്ക്കരപ്പട്ടി എന്നിവിടങ്ങളിലേക്കായി 930 കോടി രൂപയുടെ പദ്ധതിക്കാണ് തമിഴ്നാട് ഭരണാനുമതി നൽകിയിരിക്കുന്നത്. എന്നാൽ ഇത് പറമ്പികുളം ആളിയാർ പദ്ധതി കരാറിന്റെ ലംഘനമാണെന്ന് കത്തിൽ പറയുന്നു.

പുതിയ പദ്ധതികൾക്കായി തമിഴ്നാട് ഉപയോഗിക്കുക ആളിയാർ നദിയിൽ നിന്നുള്ള ജലമാണ്. നിലവിൽ കേരളത്തിന് ലഭിക്കേണ്ട 7.25 ടിഎംസി ജലം ലഭിക്കുന്നതിന് പുതിയ പദ്ധതി തടസ്സമാകില്ലെങ്കിലും പ്രളയ മഴയിൽ ലഭിക്കേണ്ട അധിക ജലം ലഭിക്കില്ല. കരാർ പ്രകാരം ഓരോ ജലവർഷവും കേരളത്തിന് ലഭിക്കേണ്ട 7.25 ടിഎംസി പല ഘട്ടങ്ങിലും പൂർണമായി ലഭിക്കാതെ പോകാറുണ്ട്. ഇതിനു പുറമേയാണ് പുതിയ പദ്ധതികളിലൂടെ കൂടുതൽ ജലം വിനിയോഗിക്കാനുള്ള നീക്കം തമിഴ്നാട് നടത്തുന്നത്. പദ്ധതിയുടെ സാങ്കേതികമായ മറ്റുവശങ്ങളും കരാർ നിബന്ധനകളും കത്തിൽ വിശദീകരിച്ചിട്ടുണ്ടെന്നും റോഷി അഗസ്റ്റിൻ കൂട്ടിച്ചേർത്തു.

കൊച്ചി: സിപിഎം നേതാവും മുൻ ധനമന്ത്രിയുമായ തോമസ് ഐസകിന് വീണ്ടും നോട്ടീസ് അയച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കിഫ്ബി ഇടപാടുമായി ബന്ധപ്പെട്ടാണ് നടപടി. ഈ മാസം 11 ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുള്ളത്.

കിഫ്ബി ഇടപാട് വിഷയവുമായി ബന്ധപ്പെട്ട് രണ്ടാം തവണയാണ് തോമസ് ഐസകിന് എൻഫോഴ്‌സ്‌മെന്റ് നോട്ടീസ് അയച്ചത്. കിഫ്ബിയുടെ വൈസ് ചെയർമാൻ എന്ന നിലയിലാണ് തോമസ് ഐസകിനോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടത്. കിഫ്ബി വിദേശ നാണയ വിനിമയ ചട്ടം ലംഘിച്ചെന്ന പരാതിയിലാണ് എൻഫോഴ്സ്മെന്റ് അന്വേഷണം നടത്തുന്നത്. കേസുമായി ബന്ധപ്പെട്ട് കിഫ്ബി സിഇഒ ഉൾപ്പെടെയുള്ളവരെ ഇഡി ചോദ്യം ചെയ്തിരുന്നു.

കിഫ്ബിക്ക് വിദേശത്ത് നിന്ന് നിക്ഷേപം സ്വീകരിച്ചത് കേന്ദ്ര സർക്കാരിനെ അറിയിച്ചില്ലെന്നും മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നുമാണ് ഉയരുന്ന ആരോപണം. അതേസമയം, ഇഡിയുടെ ഇടപെടൽ രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നായിരുന്നു ആദ്യ തവണ നോട്ടീസ് ലഭിച്ചപ്പോൾ തോമസ് ഐസക്ക് പ്രതികരിച്ചത്. എല്ലാ ഏജൻസികളേയും തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യം നടപ്പാക്കാനാണ് ബിജെപി സർക്കാർ ഉപയോഗിക്കുന്നത്. ഇപ്പോൾ ഇങ്ങനെയൊരു നീക്കം തനിക്കെതിരെ നടത്തുന്നതിന് പിന്നിൽ ഇഡിക്ക് പല താത്പര്യവമുണ്ടായിരിക്കും. അതിനെ ആ രീതിയിൽ തന്നെ നേരിടുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

തിരുവനന്തപുരം: മെഡിക്കൽ കോളേജുകളുടെ ഭാരം കുറയ്ക്കാനും രോഗികൾക്ക് തൊട്ടടുത്തുള്ള ആശുപത്രികളിൽ മികച്ച ചികിത്സ ഉറപ്പാക്കാനുമായുള്ള റഫറൽ, ബാക്ക് റഫറൽ സംവിധാനം ആദ്യഘട്ടത്തിൽ തിരുവനന്തപുരം ജില്ലയിൽ നടപ്പിലാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഇത് ഫലപ്രദമായി നടപ്പിലാക്കുന്നതിന് സമഗ്ര പദ്ധതി ആവിഷ്‌ക്കരിക്കും. ആശുപത്രിയിൽ സൗകര്യങ്ങൾ ഉണ്ടെന്നിരിക്കെ രോഗികളെ അനാവശ്യമായി മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യാൻ പാടില്ലെന്ന് മന്ത്രി വ്യക്തമാക്കി.

ഓരോ ആശുപത്രിയിലും റഫറൽ രജിസ്റ്റർ ഉണ്ടായിരിക്കും. നൽകിയ ചികിത്സയും ഏത് സാഹചര്യത്തിലാണ് റഫർ ചെയ്തതെന്നും വ്യക്തമാക്കിയിരിക്കണം. ആശുപത്രി സൂപ്രണ്ട് റഫറൽ രജിസ്റ്റർ കൃത്യമായി പരിശോധിക്കേണ്ടതാണ്. ജില്ലാ മെഡിക്കൽ ഓഫീസർക്ക് ഇതുസംബന്ധിച്ച് റിപ്പോർട്ട് നൽകണം. അനാവശ്യ റഫറൻസുകൾ ഉണ്ടായിട്ടുണ്ടെന്ന് ബോധ്യപ്പെട്ടാൽ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. മന്ത്രിയുടെ നേതൃത്വത്തിൽ കൂടിയ ആരോഗ്യ വകുപ്പിന്റെ ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്.

നിലവിലെ റഫറൽ, ബാക്ക് റഫറൽ മാനദണ്ഡങ്ങൾ പുതുക്കിയായിരിക്കും പദ്ധതി നടപ്പിലാക്കുക. ദ്വിതീയതല ആശുപത്രികളിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്തി ഡോക്ടർമാരുൾപ്പെടെയുള്ളവർക്ക് വിദഗ്ധ പരിശീലനം നൽകും. ഓരോ ആശുപത്രിയിലുമെത്തുന്ന രോഗികൾക്ക് സമയബന്ധിതമായി വിദഗ്ധ ചികിത്സ ഉറപ്പാക്കിയായിരിക്കും റഫറൽ, ബാക്ക് റഫറൽ സംവിധാനം നടപ്പിലാക്കുക. ഒരാശുപത്രിയിലുള്ള രോഗിയെ ദൂരെയുള്ള മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യാതെ തൊട്ടടുത്ത് സ്‌പെഷ്യാലിറ്റി സൂപ്പർ സ്‌പെഷ്യാലിറ്റി സൗകര്യമുള്ള ആശുപത്രിയിലേക്കാണ് റഫർ ചേയ്യേണ്ടത്. ഇതിലൂടെ സമയം നഷ്ടപ്പെടാതെ ചികിത്സ ലഭിക്കാനും അധികദൂരം യാത്ര ചെയ്യാതിരിക്കാനും കഴിയുന്നുവെന്ന് വീണാ ജോർജ് അറിയിച്ചു.

താലൂക്ക് ആശുപത്രികൾ മുതൽ സ്‌പെഷ്യാലിറ്റി സേവനങ്ങൾ ലഭ്യമാണ്. മാത്രമല്ല തെരഞ്ഞെടുക്കപ്പെട്ട പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും കുടുംബാരോഗ്യ കേന്ദ്രങ്ങളും മുതൽ ഇ സഞ്ജീവനി ഡോക്ടർ ടു ഡോക്ടർ സംവിധാനം വഴി സെഷ്യാലിറ്റി, സൂപ്പർ സ്‌പെഷ്യാലിറ്റി ഡോക്ടർമാരുടെ സേവനങ്ങൾ ലഭ്യമാണ്. ഈ സൗകര്യങ്ങൾ ഉപയോഗിക്കാതെ അനാവശ്യമായി രോഗികളെ മെഡിക്കൽ കോളേജുകളിലേക്ക് റഫർ ചെയ്യുന്നതിലൂടെ രോഗികൾക്കും അവരുടെ ബന്ധുക്കൾക്കും വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. ഇത് മെഡിക്കൽ കോളേജിനും ബുദ്ധിമുട്ടുണ്ടാക്കുമെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു.

റഫറൽ സംവിധാനത്തോടൊപ്പം ബാക്ക് റഫറൽ സംവിധാനത്തിനും മാറ്റം വരുത്തും. മെഡിക്കൽ കോളേജിലെ വിദഗ്ധ ചികിത്സയ്ക്ക് ശേഷമുള്ള തുടർ ചികിത്സയ്ക്കായി രോഗിയുടെ വീടിന് തൊട്ടടുത്തുള്ള ആശുപത്രികളിൽ ബാക്ക് റഫർ ചെയ്യുന്നതാണ്. ഇതിലൂടെ രോഗികൾക്ക് വീടിന് തൊട്ടടുത്ത് തുടർ പരിചരണം ലഭ്യമാകും. ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. ആശ തോമസ്, പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. പി.പി. പ്രീത, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. തോമസ് മാത്യു, എസ്.എച്ച്.എസ്.ആർ.സി. എക്‌സി. ഡയറക്ടർ ഡോ. ജിതേഷ്, ജില്ലാ മെഡിക്കൽ ഓഫീസർ, മെഡിക്കൽ കോളേജ് സൂപ്രണ്ട്, ആശുപത്രി സൂപ്രണ്ടുമാർ എന്നിവർ പങ്കെടുത്തു.