അടുത്ത സുപ്രീംകോടതി ചീഫ് ജസ്റ്റീസായി ജസ്റ്റിസ് യു യു ലളിതിന്റെ പേര് ശുപാർശ ചെയ്ത് എൻ വി രമണ

ന്യൂഡൽഹി: അടുത്ത സുപ്രീംകോടതി ചീഫ് ജസ്റ്റീസായി ജസ്റ്റിസ് യു യു ലളിതിന്റെ പേര് ശുപാർശ ചെയ്തു. നിലവിലെ ചീഫ് ജസ്റ്റിസ് എൻ വി രമണയാണ് ശുപാർശ ചെയ്തത്. കേന്ദ്ര സർക്കാരിന് അദ്ദേഹം ശുപാർശ കൈമാറി. ഓഗസ്റ്റ് 26 നാണ് ചീഫ് ജസ്റ്റിസ് എൻ വി രമണ വിരമിക്കുന്നത്. ചീഫ് ജസ്റ്റീസ് നിയമനത്തിനായി പിന്തുടരുന്ന കീഴ്‌വഴക്കമായ മെമ്മോറാണ്ടം ഓഫ് പ്രൊസീജ്വർ (എംഒപി) പ്രകാരം അടുത്ത ചീഫ് ജസ്റ്റിസിനെ ശുപാർശ ചെയ്യേണ്ടത് നിലവിലുള്ള ചീഫ് ജസ്റ്റീസാണ്.

ജസ്റ്റിസ് യു യു ലളിതാണ് ചീഫ് ജസ്റ്റിസ് എൻ വി രമണ വിരമിച്ചാൽ സുപ്രീംകോടതിയിലെ ഏറ്റവും മുതിർന്ന ജഡ്ജി. 2022 നവംബർ 8 വരെ ജസ്റ്റിസ് യു യു ലളിതിന് കാലാവധിയുണ്ട്. ചീഫ് ജസ്റ്റിസായി നിയമിതനായാൽ മൂന്ന് മാസം എൻ വി രമണയ്ക്ക് സേവനം അനുഷ്ഠിക്കാം. സുപ്രീംകോടതി ജഡ്ജിയായി ബാറിൽ നിന്ന് നേരിട്ട് നിയമിതനാകുന്ന രണ്ടാമത്തെ ചീഫ് ജസ്റ്റിസാകും യു യു ലളിത്. ജസ്റ്റിസ് എസ് എം സിക്രിയാണ് ഇതിന് മുമ്പ് ഇത്തരത്തിൽ ചീഫ് ജസ്റ്റിസ് ആയിട്ടുള്ളത്.

1983ൽ ബോംബെ ഹൈക്കോടതിയിലാണ് ജസ്റ്റിസ് ലളിത് അഭിഭാഷകനായി എന്റോൾ ചെയ്തത്. 2014ൽ ആണ് അദ്ദേഹം സുപ്രീംകോടതി ജഡ്ജിയായി നിയമിതനായത്.