അന്തരീക്ഷ മലിനീകരണമില്ല; 23 ഇലക്ട്രിക് ബസുകൾ നിരത്തിലിറക്കി കെഎസ്ആർടിസി

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ വലിയ സിറ്റി ബസുകൾക്ക് പകരം പുത്തൻതലമുറ ഇലക്ട്രിക് ബസുകൾ സർവ്വീസുകൾ ആരംഭിച്ചു. ഒമ്പതുമീറ്റർ നീളമുള്ള 23 ബസുകളാണ് കെഎസ്ആർടിസി നിരത്തിൽ ഇറക്കിയത്. വീതി കുറഞ്ഞ വഴികളിലൂടെ അനായാസം കടന്നുപോകുമെന്നതാണ് ഈ ബസുകളുടെ പ്രത്യേകത. നഗരത്തിലെ ചെറുവഴികളിൽ ഗതാഗതക്കുരുക്ക് ഉണ്ടാകില്ലെന്നതാണ് മറ്റൊരു നേട്ടം.

തിരുവനന്തപുരം സിറ്റി ഡിപ്പോയിൽ നിന്ന് 12 ബസുകളും പേരൂർക്കടയിൽനിന്ന് 10 ഷെഡ്യൂളുകളുമാണ് ഇപ്പോൾ ആംഭിച്ചത്. ഇനി 25 ബസുകൾ കൂടി ഉടനെത്തും. ഡീസൽ ബസിന്റെ ശബ്ദമോ വിറയലോ ഒന്നു തന്നെ ഇലക്ട്രിക് ബസുകൾക്കില്ല. പുക പുറന്തള്ളി അന്തരീക്ഷം മലിനമാക്കുകയും ചെയ്യില്ല.

10 രൂപയാണ് ഒരു ട്രിപ്പിന്റെ മിനിമം ചാർജ്. അതേസമയം, സർവ്വീസ് ആരംഭിച്ച തിങ്കളാഴ്ച്ച ബസിൽ സൗജന്യ യാത്രയ്ക്കുള്ള അവസരമാണ് നൽകിയിരുന്നത്. എ.സി. ഇല്ലാത്ത ബസുകളാണ് നിലവിൽ സർവ്വീസ് നടത്തുന്നത്. ഇവയ്ക്ക് കൂടുതൽ മൈലേജ് ലഭിക്കും. വികാസ്ഭവൻ, പാപ്പനംകോട് ഡിപ്പോകളിൽ ബസുകൾ ചാർജ് ചെയ്യാനുള്ള സൗകര്യവുമുണ്ട്. രാത്രിയും, യാത്രക്കാർ കുറവുള്ള ഉച്ചസമയത്തുമാകും ബസുകൾ ചാർജ് ചെയ്യുക.