കായിക മേഖലയിലെ ഉത്തേജക മരുന്ന് ഉപയോഗം കർശനമായി തടയപ്പെടേണ്ടത്; പി ടി ഉഷ

ന്യൂഡൽഹി: കായിക മേഖലയിലെ ഉത്തേജക മരുന്ന് ഉപയോഗത്തിനെതിരെ നിലപാട് കടുപ്പിച്ച് രാജ്യസഭാംഗം പി ടി ഉഷ. കായിക മേഖലയിലെ ഉത്തേജക മരുന്ന് ഉപയോഗം കർശനമായി തടയപ്പെടേണ്ടതാണെന്ന് പി ടി ഉഷ പറഞ്ഞു. രാജ്യസഭയിലെ തന്റെ കന്നിപ്രസംഗത്തിലാണ് പി ടി ഉഷ ഇക്കാര്യം അറിയിച്ചത്.

മുതിർന്ന കായിക താരങ്ങൾ മാത്രമായിരുന്നു മരുന്നടിയുടെ പേരിൽ മുമ്പ് ആരോപണവിധേയരായിരുന്നതെങ്കിൽ ഇപ്പോഴത് ജൂനിയർ താരങ്ങളിലേക്ക് വരെ എത്തിയിരിക്കുകയാണെന്നും പി ടി ഉഷ ചൂണ്ടിക്കാട്ടി.

അതേസമയം, ഇന്ത്യൻ കായികരംഗത്തിന് പ്രത്യേകിച്ച് അത്ലറ്റിക്സിന് ലഭിച്ച അംഗീകാരമാണ് തനിക്ക് കിട്ടിയ സ്ഥാനമെന്ന് പി ടി ഉഷ നേരത്തെ പറഞ്ഞിരുന്നു. ഉഷ ഇന്ത്യക്കാർക്ക് പ്രചോദനമാണെന്ന് പ്രധാനമന്ത്രിയുടെ ട്വീറ്റ് കണ്ടപ്പോൾ അഭിമാനം തോന്നിയെന്നും പി ടി ഉഷ വ്യക്തമാക്കിയിരുന്നു. പ്രധാനമന്ത്രിയുടെ ഇടപെടൽ രാജ്യത്തിന് ഗുണകരമാണ്. കായികമേഖലയ്ക്ക് വേണ്ടി നിരവധി സ്‌കീമുകളാണ് കേന്ദ്രസർക്കാർ കൊണ്ടുവന്നത്. കേരളത്തിന് പുറത്ത് മറ്റെവിടെയെങ്കിലുമായിരുന്നു സ്‌കൂൾ തുടങ്ങിയതെങ്കിൽ കൂടുതൽ പരിഗണന ലഭിക്കുമായിരുന്നു. ഇവിടെ കായിക മേഖലയിൽ പ്രവർത്തിക്കാൻ ധാരാളം ബുദ്ധിമുട്ടുകളുണ്ട്. നമ്മുടെ രാജ്യത്ത് കായിക മേഖല നേരിടുന്ന അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുമെന്നും പി ടി ഉഷ അറിയിച്ചിരുന്നു.

കായികലോകത്തെ പി.ടി ഉഷയുടെ നേട്ടങ്ങളും പുതിയ തലമുറയെ വാർത്തെടുക്കാൻ നടത്തുന്ന ശ്രമങ്ങളും അഭിനന്ദനാർഹമാണെന്നായിരുന്നു പ്രധാനമന്ത്രി പറഞ്ഞത്.