ശക്തമായ മഴ; ഇടുക്കി, കോട്ടയം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച്ച അവധി പ്രഖ്യാപിച്ചു

കോട്ടയം: ഇടുക്കി, കോട്ടയം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച്ച അവധി പ്രഖ്യാപിച്ചു. അതിതീവ്രമഴയുടെയും വെള്ളപ്പൊക്കത്തിന്റെയും സാഹചര്യത്തിലാണ് ജില്ലാ കളക്ടർമാർ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചത്. കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ, അങ്കണവാടികൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച അവധിയായിരുക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

ഇടുക്കി ജില്ലയിലും പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയായിരിക്കും. എന്നാൽ, മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും, ഇന്റർവ്യൂകൾക്കും മാറ്റമുണ്ടായിരിക്കില്ല. അവധി മൂലം വിദ്യാർത്ഥികൾക്ക് നഷ്ടപ്പെടുന്ന പഠന സമയം ക്രമീകരിക്കാൻ വിദ്യാഭ്യാസ സ്ഥാപന മേധാവികൾ നടപടി സ്വീകരിക്കണമെന്നും ജില്ലാ കളക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്.

അതേസമയം, സംസ്ഥാനത്ത് മഴ ശക്തമായി തുടരുകയാണ്. ചാലക്കുടി പുഴയിൽ വൈകിട്ടോടെ കൂടുതൽ ജലം എത്തിച്ചേരുമെന്ന് മുന്നറിയിപ്പുണ്ട്. പ്രദേശവാസികൾ ജാഗ്രത പാലിക്കുകയും അധികൃതരുടെ നിർദേശങ്ങൾ അനുസരിച്ച് മാറിത്താമസിക്കാൻ തയ്യാറാവേണ്ടതാണ്. തൃശ്ശൂർ, എറണാകുളം ജില്ലകളുടെ താഴ്ന്ന പ്രദേശങ്ങളിലുള്ളവരും ജാഗ്രത പുലർത്തണം. 2018 ലെ പ്രളയകാലത്ത് ആളുകൾ മാറിത്താമസിച്ച പ്രദേശങ്ങളിലുള്ളവർ മുഴുവൻ ക്യാംപുകളിലേക്ക് മാറണമെന്നാണ് നിർദ്ദേശം.

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കണ്ണൂർ എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് റെഡ് അലെർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, മലപ്പുറം, കോഴിക്കോട്, വയനാട്, കാസർഗോഡ് എന്നീ ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണ്ണമായി ഒഴിവാക്കേണ്ടതുണ്ട്.

ലയങ്ങൾ, പുഴകളുടെ തീരങ്ങളിൽ താമസിക്കുന്നവർ, ദുരന്ത സാധ്യത പ്രദേശങ്ങളിൽ ഉള്ളവർ മഴ സാഹചര്യം കണക്കിലെടുത്തു അധികൃതരുടെ നിർദ്ദേശങ്ങൾക്കനുസരിച്ചു മാറി താമസിക്കേണ്ടതാണ്. എല്ലാ ജില്ലകളിലും ക്യാമ്പുകൾ തുറക്കുകയും സൗകര്യങ്ങൾ ഉറപ്പു വരുത്തുകയും ചെയ്തിട്ടുണ്ട്.
താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം.

ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല. ജലനിരപ്പ് ഉയർന്ന പ്രദേശങ്ങളിൽ, പ്രത്യേകിച്ചും പുഴകളുടെ കരകളിൽ, പുഴയിൽ, കായലിൽ, കുളങ്ങളിൽ വിനോദ സഞ്ചാരം, കുളിക്കൽ, തുണി കഴുകൽ, ചൂണ്ട ഇടൽ എന്നിവ ഒഴിവാക്കണം. എല്ലാ വീടുകളിലും എമർജൻസി കിറ്റുകൾ തയ്യാറാക്കി വെക്കേണ്ടതിന്റെ പ്രാധാന്യം എല്ലാവരും ഗൗരവത്തോടെ കാണേണ്ടതാണ്.

ലോവർ പെരിയാർ (ഇടുക്കി), കല്ലാർകുട്ടി (ഇടുക്കി), പൊന്മുടി (ഇടുക്കി), ഇരട്ടയാർ (ഇടുക്കി), കുണ്ടള (ഇടുക്കി), മൂഴിയാർ (പത്തനംതിട്ട) എന്നീ അണക്കെട്ടുകളിൽ നിലവിൽ റെഡ് അലേർട്ട് പ്രഖ്യപിച്ചിട്ടുണ്ട്.