തായ്‌വാൻ വിഷയത്തിൽ ചൈനയ്ക്ക് അനുകൂല നിലപാടുമായി പാകിസ്താൻ; അതൃപ്തിയുമായി അമേരിക്ക

ഇസ്ലാമാബാദ്: തായ്‌വാൻ വിഷയത്തിൽ ചൈനയ്ക്ക് അനുകൂല നിലപാടുമായി പാകിസ്താൻ. അമേരിക്കൻ പ്രതിനിധി സഭാ സ്പീക്കർ നാൻസി പെലോസിയുടെ തായ്‌വാൻ സന്ദർശനവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദത്തിലാണ് പാകിസ്താൻ ചൈനയ്ക്ക് പിന്തുണ നൽകിയത്. പാകിസ്താൻ വിദേശകാര്യ വക്താവ് അസീം ഇഫ്തിക്കർ പ്രസ്താവനയിലൂടെയാണ് ചൈനക്ക് ഉറച്ച പിന്തുണ നൽകുന്നതായി അറിയിച്ചത്. തായ്‌വാനിൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്ന പ്രതിസന്ധിയിൽ പാകിസ്താന് കടുത്ത ആശങ്കയുള്ളതായി അസീം അഭിപ്രായപ്പെട്ടു.

അതേസമയം, പാകിസ്താന്റെ നടപടിയിൽ അമേരിക്കയ്ക്ക് കടുത്ത അതൃപ്തിയുണ്ടെന്നാണ് റിപ്പോർട്ട്. എന്നാൽ, വിഷയവുമായി ബന്ധപ്പെട്ട് അമേരിക്ക ഔദ്യോഗിക പ്രതികരണളൊന്നും നടത്തിയിട്ടില്ല. പാകിസ്താന്റെ പരാമർശം അമേരിക്ക കൂടുതൽ പരിശോധിച്ച് വരികയാണ്.

നാൻസി പെലോസി തായ്‌വാൻ സന്ദർശിച്ചതിന് പിന്നാലെ ചൈന മേഖലയിൽ യുദ്ധസന്നാഹം ഒരുക്കിയിട്ടുണ്ട്. തായ്‌വാൻ വ്യോമ മേഖല ലക്ഷ്യമാക്കി നിരവധി ചൈനീസ് പോർവിമാനങ്ങൾ പുറപ്പെട്ടിരിക്കുകയാണ്. ചൈനീസ് പോർവിമാനങ്ങളുടെ കടന്നുകയറ്റം ചെറുക്കാൻ എയർ പട്രോൾ മോണിറ്റർ സംവിധാനവും വിമാനവേധ മിസൈലുകളും തായ്‌വാനും സജ്ജമാക്കി.