General (Page 406)

തളിപ്പറമ്പ്: പോലീസിന് പിന്തുണയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ആലുവയിലെ അഞ്ചുവയസുകാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസിനെതിരെ വിമർശനം ഉയർന്ന സാഹചര്യത്തിലാണ് അദ്ദേഹം പിന്തുണയുമായി രംഗത്തെത്തിയത്.

കേസിലെ പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടുകയും സംഭവത്തിന്റെ ചുരുളഴിക്കുകയും ചെയ്ത സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ചരിത്രത്തിൽ ഇതുവരെ ഇല്ലാത്ത രീതിയിലാണ് പൊലീസ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്. പെൺകുട്ടിയുടെ സംസ്‌കാര ചടങ്ങിൽ സർക്കാർ പ്രതിനിധികൾ എത്താൻ വൈകിയെന്ന പ്രതിപക്ഷത്തിന്റെ ആരോപണം അവർക്ക് വേറെ ജോലിയൊന്നും ഇല്ലാത്തതുകൊണ്ടാണെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.

കൊച്ചി: നടൻ സുരാജ് വെഞ്ഞാറമൂടിനെതിരെ കേസ്. പാലാരിവട്ടത്തുണ്ടായ വാഹനാപകടത്തിലാണ് സുരാജ് വെഞ്ഞാറമൂടിനെതിരെ കേസെടുത്തത്. അലക്ഷ്യമായി വാഹനമോടിച്ചതിനാണ് കേസ്.

കാറുമായി തിങ്കളാഴ്ച്ച പോലീസ് സ്റ്റേഷനിൽ ഹാജരാകണമെന്നാണ് നിർദ്ദേശം. ശനിയാഴ്ച രാത്രി 12 മണിയോടെയായിരുന്നു സുരാജ് വെഞ്ഞാറമൂട് സഞ്ചരിച്ച കാർ ബൈക്കുമായി കൂട്ടിയിടിച്ചത്. അപകടത്തിൽ ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് സുരാജ് വെഞ്ഞാറമൂടിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

എറണാകുളം പാലാരിവട്ടത്താണ് അപകടം സംഭവിച്ചത്. ബൈക്ക് യാത്രികനായ മലപ്പുറം മഞ്ചേരി സ്വദേശി ശരത്തിനാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

covid

തിരുവനന്തപുരം: ആലുവയിലെ അഞ്ചുവയസുകാരിയുടെ കൊലപാതകത്തിൽ പൊലീസ് സേനയെ രൂക്ഷമായി വിമർശിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ. നികുതിപ്പണത്തിൽ നിന്ന് ശമ്പളം നൽകി സേനയെ സൃഷ്ടിച്ചത് ഫേസ്ബുക്കിൽ മാപ്പെഴുതാനല്ലെന്ന് വി മുരളീധരൻ പറഞ്ഞു. പട്ടാപ്പകൽ നഗരമധ്യത്തിൽ ബലാത്സംഗക്കൊല സംഭവിക്കുന്നത് ആരുടെ വീഴ്ചയെന്നതിൽ അന്വേഷണം വേണമെന്ന് അദ്ദേഹം വ്യക്തമാക്കി.

ഉത്തരവാദികൾക്കെതിരെ നടപടി വേണമെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു. കുറ്റകൃത്യം നടന്ന ശേഷം പ്രതിയെ പിടിച്ചെന്ന് വീമ്പ് പറയുന്നതല്ല വേണ്ടതെന്നും ജനത്തിന് സുരക്ഷ ഒരുക്കാനാകണമെന്നും കേന്ദ്രമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.

പ്രതിയെപ്പറ്റി പ്രദേശവാസികൾക്ക് പരാതിയുണ്ടായിരുന്നു. മാർക്കറ്റിന് സമീപം സാമൂഹൃവിരുദ്ധരുടെ ഓപ്പൺബാർ പ്രവർത്തിക്കുന്നതായി പരാതിയുണ്ടായിരുന്നു. എല്ലാം അവഗണിച്ച പൊലീസ്, പെൺകുട്ടി കാണാതായി എന്നറിഞ്ഞിട്ടും നിഷ്‌ക്രിയമായി തുടർന്നു. പ്രതി ഒരു ദിവസമാകെ പൊലീസിനെ കബളിപ്പിക്കുന്നതും നമ്മൾ കണ്ടെന്നും വി മുരളീധരൻ പറഞ്ഞു. അതിക്രമങ്ങൾ ആവർത്തിക്കുമ്പോഴും പൊലീസിന് എന്താണ് ചെയ്യേണ്ടതെന്ന് അറിയുന്നില്ലെങ്കിൽ ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്നവർക്ക് വേണ്ട നിർദേശം നൽകാനാകണം. ഭരണനേതൃത്വം ഇക്കാര്യങ്ങളെ ഇനിയെങ്കിലും ഗൌരവമായി കാണണമെന്നും അദ്ദേഹം പ്രതികരിച്ചു.

അതിഥികളെന്ന് വിളിക്കുന്നതെല്ലാം നല്ലതാണ്. എന്നാൽ ആരെല്ലാമാണ് അതിഥികളെന്ന് മുഖ്യമന്ത്രിക്കും കൂട്ടർക്കും ധാരണവേണം. സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്ന കുറ്റകൃത്യങ്ങളിൽ അന്യസംസ്ഥാന തൊഴിലാളികളുടെ എണ്ണം വർധിക്കുകയാണ്. തൊഴിലാളികളുടെ ഡാറ്റ ബാങ്ക് അധികൃതരുടെ കയ്യിലുണ്ടോയെന്നും ക്യാമ്പുകളിൽ പരിശോധന നടക്കാറുണ്ടോ എന്നും വി മുരളീധരൻ ചോദിച്ചു. സർക്കാരിന്റെ കഴിവില്ലായ്മയ്ക്ക് ജനം ജീവൻ കൊടുക്കേണ്ട അവസ്ഥയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കൊച്ചി: ആലുവയിൽ കൊല്ലപ്പെട്ട അഞ്ചുവയസ്സുകാരിയുടെ വീട് സന്ദർശിച്ച് ആരോഗ്യമന്ത്രി വീണാ ജോർജും ജില്ലാ കലക്ടർ എൻഎസ്‌കെ ഉമേഷും. അഞ്ചു വയസുകാരിയുടെ കുടുംബത്തെ മന്ത്രി ആശ്വസിപ്പിച്ചു. പ്രതിക്കു പരമാവധി ശിക്ഷ ഉറപ്പാക്കുമെന്നും വീണാ ജോർജ് അറിയിച്ചു. കുട്ടിയുടെ അച്ഛനും അമ്മയും ആവശ്യപ്പെട്ട കാര്യമതാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

പോക്‌സോ ഇരകളുടെ അമ്മമാർക്കുള്ള ആശ്വാസനിധിയിൽ നിന്നുള്ള തുക നൽകും. ബാക്കി കാര്യങ്ങൾ സർക്കാർ ആലോചിച്ച് ചെയ്യും. വിമർശനങ്ങൾക്കുള്ള സമയമല്ല ഇതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

അതേസമയം, കുട്ടിയുടെ സംസ്‌കാരച്ചടങ്ങിൽ സർക്കാർ പ്രതിനിധികൾ എത്താത്തത് വിവാദമായിരുന്നു. വിഷയത്തിൽ വിശദീകരണവുമായി മന്ത്രി ആർ ബിന്ദു രംഗത്തെത്തിയിരുന്നു. മന്ത്രി എല്ലായിടത്തും എത്തിക്കൊള്ളണമെന്നില്ലല്ലോയെന്നും അതിനുള്ള സമയം കിട്ടിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. മന്ത്രിമാരുടെ അസാന്നിധ്യത്തെക്കുറിച്ചു കൂടുതൽ അറിയില്ലെന്നും അന്വേഷിച്ചിട്ട് പറയാമെന്നും മന്ത്രി പ്രതികരിച്ചു.

കൊച്ചി: ആലുവയിൽ ആസ്സാം സ്വദേശി കൊലപ്പെടുത്തിയ അഞ്ചുവയസ്സുകാരിയുടെ സംസ്‌കാരച്ചടങ്ങിൽ മന്ത്രിമാർ ആരും പങ്കെടുക്കാത്തതിൽ വിശദീകരണവുമായി മന്ത്രി ആർ ബിന്ദു. മന്ത്രി എല്ലായിടത്തും എത്തിക്കൊള്ളണമെന്നില്ലല്ലോയെന്നും അതിനുള്ള സമയം കിട്ടിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

വിഷയത്തിൽ പോലീസ് വളരെപ്പെട്ടെന്ന് തന്നെ ഇടപെടുകയും പ്രതിയെ പിടികൂടുകയും ചെയ്തിരുന്നു. സംഭവം നടന്ന എറണാകുളം ജില്ലയിലെ മന്ത്രിമാർ പങ്കെടുക്കുമായിരുന്നെന്നാണ് തന്റെ അറിവ്. അതേക്കുറിച്ച് കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കാനായിട്ടില്ല. ധാരാളം ജനങ്ങളും പൊതുപ്രവർത്തകരും അവിടെ എത്തിച്ചേർന്നിരുന്നു. വനിതാമന്ത്രി എന്ന നിലയിൽ പോകേണ്ടതായിരുന്നു എന്നാണോ പറയുന്നതെന്നും ബിന്ദു ചോദിക്കുന്നു.

വാഷിംഗ്ടൺ: സ്‌കൂളുകളിലെ സ്മാർട്ട് ഫോൺ ഉപയോഗം നിരോധിക്കണമെന്നാവശ്യപ്പെട്ട് യുനെസ്‌കോ. കുട്ടികളിലെ പഠന നിലവാരം ഉയർത്തുക ലക്ഷ്യത്തോടെയാണ് യുനെസ്‌കോ ഈ ആവശ്യം മുന്നോട്ടുവെച്ചിട്ടുള്ളത്. അമിതമായ ഫോൺ ഉപയോഗം കുട്ടികളുടെ പഠനനിലവാരത്തെ ബാധിക്കുമെന്ന് യുനെസ്‌കോ അറിയിച്ചു. സ്‌ക്രീൻ സമയം കൂടുന്നത് കുട്ടികളുടെ വൈകാരിക മാനസിക നിലയെ കാര്യമായി ബാധിക്കുമെന്നും യുനെസ്‌കോ കൂട്ടിച്ചേർത്തു.

സ്മാർട്ട്ഫോൺ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവയുൾപ്പടെയുള്ള ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ ഉപയോഗം മനുഷ്യന്റെ വീക്ഷണത്തിന് അനുസൃതമായിരിക്കണം. അധ്യാപകരും വിദ്യാർത്ഥികളുമായുള്ള മുഖാമുഖമുള്ള ആശയവിനിമയത്തിന് ഈ സാങ്കേതിക വിദ്യകൾ തടസ്സമാകരുത്. എല്ലാ മാറ്റങ്ങളും പുരോഗതിയിലേക്കല്ല നയിക്കുന്നത്. വിദ്യാഭ്യാസത്തിന്റെ സാമൂഹിക തലത്തെപ്പറ്റി ചിന്തിക്കണമെന്നും സമൂഹത്തിൽ വ്യക്തിവത്ക്കരണം വർധിച്ചുവരികയാണെന്നും അതിന് പ്രേരിപ്പിക്കുന്നവർ വിദ്യാഭ്യാസത്തിന്റെ യഥാർത്ഥ ലക്ഷ്യമെന്തെന്ന് അറിയാത്തവരാണെന്നും യുനെസ്‌കോ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

വിദ്യാർത്ഥിയുടെ ആവശ്യങ്ങൾ അറിഞ്ഞ് പെരുമാറണം. കൂടാതെ അധ്യാപകർക്ക് സഹായകമാകുന്ന രീതിയിലും സാങ്കേതിക വിദ്യ ഉപയോഗിക്കാവുന്നതാണ്. എന്നാൽ മനുഷ്യർ തമ്മിലുള്ള ആശയവിനിമയത്തിന് പകരമാവില്ല ഇത്തരം ഓൺലൈൻ വിനിമയമെന്നും അസോളെ വ്യക്തമാക്കി. ഡിജിറ്റൽ സാങ്കേതിക വിദ്യയ്ക്ക് നിരവധി പ്രയോജനങ്ങളുണ്ട്. അളവറ്റ സാധ്യതകളാണ് അവ നമുക്ക് നൽകുന്നത്. എന്നാൽ സമൂഹത്തിൽ അവയുടെ ഉപയോഗം നിയന്ത്രിക്കപ്പെടേണ്ടതുണ്ട്. അതേ രീതിയിൽ വിദ്യാഭ്യാസ രംഗത്തും ഇവയുടെ ഉപയോഗം നിയന്ത്രിക്കപ്പെടണമെന്ന് യുനെസ്‌കോ ആവശ്യപ്പെട്ടു.

തിരുവനന്തപുരം : മുൻ ഗവർണറും കോൺഗ്രസ് നേതാവുമായിരുന്ന വക്കം പുരുഷോത്തമൻ അന്തരിച്ചു. തിരുവനന്തപുരം കുമാരപുരത്തെ വസതിയിൽ വാർധക്യ സഹജമായ അസുഖങ്ങൾ മൂലം ചികിത്സയിലും വിശ്രമത്തിലുമായിരുന്നു. ഇന്ന് വൈകിട്ട് 3 മണിയോടെ കിംസ് ഹോസ്പിറ്റലിലായിരുന്നു അന്ത്യം. മിസോറാമിലും ത്രിപുരയിലും ഗവർണറും ആൻഡമാനിൽ ലഫ്റ്റനന്റ് ഗവർണറുമായി സേവനമനുഷ്ഠിച്ചുണ്ട്.

രണ്ട് തവണ എംപിയും 5 തവണ എം എൽ എ യും ആയിട്ടുണ്ട്. ഏറ്റവും കൂടുതൽ കാലം നിയമ സഭാസ്‌പീക്കറായി ഇരുന്ന വ്യക്തി എന്ന പ്രത്യേകതയും ഇദ്ദേഹത്തിനുണ്ട്. 96 വയസ് ഉണ്ടായിരുന്ന ഇദ്ദേഹം കെ പി സി സി ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ നിർവഹിച്ചിട്ടുണ്ട്

കണ്ണൂർ: ആലുവയിൽ അഞ്ചുവയസുകാരി കൊല്ലപ്പെട്ട സംഭവത്തിൽ മൗനം തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആലുവയിൽ അഭ്യന്തര വകുപ്പിനും പൊലിസിനും അതീവഗുരുതരമായ വീഴ്ചയുണ്ടായെന്ന വിമർശനം ഉയരുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി മൗനം തുടരുന്നത്. അതേസമയം, മുഖ്യമന്ത്രിയുടെ ജനസമ്പർക്കപരിപാടിയിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടിരുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടാണ് പൊതു ജനങ്ങളിൽ നിന്നും പരാതികളും നിവേദനങ്ങളും സ്വീകരിച്ചത്.

പിണറായി കൺവെൻഷൻ സെന്ററിലെ ധർമ്മടം മണ്ഡലം എം എൽ എ ഓഫീസ് കേന്ദ്രീകരിച്ചായിരുന്നു പരാതി സ്വീകരിക്കൽ. ആകെ 550 പരാതികളാണ് ലഭിച്ചത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് കണ്ട് നിവേദനങ്ങൾ നൽകി. മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലൻ, അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി മേജർ ദിനേശ് ഭാസ്‌കർ എന്നിവരും മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. പരാതികൾ പരിശോധിച്ച് സത്വര നടപടികൾ കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകി.

വിവിധ മേഖലകളിൽ മികവ് തെളിയിച്ച കൗമാര പ്രതിഭകളെ മുഖ്യമന്ത്രി പിണറായി വിജയൻ പിണറായി കൺവെൻഷൻ സെന്ററിൽ അനുമോദിക്കുകയും ചെയ്തു. വിവിധ മേഖലകളിൽ മികവ് തെളിയിച്ച പെരളശ്ശേരി എ കെ ജി സ്മാരക ജി എച്ച് എസ്, പിണറായി എ കെ ജി മെമോറിയൽ ജി എച്ച് എസ് എന്നിവിടങ്ങളിലെ 9 കുട്ടികളെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ പാർക്കർ പേന നൽകി അനുമോദിച്ചത്. പാർക്കർ പേനകളാണ് മുഖ്യമന്ത്രി കുട്ടികൾക്ക് സമ്മാനിച്ചത്.

തിരുവനന്തപുരം : സ്‌പീക്കർക്കെതിരെ രംഗത്തെത്തി എൻ എസ് എസ്. ഹിന്ദു ആരാധനാ മൂർത്തിക്കെതിരായ ഷംസീറിന്റെ പരാമർശം പിൻവലിച്ച് മാപ്പ് പറയണമെന്നാണ് എൻ എസ് എസ് സെക്രട്ടറി സുകുമാരൻ നായർ പ്രസ്താവനയിൽ പറഞ്ഞിരിക്കുന്നത്. സ്‌പീക്കറുടെ പരാമർശം ഹിന്ദു മത വികാരം വ്രണപ്പെടുത്തുന്നതാണെന്നും എൻ എസ് എസ് പറഞ്ഞു. ഗണപതിയെ സ്പീക്കർ അധിക്ഷേപിച്ചെന്നാരോപിച്ച് സംഘ പരിവാർ സംഘടനകൾ പ്രതിഷേധവുമായി രംഗത്തുണ്ട്.

യുവമോർച്ച ഷംസീറിനെ വെല്ലു വിളിച്ച് നടത്തിയ പ്രസംഗത്തെ തുടർന്ന് അതിന് പിറകെ വന്ന ജയരാജന്റെ മോർച്ചറി പരാമർശം വൻ വിവാദമായിരുന്നു. ജൂലൈ 21 ന് കുന്നത്തുനാട് വച്ച് നടത്തിയ ഹിന്ദു ദൈവങ്ങളുമായി ബന്ധപ്പെട്ട ഷംസീറിന്റെ പ്രസംഗത്തെച്ചൊല്ലിയാണ് വിവിധ ഹിന്ദു സംഘടനകൾ രംഗത്തെത്തിയത്. ബി ജെ പി ഈ പരാമർശത്തിൽ ഷംസീറിനെതിരെ പോലീസിൽ പരാതി വരെ നൽകിയിരിക്കുകയാണ്. എൻ എസ് എസ് കൂടി സ്‌പീക്കർക്കെതിരെ രംഗത്ത് വന്നതോടെ സർക്കാർ സ്വീകരിക്കാൻ പോകുന്ന നടപടി എന്താണെന്ന് ഉറ്റു നോക്കേണ്ടതായുണ്ട്.

ഇസ്ലാമാബാദ്: പാകിസ്ഥാനിൽ രാഷ്ട്രീയ പാർട്ടി യോഗത്തിനിടെ സ്‌ഫോടനം. 39 പേരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. നൂറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഖൈബർ പഖ്തുൻഖ്വാ പ്രവിശ്യയിലെ ബജൗർ ജില്ലയിലെ ഖർ നഗരത്തിലാണ് സ്‌ഫോടനം ഉണ്ടായത്.

ജംഇയ്യത്ത് ഉലമ ഇ-ഇസ്‌ലാം-ഫസൽ (ജെയുഐഎഫ്) പാർട്ടിയുടെ കൺവെൻഷൻ നടന്നത്. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. പരിക്കേറ്റവരിൽ 17 രോഗികൾ ഗുരുതരാവസ്ഥയിലാണെന്നാണ് റിപ്പോർട്ട്.