General (Page 407)

തിരുവനന്തപുരം: ഓണത്തിന് കേരളത്തിലേക്ക് വിവിധ സംസ്ഥാനങ്ങളിൽ നിന്നും പ്രത്യേക ട്രെയിൻ വേണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്ത് നൽകി കെ വി തോമസ്. ബംഗളൂരു , ചെന്നൈ , ഡൽഹി, കൊൽക്കത്ത , ഹൈദരാബാദ് എന്നിവിടങ്ങളിൽ നിന്നും പ്രത്യേക സർവീസ് വേണമെന്ന് അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു.

പ്രത്യേക തീവണ്ടികൾ വേണമെന്ന ആവശ്യത്തിൽ റെയിൽവേ ഉന്നത ഉദ്യോഗസ്ഥരുമായി തിങ്കളാഴ്ച ചർച്ച നടത്തുമെന്നും കെ വി തോമസ് അറിയിച്ചു. അതേസമയം, മന്ത്രി വി അബ്ദുറഹിമാൻ ഉൾപ്പെടെയുള്ളവരും ഇക്കാര്യം ആവശ്യപ്പെട്ട് നേരത്തെ കേന്ദ്ര സർക്കാരിന് കത്ത് നൽകിയിരുന്നു. ഓണം, നവരാത്രി ആഘോഷവേളകളിലെ തിരക്ക് കണക്കിലെടുത്ത് രാജ്യത്തെ പ്രധാന നഗരങ്ങളിൽ നിന്ന് കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകൾ വേണമെന്നാണ് അദ്ദേഹം കേന്ദ്ര റെയിൽവേ മന്ത്രിയ്ക്ക് അയച്ച കത്തിൽ വ്യക്തമാക്കിയിരുന്നത്.

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയെന്ന കേസിൽ ഹർജിക്കാരനെതിരെ രൂക്ഷ വിമർശനവുമായി ലോകായുക്ത. ഹർജിയുടെ സാധുത വീണ്ടും പരിശോധിക്കുമെന്ന ലോകായുക്ത നിലപാടിനെതിരെ ഹർജിക്കാരൻ നല്കിയ ഇടക്കാല ഹർജിയിലാണ് വിമർശനം.

ഡിവിഷൻ ബഞ്ചിന്റെ ഉത്തരവിൽ വ്യക്തത വേണമെന്ന് ഇടക്കാല ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. ഹർജിക്കാരൻ ലോകായുക്തയുടെ സമയം കളയുന്നുവെന്നായിരുന്നു മൂന്നംഗ ബഞ്ചിന്റെ വിമർശനം. കേസ് നീട്ടിക്കൊണ്ട് പോകുന്നതിൽ എന്തെങ്കിലും കുത്തിത്തിരിപ്പ് ലക്ഷ്യമുണ്ടാകുമെന്നും മൂന്നംഗ ബഞ്ചിന് വീണ്ടും ആരോപണങ്ങൾ അന്വേഷിക്കാൻ കഴിയുമെന്നും ലോകായുക്ത വ്യക്തമാക്കി.

അതേസമയം, ഹർജിക്കാരന്റെ അഭിഭാഷകനെ കൊണ്ട് ഡിവിഷൻ ബഞ്ച് ഉത്തരവ് മൂന്നംഗ ബഞ്ച് വീണ്ടും വായിപ്പിച്ചു. കാര്യങ്ങളിൽ വ്യക്തത വന്നതിനാൽ ഇടക്കാല ഹർജി പിൻവലിക്കുന്നുണ്ടോയെന്ന് ലോകായുക്ത ചോദിച്ചു. ദുരിതാശ്വാസ നിധിയിൽ തുക അനുവദിക്കാനുള്ള തീരുമാനം മന്ത്രിസഭാ യോഗത്തിന്റെ ആണെന്നും വ്യക്തിപരമായ തീരുമാനമല്ലെന്നും അതിനാൽ ലോകായുക്ത പരിധിയിൽ വരുന്നതാണോ എന്ന് പരിശോധിക്കണമെന്നുമായിരുന്നു സ്‌പെഷ്യൽ’പബ്ലിക് പ്രോസിക്യൂട്ടറുടെ വാദം.

ന്യൂഡൽഹി: ഭാരതീയ സംഹിത സുരക്ഷാ ബിൽ 2023 ലോക്‌സഭയിൽ അവതരിപ്പിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇന്ത്യൻ ക്രിമിനൽ നിയമങ്ങൾ സമഗ്രമായി പരിഷ്‌കരിക്കുന്ന സുപ്രധാന ബില്ലാണിത്. ഐപിസി, സിആർപിസി, തെളിവു നിയമം എന്നിവ അടിമുടി മാറും. ബ്രിട്ടിഷുകാർ കൊണ്ടുവന്ന രാജ്യദ്രോഹക്കുറ്റം പൂർണമായും ഒഴിവാക്കുമെന്നും അമിത് ഷാ അറിയിച്ചു.

ഇന്ത്യൻ ശിക്ഷാനിയമത്തിന് പകരമായി ഭാരതീയ ന്യായ സംഹിത 2023, ക്രിമിനൽ നടപടി ചട്ടത്തിന് പകരമായി ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഇന്ത്യൻ തെളിവ് നിയമത്തിന് പകരമായ ഭാരതീയ സാക്ഷ്യ സംഹിത തുടങ്ങിയ ബില്ലുകൾ അമിത് ഷാ ലോകസഭയിൽ അവതരിപ്പിച്ചു. 1860 മുതൽ 2023 വരെ രാജ്യത്തെ ക്രിമിനൽ നിയമങ്ങൾ ബ്രിട്ടീഷുകാർ നിർമ്മിച്ചതാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ മാറ്റം. പുതിയ ബില്ലുകൾ പ്രകാരം രാജ്യദ്രോഹനിയമം ഉണ്ടാവില്ലെന്ന് അമിത് ഷാ വിശദീകരിച്ചു.

ബിൽ പാസാകുന്നതോടെ ഐപിസി എന്നത് ഭാരതീയ ന്യായ സംഹിത, സിആർപിസി എന്നത് ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, തെളിവു നിയമം ഭാരതീയ സാക്ഷ്യ എന്നിങ്ങനെയാകും. കൂട്ട ബലാത്സംഗക്കേസിലെ പ്രതികൾക്ക് 20 വർഷത്തെ തടവുശിക്ഷ, പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ബലാത്സംഗം ചെയ്ത പ്രതികൾക്ക് വധശിക്ഷ തുടങ്ങിയ മാറ്റങ്ങളാണ് ബില്ലിൽ പറയുന്നത്. ജീവപര്യന്തം തടവുശിക്ഷ എന്നാൽ ജീവിതകാലം മുഴുവൻ തടവുശിക്ഷ ആയിരിക്കുമെന്നാണ് ബില്ലിലെ മറ്റൊരു വ്യവസ്ഥ. തിരഞ്ഞെടുപ്പിൽ വോട്ടിന് വേണ്ടി പണം നൽകുന്നവർക്ക് തടവുശിക്ഷയും ബില്ല് വ്യവസ്ഥ ചെയ്യുന്നുണ്ട്.

തട്ടിക്കൊണ്ട് പോകൽ, വിവാഹത്തിന് വേണ്ടി പ്രേരിപ്പിക്കൽ തുടങ്ങിയവയ്ക്ക് പത്ത് വർഷം തടവും പിഴയും. ഗർഭച്ഛിദ്രത്തിന് പ്രേരിപ്പിച്ചാൽ മൂന്ന് വർഷം തടവും പിഴയും, സ്ത്രീയുടെ സമ്മതമില്ലാതെ ഗർഭച്ഛിദ്രം ചെയ്താൽ ജീവപര്യന്തം തടവ്, അല്ലെങ്കിൽ പത്ത് വർഷം തടവും പിഴയും തുടങ്ങിയവയാണ് ഭാരതീയ സാക്ഷ്യ സംഹിതയിൽ വ്യവസ്ഥ ചെയ്യുന്നത്.

തിരുവനന്തപുരം: പദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറയിലെ സ്വത്ത് മുഴുവൻ മ്യുസിയത്തിലാക്കി പൊതുപ്രദർശനത്തിന് വെക്കണമെന്നും അതുവഴി സർക്കാരിന് വൻ വരുമാനം ഉണ്ടാക്കാമെന്നുമുള്ള സിപിഎം നേതാവ് കടകംപള്ളി സുരേന്ദ്രന്റെയും കോൺഗ്രസ് എംഎൽഎആയ എ പി അനിൽ കുമാറിന്റെയും അഭിപ്രായങ്ങൾ ക്ഷേത്രത്തെ വാണിജ്യവൽക്കരിക്കാനുള്ള കച്ചവട മനസിനെയാണ് വെളിപ്പെടുത്തുന്നതെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. പദ്മനാഭസ്വാമി ക്ഷേത്രം ടൂറിസ്റ്റ് കേന്ദ്രമോ വാണിജ്യ സ്ഥാപനമോ അല്ലെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ കലവറയിലുള്ളതെല്ലാം ഭഗവാന് ഭക്തിപൂർവ്വം സമർപ്പിച്ചവയാണ്. അവയിൽ നിന്നും സാമ്പത്തിക ലാഭമുണ്ടാക്കാൻ ഭൗതിക ചിന്തയോടെ കുറേ നാളുകളായി കണ്ണും നട്ട് ചിലർ വട്ടമിട്ടു പറക്കുകയാണ്. ക്ഷേത്രഭരണം സർക്കാരിന് വിട്ടുകിട്ടാൻ മുൻപ് പലവട്ടം ശ്രമിച്ചിട്ടും നടക്കാതെപോയതിൽ നിരാശരായവർ കലവറയിലെ കരുതൽ ശേഖരത്തിൽ ഉന്നം വെച്ച് കരുനീക്കങ്ങൾ നടത്തുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ഏതാനം ദിവസങ്ങൾക്ക് മുൻപ് ഒരു സ്വകാര്യ ഹെലികോപ്റ്റർ ക്ഷേത്രത്തിന്റെ മുകളിൽ കൂടി അഞ്ചുവട്ടം പറന്ന സംഭവം ഭക്തജനങ്ങളിൽ വളരെയേറെ ഉൽകണ്ഠ ഉണ്ടാക്കിയിട്ടുണ്ട്. അത് എന്ത് ആവശ്യത്തിനാണെന്നോ അവരുടെ ലക്ഷ്യം എന്തായിരുന്നെന്നോ അറിയുന്നതിന് വേണ്ട അന്വേഷണങ്ങളൊന്നും മേലധികാരികൾ ഇതുവരെ സ്വീകരിച്ചിട്ടില്ല. ഇപ്പോൾ വിവാദം ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിലെ കലവറയ്ക്കുള്ളിൽ ഇരിക്കുന്ന ക്ഷേത്ര സ്വത്തുക്കളിലേക്ക് തിരിഞ്ഞിരിക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഈ സാഹചര്യത്തിൽ ക്ഷേത്രത്തിന് സുരക്ഷാസന്നാഹങ്ങൾ ശക്തിപ്പെടുത്തുവാനും നിതാന്ത ജാഗ്രതയോടെ ക്ഷേത്ര സ്വത്തുക്കൾ പരിരക്ഷിക്കുവാനും അടിയന്തിര നടപടികൾ സ്വീകരിക്കണം. ക്ഷേത്രത്തിന്റെ ആകാശഭാഗം വ്യോമയാന നിരോധിത മേഖലയാക്കണമെന്നും ആവശ്യപ്പെടുന്നുവെന്നും കുമ്മനം രാജശേഖരൻ കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: നൈജറിൽ നിന്ന് ഇന്ത്യൻ പൗരന്മാർ എത്രയും പെട്ടെന്ന് ഒഴിയണമെന്ന മുന്നറിയിപ്പുമായി വിദേശകാര്യമന്ത്രാലയം. സംഘർഷം രൂക്ഷമായതോടെയാണ് വിദേശ കാര്യ മന്ത്രാലയം ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്.

നൈജറിലെ സ്ഥിതിഗതികൾ രാജ്യം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. വിദേശകാര്യമന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചിയാണ് ഇക്കാര്യം അറിയിച്ചത്. നിലവിലെ സാഹചര്യത്തിൽ നൈജറിലുള്ള ഇന്ത്യൻ പൗരന്മാർ എത്രയും പെട്ടെന്ന് തന്നെ രാജ്യം വിടണം. വ്യോമഗതാഗതം നിലവിൽ നിലച്ചു. അതിർത്തി കടന്ന് യാത്ര ചെയ്യുന്നവർ ആവശ്യമായ മുൻകരുതലുകളെടുക്കണമെന്നും ആവശ്യമായ സുരക്ഷ ഉറപ്പു വരുത്തണമെന്നും അദ്ദേഹം അറിയിച്ചു.

നൈജർ പ്രസിഡന്റായിരുന്ന മുഹമ്മദ് ബസൗം ഇപ്പോൾ വീട്ടുതടങ്കലിലാണ്. നൈജറിൽ പട്ടാള അട്ടിമറിയിലൂടെ പ്രസിഡന്റിനെ പുറത്താക്കിയിരുന്നു. 2011 മുതൽ പ്രസിഡന്റിന്റെ സേനയുടെ മേധാവിയായി പ്രവർത്തിക്കുന്ന ജനറൽ അബ്ദുറഹ്മാനെ ഷിയാമിയുടെ നേതൃത്വത്തിലായിരുന്നു അട്ടിമറി.

കൊച്ചി: ഈ വർഷത്തെ സംസ്ഥാന ചലച്ചിത്ര അവാർഡ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി തള്ളി ഹൈക്കോടതി. സംവിധായകൻ ലിജീഷ് മുല്ലത്താഴത്ത് നൽകിയ ഹർജിയാണ് ഹൈക്കോടതി തള്ളിയത്.

സംവിധായകനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്ജിത്ത് പുരസ്കാര നിർണയത്തിൽ ഇടപെട്ടിട്ടില്ലെന്ന നിരീക്ഷണത്തോടെ ആണ് ഹൈക്കോടതി ഹർജി തള്ളിയത്. ഹർജിയിൽ നേരത്തെ കോടതി സർക്കാറിനോട് വിശദീകരണം തേടിയിരുന്നു. പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രത്തിന് അവാർഡ് ലഭിക്കാതിരിക്കാൻ രഞ്ജിത്ത് ഇടപെട്ടു എന്ന് ആരോപണവുമായി സംവിധായകൻ വിനയൻ നേരത്തെ രംഗത്തെത്തിയിരുന്നു. സംഭവത്തിൽ വിനയൻ സർക്കാറിന് പരാതിയും നൽകി.

വിനയന്റെ പരാതിയിൽ നടപടി ഉണ്ടായില്ല എന്ന് ആരോപിച്ചാണ് ലിജീഷ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. അവാർഡ് നിർണയത്തിൽ രഞ്ജിത്ത് ഇടപെട്ടെന്നും അർഹതയുള്ളവരെ തഴഞ്ഞൊന്നുമായിരുന്നു ഹർജിയിൽ വ്യക്തമാക്കിയിരുന്നത്. രഞ്ജിത്തിനെ സ്ഥാനത്തുനിന്ന് മാറ്റണമെന്ന ആവശ്യവും ഹർജിയിൽ മുന്നോട്ടുവച്ചിരുന്നു.

തിരുവനന്തപുരം: മാസപ്പടി വിവാദം നിയമസഭയിൽ ഉന്നയിക്കാതെ യുഡിഎഫ് പിൻമാറിയെങ്കിലും ഒറ്റയ്ക്ക് വിഷയം സഭയിൽ ഉന്നയിച്ച് മാത്യു കുഴൽനാടൻ എംഎൽഎ. പണം കൈപ്പറ്റിയവരിൽ യുഡിഎഫ് നേതാക്കളുടെ പേരുമുണ്ടെന്ന് വ്യക്തമായതോടെയാണ് വിഷയത്തിൽ നിന്നും പ്രതിപക്ഷം പിൻമാറിയത്. സ്വജന പക്ഷപാതം മാത്രമല്ല സ്വാധീനം ഉപയോഗിക്കുന്നതും അഴിമതിയാണെന്ന് മാത്യു കുഴൽനാടൻ സഭയിൽ വ്യക്തമാക്കി.

വിഷയത്തെ കുറിച്ച് സഭയിൽ പറഞ്ഞ് തുടങ്ങിയതോടെ സ്പീക്കർ ഷംസീർ ഇതിന് തടയിട്ടു. എന്തും വിളിച്ച് പറയാവുന്ന വേദിയല്ല സഭയെന്ന് സ്പീക്കർ പറഞ്ഞു.സഭയിൽ സംസാരിക്കാനുള്ള അവകാശം നിഷേധിക്കുന്നത് എന്തിനാണെന്നും ആരെയാണ് അങ്ങ് ഭയപ്പെടുന്നതെന്നും കുഴൽനാടൻ ചോദിച്ചു. വായ്ക്ക് തോന്നിയത് കോതക്ക് പാട്ടെന്ന പോലെ ആരൊക്കെ എന്തൊക്കെ സഭയിൽ പറയുന്നു. എന്നാൽ ഈ വിഷയം സംസാരിക്കും മുമ്പ് തന്നെ തടയുന്നു. ആരുടേയും പേര് പറഞ്ഞില്ല പിന്നെ എന്തിന് ബഹളം. സംസാരിച്ച് തുടങ്ങുമ്പോഴേക്കും തടസപ്പെടുത്തുന്നതെന്തിനാണ്. ബഹളം വച്ച് യാഥാർത്ഥ്യങ്ങളെ മാറ്റാൻ കഴിയില്ല. ജനങ്ങൾക്ക് മുന്നിൽ യാഥാർത്ഥ്യം പറഞ്ഞേ പറ്റൂവെന്നും കുഴൽ നാടൻ അറിയിച്ചു.

അതേസമയം, മന്ത്രിമാരുൾപ്പെടെയുള്ള മറ്റുള്ളവർ പല വിഷയങ്ങളെയും പറ്റി പറഞ്ഞിട്ടും തടയാത്ത സ്പീക്കർ, മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ മകൾക്കുമെതിരായി സംസാരിക്കുമെന്ന് ഭയപ്പെട്ട് തന്റെ പ്രസംഗം തടസപ്പെടുത്തിയെന്ന് മാത്യു കുഴൽനാടൻ മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തി.

ന്യൂഡൽഹി: കേരളത്തിന് കൂടുതൽ സാമ്പത്തിക സഹായം അനുവദിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ഇടത് എംപിമാർ കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമനുമായി കൂടിക്കാഴ്ച നടത്തി. കേരളത്തിൽ നിന്നുള്ള ഇടതുപക്ഷ എംപിമാരായ എളമരം കരീം, ബിനോയ് വിശ്വം, ജോസ് കെ മാണി, വി ശിവദാസൻ, ജോൺ ബ്രിട്ടാസ്, എ എ റഹീം, പി സന്തോഷ്‌കുമാർ എന്നിവരാണ് ധനമന്ത്രിയെ കണ്ടത്. ജനക്ഷേമ പദ്ധതികളുടെ നടത്തിപ്പിലും, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിലും രാജ്യത്തിനാകെ മാതൃകയായ പ്രവർത്തനം കാഴ്ചവെക്കുന്ന സംസ്ഥാനമാണ് കേരളമെന്ന് എംപിമാർ പറഞ്ഞു.

സാമൂഹ്യ സുരക്ഷാ പെൻഷൻ ഉൾപ്പെടെയുള്ള പദ്ധതികളും ദാരിദ്ര്യ നിർമാർജനം, പൊതുവിപണിയിലെ വിലക്കയറ്റം തടയൽ മുതലായ പ്രവർത്തനങ്ങളും സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും കേരള സർക്കാർ മികച്ച രീതിയിലാണ് നടത്തിക്കൊണ്ടിരിക്കുന്നത്. കോവിഡ് ഉയർത്തിയ വെല്ലുവിളിയും ജിഎസ്ടി നഷ്ടപരിഹാരം നിർത്തലാക്കിയതിനെ തുടർന്ന് ഉടലെടുത്ത സാമ്പത്തിക ഞരുക്കവും കേന്ദ്ര ഗ്രാന്റുകളിൽ ഉണ്ടായ കുറവും സംസ്ഥാനത്തിന്റെ ധനസ്ഥിതിയെ സാരമായി ബാധിച്ചിട്ടുണ്ട്. ഓണം ഉൾപ്പെടെയുള്ള ആഘോഷങ്ങൾ വരാൻ പോകുന്ന സാഹചര്യത്തിൽ കേരളത്തിന് പ്രത്യേകമായ പരിഗണന നൽകി കൂടുതൽ സാമ്പത്തിക സഹായം അനുവദിക്കണമെന്ന് എംപിമാർ കേന്ദ്രമന്ത്രിയോട് ആവശ്യപ്പെട്ടു.

ചെന്നൈ : മുൻ എംപിയും നടിയുമായ ജയപ്രദയ്ക്ക് തടവു ശിക്ഷ വിധിച്ച് കോടതി. തീയറ്റർ നടത്തിപ്പുമായി ബന്ധപ്പെട്ട കേസിൽ ആണ് നടപടി. ആറുമാസത്തെ തടവ് ശിക്ഷയാണ് വിധിച്ചത്. ചെന്നൈയിലെ എഗ്മോർ കോടതിയാണ് വിധിപ്രസ്താവം നടത്തിയത്.

തടവിനു പുറമേ അയ്യായിരം രൂപ പിഴയും വിധിച്ചു. ജയപ്രദയ്ക്ക് പുറമേ മറ്റ് രണ്ടുപേരെയും കോടതി ശിക്ഷിച്ചിട്ടുണ്ട്. ചെന്നൈ അണ്ണാശാലയിൽ ജയപ്രദയുടെ ഉടമസ്ഥതയിലുള്ള തീയറ്ററിലെ തൊഴിലാളികളുടെ ഇ എസ് ഐ വിഹിതം സർക്കാരിന്റെ ഇൻഷുറൻസ് കമ്പനിയിൽ അടച്ചില്ല എന്നായിരുന്നു ജയപ്രദക്കെതിരെയുള്ള പരാതി. ഇൻഷുറൻസ് കമ്പനിയാണ് പരാതി നൽകിയത്.

തിരുവനന്തപുരം: ശമ്പള പ്രതിസന്ധിയിൽ പ്രതിഷേധിച്ച് പണിമുടക്ക് പ്രഖ്യാപിച്ച് തൊഴിലാളി സംഘടനകൾ. സിഐടിയു ഉൾപ്പെടെയുള്ള തൊഴിലാളി സംഘടനകളാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. ഓഗസ്റ്റ് 26നാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ജൂലൈ മാസത്തിലെ ശമ്പളവും കുടിശികയായതിന് പിന്നാലെയാണ് തൊളിവാളി സംഘടനകൾ ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.

കോൺഗ്രസ് അനുകൂല സംഘടനയായ ടിഡിഎഫും പണിമുടക്കിൽ പങ്കെടുക്കും. ശമ്പളവും ഓണം ആനുകൂല്യങ്ങളും നൽകുക, അനാവശ്യ പിഴയീടാക്കൽ അവസാനിപ്പിക്കുക തുടങ്ങിയവയാണ് ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക് നടത്തുന്നത്. സഹകരിക്കുന്ന മുഴുവൻ യൂണിയനുകളേയും പണിമുടക്കിൽ അണിനിരത്തും.

അതേസമയം, കഠിനാദ്ധ്വാനം ചെയ്തിട്ടും കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം ലഭിക്കാത്തത് ദയനീയമാണെന്ന് വിഷയത്തിൽ ജീവനക്കാരുടെ ഹർജി പരിഗണിക്കവേ ഹൈക്കോടതി പറഞ്ഞിരുന്നു. സർക്കാർ ശമ്പള വിതരണത്തിനായി അനുവദിച്ച മുപ്പതു കോടിയെക്കുറിച്ച് കെ.എസ്.ആർ.ടി.സി അഭിഭാഷക കോടതിയിൽ വിശദീകരിച്ചു. ഈ തുക ശമ്പളം നൽകാൻ വിനിയോഗിക്കണമെന്ന് കോടതി പറഞ്ഞു.

ജീവനക്കാർ നന്നായി ജോലിചെയ്തിട്ടും മാസം 220 കോടിയിലേറെ രൂപ വരുമാനം ഉണ്ടാക്കിയിട്ടും ഈ സ്ഥിതിയുടെ കാരണം മനസിലാകുന്നില്ല. എല്ലാമാസവും പത്താം തീയതിക്കകം ശമ്പളം നൽകണമെന്ന ഉത്തരവിന് വിരുദ്ധമാണിതെന്നും കോടതി ചൂണ്ടിക്കാട്ടി.