പ്രതിയ്ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കും; ആലുവയിൽ കൊല്ലപ്പെട്ട അഞ്ചുവയസ്സുകാരിയുടെ വീട് സന്ദർശിച്ച് ആരോഗ്യമന്ത്രി

കൊച്ചി: ആലുവയിൽ കൊല്ലപ്പെട്ട അഞ്ചുവയസ്സുകാരിയുടെ വീട് സന്ദർശിച്ച് ആരോഗ്യമന്ത്രി വീണാ ജോർജും ജില്ലാ കലക്ടർ എൻഎസ്‌കെ ഉമേഷും. അഞ്ചു വയസുകാരിയുടെ കുടുംബത്തെ മന്ത്രി ആശ്വസിപ്പിച്ചു. പ്രതിക്കു പരമാവധി ശിക്ഷ ഉറപ്പാക്കുമെന്നും വീണാ ജോർജ് അറിയിച്ചു. കുട്ടിയുടെ അച്ഛനും അമ്മയും ആവശ്യപ്പെട്ട കാര്യമതാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

പോക്‌സോ ഇരകളുടെ അമ്മമാർക്കുള്ള ആശ്വാസനിധിയിൽ നിന്നുള്ള തുക നൽകും. ബാക്കി കാര്യങ്ങൾ സർക്കാർ ആലോചിച്ച് ചെയ്യും. വിമർശനങ്ങൾക്കുള്ള സമയമല്ല ഇതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

അതേസമയം, കുട്ടിയുടെ സംസ്‌കാരച്ചടങ്ങിൽ സർക്കാർ പ്രതിനിധികൾ എത്താത്തത് വിവാദമായിരുന്നു. വിഷയത്തിൽ വിശദീകരണവുമായി മന്ത്രി ആർ ബിന്ദു രംഗത്തെത്തിയിരുന്നു. മന്ത്രി എല്ലായിടത്തും എത്തിക്കൊള്ളണമെന്നില്ലല്ലോയെന്നും അതിനുള്ള സമയം കിട്ടിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. മന്ത്രിമാരുടെ അസാന്നിധ്യത്തെക്കുറിച്ചു കൂടുതൽ അറിയില്ലെന്നും അന്വേഷിച്ചിട്ട് പറയാമെന്നും മന്ത്രി പ്രതികരിച്ചു.