General (Page 405)

തിരുവനന്തപുരം: കേരളത്തിൽ അടുത്ത 5 ദിവസം വരെ വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയെന്ന് മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇന്ന് 9 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. അതിതീവ്ര മഴ അപകടങ്ങൾ സൃഷ്ടിക്കും. കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ വ്യാപകമായി ലഭിച്ച സാഹചര്യത്തിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ, താഴ്ന്ന പ്രദേശങ്ങളിലും നഗരങ്ങളിലും വെള്ളക്കെട്ട് എന്നിവയുണ്ടാകാൻ സാധ്യതയുണ്ട്. പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വിദഗ്ധര് അഭ്യർത്ഥിച്ചു.

അതേസമയം, കേരള തീരത്ത് (വിഴിഞ്ഞം മുതൽ കാസർഗോഡ് വരെ) 25-07-2023 രാത്രി 11.30 വരെ 2.8 മുതൽ 3.3 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. മത്സ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.

കൊച്ചി: കഴിഞ്ഞ അഞ്ചു വർഷത്തിനിടെ സംസ്ഥാനത്ത് കാട്ടാനകളുടെ എണ്ണം 58.19 ശതമാനമായി കുറഞ്ഞു. വനംമന്ത്രി എ കെ ശശീന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. ഏറ്റവും പുതിയ സർവേ പ്രകാരം 2,386 ആനകളാണ് കേരളത്തിലുള്ളത്. 2017-ൽ ഇത് 5,706 ആയിരുന്നു.

എലഫെന്റ് റിസർവുകളുടെ അന്തർസംസ്ഥാന അതിർത്തി- 957 കി.മീ. ആണ്. ആയതിനാൽ ആനകളുടെ അന്തർ സംസ്ഥാന സഞ്ചാരങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നതും സംസ്ഥാനത്തിനുള്ളിലെ കാട്ടാനകളുടെ എണ്ണത്തിൽ മാറ്റം വന്നുകൊണ്ടിരിക്കുന്നതുമാണ്. വരൾച്ച, കാട്ടുതീ എന്നിവ ഇപ്രകാരമുള്ള പാലായനത്തെ വർദ്ധിപ്പിക്കുന്നു.

അതേസമയം, വയനാട് വന്യജീവി സങ്കേതത്തിലെ കടുവകളുടെ എണ്ണത്തിലും ഗണ്യമായ കുറവ് രേഖപ്പെടുത്തി. നിലവിൽ വയനാട്ടിൽ കടുവകളുടെ എണ്ണം 84 മാത്രമാണ്. 2018-ൽ ഇത് 120 കടുവകളുണ്ടായിരുന്നു. വയനാട്, ആറളം, കൊട്ടിയൂർ എന്നീ വന്യജീവി സങ്കേതങ്ങളും, സൗത്ത് വയനാട്, നോർത്ത് വയനാട്, കണ്ണൂർ എന്നീ വന ഡിവിഷനുകളിലെ കർണ്ണാടക സംസ്ഥാനത്തിലെ വനവുമായി ചേർന്ന് കിടക്കുന്ന വന മേഖലയും ഉൾപ്പെടുന്നതാണ് വയനാട് ലാൻഡ് സ്‌കേപ്പ്.

കൈലാസപർവ്വതം ഇനി ഇന്ത്യയിൽ നിന്നു തന്നെ കാണാം. ഹിമവാന്റെ മടിത്തട്ടിൽ ടിബറ്റിന്റെ തെക്കുപടിഞ്ഞാറായി ഇന്ത്യയുടെ കുമയോൺ അതിർത്തിയിലാണ് കൈലാസ പർവതം സ്ഥിതി ചെയ്യുന്നത്.

ഇന്ത്യൻ അതിർത്തി വഴി ഇവിടെയെത്താനുള്ള റോഡ് നിർമ്മാണം പുരോഗമിക്കുകയാണ്. സെപ്തംബർ മാസത്തോടെ ഈ പാത ഉപയോഗിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പിത്തോറഗഢ് ജില്ലയിലെ നാഭിദാംഗിലെ കെഎംവിഎൻ ഹട്ട്സ് മുതൽ ചൈനീസ് അതിർത്തിയിലെ ലുപുലേഖ് ചുരംവരെയുള്ള റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചതായും സെപ്റ്റംബറിൽ പൂർത്തിയാകുമെന്നും ബോർഡർ റോഡ് ഓർഗനൈസേഷൻ അറിയിച്ചു.

ഡൽഹിയിൽ നിന്ന് 865 കിലോമീറ്റർ അകലെ, സമുദ്രനിരപ്പിൽനിന്ന് ഏതാണ്ട് 6,690 മീറ്റർ ഉയരത്തിലാണ് കൈലാസം സ്ഥിതി ചെയ്യുന്നത്. എഷ്യയിലെ നീളം കൂടിയ നദികളായ സത്‌ലജ്, ബ്രഹ്മപുത്ര, കർണാലി തുടങ്ങിയവയുടെ ഉത്ഭവസ്ഥാനത്തിനടുത്താണ് കൈലാസം. ഹിന്ദുമത സങ്കൽപത്തിൽ കൈലാസം ശിവന്റെ വാസസ്ഥാനമാണ്. ബുദ്ധ, ജൈന മതക്കാർക്കും ഇവിടം ഏറെ പ്രധാന്യമുള്ളതാണ് ഈ സ്ഥലം.

തിരുവനന്തപുരം: 40 ശതമാനം ഭിന്നശേഷിയുള്ളവർക്ക് സ്വകാര്യ ബസ്സുകളിലും യാത്ര ഇളവ് അനുവദിച്ച് ഉത്തരവിറക്കി, ഗതാഗത മന്ത്രി ആന്റണി രാജുവാണ് ഇക്കാര്യം അറിയിച്ചത്. ഇവർക്ക് കെഎസ്ആർടിസി ബസ്സുകളിൽ ആനുകൂല്യം ലഭിച്ചിരുന്നെങ്കിലും സ്വകാര്യ ബസ്സുകളിൽ 45 ശതമാനമോ അതിലധികമോ ഭിന്നശേഷിയുള്ളവർക്ക് മാത്രമായിരുന്നു യാത്ര ഇളവ് അനുവദിച്ചിരുന്നത്.

ഭിന്നശേഷി അവകാശ നിയമത്തിലെ വ്യവസ്ഥകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് പ്രത്യേക ഉത്തരവ് നൽകിയതെന്ന് മന്ത്രി പറഞ്ഞു. ഭിന്നശേഷി കമ്മീഷണറേറ്റിന്റെ ആഭിമുഖ്യത്തിൽ ഉദ്യോഗസ്ഥർക്കായി നടത്തിയ ഭിന്നശേഷി അവകാശ നിയമത്തെക്കുറിച്ചുള്ള ബോധവത്കരണ ക്ലാസ് ഉദ്ഘാടനം ചെയ്യുന്ന വേളയിൽ മന്ത്രി ഇക്കാര്യം പ്രഖ്യാപിച്ചിരുന്നു.

തിരുവനന്തപുരം: പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ 14-ാം ഗഡു അടുത്തയാഴ്ച ലഭിക്കും. അപേക്ഷ സമർപ്പിച്ച അർഹരായ കർഷകർക്ക് 2000 രൂപ ലഭിക്കുന്നതാണ്. കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് തുക നേരിട്ട് ട്രാൻസ്ഫർ ചെയ്യും.

ഏകദേശം 8.5 കോടി ഗുണഭോക്താക്കൾക്ക് 14-ാം ഗഡു ജൂലൈ 27ന് പ്രധാനമന്ത്രി മോദി വിതരണം ചെയ്യും. അർഹരായ കർഷകർക്ക് ഒരു ഗഡുവിൽ 2,000 രൂപ എന്ന കണക്കിൽ ഒരു വർഷത്തിൽ മൂന്ന് തവണയായി 6,000 രൂപ ലഭിക്കും.

2,000 രൂപ ലഭിക്കുന്നതിന് ഇ-കെവൈസി നിർബന്ധമാണെന്ന് അർഹരായ കർഷകർ ശ്രദ്ധിക്കേണ്ടതാണ്. ഒടിപി അടിസ്ഥാനമാക്കിയുള്ള ഇകെവൈസി പിഎംകിസാൻ പോർട്ടലിൽ ലഭ്യമാണ് അല്ലെങ്കിൽ ബയോമെട്രിക് അടിസ്ഥാനമാക്കിയുള്ള ഇകെവൈസിക്കായി അടുത്തുള്ള സിഎസ്സി കേന്ദ്രങ്ങളെ ബന്ധപ്പെടാവുന്നതാണ്. സംശയ നിവാരണത്തിന് പിഎംകിസാൻ ഹെൽപ്പ് ലൈൻ നമ്പറായ 155261 / 011-24300606 ൽ ബന്ധപ്പെടാം.

തിരുവനന്തപുരം: വൈദ്യുതി സ്മാർട്ട് മീറ്റർ ഉപേക്ഷിച്ച് സംസ്ഥാന സർക്കാർ. ഇതോടെ നവീകരണത്തിനായി കെഎസ്ഇബി ഏറ്റെടുക്കുന്ന വൻ സാമ്പത്തിക ബാദ്ധ്യത ജനങ്ങളുടെ ചുമലിലാവും. യൂണിയനുകളുടെ എതിർപ്പാണ് ഉപേക്ഷിക്കാനുള്ള മുഖ്യകാരണം. സംസ്ഥാനത്തിന് എടുക്കാവുന്ന വായ്പാത്തുകയിൽ 4000 കോടി രൂപ കേന്ദ്രം വെട്ടിക്കുറയ്ക്കും.

ആധുനികവൽക്കരണത്തിന്റെ ഭാഗമായി കേന്ദ്ര സർക്കാർ രാജ്യവ്യാപകമായി നടപ്പിലാക്കുന്ന സ്മാർട്ട് മീറ്റർ ഉപേക്ഷിക്കുന്ന ഏക സംസ്ഥാനമാണ് കേരളം. കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗമാണ് ഇതുസംബന്ധിച്ച നിർദേശം നൽകിയത്.

വൈദ്യുതി വിതരണ നവീകരണത്തിന് (റിവാംപ്ഡ് ഡിസ്ട്രിബ്യൂഷൻ സെക്ടർ സ്‌കീം- ആർ.ഡി.എസ്.എസ്) 60 ശതമാനം ധനസഹായത്തോടെ കേന്ദ്രം അനുവദിച്ച 12131കോടി രൂപ കിട്ടാതാവും. ഇതു പ്രതീക്ഷിച്ച് കെഎസ്ഇബി തുടങ്ങിവച്ച നവീകരണ പ്രവൃത്തികൾ മുടങ്ങും. അല്ലെങ്കിൽ തുക സ്വയം കണ്ടെത്തണം.

സ്മാർട്ട് മീറ്റർ വൈദ്യുതി മേഖലയെ സ്വകാര്യവൽക്കരണത്തിലേക്ക് നയിക്കുമെന്നും പൊതുജനങ്ങൾക്ക് അധിക സാമ്പത്തികബാദ്ധ്യത വരുത്തുമെന്നും ആക്ഷേപം ഉയർന്നിരുന്നു. ആർ.ഡി.എസ്.എസിനോട് എതിർപ്പില്ലെങ്കിലും സ്മാർട്ട്മീറ്റർ ഒഴിവാക്കി ഇത് നടപ്പാക്കാൻ കേന്ദ്രസർക്കാർ അനുവദിക്കില്ലെന്ന് അറിഞ്ഞാണ് ഇതും ഉപേക്ഷിക്കാൻ തീരുമാനിച്ചത്.

തിരുവനന്തപുരം: മണിപ്പൂരിൽ സംഭവങ്ങളിൽ പ്രതികരണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മണിപ്പൂരിൽ നടക്കുന്ന സംഭവങ്ങളിൽ ലജ്ജിച്ച് തല താഴ്ത്തുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

കൊടും ക്രൂരതയാണ് മണിപ്പൂരിൽ നടക്കുന്നത്. കുറ്റവാളികൾക്ക് കഠിനശിക്ഷ നൽകണം. വേദന പ്രകടിപ്പിക്കുവാൻ വാക്കുകളില്ല. എങ്ങനെ ഇത്തരത്തിൽ ക്രൂരമായി ഒരു മനുഷ്യന് സ്ത്രീകളോട് പെരുമാറാൻ സാധിക്കുന്നുവെന്ന് അദ്ദേഹം ചോദിക്കുന്നു.

തിരുവനന്തപുരം: കെപിസിസിയുടെ ഉമ്മൻ ചാണ്ടി അനുസ്മരണം ഉദ്ഘാടനം ചെയ്യുന്നത് മുഖ്യമന്ത്രി പിണറായി വിജയൻ. പരിപാടിയിലേക്കുള്ള കെപിസിസിയുടെ ക്ഷണം മുഖ്യമന്ത്രി സ്വീകരിച്ചു. തിങ്കളാഴ്ച്ച വൈകുന്നേരം നാലു മണിക്ക് തിരുവനന്തപുരം അയ്യങ്കാളി ഹാളിലാണ് പരിപാടി നടക്കുന്നത്.

കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ചടങ്ങിൽ അധ്യക്ഷത വഹിക്കും. ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് കെപിസിസി ഒരാഴ്ചത്തെ ദുഃഖാചരണമാണ് പ്രഖ്യാപിച്ചിരുന്നത്. ഈ അനുസ്മരണ പരിപാടിയോടെ ദു:ഖാചരണം സമാപിക്കും. മുഖ്യമന്ത്രിയെ ക്ഷണിക്കുന്ന കാര്യത്തിൽ കെപിസിസി ചർച്ച നടത്തിയിരുന്നു. പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആണ് മുഖ്യമന്ത്രിയെ ക്ഷണിച്ചത്.

തിരുവനന്തപുരം: അറ്റാദായത്തിൽ ചരിത്ര നേട്ടവുമായി കേരളാ സോപ്‌സ്. മന്ത്രി പി രാജീവ് ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഈ നേട്ടത്തെ കുറിച്ച് വ്യക്തമാക്കിയിരിക്കുന്നത്. പൊതുമേഖലാ സ്ഥാപനങ്ങൾ തിരിച്ചുവരവുകളുടെ കഥ ചൊല്ലുന്ന കേരളത്തിൽ ചരിത്രത്തിലെ ഏറ്റവും വലിയ അറ്റാദായം രേഖപ്പെടുത്തിയാണ് കേരള സോപ്പ്‌സ് 2022-23 സാമ്പത്തിക വർഷം അവസാനിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 1.16 കോടി രൂപയുടെ വർദ്ധനവാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

2022-23 സാമ്പത്തതിക വർഷം 717 മെട്രിക് ടൺ സോപ്പ് ഉത്പന്നങ്ങൾ കേരളത്തിനകത്തും പുറത്തുമുള്ള വിപണികളിൽ എത്തിക്കുകയും ചെയ്തു. ആധുനികവൽക്കരണവും വൈവിധ്യവൽക്കരണവും സാധ്യമായിക്കൊണ്ടിരിക്കുന്ന കേരള സോപ്‌സ് തീർച്ചയായും 2023-24ൽ കൂടുതൽ വലിയ നേട്ടങ്ങൾ കൈവരിക്കുമെന്നുറപ്പാണെന്ന് മന്ത്രി അറിയിച്ചു.

ഇതിനോടകം തന്നെ സൗദി അറേബ്യയിലേക്ക് സോപ്പുകൾ കയറ്റി അയക്കുന്നതിനുള്ള ധാരണാപത്രം ഒപ്പുവച്ചുകഴിഞ്ഞു. ആറോളം പുതിയ ഉൽപ്പന്നങ്ങളും പുറത്തിറക്കിയിട്ടുണ്ട്. കേരള സാന്റൽ, വേപ്പ്, കൈരളി, കാർബോളിക്, വാഷ് വെൽ എന്നിവ കേരള സോപ്‌സിന്റെ ജനപ്രിയ ഉത്പന്നങ്ങളാണ്. ഇതിന് പുറമെയാണ് ഡിറ്റർജന്റ്, ഹാന്റ് വാഷ്, ഡിഷ് വാഷ് തുടങ്ങിയ പ്രൊഡക്റ്റുകളും വിപണിയിലെത്തിച്ചിരിക്കുന്നത്.

കോഴിക്കോട്: സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തെച്ചൊല്ലി വീണ്ടും വിവാദം. ട്രാൻസ്‌ജെൻഡർ വിഭാഗത്തിനു നൽകേണ്ട പുരസ്‌കാരം അട്ടിമറിച്ചെന്നാണ് ഉയർന്നിട്ടുള്ള ആരോപണം. സംസ്ഥാന സർക്കാർ നിർമിച്ച സിനിമയുടെ വനിതാ സംവിധായികയ്ക്ക് പുരസ്‌കാരം നൽകിയതാണ് വിവാദത്തിന് കാരണം.

പൂർണമായും ട്രാൻസ് വിഭാഗത്തെ അവഗണിച്ചതിനെതിരെ സാംസ്‌കാരിക മന്ത്രിക്കു പരാതി നൽകുമെന്ന് ട്രാൻസ് വിഭാഗത്തിൽ നിന്നുള്ള അഭിനേതാവായ റിയ ഇഷ പ്രതികരിച്ചു. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിൽ ട്രാൻസ് ജെൻഡർ വിഭാഗത്തെ ഉൾപ്പെടുത്തിയത് കഴിഞ്ഞ വർഷമാണ്. അന്തരം എന്ന സിനിമയിലെ പ്രധാനകഥാപാത്രം അവതരിപ്പിച്ച എസ്.നേഘയ്ക്കാണ് കഴിഞ്ഞ വർഷം ട്രാൻസ് ജെൻഡർ വിഭാഗത്തിലെ മികച്ച അഭിനയത്തിനുള്ള പുരസ്‌കാരം നൽകിയിരുന്നത്. എന്നാൽ ഇത്തവണ ചലച്ചിത്ര പുരസ്‌കാരത്തിൽ സ്ത്രീ/ ട്രാൻസ്‌ജെൻഡർ വിഭാഗങ്ങൾക്കുള്ള പ്രത്യേക അവാർഡ് എന്ന പേരിലാണ് പുരസ്‌കാരം നൽകിയത്.

റിയ ഇഷ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച അദേഴ്‌സ് എന്ന സിനിമയുൾപ്പെടെ ഏതാനും സിനിമകൾ ട്രാൻസ് വിഭാഗത്തിന്റെ പ്രശ്‌നങ്ങൾ അവതരിപ്പിച്ചവയാണ്. ട്രാൻസ് സമൂഹത്തെ പൂർണമായും ഒഴിവാക്കി ഒരു വനിതാ സംവിധായികയ്ക്ക് പുരസ്‌കാരം നൽകിയതിലാണ് പരാതിയെന്ന് റിയ ഇഷ പറയുന്നു.