General (Page 1,286)

ന്യൂഡൽഹി: പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്താനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിന് പിന്തുണ അറിയിച്ച് ഓൾ ഇന്ത്യ ഇമാം ഓർഗനൈസേഷൻ ചീഫ് ഇമാം ഡോ ഇമാം ഉമർ അഹമ്മദ് ഇല്യാസി. 21 വയസ് എന്ന് പറയുന്നത് സ്ത്രീകൾക്ക് മികച്ച തീരുമാനങ്ങൾ എടുക്കാൻ കഴിയുന്ന പ്രായമാണെന്ന് അദ്ദേഹം പറഞ്ഞു. പെൺകുട്ടികളുടെ വിവാഹപ്രായം 18 വയസിൽ നിന്ന് 21 ആക്കി ഉയർത്താനുള്ള കേന്ദ്ര സർക്കാർ നീക്കത്തെ എതിർക്കുന്നവർരോട് അദ്ദേഹം ഒരു മുന്നറിയിപ്പും നൽകിയിട്ടുണ്ട്. പെൺകുട്ടികളുടെ ജീവിതം കൊണ്ട് കളിക്കരുതെന്നാണ് അദ്ദേഹം നൽകിയ മുന്നറിയിപ്പ്.

വിവാഹത്തേക്കാൾ ഇന്നത്തെ കാലത്ത് കരിയറിനാണ് പ്രാധാന്യം. പെൺകുട്ടി 21 വയസിൽ കൂടുതൽ പക്വതയുള്ളവളാണെങ്കിൽ അത് നല്ലതാണ്. 21 വയസിൽ അവൾക്കും മികച്ച തീരുമാനങ്ങൾ എടുക്കാൻ കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേന്ദ്ര സർക്കാർ തീരുമാനത്തെ വിമർശിച്ച സമാജ്വാദി പാർട്ടി എംപി ഷഫീഖുർ റഹ്മാൻ ബാർഖിനോടുള്ള വിയോജിപ്പും അദ്ദേഹം രേഖപ്പെടുത്തി. എല്ലാത്തിലും രാഷ്ട്രീയം കൊണ്ടുവരരുതെന്നും ഇത് സ്ത്രീ ശാക്തീകരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സ്ത്രീ ശാക്തീകരണത്തിനായി നരേന്ദ്ര മോദി സർക്കാർ മികച്ച പദ്ധതികൾ കൊണ്ടുവന്നിട്ടുണ്ട്. മുത്തലാഖ് നിയമം കൊണ്ടുവന്നപ്പോൾ പലരും എതിർത്തിരുന്നു. എന്നാൽ സർക്കാർ നീക്കം നിരവധി സ്ത്രീകളുടെ വീടുകൾ രക്ഷിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: ആലപ്പുഴയിലെ ഇരട്ടക്കൊലപാതകങ്ങളിൽ പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കേരളത്തിൽ രാഷ്ട്രീയ കൊലപാതകങ്ങൾ വർധിച്ചുവരുന്നത് ആശങ്ക വർധിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ആലപ്പുഴയിലെ രണ്ട് രാഷ്ട്രീയ കൊലപാതകങ്ങളും സമൂഹമനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണ്. പരസ്പരം പോരടിക്കുന്ന രണ്ട് വർഗീയ കക്ഷികളാണ് ആലപ്പുഴയിലെ കൊലപാതകങ്ങൾക്ക് പിന്നിലെന്നും കാനം രാജേന്ദ്രൻ വിമർശിച്ചു. വാർത്താക്കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പ്രതിപക്ഷത്തിനെതിരെയും അദ്ദേഹം വിമർശനം ഉന്നയിച്ചു. ഈ അവസരത്തിലും സർക്കാരിനെ കുറ്റം പറഞ്ഞ് കൊലപാതകം നടത്തിയവർക്ക് പിന്തുണയേകുന്ന സമീപനം പ്രതിപക്ഷം സ്വീകരിക്കുന്നത് വേദനാജനകമാണ്. രാഷ്ട്രീയ കൊലപാതകങ്ങൾക്ക് അറുതി വരുത്താൽ എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഒത്തൊരുമിച്ച് രംഗത്തുവരണമെന്നും കാനം രാജേന്ദ്രൻ ആവശ്യപ്പെട്ടു.

ആലപ്പുഴയിൽ 24 മണിക്കൂറിനിടെ രണ്ട് രാഷ്ട്രീയ കൊലപാതകങ്ങളാണ് നടന്നത്. എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനും ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത് ശ്രീനിവാസനുമാണ് കൊല്ലപ്പെട്ടത്. അതേസമയം ആലപ്പുഴയിൽ ജില്ലാ കളക്ടർ സർവകക്ഷി യോഗം വിളിച്ചു. രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. തിങ്കളാഴ്ച വൈകിട്ട് മൂന്നിന് മൂന്നു മണിക്ക് ജില്ലാ കളക്ടറുടെ ചേംബറിലാണ് യോഗം ചേരുന്നത്. മന്ത്രിമാരും വിവിധ രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികളും ജില്ലയിൽ നിന്നുള്ള ജനപ്രതിനിധികളുമാണ് യോഗത്തിൽ പങ്കുചേരുക.

കൊച്ചി: താരസംഘടനയായ അമ്മയുടെ ഭാരവാഹി തെരഞ്ഞെടുപ്പിൽ ഔദ്യോഗിക പാനലിനെ മറികടന്ന് സ്വന്തം നിലയിൽ മണിയൻ പിള്ള രാജു വിജയിച്ചത് മോഹൻലാലിന് ഉൾപ്പെടെ വലിയ തിരിച്ചടിയായിരിക്കുകയാണ്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കാണ് മണിയൻപിള്ള രാജു മത്സരിച്ചത്. ശ്വേതാ മേനോനും ആശാ ശരത്തിനും എതിരെയായിരുന്നു മണിയൻപിള്ള രാജു മത്സരിച്ചത്. മത്സരത്തിലെ മാന്യത അവസാന വട്ടം വരെ നിലനിർത്തിയായിരുന്നു മണിയൻപിള്ള രാജുവിന്റെ മത്സരം. വ്യക്തിപരമായ ആക്ഷേപങ്ങൾ നേരിട്ടപ്പോൾ മറുപടി പറയാൻ പോലും അദ്ദേഹം തയ്യാറായിരുന്നില്ല. ആരേയും വ്യക്തിപരമായി അദ്ദേഹം ആക്ഷേപിച്ചിട്ടുമില്ല.

അമ്മയുടെ രൂപീകരണത്തിൽ എളിയ പങ്കു വഹിക്കാൻ കഴിഞ്ഞ ഒരു കലാകാരനാണ് താനെന്നും അമ്മ സംഘടിപ്പിച്ച ഒരു പരിപാടിയിൽ നിന്നും ഇതുവരെ ഞാൻ മാറി നിന്നിട്ടില്ലെന്നുമായിരുന്നു മണിയൻപിള്ള രാജു പറഞ്ഞിരുന്നത്. അമ്മയുടെ ചരിത്രത്തിൽ ആദ്യമായാണ് വോട്ടിഗിലൂടെ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നത്. വൈസ് പ്രസിഡന്റ് എക്സിക്യൂട്ടീവ് കമ്മിറ്റി സ്ഥാനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. രണ്ട് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മൂന്ന് പേരാണ് മത്സരിച്ചത്. മണിയൻപിള്ള രാജുവിന് എതിരെ ഔദ്യോഗിക പാനലിൽ നിന്നും ആശ ശരത്തും ശ്വേത മേനോനുമാണ് മത്സരിച്ചത്. 11 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് ആകെ 14 പേരാണ് മത്സരിച്ചത്.

അതേസമയം എതിർസ്ഥാനാർത്ഥികൾക്കെതിരെ പോസ്റ്റിട്ട സിദ്ദിഖിന്റെ നടപടിയെ മണിയൻപിള്ള രാജു വിമർശിച്ചിരുന്നു. എതിർ സ്ഥാനാർഥികൾക്കെതിരെ സിദ്ദിഖ് പോസ്റ്റിട്ടത് ശരിയായില്ലെന്നാണ് മണിയൻ പിള്ള രാജുവിന്റെ പ്രതികരണം. അമ്മയുടെ ആസ്ഥാന മന്ദിരത്തിന്റെ അടിത്തറ ഇളക്കുമെന്ന് വീരവാദം മുഴക്കിയവരൊന്നും പാനലിലില്ലെന്നായിരുന്നു സിദ്ദിഖിന്റെ പോസ്റ്റിലുണ്ടായിരുന്നത്. എന്നാൽ പോസ്റ്റിലൂടെ എതിർ സ്ഥാനാർത്ഥികളെ വിമർശിച്ചതിൽ ശക്തമായ പ്രതിഷേധമുണ്ടെന്ന് മണിയൻപിള്ള രാജു പറഞ്ഞു.

മമ്മൂട്ടിയും ദിലീപും അടക്കമുള്ളവർ ഔദ്യോഗിക പാനലിന് വേണ്ടി പരോക്ഷ വോട്ടു പിടിത്തം നടത്തിയെങ്കിലും മണിയൻ പിള്ളയുടേയും ലാലിന്റേയും ജനകീയത ‘അമ്മ’യിലെ തെരഞ്ഞെടുപ്പിൽ നിർണായകമായിരുന്നു. മത്സരിച്ച ശേഷം ഫലം വന്നപ്പോൾ മിന്നുന്ന ജയമാണ് മണിയൻപിള്ള രാജു നേടിയത്. ആശാ ശരത്ത് മത്സരത്തിൽ പരാജയപ്പെടുകയായിരുന്നു.

11 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് ഔദ്യോഗിക പാനലിൽ നിന്നും ബാബുരാജ്, ലൈന, മഞ്ജുപിള്ള, രചന നാരായണൻകുട്ടി, സുധീർ കരമന, സുരഭി ലക്ഷ്മി, ടിനിടോം, ടോവിനോ തോമസ്, ഉണ്ണി മുകുന്ദൻ, നിവിൻ പോളി, ഹണി റോസ് എന്നിവരാണ് മത്സരിച്ചത്. ഇവർക്കെതിരെ വിജയ് ബാബു,ലാൽ, നാസർ ലത്തീഫ് തുടങ്ങിയ താരങ്ങൾ മത്സര രംഗത്ത് ഉണ്ടായിരുന്നു. ഫലം വന്നപ്പോൾ ഔദ്യോഗിക പാനലിലെ ഒൻപത് പേർ വിജയിച്ചു. എന്നാൽ നിവിൻ പോളിയും ഹണി റോസും പരാജയപ്പെട്ടു. ലാലും വിജയ് ബാബും വിജയിച്ചെങ്കിലും നാസർ ലത്തീഫ് പരാജയപ്പെടുകയായിരുന്നു.

പാലക്കാട്: പിണറായി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി എംപി സുബ്രഹ്മണ്യൻ സ്വാമി. ആലപ്പുഴ ഇരട്ട കൊലപാതകങ്ങളുടെ പശ്ചാത്തലത്തിലാണ് അദ്ദേഹം സംസ്ഥാന സർക്കാരിനെതിരെ വിമർശനം ഉന്നയിച്ചത്. കേരളത്തിലെ ക്രമസമാധാനനില തകർന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി സംസ്ഥാന സർക്കാരിനെ പിരിച്ചുവിടാൻ ആഭ്യന്തര മന്ത്രി അമിത് ഷാ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.

പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇസ്ലാമിക വത്കരണത്തിനാണ് പോപ്പുലർ ഫ്രണ്ട് ശ്രമിക്കുന്നത്. അതിനവർ പാകിസ്താനിലേക്ക് പോകട്ടേയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതേസമയം ആലപ്പുഴ കൊലപാതകത്തിൽ സംസ്ഥാന ആഭ്യന്തര വകുപ്പിനെതിരെയും സിപിഎമ്മിനെതിരെയും വിമർശനം ഉന്നയിച്ച് കേന്ദ്രമന്ത്രി വി മുരളീധരനും ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രനും രംഗത്തെത്തിയിരുന്നു. രഞ്ജിത്തിന്റെ കൊലപാതകം ആസൂത്രിതമാണെന്ന് അദ്ദേഹം പറഞ്ഞു. പോപ്പുലർ ഫ്രണ്ട് വർഗീയ കലാപത്തിന് ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

താലിബാൻ മാതൃകയിൽ ആയുധ പരിശീലനം നടത്തുകയാണ് പോപ്പുലർ ഫ്രണ്ട്. സി പി എമ്മിന്റെയും പൊലീസിന്റെയും സഹായം പോപ്പുലർ ഫ്രണ്ടിന് ലഭിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം രഞ്ജിത്തിന്റെ കൊലപാതകത്തിന് പിന്നിൽ എസ് ഡി പി ഐ ആണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ പറഞ്ഞു. ഒരുതരത്തിലുള്ള കുറ്റകൃത്യത്തിലും പങ്കാളിയാകാത്തയാളാണ് രഞ്ജിത്തെന്നും, വ്യക്തിപരമായ വൈരാഗ്യം ആർക്കെങ്കിലും ഉണ്ടാകുമെന്ന് തനിക്ക് തോന്നുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ. ആലപ്പുഴയിലെ രാഷ്ട്രീയ കൊലപാതകങ്ങളുമായി ബന്ധപ്പെട്ടാണ് ജെപി നദ്ദ മുഖ്യമന്ത്രിക്കെതിരെ വിമർശനം ഉന്നയിച്ചത്. പിണറായിയുടെ ഭരണത്തിൽ കേരളത്തിൽ ക്രമസമാധാനം തകർന്നെന്ന് അദ്ദേഹം പറഞ്ഞു. ക്രൂരത കൊണ്ട് ഭയപ്പെടുത്താനാവില്ലെന്നും നദ്ദയുടെ പ്രതികരിച്ചു.

അതേസമയം ആലപ്പുഴയിലെ കൊലപാതകങ്ങളിൽ കേരളസർക്കാരിനോട് കേന്ദ്രം റിപ്പോർട്ട് തേടിയേക്കുമെന്നാണ് വിവരം. കേരളത്തിൽ ഗുരുതരമായ ക്രമസമാധാന വീഴ്ച്ചയാണ് സംഭവിക്കുന്നതെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിലയിരുത്തുന്നത്. പാലക്കാട് സംഭവത്തിന് ശേഷം ജാഗ്രതാ നിർദ്ദേശമുണ്ടായിട്ടും കൊലപാതകങ്ങൾ ആവർത്തിച്ചുവെന്നാണ് കേന്ദ്രത്തിന്റെ വിമർശനം.

കേരളാ പൊലീസിന് വലിയ വീഴ്ച്ച ഉണ്ടായെന്ന് വ്യാപക വിമർശനങ്ങൾ ഉയർന്നിരുന്നു. തുടർന്നാണ് കേന്ദ്രം ഇക്കാര്യത്തിൽ റിപ്പോർട്ട് തേടാനൊരുങ്ങുന്നത്. വിഷയത്തിൽ പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കാൻ ഉടൻ ഗവർണർക്ക് നിർദ്ദേശം നൽകുമെന്നാണ് സൂചനകൾ. കൊലപാതകങ്ങളിൽ തീവ്രവാദ സംഘടനകൾക്ക് പങ്കുണ്ടോയെന്നും കേന്ദ്ര സർക്കാർ പരിശോധിക്കും.

ചെന്നൈ: 43 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്ത് ശ്രീലങ്കൻ നാവികസേന. സമുദ്രാതിർത്തി ലംഘിച്ചുവെന്നാരോപിച്ചാണ് ശ്രിലങ്കൻ തീരത്തു നിന്ന് ഇന്ത്യൻ തൊഴിലാളികളെ അറസ്റ്റ് ചെയ്തത്. ആറു ബോട്ടുകൾ ശ്രീലങ്കൻ നാവിക സേന കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പിടിയിലായ മത്സ്യത്തൊഴിലാളികളെല്ലാം തമിഴ്‌നാട് സ്വദേശികളാണെന്നാണ് റിപ്പോർട്ട്. സമുദ്രാതിർത്തി കടന്ന് അനധികൃത മത്സ്യബന്ധനം നടത്തിയെന്ന കുറ്റം ചുമത്തിയാണ് മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്തത്.

ഇന്നലെ രാവിലെ രാമേശ്വരത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയ മത്സ്യത്തൊഴിലാളികളാണ് ശ്രീലങ്കൻ സേനയുടെ പിടിയിലായത്. കച്ചത്തീവ്-നെടുണ്ടിവിന് സമീപം മത്സ്യബന്ധനം നടത്തുന്നതിനിടെയായിരുന്നു അറസ്റ്റ്. കൂടുതൽ അന്വേഷണത്തിനായി ഇവരെ നാവിക ബേസിലേക്ക് കൊണ്ടുപോയെന്നാണ് വിവരം.

തിരുവനന്തപുരം: ആലപ്പുഴ ഇരട്ട കൊലപാതക കേസിൽ പ്രത്യേക സംഘം അന്വേഷണം നടത്തുമെന്ന് സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത്. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജിപിയുടെ നേതൃത്വത്തിൽ കേസ് അന്വേഷിക്കുമെന്ന് അദ്ദേഹം അറിയിച്ചു. സംസ്ഥാനത്തെ സംഘർഷ സാധ്യതമേഖലകളിലെല്ലാം വാഹന പരിശോധന കർശനമാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

തുടർ അക്രമസംഭവങ്ങൾ ഉണ്ടാവാനുള്ള സാധ്യത കണക്കിലെടുത്ത് ശക്തമായ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നാണ് ഡിജിപി നൽകിയിരിക്കുന്ന നിർദ്ദേശം. ഇരുചക്രവാഹനങ്ങൾ കേന്ദ്രീകരിച്ച് പ്രത്യേക പരിശോധനയും നടത്താനും തീരുമാനമുണ്ട്. ഇരട്ടകൊലപാതകങ്ങളിൽ ഇന്റലിജൻസ് വീഴ്ചയുണ്ടായതായി പറയാൻ കഴിയില്ല. പൊലീസ് ജാഗ്രത പാലിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം ആലപ്പുഴയിൽ നടന്ന രണ്ട് കൊലപാതകങ്ങളെ ശക്തമായി അപലപിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. കുറ്റവാളികളെയും പിന്നിൽ പ്രവർത്തിച്ചവരെയും പിടികൂടാൻ പൊലീസിന്റെ കർശന നടപടിയുണ്ടാകുമെന്നും അദ്ദേഹം ഉറപ്പു നൽകി. സങ്കുചിതവും മനുഷ്യത്വഹീനവുമായ ഇത്തരം അക്രമ പ്രവർത്തനങ്ങൾ നാടിന് വിപത്കരമാണ്. കൊലയാളി സംഘങ്ങളെയും അവരുടെ വിദ്വേഷ സമീപനങ്ങളെയും തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്താൻ എല്ലാ ജനങ്ങളും തയാറാകും എന്നുറപ്പുണ്ടെന്നും അദ്ദേഹം അറിയിച്ചു.

തിരുവനന്തപുരം: കോവിഡ് വൈറസ് വ്യാപനത്തെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിക്കിടെയും അധികാര ധൂർത്ത് തുടർന്ന് സംസ്ഥാന സർക്കാർ. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ബജറ്റിൽ പ്രഖ്യാപിച്ച ഫണ്ടുകൾ പോലും വെട്ടിക്കുറയ്ക്കുമ്പോൾ സോഷ്യൽ മീഡിയ പ്രചാരണത്തിനായി സംസ്ഥാന സർക്കാർ പ്രത്യേക ഫണ്ട് അനുവദിച്ചിരിക്കുകയാണ്. സാമൂഹ്യ മാദ്ധ്യമങ്ങളിലെ പ്രചാരണങ്ങൾക്കായി 1.02 കോടി രൂപയാണ് ധനവകുപ്പ് അനുവദിച്ചത്.

പിആർഡിയുടെ ഔട്ട് ഡോർ പബ്ലിസിറ്റി കാംപെയ്‌ന്റെ ഭാഗമായി അനുവദിച്ച തുകയിൽ നിന്ന് ധനപുനർവിനിയോഗം വഴിയാണ് 1.02 കോടി അനുവദിച്ച് ധനവകുപ്പ് ഉത്തരവിട്ടത്. പ്ലാനിങ് വകുപ്പാണ് തുക ആവശ്യപ്പെട്ടത്. കോവിഡ് കാലത്ത് സൈബർ യുദ്ധമാണ് നല്ലതെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന് ലഭിച്ചിരുന്ന ഉപദേശം. സോഷ്യൽ മീഡിയയിൽ പ്രചാരണം ശക്തിപ്പെടുത്താനും അദ്ദേഹം ലക്ഷ്യമിടുന്നു. സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ നടന്ന ക്യാമ്പെയ്‌നുകളുടെ ഫലമായാണ് സർക്കാരിന് ഭരണത്തുടർച്ച ലഭിച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്. സാമൂഹ്യ മാദ്ധ്യമങ്ങളിൽ നടത്തിയ പ്രചാരണങ്ങളാണ് പിണറായി സർക്കാരിന്റെ പ്രതിച്ഛായ വർധിക്കാനുള്ള പ്രധാന കാരണം.

സാമ്പത്തിക ബുദ്ധിമുട്ട് കാരണം കോവിഡ് നഷ്ടപരിഹാരം പോലും നൽകാനാകില്ലെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ വാദിക്കുമ്പോഴും പിആർ വർക്കുകൾക്കായി വലിയ തുകയാണ് സർക്കാർ ചെലവഴിക്കുന്നത്. പ്രളയത്തിൽ തകർന്ന റോഡുകളുടെ പുനർനിർമ്മാണം പോലും ഇതുവരെ പൂർത്തീകരിച്ചിട്ടില്ലെന്ന വിമർശനം ഉയരുമ്പോഴാണ് ഇത്രയധികം തുക സാമൂഹ്യ മാദ്ധ്യമങ്ങളിലെ പ്രചാരണത്തിനായി സർക്കാർ വിനിയോഗിക്കുന്നത്.

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. കോവിഡ് വൈറസ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തിൽ രാജ്യത്തുണ്ടായ കോവിഡ് മരണങ്ങളുമായി ബന്ധപ്പെട്ടാണ് കേന്ദ്ര സർക്കാരിനെതിരെ പ്രിയങ്കാ ഗാന്ധി വിമർശനം ഉന്നയിച്ചത്. രാജ്യത്തെ വിലക്കയറ്റത്തെ കുറിച്ചും പ്രിയങ്കാ ഗാന്ധി പരാമർശിച്ചു.

രണ്ടാം തരംഗത്തിലെ പല കോവിഡ് മരണങ്ങൾക്കും കാരണം ഓക്‌സിജന്റെ ലഭ്യതക്കുറവാണ്. ഓക്‌സിജൻ സിലിണ്ടറിന്റെ ലഭ്യതക്കുറവിന് കാരണം ബിജെപിയാണ്. കോവിഡിന്റെ ആദ്യ തരംഗത്തിൽ എന്താണ് കേന്ദ്രം ചെയ്തതെന്ന് ബിജെപി ചോദിച്ചു.

കഴിഞ്ഞ 7 വർഷത്തിനിടയിൽ എന്താണ് ബി.ജെ.പി. സർക്കാർ അമേഠിയിൽ ചെയ്തത്. ബി.ജെ.പിക്ക് അനുകൂലമായ ഏകപക്ഷീയമായ വികസനം മാത്രമാണ് ഉണ്ടായത്. രാജ്യത്ത് വിലക്കയറ്റം കാരണം ജനങ്ങൾ ബുദ്ധിമുട്ടുകയാണെന്നും പ്രിയങ്കാ ഗാന്ധി ആരോപിച്ചു.

കർഷകരെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേന്ദ്ര മന്ത്രി അജയ് മിശ്രയെ എന്തു കൊണ്ട് ഇതുവരെ പുറത്താക്കിയിട്ടില്ലെന്നും പ്രിയങ്ക ചോദിക്കുന്നു. കേന്ദ്ര – സംസ്ഥാന സർക്കാരുകൾ അധികാരത്തിലെത്തിയതിന് പിന്നാലെ ബിജെപി നുണകൾ പറഞ്ഞു പടർത്തുകയാണെന്നും പ്രിയങ്കാ ഗാന്ധി കുറ്റപ്പെടുത്തി.

കോട്ടയം: കെ റെയിൽ പദ്ധതിയുമായി സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി. വെറും രണ്ടുമണിക്കൂർ ലാഭത്തിനുവേണ്ടി ഒന്നരലക്ഷം കോടി രൂപ മുതൽമുടക്കി 1383 ഹെക്ടർ സ്ഥലം പൊലീസിനെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പിടിച്ചെടുത്ത് സിൽവർ ലൈൻ പദ്ധതി നടപ്പാക്കാനുള്ള എൽ.ഡി.എഫ് സർക്കാറിന്റെ വ്യാമോഹം വിലപ്പോകില്ലെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. കെ റെയിൽ പദ്ധതിക്കെതിരെ ഐക്യജനാധിപത്യ മുന്നണി കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

അധികാരം പ്രയോഗിച്ചും, പോലീസിനെ ഉപയോഗിച്ചും കെ.റെയിൽ പദ്ധതി നടപ്പിലാക്കാനാണ് തീരുമാനമെങ്കിൽ അത് കേരളത്തിൽ നടക്കില്ല. വികസനത്തെ എതിർക്കുകയല്ല. എന്നാൽ വികസനം നാടിനെ തകർക്കരുത്. വിശദാംശങ്ങൾ ഒന്നും ജനങ്ങൾക്കുമുന്നിൽ വെളിപ്പെടുത്താതെയാണ് സർക്കാർ ഈ പദ്ധതിയുമായി മുന്നോട്ടു പോകുന്നതെന്നും അദ്ദേഹം വിമർശിച്ചു.

ഒരു പദ്ധതി ആരംഭിക്കുന്നതിന് ചില പ്രാരംഭ നടപടികൾ ഉണ്ട്. അത് ജനങ്ങൾ അറിയണം. ജനകീയ പങ്കാളിത്തം വേണമെങ്കിൽ ജനങ്ങളെ ഈ പദ്ധതിയുടെ വിശദാംശങ്ങൾ അറിയിക്കണം. ഇന്നുവരെ ഒന്നും ഈ സർക്കാർ വെളിപ്പെടുത്തിയിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

നടപടിക്രമങ്ങൾ ഒന്നും പാലിക്കാതെ കാര്യങ്ങളൊന്നും ജനങ്ങളെ അറിയിക്കാതെ രഹസ്യമായി നടത്താനുദ്ദേശിക്കുന്ന പദ്ധതിക്കെതിരെ ശക്തമായ പോരാട്ടം ഐക്യജനാധിപത്യമുന്നണി തുടങ്ങുകയാണ്. അതിന് പൊതുജനങ്ങളുടെ എല്ലാ പിന്തുണയും ഉണ്ടാകുമെന്ന് ഉറപ്പാണെന്നും അദ്ദേഹം അറിയിച്ചു.

യുഡിഎഫ് വിഭാവനം ചെയ്ത നെടുമ്പാശ്ശേരി വിമാനത്താവള പദ്ധതിയും എക്‌സ്പ്രസ് ഹൈവേയും ഉൾപ്പെടെ എതിർക്കുകയും കമ്പ്യൂട്ടർവത്കരണത്തിനെതിരെ കമ്പ്യൂട്ടർ തല്ലിത്തകർക്കുകയും ചെയ്ത സിപിഎമ്മാണ് വികസനവിരോധികളെന്നും ഉമ്മൻ ചാണ്ടി ആരോപിച്ചു.