ആലുവയിൽ അഞ്ചുവയസുകാരി കൊല്ലപ്പെട്ട സംഭവം; മൗനം തുടർന്ന് മുഖ്യമന്ത്രി

കണ്ണൂർ: ആലുവയിൽ അഞ്ചുവയസുകാരി കൊല്ലപ്പെട്ട സംഭവത്തിൽ മൗനം തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആലുവയിൽ അഭ്യന്തര വകുപ്പിനും പൊലിസിനും അതീവഗുരുതരമായ വീഴ്ചയുണ്ടായെന്ന വിമർശനം ഉയരുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി മൗനം തുടരുന്നത്. അതേസമയം, മുഖ്യമന്ത്രിയുടെ ജനസമ്പർക്കപരിപാടിയിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടിരുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടാണ് പൊതു ജനങ്ങളിൽ നിന്നും പരാതികളും നിവേദനങ്ങളും സ്വീകരിച്ചത്.

പിണറായി കൺവെൻഷൻ സെന്ററിലെ ധർമ്മടം മണ്ഡലം എം എൽ എ ഓഫീസ് കേന്ദ്രീകരിച്ചായിരുന്നു പരാതി സ്വീകരിക്കൽ. ആകെ 550 പരാതികളാണ് ലഭിച്ചത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് കണ്ട് നിവേദനങ്ങൾ നൽകി. മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലൻ, അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി മേജർ ദിനേശ് ഭാസ്‌കർ എന്നിവരും മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. പരാതികൾ പരിശോധിച്ച് സത്വര നടപടികൾ കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകി.

വിവിധ മേഖലകളിൽ മികവ് തെളിയിച്ച കൗമാര പ്രതിഭകളെ മുഖ്യമന്ത്രി പിണറായി വിജയൻ പിണറായി കൺവെൻഷൻ സെന്ററിൽ അനുമോദിക്കുകയും ചെയ്തു. വിവിധ മേഖലകളിൽ മികവ് തെളിയിച്ച പെരളശ്ശേരി എ കെ ജി സ്മാരക ജി എച്ച് എസ്, പിണറായി എ കെ ജി മെമോറിയൽ ജി എച്ച് എസ് എന്നിവിടങ്ങളിലെ 9 കുട്ടികളെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ പാർക്കർ പേന നൽകി അനുമോദിച്ചത്. പാർക്കർ പേനകളാണ് മുഖ്യമന്ത്രി കുട്ടികൾക്ക് സമ്മാനിച്ചത്.