സംസ്ഥാന സർക്കാരിന്റെ വരുമാനത്തിൽ മുൻവർഷത്തെക്കാൾ 10,302 കോടി രൂപയുടെ ഇടിവ്; കണക്കുകൾ പുറത്ത്

തിരുവനന്തപുരം: കേരളത്തിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെന്ന് വ്യക്തമാക്കി പുതിയ കണക്കുകൾ. കഴിഞ്ഞ സാമ്പത്തികവർഷം സംസ്ഥാന സർക്കാരിന്റെ വരുമാനത്തിൽ മുൻവർഷത്തെക്കാൾ 10,302 കോടി രൂപയുടെ ഇടിവെന്ന് അക്കൗണ്ടന്റ് ജനറലിന്റെ ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്.

ലോട്ടറി, ജിഎസ്്ടി, മദ്യം, വിൽപ്പന നികുതി തുടങ്ങിയവയിൽ നിന്നുള്ള വരുമാനം വർധിച്ചെങ്കിലും കേന്ദ്ര ഗ്രാന്റുകളും സംസ്ഥാന സർക്കാർ പിരിച്ചെടുക്കുന്ന സ്റ്റാംപ് ഡ്യൂട്ടിയും കുറഞ്ഞു. കേന്ദ്ര ഗ്രാന്റിൽ ഒറ്റയടിക്ക് 15,904 കോടിയുടെ കുറവാണുണ്ടായിരിക്കുന്നത്. കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. ജിഎസ്ടി വരുമാനം 2071 കോടി വർധിച്ചെങ്കിലും ലക്ഷ്യമിട്ടതിന്റെ 84% മാത്രം വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ലോട്ടറി അടക്കമുള്ള നികുതി ഇതര വരുമാന സ്രോതസ്സുകളിൽ 1197 കോടിയുടെ വർധനയുണ്ട്. എന്നാൽ, ഭൂമിയുടെ ന്യായവിലയിൽ 20% വർധന വരുത്തിയതുകാരണം സ്റ്റാംപ് ഡ്യൂട്ടിയിൽ നിന്നും രജിസ്‌ട്രേഷൻ ഫീസിൽ നിന്നുമുള്ള വരുമാനം 522 കോടി കുറഞ്ഞു.

ഓരോ വർഷവും വരുമാനം വർധിച്ചുവരുന്ന രീതിക്കാണു ന്യായവില വർധന തടസ്സമായത്. തിരിച്ചടി തിരിച്ചറിഞ്ഞ് ഈ വർഷം ബജറ്റിൽ ന്യായവില വർധന ഒഴിവാക്കിയിരുന്നു. കേന്ദ്രം വൻതോതിൽ കടമെടുപ്പു വെട്ടിക്കുറച്ചെന്നു സർക്കാർ പരാതിപ്പെടുമ്പോഴും മുൻവർഷത്തെക്കാൾ 7389 കോടി രൂപ കൂടുതൽ കഴിഞ്ഞവർഷം കടമെടുത്തു.