സ്‌കൂളുകളിലെ സ്മാർട്ട് ഫോൺ ഉപയോഗം നിരോധിക്കണം; യുനെസ്‌കോ

വാഷിംഗ്ടൺ: സ്‌കൂളുകളിലെ സ്മാർട്ട് ഫോൺ ഉപയോഗം നിരോധിക്കണമെന്നാവശ്യപ്പെട്ട് യുനെസ്‌കോ. കുട്ടികളിലെ പഠന നിലവാരം ഉയർത്തുക ലക്ഷ്യത്തോടെയാണ് യുനെസ്‌കോ ഈ ആവശ്യം മുന്നോട്ടുവെച്ചിട്ടുള്ളത്. അമിതമായ ഫോൺ ഉപയോഗം കുട്ടികളുടെ പഠനനിലവാരത്തെ ബാധിക്കുമെന്ന് യുനെസ്‌കോ അറിയിച്ചു. സ്‌ക്രീൻ സമയം കൂടുന്നത് കുട്ടികളുടെ വൈകാരിക മാനസിക നിലയെ കാര്യമായി ബാധിക്കുമെന്നും യുനെസ്‌കോ കൂട്ടിച്ചേർത്തു.

സ്മാർട്ട്ഫോൺ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവയുൾപ്പടെയുള്ള ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ ഉപയോഗം മനുഷ്യന്റെ വീക്ഷണത്തിന് അനുസൃതമായിരിക്കണം. അധ്യാപകരും വിദ്യാർത്ഥികളുമായുള്ള മുഖാമുഖമുള്ള ആശയവിനിമയത്തിന് ഈ സാങ്കേതിക വിദ്യകൾ തടസ്സമാകരുത്. എല്ലാ മാറ്റങ്ങളും പുരോഗതിയിലേക്കല്ല നയിക്കുന്നത്. വിദ്യാഭ്യാസത്തിന്റെ സാമൂഹിക തലത്തെപ്പറ്റി ചിന്തിക്കണമെന്നും സമൂഹത്തിൽ വ്യക്തിവത്ക്കരണം വർധിച്ചുവരികയാണെന്നും അതിന് പ്രേരിപ്പിക്കുന്നവർ വിദ്യാഭ്യാസത്തിന്റെ യഥാർത്ഥ ലക്ഷ്യമെന്തെന്ന് അറിയാത്തവരാണെന്നും യുനെസ്‌കോ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

വിദ്യാർത്ഥിയുടെ ആവശ്യങ്ങൾ അറിഞ്ഞ് പെരുമാറണം. കൂടാതെ അധ്യാപകർക്ക് സഹായകമാകുന്ന രീതിയിലും സാങ്കേതിക വിദ്യ ഉപയോഗിക്കാവുന്നതാണ്. എന്നാൽ മനുഷ്യർ തമ്മിലുള്ള ആശയവിനിമയത്തിന് പകരമാവില്ല ഇത്തരം ഓൺലൈൻ വിനിമയമെന്നും അസോളെ വ്യക്തമാക്കി. ഡിജിറ്റൽ സാങ്കേതിക വിദ്യയ്ക്ക് നിരവധി പ്രയോജനങ്ങളുണ്ട്. അളവറ്റ സാധ്യതകളാണ് അവ നമുക്ക് നൽകുന്നത്. എന്നാൽ സമൂഹത്തിൽ അവയുടെ ഉപയോഗം നിയന്ത്രിക്കപ്പെടേണ്ടതുണ്ട്. അതേ രീതിയിൽ വിദ്യാഭ്യാസ രംഗത്തും ഇവയുടെ ഉപയോഗം നിയന്ത്രിക്കപ്പെടണമെന്ന് യുനെസ്‌കോ ആവശ്യപ്പെട്ടു.