മന്ത്രി എല്ലായിടത്തും എത്തിക്കൊള്ളണമെന്നില്ലല്ലോ; അഞ്ചുവയസ്സുകാരിയുടെ സംസ്‌കാരച്ചടങ്ങിൽ മന്ത്രിമാർ പങ്കെടുക്കാത്തതിൽ ആർ ബിന്ദു

കൊച്ചി: ആലുവയിൽ ആസ്സാം സ്വദേശി കൊലപ്പെടുത്തിയ അഞ്ചുവയസ്സുകാരിയുടെ സംസ്‌കാരച്ചടങ്ങിൽ മന്ത്രിമാർ ആരും പങ്കെടുക്കാത്തതിൽ വിശദീകരണവുമായി മന്ത്രി ആർ ബിന്ദു. മന്ത്രി എല്ലായിടത്തും എത്തിക്കൊള്ളണമെന്നില്ലല്ലോയെന്നും അതിനുള്ള സമയം കിട്ടിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

വിഷയത്തിൽ പോലീസ് വളരെപ്പെട്ടെന്ന് തന്നെ ഇടപെടുകയും പ്രതിയെ പിടികൂടുകയും ചെയ്തിരുന്നു. സംഭവം നടന്ന എറണാകുളം ജില്ലയിലെ മന്ത്രിമാർ പങ്കെടുക്കുമായിരുന്നെന്നാണ് തന്റെ അറിവ്. അതേക്കുറിച്ച് കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കാനായിട്ടില്ല. ധാരാളം ജനങ്ങളും പൊതുപ്രവർത്തകരും അവിടെ എത്തിച്ചേർന്നിരുന്നു. വനിതാമന്ത്രി എന്ന നിലയിൽ പോകേണ്ടതായിരുന്നു എന്നാണോ പറയുന്നതെന്നും ബിന്ദു ചോദിക്കുന്നു.