ആലുവയിലെ അഞ്ചുവയസുകാരിയുടെ കൊലപാതകം; കേസിലെ പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടിയെന്ന് എം വി ഗോവിന്ദൻ

തളിപ്പറമ്പ്: പോലീസിന് പിന്തുണയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ആലുവയിലെ അഞ്ചുവയസുകാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസിനെതിരെ വിമർശനം ഉയർന്ന സാഹചര്യത്തിലാണ് അദ്ദേഹം പിന്തുണയുമായി രംഗത്തെത്തിയത്.

കേസിലെ പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടുകയും സംഭവത്തിന്റെ ചുരുളഴിക്കുകയും ചെയ്ത സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ചരിത്രത്തിൽ ഇതുവരെ ഇല്ലാത്ത രീതിയിലാണ് പൊലീസ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്. പെൺകുട്ടിയുടെ സംസ്‌കാര ചടങ്ങിൽ സർക്കാർ പ്രതിനിധികൾ എത്താൻ വൈകിയെന്ന പ്രതിപക്ഷത്തിന്റെ ആരോപണം അവർക്ക് വേറെ ജോലിയൊന്നും ഇല്ലാത്തതുകൊണ്ടാണെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.