ഇസ്രയേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടാനൊരുങ്ങുന്നു; തീരുമാനവുമായി സർക്കാർ

ടെൽഅവീവ്: ഇസ്രയേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടാനൊരുങ്ങുന്നു. ഇസ്രയേൽ സർക്കാരാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയാണ് ഇക്കാര്യം തീരുമാനിച്ചത്. രാജ്യസുരക്ഷയ്ക്ക് ഭീഷണിയായ ചാനൽ എന്നാണ് അൽജസീറക്കെതിരെയുള്ള വാദം. ഞായറാഴ്ച നടന്ന മന്ത്രിസഭ യോഗത്തിൽ ചാനലിന് വിലക്കേർപ്പെടുത്താൻ വോട്ടെടുപ്പ് നടന്നിരുന്നു.

ഇസ്രയേലിൽ അൽജസീറ ചാനലിന്റെ പ്രവർത്തനം വിലക്കാൻ എന്റെ നേതൃത്വത്തിലുള്ള സർക്കാർ ഏകകണ്ഠമായി തീരുമാനിച്ചുവെന്ന് ബെഞ്ചമിൻ നെതന്യാഹു അറിയിച്ചു. അതേസമയം, വിലക്ക് എപ്പോൾ പ്രാബല്യത്തിൽ വരും എന്നോ താൽക്കാലിക വിലക്കാണോയെന്ന കാര്യം വ്യക്തമല്ല. അൽ ജസീറയുടെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ മന്ത്രിസഭ ഏകകണ്ഠമായി വോട്ട് ചെയ്തതായി സർക്കാർ പ്രസ്താവനയിലൂടെ വ്യക്തമാക്കി.

അൽജസീറ ചാനൽ ഇസ്ലാമിക ഭീകരവാദത്തിന്റെ മുഖമാണെന്നായിരുന്നു ഇസ്രയേൽ ഉന്നയിച്ച ആരോപണം. തങ്ങൾക്കെതിരെ ആയിരക്കണക്കിന് നുണക്കഥകളാണ് അൽജസീറ ഉണ്ടാക്കിയതെന്നും ഇസ്രയേൽ ആരോപിച്ചിരുന്നു. ജനം തെരുവിൽ മരിച്ചുവീഴുമ്പോൾ ആഹ്ലാദത്തോടെയാണ് അൽജസീറയിൽ വാർത്തകൾ വന്നതെന്നും ഇസ്രയേൽ പറഞ്ഞിരുന്നു.