General (Page 155)

ന്യൂഡൽഹി: പുറത്തുനിന്നുള്ള ഏജൻസികൾക്ക് വോട്ടിങ് യന്ത്രത്തിന്റെ നിയന്ത്രണം സാധ്യമല്ലെന്ന് വ്യക്തമാക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ. ഇന്ത്യ മുന്നണി ഉയർത്തിയ ഇവിഎം മെഷീനിൽ ക്രമക്കേട് നടത്താനാകുമെന്നതുമായി ബന്ധപ്പെട്ട ആശങ്കയുടെ പശ്ചാത്തലത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഇതുസംബന്ധിച്ച പ്രതികരണം നടത്തിയത്.

വോട്ടിങ് യന്ത്രത്തിന്റെ പ്രവർത്തനം ശക്തമാണെന്ന് കമ്മീഷൻ അറിയിച്ചു. നേരത്തെ ഇന്ത്യ മുന്നണി ഇലക്ട്രോണിക് വോട്ടിങ് മെഷീനിന്റെ ആധികാരികതയും പ്രവർത്തനവുമായി ബന്ധപ്പെട്ട നിരവധി സംശയങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷന് മുൻപാകെ സമർപ്പിച്ചിരുന്നു. വിവിപാറ്റ് സ്ലിപ് വോട്ടർക്ക് നൽകണം, 100 ശതമാനവും എണ്ണണം തുടങ്ങിയ നിർദേശങ്ങളും ഇന്ത്യ മുന്നണി മുന്നോട്ടുവെച്ചിരുന്നു. ഇതിന് മറുപടിയായാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഇതുസംബന്ധിച്ച വിശദീകരണം നടത്തിയത്.

ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡും ഇലക്ട്രോണിക്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡും വോട്ടിങ് മെഷീന്റെ നിർമ്മാണവും അതിലേക്കുള്ള പ്രോഗ്രാമുകളും ചെയ്യുന്നത്. മൈക്രോ കൺട്രോളർ നിർമ്മാണ മേഖലയിലേക്ക് നിർദേശിക്കപ്പെട്ട എഞ്ചിനിയർമാരും ഉദ്യോഗസ്ഥർക്കും കാർഡ് മുഖേന അല്ലെങ്കിൽ ബയോമെട്രിക് സ്‌കാൻ മുഖേന മാത്രമാണ് പ്രവേശനമുള്ളത്. പുറത്തുനിന്നുള്ള ഏജൻസികളോ ആഭ്യന്തര – വിദേശ കൈകടത്തലുകളോ മൈക്രോ കൺട്രോളർ പ്രോഗ്രാമിൽ ഇല്ലെന്നും കമ്മീഷൻ വിശദമാക്കി.

രണ്ട് തരത്തിലുള്ള മെമ്മറികളാണ് വിവിപാറ്റിനുള്ളത്. പ്രോഗ്രാം നിർദേശങ്ങൾ മൈക്രോകൺട്രോളറിലേക്ക് ഒരുതവണ മാത്രം നൽകാനുള്ളതും മറ്റൊന്ന്, ചിഹ്നങ്ങളടങ്ങിയ ഗ്രാഫിക് ഇമേജുകൾ സ്ഥാനാർത്ഥികളുടേയും അല്ലെങ്കിൽ അവരുടെ പ്രതിനിധികളുടേയോ സാന്നിധ്യത്തിൽ സൂക്ഷിക്കാനുള്ളതുമാണെന്നും കമ്മീഷൻ അറിയിച്ചു.

പാട്‌ന: പങ്കാളികളിൽ നിന്ന് ഗർഭം ധരിക്കുന്നത് സാധിക്കാത്ത സ്ത്രീകളെ ഗർഭം ധരിപ്പിക്കുന്നതിന് പണം വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ സംഘം അറസ്റ്റിൽ. ബിഹാറിലെ നവാഡയിലാണ് സംഭവം ഉണ്ടായത്.

എട്ടു പേരെയാണ് അറസ്റ്റ് ചെയ്തത്. ഓൾ ഇന്ത്യ പ്രഗ്‌നന്റ് ജോബ് എന്ന പേരിൽ പ്രവർത്തിച്ചിരുന്ന സംഘത്തിലെ അംഗങ്ങളാണ് അറസ്റ്റിലായവർ. സാമൂഹ്യ മാധ്യമങ്ങൾ കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ പ്രവർത്തനം. മുന്ന എന്ന ആളാണ് റോക്കറ്റിന്റെ സൂത്രധാരൻ. ബീഹാർ പോലീസിന്റെ പ്രത്യേക അന്വേഷണസംഘം നടത്തിയ അന്വേഷണത്തിനൊടുവിൽ ആണ് സംഘം പിടിയിലായത്. സംഘത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിരുന്നതായും ഇവർ ഓടി രക്ഷപ്പെട്ടതായും ഇവർക്കായുള്ള അന്വേഷണം പുരോഗമിക്കുന്നുവെന്നും പോലീസ് വ്യക്തമാക്കി.

സ്ത്രീകളെ ഗർഭിണിയാക്കി പണം സമ്പാദിക്കാമെന്നായിരുന്നു ഈ സംഘത്തിന്റെ വാഗ്ദാനം. താത്പര്യം അറിയിച്ചെത്തുന്നവരിൽ നിന്ന് രജിസ്‌ട്രേഷൻ തുകയായി 799 രൂപ കൈപ്പറ്റിയിരുന്നു. ഇതുകൂടാതെ സുരക്ഷാ ചാർജുകൾ എന്ന നിലയിൽ 5000 രൂപ മുതൽ 20,000 രൂപ വരെയും സംഘം കൈക്കലാക്കിയിരുന്നു.

തിരുവനന്തപുരം: വി എം സുധീരന്റെ പ്രസ്താവനകൾക്ക് താൻ വില കൽപ്പിക്കുന്നില്ലെന്ന് കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. സുധീരന്റെ പ്രസ്താവനകൾ പൂർണ്ണമായും തള്ളിക്കളയുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സുധീരന്റെ പ്രസ്താവനകൾ അസ്ഥാനത്തുള്ളവയാണ്. താൻ അതിന് വില കൽപ്പിക്കുന്നില്ല. സുധീരൻ പ്രകടിപ്പിക്കുന്നത് അദ്ദേഹത്തിന്റെ സംസ്‌കാരമെന്നും കെ സുധാകരൻ പറഞ്ഞു.

സുധാകരന്റെ പ്രസ്താവനക്കെതിരെ പ്രതികരണവുമായി വി എം സുധീരൻ രംഗത്തെത്തി. സുധാകരന്റെ പ്രതികരണം തെറ്റിദ്ധാരണജനകമെന്ന് അദ്ദേഹം അറിയിച്ചു. വസ്തുത വിരുദ്ധമായ കാര്യങ്ങളാണ് അദ്ദേഹം പറഞ്ഞത്. പാർട്ടി വിട്ടു എന്ന് താൻ പറഞ്ഞിട്ടില്ല. പുതിയ നേതൃത്വം വന്നപ്പോൾ ആദ്യം സ്വാഗതം ചെയ്തത് താൻ ആണ്. ഗ്രൂപ്പ് നോക്കാതെ സ്ഥാനാർത്ഥികളെ നിർത്തിയിരുന്നെങ്കിൽ 2016 ൽ തോൽക്കില്ലായിരുന്നു. കഴിവ് നോക്കാതെയാണ് സ്ഥാനാർഥികളെ നിർത്തിയത്. അതിൽ താൻ ദുഃഖിതനായിരുന്നു. സുധാകരനും സതീശനും വന്നപ്പോൾ ഈ സ്ഥിതി മാറും എന്ന് വിചാരിച്ചുവെന്നും അദ്ദേഹം അറിയിച്ചു.

ഡിസിസി പ്രസിഡന്റുമാരെ നിയമിച്ച രീതി ശരിയല്ല എന്ന് സുധാകരനോട് പറഞ്ഞു. ഈ ശൈലി സംഘടനക്ക് യോജിച്ചതല്ല എന്നതിനാൽ ഹൈക്കമാൻഡിനു കത്തെഴുതി. പരാതിയിൽ ഒരു നടപടിയും ഉണ്ടായില്ല. രാഹുൽ ഗാന്ധിയും പ്രശ്‌നങ്ങൾ പരിഹരിക്കാമെന്ന് ഉറപ്പ് നൽകി. പക്ഷെ 2 വർഷമായി ഒന്നും പരിഹരിച്ചില്ലെന്നും വി എം സുധീരൻ കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ തൃശൂർ സന്ദർശനത്തെക്കുറിച്ചുള്ള മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നൽകി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. പ്രധാനമന്ത്രിയുടെ തൃശൂർ സന്ദർശനം രാഷ്ട്രീയ ചരിത്രത്തിൽ വലിയൊരു മാറ്റത്തിന് കാരണമാകുമെന്ന് അദ്ദേഹം പറഞ്ഞു.

നരേന്ദ്ര മോദിയ്ക്ക് സംസ്ഥാനത്ത് മോദിയ്ക്ക് വലിയ പിന്തുണ ലഭിക്കുന്നുണ്ട്. കേരളത്തിൽ 7 വർഷമായി തുടരുന്ന വോട്ടുബാങ്ക് രാഷ്ട്രീയത്തിന് അധികം ആയുസ്സില്ലെന്നാണ് സാധാരണജനങ്ങളടക്കം പറയുന്നത്. പ്രധാനമന്ത്രിയുടെ തൃശൂർ സന്ദർശനം കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ തന്നെ വലിയ മാറ്റമായിരിക്കും കൊണ്ടുവരുന്നത്. പ്രശസ്തരായ നിരവധി മഹിളാ പ്രതിനിധികളാണ് ഈ സമ്മേളനത്തിൽ പങ്കെടുക്കുന്നത്. ചലച്ചിത്ര താരം ശോഭന, കായികതാരം മിന്നുമണി, സംരംഭക ബീന കണ്ണൻ, ഒറ്റയാൾ പോരാട്ടത്തിലൂടെ കേരളത്തിൽ പ്രശസ്തയായ മറിയക്കുട്ടി, വൈക്കം വിജയലക്ഷ്മി ഇത്തരത്തിൽ സ്ത്രീ സമൂഹത്തിൽ പ്രഗത്ഭരായിട്ടുള്ള നിരവധിപേർ പ്രധാനമന്ത്രിയുമായി വേദി പങ്കിടുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഈ സമ്മേളനം ചരിത്രമാകുമെന്ന കാര്യത്തിൽ യാതൊരുവിധ സംശയവും വേണ്ട. എൽഡിഎഫിന്റെയും യുഡിഎഫിന്റെയും കാലിനടിയിലെ മണ്ണ് ഒലിച്ചുപോയി കൊണ്ടിരിക്കുകയാണ്. ഇവരുടെ സമ്പൂർണ പതനം കേരളത്തിൽ ആസന്നമായിരിക്കുകയാണ്. കേരളത്തിൽ മോദിക്കു വലിയ രീതിയിലുള്ള പിന്തുണയാണ് ലഭിക്കുന്നത്. കേരളത്തെ സംരക്ഷിക്കാൻ മോദിക്കു മാത്രമേ കഴിയുകയുള്ളൂ എന്ന അവസ്ഥയിൽ എത്തിയിരിക്കുകയാണ്. കേരളത്തിൽ 7 വർഷമായി തുടരുന്ന വോട്ടുബാങ്ക് രാഷ്ട്രീയത്തിന് ഇനി അധികം ആയുസ്സില്ല എന്നതാണ് കേരളത്തിലെ സാധാരണ ജനങ്ങളിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്ന പ്രതികരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൊല്ലം: 62-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവം ജനുവരി 4ന് ആരംഭിക്കും. കൊല്ലത്താണ് കലോത്സവം നടക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും ധനമന്ത്രി കെ എൻ ബാലഗോപാലും ചേർന്ന് നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

239 ഇനങ്ങളിലായി 14,000ത്തോളം വിദ്യാർഥികൾ പങ്കെടുക്കും. കലോത്സവത്തിനൊപ്പം സംസ്‌കൃതോത്സവവും അറബിക് കലോത്സവവും നടക്കുമെന്നും മന്ത്രിമാർ വ്യക്തമാക്കി. കലോത്സവത്തിന്റെ സുഗമമായ നടത്തിപ്പിന് 20 കമ്മിറ്റികൾ രൂപീകരിച്ചു. ജനുവരി 8നാണ് സമാപനം.

പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിലൂടെ കേരളത്തിലെ സ്‌കൂൾ വിദ്യാർഥികളുടെ നൈസർഗിക കലാസാഹിത്യ കഴിവുകൾ കണ്ടെത്തി പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന 62-ാമത് കേരള സ്‌കൂൾ കലോത്സവത്തിന് ആതിഥ്യമരുളാൻ കൊല്ലം പട്ടണം ഒരുങ്ങിക്കഴിഞ്ഞു.

കൊല്ലം ജില്ലയിൽ നാലാമത്തെ തവണയാണ് കലോത്സവം നടക്കുന്നത്. 2008ലാണ് അവസാനം കൊല്ലം കലോത്സവത്തിന് വേദി ആയത്. 1957-ൽ തുടങ്ങി ഇന്ന് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കൗമാര കലോത്സവമായി വളർന്ന മേള 2018ൽ പരിഷ്‌കരിച്ച മനുവലിലെ വ്യവസ്ഥകൾക്കനുസൃതമായാണ് സംഘടിപ്പിക്കുന്നത്. അടുത്ത തവണ മാനുവൽ വിശദമായി പരിഷ്‌കരിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കണ്ണൂർ: ഗവർണറുടെ കോലം കത്തിച്ച് എസ്എഫ്‌ഐ പയ്യാമ്പലം ബീച്ചിലാണ് ഗവർണറുടെ മുപ്പതടി ഉയരത്തിലുള്ള കോലം കത്തിച്ചത്. ഗവർണർ ആരിഫ് ഖാനെതിരെയുള്ള സമരത്തിന്റെ തുടർച്ചയായാണ് പാപ്പാഞ്ഞി മാതൃകയിലുള്ള കോലം കത്തിച്ചത്. ബീച്ചിൽ പുതുവർഷാഘോഷങ്ങൾ നടക്കുന്നതിനിടയിലാണ് എസ്എഫ്‌ഐ ഗവർണറുടെ കോലം കത്തിച്ച് പ്രതിഷേധം നടത്തിയത്.

സർവകലാശാലകളെ കാവിവത്കരിക്കാൻ ശ്രമിക്കുവെന്ന് ആരോപിച്ച് ഗവർണർക്കെതിരെ വലിയ പ്രതിഷേധം എസ്എഫ്‌ഐ ഉയർത്തിയിരുന്നു. കോളേജുകളിൽ ഗവർണർക്കെതിരെ എസ്എഫ്‌ഐ ബാനറുകളുയർത്തുകയും ചെയ്തു. ഗവർണർക്കെതിരെ കരിങ്കൊടി പ്രതിഷേധവും നടക്കുന്നുണ്ട്.

ഗവർണറുടെ പതിവ് വഴിയായ പാളയം-ജനറൽ ആശുപത്രി റോഡിലാണ് പ്രതിഷേധം നടത്തിയത്. എന്നാൽ, ഗവർണർ റൂട്ട് മാറ്റിയതോടെ പ്രതിഷേധക്കാർക്ക് അദ്ദേഹത്തെ കാണാൻ കഴിഞ്ഞില്ല. ജനറൽ ആശുപത്രി ജംഗ്ഷനിൽ ‘ഫിയർലെസ് 53’ എന്ന ബാനറുമായാണ് പ്രവർത്തകർ പ്രതിഷേധിച്ചത്. പാളയത്തും ചാക്കയിലും പ്രതിഷേധക്കാർ കാത്തുനിന്നു. പതിവ് റൂട്ടിൽ ഒന്നിലധികം ഇടങ്ങളിൽ പ്രതിഷേധമുണ്ടാകുമെന്ന രഹസ്യ വിവരത്തെത്തുടർന്ന് രാജ്ഭവനിൽ നിന്ന് പാളയം വഴി വരാതെ കുറവൻകോണം കുമാരപുരം വഴിയാണ് ഗവർണർ വിമാനത്താവളത്തിലേക്ക് പോയത്.

തിരുവനന്തപുരം: അയോധ്യയിലെ രാമക്ഷേത്രം ഉദ്ഘാടനത്തിൽ പങ്കെടുക്കുന്നതു സംബന്ധിച്ച് നിലപാട് വ്യക്തമാക്കി സമസ്തയും മുസ്ലിം ലീഗും. വ്യക്തികൾക്കാണ് ക്ഷണം ലഭിച്ചതെന്നും പാർട്ടി ഇതിൽ ഒരു അഭിപ്രായം ഔദ്യോഗികമായി പ്രഖ്യാപിക്കേണ്ടതില്ലെന്നുമുള്ള നിലപാടിലാണ് കോൺഗ്രസ്. മറ്റു പാർട്ടികളുടെ സ്വാതന്ത്ര്യത്തിൽ ഇടപെടേണ്ടെന്നാണ് വെള്ളിയാഴ്ച പാണക്കാട്ടുചേർന്ന മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയ ഉപദേശകസമിതി യോഗത്തിൽ തീരുമാനിച്ചത്.

അയോധ്യ പ്രതിഷ്ഠാചടങ്ങിൽ പങ്കെടുക്കണമോ വേണ്ടയോ എന്നതിൽ രാഷ്ട്രീയകക്ഷികൾക്ക് വ്യത്യസ്ത അഭിപ്രായമുണ്ടാവാമെന്നും അതിൽ സമസ്ത അഭിപ്രായം പറയേണ്ട കാര്യമില്ലെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ അറിയിച്ചിരുന്നു.

അതേസമയം, തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് രാമക്ഷേത്ര ഉദ്ഘാടനം ബി.ജെ.പി രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്ന് ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗ് ദേശീയ പൊളിറ്റിക്കൽ അഡ്വൈസറി കമ്മിറ്റി യോഗം വിലയിരുത്തി. ബി.ജെ.പിയുടെ മുതലെടുപ്പ് തന്ത്രം ജനം തിരിച്ചറിയണമെന്നും യോഗത്തിന് ശേഷം നേതാക്കൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ബി.ജെ.പി രാഷ്ട്രീയ നേട്ടത്തിനാണ് ഇത് ഉപയോഗിക്കുന്നതെന്ന് പൊളിറ്റിക്കൽ അഡ്വൈസറി കമ്മിറ്റി ചെയർമാൻ സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. എല്ലാ ആരാധനാലയങ്ങൾക്കും അതിന്റേതായ പ്രാധാന്യമുണ്ട്. ആ നിലയിൽ മുസ്ലിംലീഗ് വിശ്വാസികൾക്കൊപ്പമാണ്. എന്നാൽ ബി.ജെ.പി ഇതിനെ രാഷ്ട്രീയ അജണ്ടയാക്കുന്നതിനോട് യോജിക്കാനാവില്ലെന്നും തങ്ങൾ പറഞ്ഞു.

വരാൻ പോകുന്ന പാർലമെന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഉദ്ഘാടനമായി ബി.ജെ.പി ക്ഷേത്ര ഉദ്ഘാടനം മാറ്റുകയാണെന്ന് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഹൈന്ദവ സമുദായത്തിന്റെ വിശ്വാസത്തെയും ആരാധനാ സ്വാതന്ത്ര്യത്തെയും മുസ്ലിംലീഗ് അങ്ങേയറ്റം ബഹുമാനിക്കുന്നു. എന്നാൽ ഉദ്ഘാടന ചടങ്ങ് ബിജെപി കേവലം രാഷ്ട്രീയമാക്കി മാറ്റുകയാണ്. ബി.ജെ.പിയുടെ രാഷ്ട്രീയ മുതലെടുപ്പ് എല്ലാവരും തിരിച്ചറിയണമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.

വിപിന്‍ ആറ്റ്‌ലി സംവിധാനം ചെയ്യുന്ന പൊമ്പളൈ ഒരുമൈ എന്ന ചിത്രത്തിന്‍റെ സെന്‍സറിംഗ് പൂര്‍ത്തിയായി. ജിതീഷ് പരമേശ്വരന്‍, ശ്രീഷ്മ ചന്ദ്രന്‍, ട്വിങ്കിള്‍ ജോബി, സാജിദ് യഹിയ, ശിവന്‍ മേഘ, ശില്‍പ അനിൽ എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ. ചിത്രത്തിന് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് ആണ്. മഞ്ജുവാര്യര്‍ അടക്കമുള്ളവര്‍ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഫേസ്ബുക്കിലൂടെ പങ്കുവച്ചിരുന്നു. മാക്രോം പിക്‌ച്ചേഴ്‌സ് നിർമ്മിക്കുന്ന പൊമ്പളൈ ഒരുമൈയുടെ കഥ, തിരക്കഥ, സംഭാഷണം വിപിന്‍ ആറ്റ്‌ലി, ജിനി കെ എന്നിവർ ചേർന്ന് എഴുതുന്നു.

സഹനിര്‍മ്മാണം ജയന്‍ ഗോപി ചൈന, റാഫി ആന്റണി, ഛായാഗ്രഹണം സിറാജുദ്ദീന്‍ സൈനുദ്ദീന്‍, ആശയം റിന്റു ആറ്റ്‌ലി, സംഗീതം, പശ്ചാത്തല സംഗീതം നിനോയ് വർഗീസ്, ചിത്രസംയോജനം ഗോപകുമാര്‍ നമ്പ്യാര്‍, സഹ ഛായാഗ്രഹണം അഹമ്മദ് സാഹിദ്, നജ്മല്‍ കെ എ, കലാസംവിധാനം മുകുന്ദന്‍ മാമ്പ്ര, മുഖ്യ സഹസംവിധാനം ജിനി കെ, സഹസംവിധാനം ശില്‍പ അനില്‍, സംവിധാന സഹായികള്‍ ജഗദീഷ് ശങ്കരന്‍, ട്വിങ്കിള്‍ ജോബി, നിര്‍മ്മാണ നിര്‍വ്വഹണം ശിവന്‍ മേഘ, ശബ്ദ രൂപകല്‍പ്പന വിഷ്‌നേഷ് ബോസ്, ശബ്ദ മിശ്രണം ദീപു ഷൈന്‍, സ്റ്റുഡിയോ വാക്മാന്‍ സ്റ്റുഡിയോ, പരസ്യകല ആര്‍ട്ടോകാര്‍പസ്, പി ആര്‍ ഒ- എ എസ് ദിനേശ്.

ന്യൂഡൽഹി: ഖേൽരത്‌നയും അർജുന അവാർഡും തിരികെ നൽകി ഗുസ്തി താരം വിനേഷ് ഫോഗട്ട്. ലൈംഗികാതിക്രമാരോപണം നേരിടുന്ന ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷൻ ബ്രിജ് ഭൂഷണനെതിരെ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചാണ് വിനേഷ് ഫോഗട്ട് അവാർഡുകൾ മടക്കി നൽകിയത്. അർജുന അവാർഡ് ഫലകം കർത്തവ്യപഥിൽ വച്ച് വിനേഷ് മടങ്ങി. ഖേൽ രത്ന പുരസ്‌കാരവും അദ്ദേഹം റോഡിൽ വച്ചു.

പ്രധാനമന്ത്രിയുടെ ഓഫീസിനു പ്രതിഷേധം നടത്തുകയാണ് താരങ്ങൾ. കഴിഞ്ഞ ദിവസം വിനേഷ് ഫോഗട്ട് രാജ്യം നൽകിയ ഖേൽരത്‌നയും അർജുന അവാർഡും തിരികെ നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഗുസ്തി താരങ്ങൾ മെഡൽ നേടുമ്പോൾ രാജ്യത്തിന്റെ അഭിമാനമായി കണക്കാക്കപ്പെടുന്നുവെന്നും, അവർ നീതി ആവശ്യപ്പെട്ടപ്പോൾ രാജ്യദ്രോഹികളായി മുദ്രകുത്തപ്പെടുകയാണെന്നും വ്യക്തമാക്കി വിനേഷ് പ്രധാനമന്ത്രിയ്ക്ക് കത്തയച്ചിരുന്നു.

ഐസ്വാൾ: മിസോറാമിലേക്ക് അഭയം തേടി മ്യാൻമർ സൈനികർ. ക്യാമ്പുകൾ വിഘടനവാദികൾ പിടിച്ചെടുത്തതിന് പിന്നാലെയാണ് മ്യാൻമർ സൈനികർ മിസോറാമിലേക്ക് അഭയം തേടിയത്. 150ഓളം സൈനികർ മിസോറാമിലെ ലോംഗ്ട്‌ലായ് ജില്ലയിലേക്ക് കടന്നതായി അസം റൈഫിൾസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം മ്യാൻമറിലെ സൈനികർ ആയുധങ്ങളുമായി രക്ഷപ്പെട്ട് അസം റൈഫിൾസിനെ സമീപിച്ചിരുന്നു. അരാക്കൻ വിഘടനവാദ സംഘങ്ങൾ ക്യാമ്പുകൾ പിടിച്ചെടുത്തതിന് പിന്നാലെയാണ് ഇവർ അഭയം തേടിയത്. ഇന്ത്യൻ അതിർത്തിയോട് ചേർന്നുള്ള പ്രദേശങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ മ്യാൻമർ സൈനികരും അരാക്കൻ വിഘടനവാദികളുമായി വെടിവയ്പ്പുണ്ടായിരുന്നതായിഉദ്യോഗസ്ഥർ വ്യക്തമാക്കി.

നിലവിൽ അവർ അസം റൈഫിൾസിന്റെ സുരക്ഷിതത്വത്തിലാണ്. ഉടൻ തന്നെ സൈനികരെ മ്യാൻമറിലേക്ക് അയക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.