General (Page 156)

തിരുവനന്തപുരം: എൻഡോസൾഫാൻ ദുരിതബാധിതർക്ക് സൗജന്യമായി വീടും സ്ഥലവും നൽകുന്ന ‘സാഫല്യം’ പദ്ധതിയിൽ വെള്ളരിക്കുണ്ട് താലൂക്കിലെ പരപ്പ വില്ലേജിലെ നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിക്കാൻ നടപടിക്രമങ്ങളെല്ലാം പൂർത്തിയായതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. സ്‌പെഷ്യൽ സർവേ സംഘം അളന്നു തിട്ടപ്പെടുത്തി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ സ്ഥലത്തിന്റെ ഐ സ്‌കെച്ച് കാസർഗോഡ് നടന്ന ചടങ്ങിൽ സത്യസായ് ഓർഫനേജ് ട്രസ്റ്റ് അധികൃതർക്ക് മന്ത്രി കൈമാറി.

ഹോസ്ദുർഗ് താലൂക്കിലെ പുല്ലൂർ വില്ലേജിലും മഞ്ചേശ്വരം താലൂക്കിലെ എൻമകജെ വില്ലേജിലും വെള്ളരിക്കുണ്ട് താലൂക്കിലെ പരപ്പയിലും 36 വീടുകൾ വീതം നിർമ്മിക്കാൻ സത്യസായ് ഓർഫനേജ് ട്രസ്റ്റുമായി കാസറഗോഡ് ജില്ലാ കളക്ടർ സർക്കാരിനുവേണ്ടി കരാറിൽ ഒപ്പിട്ടിരുന്നു. തുടർന്ന് വീടുകൾ നിർമ്മിക്കാൻ ഭൂമിയുടെ ഉപയോഗാനുമതി സായ് ട്രസ്റ്റിനു നൽകാൻ 2016ൽ സർക്കാർ ഉത്തരവായിരുന്നു. ഇതിൽ ഹോസ്ദുർഗ് താലൂക്കിലെ പുല്ലൂർ വില്ലേജിലെ വീടുകൾ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ട കുടുംബങ്ങൾക്ക് 2022 ഏപ്രിൽ, ജൂൺ മാസങ്ങളിലായി കൈമാറി. മഞ്ചേശ്വരം താലൂക്കിലെ എൻമകജെ വില്ലേജിലെ 36 വീടുകളും അറ്റകുറ്റപ്പണികൾ പൂർത്തീകരിച്ച് അർഹരായ ഗുണഭോക്താക്കൾക്ക് നൽകിയിരുന്നു.

പരപ്പ വില്ലേജിൽ അഞ്ചേക്കർ ഭൂമിയിലാണ് എൻഡോസൾഫാൻ ദുരിതബാധിതർക്ക് സായ് ട്രസ്റ്റ് വീട് നിർമ്മിച്ചു നൽകുക. 36 വീടുകളാണ് ഇവിടെ ഉയരുക. സ്ഥലം അളന്നു തിട്ടപ്പെടുത്തി റിപ്പോർട്ട് നൽകാൻ സർവ്വേ ഡെപ്യൂട്ടി ഡയറക്ടർക്ക് നിർദ്ദേശം നൽകിയിരുന്നു. തുടർന്ന് സ്‌പെഷ്യൽ സർവേ സംഘം ഭൂമി അളന്നു തിട്ടപ്പെടുത്തി റിപ്പോർട്ട് നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്ഥലത്തിന്റെ ഐ സ്‌കെച്ച് തയ്യാറാക്കിയത്. സായ് ട്രസ്റ്റുമായി തുടർ കരാർ നടപടികൾ എത്രയും വേഗം പൂർത്തീകരിക്കാൻ ജില്ലാ കലക്ടർക്കും വീട് നിർമ്മാണത്തിന്റെ പ്രാരംഭപ്രവർത്തനങ്ങൾ എത്രയും പെട്ടെന്ന് ആരംഭിക്കാൻ സായ് ട്രസ്റ്റ് അധികൃതർക്കും നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി ഡോ. ബിന്ദു അറിയിച്ചു.

ന്യൂഡൽഹി: കാർഗിൽ യുദ്ധത്തിൽ ജീവൻ ബലിയർപ്പിച്ച വീരജവാൻമാർക്ക് ആദരവ് അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദ്രാസിലെ യുദ്ധസ്മാരകത്തിലെത്തിയാണ് അദ്ദേഹം ആദരാഞ്ജലികൾ അർപ്പിച്ചത്. സൈനികരുടെ ബലികുടീരങ്ങളിൽ അദ്ദേഹം പുഷപചക്രം അർപ്പിക്കുകയും ചെയ്തു.

കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി, മറ്റ് ഉന്നത ഉദ്യോഗസ്ഥരുൾപ്പെടെയുള്ളവർ പ്രധാനമന്ത്രിയോടൊപ്പം ഉണ്ടായിരുന്നു. കാർഗിൽ വിജയ ദിവസത്തിന്റെ അനുസ്മരണ ചടങ്ങുകൾക്ക് ഔപചാരിക തുടക്കം കുറിച്ചുകൊണ്ട് കരസേനയുടെയും വ്യോമസേനയുടെയും ഹെലികോപ്റ്ററുകൾ യുദ്ധ സ്മാരകത്തിനുമുകളിൽ പുഷ്പവൃഷ്ടി നടത്തി.

ഒന്നര മണിക്കൂറോളം നീണ്ടുനിൽക്കുന്ന അനുസ്മരണ പരിപാടികളിലാണ് മോദി പങ്കെടുക്കുന്നത്. കാർഗിൽ യുദ്ധവിജയത്തിന്റെ 25-ാം വാർഷിക ദിനമായതിനാൽ ഇന്ന് വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. 25-ാം വാർഷികദിനമായതുകൊണ്ടുതന്നെ കാർഗിൽ യുദ്ധ വിജയവുമായി ബന്ധപ്പെട്ട സ്റ്റാമ്പ് പ്രധാനമന്ത്രി ഇന്ന് പുറത്തിറക്കും. ഇതിനുശേഷമാണ് മോദി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നത്.

തിരുവനന്തപുരം: കർണാടകയിലെ ഷിരൂരിൽ ഉണ്ടായ മണ്ണിടിച്ചിലിൽ കാണാതായ ലോറി ഡ്രൈവർ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുന്റെ കുടുംബത്തിന് നേരെയുള്ള ഹീനമായ സൈബർ ആക്രമണത്തിനെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് വിനോദസഞ്ചാര, പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. വ്യാഴാഴ്ച രാത്രി അർജുന്റെ വീട്ടിലെത്തി ബന്ധുക്കളെ കണ്ടശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

അർജുന്റെ കുടുംബത്തിന് എതിരായ സൈബർ ആക്രമണം വളരെ ഗൗരവമുള്ളതാണ്. ഒരിക്കലും അംഗീകരിക്കാൻ കഴിയാത്തത്. ഇങ്ങനെയും ആളുകൾ ഉണ്ടോ എന്ന് ചിന്തിച്ചുപോകുന്നു. മനുഷ്യപ്പറ്റില്ലാത്ത രീതിയിലുള്ള നടപടിയാണിത്. സൈബർ ആക്രമണത്തിന് പിന്നിലുള്ളവരെ കർശനമായും നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്ന് മന്ത്രി പറഞ്ഞു.

അർജുന്റെ ബന്ധുക്കളും എഡിറ്റ് ചെയ്തു അപകീർത്തികരമായ രീതിയിൽ അവതരിപ്പിക്കുന്ന സൈബർ പ്രചാരണത്തിന്റെ വിവരങ്ങൾ മന്ത്രിയെ നേരിൽ ധരിപ്പിച്ചു. ഷിരൂരിൽ നടക്കുന്ന തെരച്ചിൽ ലക്ഷ്യം കാണും വരെ തുടരേണ്ടതുണ്ടെന്നും ആ നിലയ്ക്കാണ് സംസ്ഥാന സർക്കാർ കർണാടക സർക്കാറുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: സ്വത്തിന്റെയും പണത്തിന്റെയും പേരിൽ വീട്ടിലെ പ്രായമായ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ വർധിക്കുന്നതായി സംസ്ഥാന വനിതാ കമ്മിഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. കോഴിക്കോട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്തിയ ജില്ലാതല അദാലത്തിനു ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷൻ അധ്യക്ഷ.

കുടുംബബന്ധങ്ങൾ ശിഥിലമാകുന്നതിൽ ലഹരിവസ്തുക്കളുടെ ഉപയോഗം പ്രധാന വില്ലനായി മാറുന്നുണ്ട്. കമ്മിഷന്റെ മുൻപിൽ വന്ന ഒരു കേസിൽ ലഹരിക്ക് അടിപ്പെട്ട മകനാണ് സ്വത്തിന്റെ പേരിൽ വൃദ്ധയായ അമ്മയെ ആക്രമിച്ചത്. അവർക്ക് വീട്ടിൽ സ്വര്യമായി കഴിയാൻ വയ്യാത്ത സാഹചര്യമാണെന്നും വനിതാ കമ്മിഷൻ അധ്യക്ഷ പറഞ്ഞു. ഭാര്യ-ഭർതൃ ബന്ധത്തിലെ പ്രശ്നങ്ങളാണ് ഗാർഹിക പരാതികളിൽ മിക്കതും. വിവാഹശേഷം ഭാര്യയുടെ സ്വർണവും മറ്റും കൈക്കലാക്കിയ ശേഷം സംരക്ഷിക്കാതിരിക്കുന്ന സംഭവങ്ങളുണ്ട്.

തിരുവനന്തപുരം: തളിപ്പറമ്പ് – ആലക്കോട് സംസ്ഥാന പാതയുടെ വശത്തായി സ്ഥിതി ചെയ്യുന്ന പ്ലാന്റേഷൻ കോർപ്പറേഷന്റെ കൈവശമുള്ള ഭൂമിയിലാണ് നിർദ്ദിഷ്ട പാർക്ക് സ്ഥാപിക്കുക. 256 ഏക്കർ ഭൂമി ഈ ആവശ്യത്തിന് വിട്ടുനൽകാൻ കൃഷി വകുപ്പ് തീരുമാനിച്ചു. നാടുകാണി ഡിവിഷനിലെ പ്ലാന്റേഷൻ കോർപ്പറേഷന്റെ കൈവശമുള്ള ഭൂമി റവന്യൂ വകുപ്പിന് വിട്ടു നൽകാനുള്ള നിരാക്ഷേപ പത്രമാണ് നൽകിയത്. റവന്യൂ വകുപ്പ് നടപടിക്രമങ്ങൾ പൂർത്തിയാക്കി പത്ത് ദിവസത്തിനകം ഉത്തരവ് പുറപ്പെടുവിക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു.

കൂടുകളിൽ അല്ലാതെ സ്വഭാവിക വനാന്തരീക്ഷത്തിൽ മ്യഗങ്ങൾക്കും പക്ഷികൾക്കും വിഹരിക്കാൻ കഴിയുന്ന തരത്തിലാണ് പാർക്ക് രൂപകൽപ്പന ചെയ്തിരിക്കുന്നത്. നിലവിലുള്ള പ്രകൃതി അതേ പോലെ നിലനിർത്തി സ്വഭാവികവനവൽക്കരണം നടത്തിയാണ് പാർക്കിന്റെ രൂപകൽപ്പന. സഞ്ചാരികളെ കവചിത വാഹനങ്ങളിലാണ് പാർക്കിലൂടെ യാത്ര ചെയ്യിപ്പിക്കുക. പാർക്കിനോട് അനുബന്ധമായി ബൊട്ടാണിക്കൽ ഗാർഡൻ, മഴവെള്ള സംഭരണി, നാച്വറൽ ഹിസ്റ്ററി മ്യൂസിയം എന്നിവയും ഉണ്ടാവും. പ്ലാന്റേഷൻ കോർപ്പറേഷനിലെ ജീവനക്കാരെ നിർദിഷ്ട പാർക്കിലേക്ക് ആഗിരണം ചെയ്യും.

യോഗത്തിൽ മന്ത്രിമാരായ കെ രാജൻ, എ കെ ശശീന്ദ്രൻ, പി പ്രസാദ്, എം വി ഗോവിന്ദൻ മാസ്റ്റർ എംഎൽഎ, ചീഫ് സെക്രട്ടറി ഡോ. വി. വേണു തുടങ്ങിയവർ പങ്കെടുത്തു.

തിരുവനന്തപുരം: റവന്യു വകുപ്പിന്റെ ‘എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട്’ എന്ന ലക്ഷ്യത്തിന്റെ ഭാഗമായ ഡിജിറ്റൽ റീസർവെയുടെ കരട് വിജ്ഞാപനം ഭൂവുടമകൾക്ക് പരിശോധിക്കാനും ആക്ഷേപങ്ങളുന്നയിക്കാനും അവസരം. റവന്യു വകുപ്പിന്റെ ‘എന്റെ ഭൂമി’ പോർട്ടലിൽ രേഖപ്പെടുത്തിയ കരട് രേഖ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ കൂടി പങ്കാളിത്തത്തോടെ മുഴുവൻ ജനങ്ങളിലും എത്തിക്കാനാണ് പരിപാടി.

ഇതിനായി റവന്യു-തദ്ദേശ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും അധികാരികളുടെ സംയുക്ത യോഗം ഓൺലൈനായി ചേർന്നു. റവന്യു വകുപ്പ് മന്ത്രി കെ രാജന്റെ അധ്യക്ഷതയിൽ നടന്ന യോഗം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു.

ഡിജിറ്റൽ സർവെ പൂർത്തിയായ വില്ലേജുകളിലെ ഭൂവുടമകൾക്ക് സർവെ അതിരടയാള നിയമത്തിലെ 9(2) കരട് വിജ്ഞാപനം പരിശോധിച്ച് അതിൽ ഏതെങ്കിലും വിധത്തിൽ പരാതി ഉണ്ടെങ്കിൽ അത് എന്റെ ഭൂമി പോർട്ടൽ വഴി ഉന്നയിക്കാൻ അവസരമൊരുക്കുക എന്ന ഉത്തരവാദിത്തം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധികാരികൾ കൂടി ഏറ്റെടുക്കണമെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു.

ഡിജിറ്റൽ റീ സർവെ നടക്കാനുള്ള ഇടങ്ങളിൽ സർവെ സഭകൾ വിളിച്ചു ചേർത്ത് ജനങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്തുവാനുള്ള പ്രവർത്തനം നടത്തണമെന്നും യോഗത്തിൽ പങ്കെടുത്ത ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ, സെക്രട്ടറിമാർ എന്നിവരോടായി മന്ത്രി നിർദ്ദേശിച്ചു. വാർഡ് അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, ഹരിതകർമമ്മ സേന പ്രവർത്തകർ തുടങ്ങിയവരുടെ നേതൃത്വത്തിൽ ഈ ദൗത്യം ഏറ്റെടുത്താൽ ഡിജിറ്റൽ റീസർവെ വഴി തയ്യാറാക്കുന്ന ഭൂവിവരം കുറ്റമറ്റതാവുമെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി വ്യക്തമാക്കി. കുടുംബശ്രീ യൂണിറ്റുകളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പുകൾക്ക് പുറമെ, യൂട്യൂബ് ചാനലും ഡിജിറ്റൽ സർവെയുടെ പ്രചാരണത്തിനായി ഉപയോഗപ്പെടുത്തണമെന്നും മന്ത്രി എം ബി രാജേഷ് നിർദ്ദേശിച്ചു.

ഡിജിറ്റൽ സർവെ, വിജ്ഞാപനത്തിലെ തെറ്റ് തിരുത്തൽ തുടങ്ങിയ പ്രവർത്തനങ്ങൾക്കും മറ്റുമായി പഞ്ചായത്തുകളിൽ സർവെ ടീമിന്റെ ക്യാമ്പ് ഓഫീസ് തുറക്കുമെന്ന് റവന്യു മന്ത്രി കെ രാജൻ പറഞ്ഞു. ആദ്യഘട്ടത്തിൽ 200 വില്ലേജുകളിലാണ് ഡിജിറ്റൽ സർവെ ആരംഭിച്ചത്. ഇതിൽ 185 വില്ലേജുകളും രണ്ടാം ഘട്ടത്തിലെ 238 വില്ലേജുകളിലെ 17 ഇടങ്ങളിലും സർവെ പൂർത്തിയായിക്കഴിഞ്ഞു. സർവെ സഭകളിലും വാർഡ്തല സർവെ ജാഗ്രതാ സമിതികളിലും പഞ്ചായത്തുകളുടെ പങ്കാളിത്തം ഉറപ്പാകുന്നതോടെ പിശകുരഹിത ഭൂവിവര ശേഖരം കേരളത്തിന് സ്വന്തമാകുമെന്നും റവന്യു മന്ത്രി പറഞ്ഞു.

റവന്യു, ദുരന്തനിവാരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ, തദ്ദേശ സ്വയംഭരണ വകുപ്പിന്റെ പ്രിൻസിപ്പൽ ഡയറക്ടർ കൂടിയായ സർവെ ഡയറക്ടർ സിറാം സാംബശിവ റാവു, ജില്ലാ കളക്ടർമാർ, റവന്യു, സർവെ, തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.

ഡിജിറ്റൽ സർവെ പൂർത്തിയായ വില്ലേജുകൾ ഉൾപ്പെടുന്ന ജില്ലകളിലെ റവന്യു, സർവെ, തദ്ദേശ സ്വയംഭരണ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെയും പഞ്ചായത്ത് പ്രസിഡന്റുമാരുടെയും യോഗം ജൂലൈ 31നകവും രണ്ടാം ഘട്ടത്തിൽ സർവെ നടക്കുന്ന വില്ലേജുകൾ ഉൾപ്പെടുന്ന ജില്ലകളിലെ യോഗം ഓഗസ്റ്റ് 11നകവും അതത് ജില്ലാ കളക്ടർമാർ വിളിച്ചുചേർക്കും.

തിരുവനന്തപുരം: സംസ്ഥാന വ്യവസായ വകുപ്പിന് കീഴിലുള്ള കെൽട്രോണിന് പ്രതിരോധ മേഖലയിൽ നിന്ന് വീണ്ടും സുപ്രധാന ഓർഡർ ലഭിച്ചു. കെൽട്രോൺ ഉപകമ്പനിയായ കുറ്റിപ്പുറം കെൽട്രോൺ ഇലക്ട്രോ സെറാമിക്‌സ് ലിമിറ്റഡിന് (കെ.ഇ.സി.എൽ) 17 കോടി രൂപയുടെ ഓർഡറാണ് ലഭിച്ചത്. പ്രതിരോധ ഇലക്ട്രോണിക്‌സ് മേഖലയിൽ നിന്നും കെ ഇ സി എല്ലിന് ലഭിക്കുന്ന ഏറ്റവും വലിയ ഓർഡർ ആണിതെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു.

ഇന്ത്യൻ നാവികസേനയുടെ പ്രധാന പദ്ധതികളിലൊന്നായ എ.എസ്.ഡബ്‌ള്യൂ ഷാലോ വാട്ടർ ക്രാഫ്റ്റിലെ സോണാറുകൾക്ക് ആവശ്യമായ നൂതന ട്രാൻസ്ഡ്യൂസർ എലമെന്റുകൾ നിർമ്മിച്ചു നൽകുന്നതിനാണ് ബാംഗ്ലൂരിലെ ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ് മുഖേന ഓർഡർ ലഭിച്ചിരിക്കുന്നത്. ഓർഡറിന്റെ അടിസ്ഥാനത്തിൽ 2000 ലധികം ട്രാൻസ്ഡ്യൂസർ എലമെന്റുകൾ കെ ഇ സി എൽ നിർമ്മിച്ചു നൽകും.

സമുദ്രത്തിനടിയിലുള്ള ശബ്ദ തരംഗങ്ങളിലൂടെ മറ്റ് കപ്പലുകളുടെയും അന്തർവാഹിനികളുടെയും സാന്നിധ്യം തിരിച്ചറിയുന്നതിനായി ഉപയോഗിക്കുന്ന ഉപകരണങ്ങളായ ഹൈഡ്രോഫോണുകളുടെ പ്രധാന ഘടകമാണ് ട്രാൻസ്ഡ്യൂസറുകൾ. രാജ്യത്ത് ആഭ്യന്തരമായി ട്രാൻസ്ഡ്യൂസറുകൾ നിർമ്മിക്കുന്ന സുപ്രധാന പൊതുമേഖലാ സ്ഥാപനമാണ് കെ ഇ സി എൽ. ഒട്ടനവധി വർഷങ്ങളായി അണ്ടർ വാട്ടർ മേഖലയിലേക്ക് വിവിധതരം പ്രതിരോധ ഇലക്ട്രോണിക്‌സ് ഉപകരണങ്ങൾ ഇന്ത്യൻ നാവികസേനയ്ക്കായി കെൽട്രോൺ നിർമ്മിച്ചു നൽകുന്നുണ്ട്.

പ്രതിരോധ ഇലക്ട്രോണിക്‌സ് മേഖലയിൽ കെൽട്രോൺ കൈവരിച്ച സാങ്കേതിക മികവ് വ്യക്തമാക്കുന്നതാണ്, തുടർച്ചയായി ലഭിക്കുന്ന ഓർഡറുകൾ എന്നും മന്ത്രി പി.രാജീവ് പറഞ്ഞു.

ന്യൂഡൽഹി: രാഷ്ട്രപതി ഭവന് അകത്ത് പേരുമാറ്റം. രാഷ്ട്രപതിയുടെ ഔദ്യോഗിക വസതിക്ക് അകത്ത് രണ്ട് ഹാളുകളുടെ പേരാണ് മാറ്റിയത്. രാഷ്ട്രപതി ഭവനിലെ ദർബാർ ഹാളിന് ഗണതന്ത്ര മണ്ഡപ് എന്ന പേരാണ് പുതുതായി നൽകിയിരിക്കുന്നത്.

അശോക് ഹാളിന് അശോക് മണ്ഡപ് എന്ന് പേര് നൽകി. പേരുകൾ മാറ്റിയുള്ള ഉത്തരവ് പുറത്തിറക്കി. രാഷ്ട്രപതി ദ്രൗപതി മുർമുവാണ് ഉത്തരവിറക്കിയത്.

പ്രസിഡന്റിന്റെ ഓഫീസും വസതിയുമായ രാഷ്ട്രപതി ഭവൻ രാഷ്ട്രത്തിന്റെ പ്രതീകവും ജനങ്ങളുടെ അമൂല്യമായ പൈതൃകവുമാണ്. രാഷ്ട്രപതി ഭവന്റെ അന്തരീക്ഷം ഇന്ത്യയുടെ സാംസ്‌കാരിക മൂല്യങ്ങളുടെയും ധാർമ്മികതയുടെയും പ്രതിഫലനമാക്കുന്നതിന്റെ ഭാഗമായാണ് ഹാളുകൾ പുനർനാമകരണം ചെയ്തതെന്ന് രാഷ്ട്രപതിയുടെ സെക്രട്ടറിയേറ്റ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

ബെംഗളൂരു: ഗംഗാവലി നദിയിൽ പുതഞ്ഞ അർജുന്റെ ലോറി കണ്ടെടുക്കാനുള്ള ദൗത്യം തുടർന്ന് രക്ഷാപ്രവർത്തകർ. ഐബോഡ് പരിശോധന തുടങ്ങി. നദിയോട് ചേർന്ന് ഡ്രോൺ പറത്തിയാണ് നിരീക്ഷണം നടത്തുന്നത്.

ഐബോഡ് ഡ്രോൺ പരിശോധനയിൽ പുഴയ്ക്കടിയിലെ ട്രക്കിന്റെ കിടപ്പും സ്ഥാനവും വ്യക്തമാകും. എന്നാൽ, മനുഷ്യസാന്നിധ്യം കണ്ടെത്താൻ ഡ്രോൺ പരിശോധനയിൽ കഴിഞ്ഞേക്കില്ലെന്നാണ് നാവികസേന വ്യക്തമാക്കിയിരുന്നത്.

മനുഷ്യസാന്നിധ്യം കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ ദൗത്യം വീണ്ടും നീളും. അർജുന്റെ ട്രക്ക് കണ്ടെത്താൻ പുഴയിൽ രാവിലെ പരിശോധന നടത്തിയെങ്കിലും ശക്തമായ അടിയൊഴുക്ക് കാരണം നാവിക സേനയുടെ മുങ്ങൽ വിദഗ്ധർ വെള്ളത്തിലേയ്ക്ക് ഇറങ്ങിയില്ല. മൂന്ന് ബോട്ടുകളിലായി 15 അംഗ നാവിക സേന ഡൈവർമാരമാണ് ആദ്യഘട്ട പരിശോധന നടത്തിയത്. ഗംഗാവലി പുഴയിലെ അടിയൊഴുക്ക് ദൗത്യത്തിന് തടസമാണെന്ന് നാവികസേന വ്യക്തമാക്കി.

തിരുവനന്തപുരം: തിരുവനന്തപുരത്ത് ന്യൂട്രാസ്യൂട്ടിക്കൽസിനായുള്ള മികവിന്റെ കേന്ദ്രം ആരംഭിക്കാൻ മന്ത്രിസഭായോഗം അനുമതി നൽകി. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കാലാവസ്ഥ, അസംസ്‌കൃത വസ്തുക്കളുടെ ലഭ്യത, പരിശീലനം ലഭിച്ച വ്യക്തികളുടെ ആധിക്യം എന്നിവയാൽ ന്യൂട്രാസ്യൂട്ടിക്കൽ വ്യവസായങ്ങൾ സ്ഥാപിക്കുന്നതിന് ഏറ്റവുമധികം അനുയോജ്യമാണ് കേരളം. ജൈവവൈവിധ്യ ‘ഹോട്ട്‌സ്‌പോട്ട്’ എന്ന നിലയിൽ നമ്മുടെ ജൈവവ്യവസ്ഥയും പ്രതിഭാനൈപുണ്യവും പ്രയോജനപ്പെടുത്തി ഈ വ്യവസായത്തെ പരിപോഷിപ്പിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്.

കേരള ഡെവലപ്‌മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെ-ഡിസ്‌ക്), കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ് ടെക്‌നോളജി ആൻഡ് എൻവയൺമെൻറ് (കെഎസ് സിഎസ്ടിഇ), കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപറേഷൻ (കെഎസ്‌ഐഡിസി) എന്നിവയുടെ ആഭിമുഖ്യത്തിലാണ് തിരുവനന്തപുരം തോന്നയ്ക്കൽ ലൈഫ് സയൻസ് പാർക്കിൽ അനുവദിച്ച സ്ഥലത്ത് സെന്റർ ഓഫ് എക്‌സലൻസ് ഇൻ ന്യൂട്രാസ്യൂട്ടിക്കൽസ് പ്രവർത്തനമാരംഭിക്കുക. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ് വൈറോളജിയുടെ നിലവിലുള്ള സൗകര്യത്തിൽ താൽക്കാലികമായി ആവശ്യമായ പരീക്ഷണശാലകൾ ഉടൻ സ്ഥാപിക്കും. പാർശ്വഫലങ്ങൾ കുറവാണെന്നതിനാലും പ്രകൃതിജന്യ വസ്തുക്കളിൽനിന്ന് വേർതിരിച്ചെടുക്കുന്നവയായതിനാലും പൊതുജനങ്ങൾക്കിടയിൽ ഏറെ സ്വീകാര്യതയുള്ള ന്യൂട്രാസ്യൂട്ടിക്കൽസ്, രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിലും ചില രോഗാവസ്ഥകളിലേക്കുള്ള സംവേദനക്ഷമത കുറയ്ക്കുന്നതിലും നിർണ്ണായക പങ്കു വഹിക്കുന്നുണ്ട്. പ്രമേഹം, അലർജി, അൽഷിമേഴ്‌സ്, ഹൃദയസംബന്ധമായ അസുഖങ്ങൾ, കാൻസർ, നേത്രരോഗങ്ങൾ, പാർക്കിൻസൺസ്, അമിതവണ്ണം തുടങ്ങിയവയുടെ ചികിത്സയ്ക്കും ന്യൂട്രാസ്യൂട്ടിക്കൽസ് ഉപയോഗപ്രദമാണ്.

ഇന്ത്യയുടെ ഹെർബൽ – ആയുർവേദ – സുഗന്ധവ്യഞ്ജന – സമുദ്രഭക്ഷ്യ തലസ്ഥാനമാണ് കേരളം. സസ്യങ്ങളുടെയും സമുദ്രജല വിഭവങ്ങളുടെയും വിപുലമായ ലഭ്യത പ്രയോജനപ്പെടുത്തുന്നതിന് സഹായകരമായ സ്ഥാപനങ്ങളൊന്നും കേരളത്തിൽ നിലവിലില്ല എന്നിടത്താണ് ‘സെന്റർ ഓഫ് എക്‌സലൻസ് ഇൻ ന്യൂട്രാസ്യൂട്ടിക്കൽസി’ന്റെ പ്രസക്തി. നിലവിലുള്ള ന്യൂട്രാസ്യൂട്ടിക്കലുകളുടെ സുരക്ഷ ഉറപ്പാക്കുകയും വാണിജ്യവൽക്കരിക്കുകയും ചെയ്യുന്നതിനോടൊപ്പം പുതിയവയെ കണ്ടെത്തുകയും അവയുടെ ഗുണങ്ങളുടെ അനന്തസാധ്യതകളെ പ്രയോജനപ്പെടുത്തി പുതിയ ഉൽപ്പന്നങ്ങൾ രൂപവൽക്കരിക്കുകയും ചെയ്യുന്ന വിപുലമായ ഗവേഷണ കേന്ദ്രമാണ് ന്യൂട്രാസ്യൂട്ടിക്കൽസിനായുള്ള മികവിന്റെ കേന്ദ്രത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.