പുറത്തുനിന്നുള്ള ഏജൻസികൾക്ക് വോട്ടിങ് യന്ത്രത്തിന്റെ നിയന്ത്രണം സാധ്യമല്ല; തിരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: പുറത്തുനിന്നുള്ള ഏജൻസികൾക്ക് വോട്ടിങ് യന്ത്രത്തിന്റെ നിയന്ത്രണം സാധ്യമല്ലെന്ന് വ്യക്തമാക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ. ഇന്ത്യ മുന്നണി ഉയർത്തിയ ഇവിഎം മെഷീനിൽ ക്രമക്കേട് നടത്താനാകുമെന്നതുമായി ബന്ധപ്പെട്ട ആശങ്കയുടെ പശ്ചാത്തലത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഇതുസംബന്ധിച്ച പ്രതികരണം നടത്തിയത്.

വോട്ടിങ് യന്ത്രത്തിന്റെ പ്രവർത്തനം ശക്തമാണെന്ന് കമ്മീഷൻ അറിയിച്ചു. നേരത്തെ ഇന്ത്യ മുന്നണി ഇലക്ട്രോണിക് വോട്ടിങ് മെഷീനിന്റെ ആധികാരികതയും പ്രവർത്തനവുമായി ബന്ധപ്പെട്ട നിരവധി സംശയങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷന് മുൻപാകെ സമർപ്പിച്ചിരുന്നു. വിവിപാറ്റ് സ്ലിപ് വോട്ടർക്ക് നൽകണം, 100 ശതമാനവും എണ്ണണം തുടങ്ങിയ നിർദേശങ്ങളും ഇന്ത്യ മുന്നണി മുന്നോട്ടുവെച്ചിരുന്നു. ഇതിന് മറുപടിയായാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഇതുസംബന്ധിച്ച വിശദീകരണം നടത്തിയത്.

ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡും ഇലക്ട്രോണിക്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡും വോട്ടിങ് മെഷീന്റെ നിർമ്മാണവും അതിലേക്കുള്ള പ്രോഗ്രാമുകളും ചെയ്യുന്നത്. മൈക്രോ കൺട്രോളർ നിർമ്മാണ മേഖലയിലേക്ക് നിർദേശിക്കപ്പെട്ട എഞ്ചിനിയർമാരും ഉദ്യോഗസ്ഥർക്കും കാർഡ് മുഖേന അല്ലെങ്കിൽ ബയോമെട്രിക് സ്‌കാൻ മുഖേന മാത്രമാണ് പ്രവേശനമുള്ളത്. പുറത്തുനിന്നുള്ള ഏജൻസികളോ ആഭ്യന്തര – വിദേശ കൈകടത്തലുകളോ മൈക്രോ കൺട്രോളർ പ്രോഗ്രാമിൽ ഇല്ലെന്നും കമ്മീഷൻ വിശദമാക്കി.

രണ്ട് തരത്തിലുള്ള മെമ്മറികളാണ് വിവിപാറ്റിനുള്ളത്. പ്രോഗ്രാം നിർദേശങ്ങൾ മൈക്രോകൺട്രോളറിലേക്ക് ഒരുതവണ മാത്രം നൽകാനുള്ളതും മറ്റൊന്ന്, ചിഹ്നങ്ങളടങ്ങിയ ഗ്രാഫിക് ഇമേജുകൾ സ്ഥാനാർത്ഥികളുടേയും അല്ലെങ്കിൽ അവരുടെ പ്രതിനിധികളുടേയോ സാന്നിധ്യത്തിൽ സൂക്ഷിക്കാനുള്ളതുമാണെന്നും കമ്മീഷൻ അറിയിച്ചു.