അയോധ്യ രാമക്ഷേത്ര ഉദ്ഘാടനം: നിലപാട് വ്യക്തമാക്കി ലീഗും സമസ്തയും

തിരുവനന്തപുരം: അയോധ്യയിലെ രാമക്ഷേത്രം ഉദ്ഘാടനത്തിൽ പങ്കെടുക്കുന്നതു സംബന്ധിച്ച് നിലപാട് വ്യക്തമാക്കി സമസ്തയും മുസ്ലിം ലീഗും. വ്യക്തികൾക്കാണ് ക്ഷണം ലഭിച്ചതെന്നും പാർട്ടി ഇതിൽ ഒരു അഭിപ്രായം ഔദ്യോഗികമായി പ്രഖ്യാപിക്കേണ്ടതില്ലെന്നുമുള്ള നിലപാടിലാണ് കോൺഗ്രസ്. മറ്റു പാർട്ടികളുടെ സ്വാതന്ത്ര്യത്തിൽ ഇടപെടേണ്ടെന്നാണ് വെള്ളിയാഴ്ച പാണക്കാട്ടുചേർന്ന മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയ ഉപദേശകസമിതി യോഗത്തിൽ തീരുമാനിച്ചത്.

അയോധ്യ പ്രതിഷ്ഠാചടങ്ങിൽ പങ്കെടുക്കണമോ വേണ്ടയോ എന്നതിൽ രാഷ്ട്രീയകക്ഷികൾക്ക് വ്യത്യസ്ത അഭിപ്രായമുണ്ടാവാമെന്നും അതിൽ സമസ്ത അഭിപ്രായം പറയേണ്ട കാര്യമില്ലെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ അറിയിച്ചിരുന്നു.

അതേസമയം, തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് രാമക്ഷേത്ര ഉദ്ഘാടനം ബി.ജെ.പി രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്ന് ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗ് ദേശീയ പൊളിറ്റിക്കൽ അഡ്വൈസറി കമ്മിറ്റി യോഗം വിലയിരുത്തി. ബി.ജെ.പിയുടെ മുതലെടുപ്പ് തന്ത്രം ജനം തിരിച്ചറിയണമെന്നും യോഗത്തിന് ശേഷം നേതാക്കൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ബി.ജെ.പി രാഷ്ട്രീയ നേട്ടത്തിനാണ് ഇത് ഉപയോഗിക്കുന്നതെന്ന് പൊളിറ്റിക്കൽ അഡ്വൈസറി കമ്മിറ്റി ചെയർമാൻ സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. എല്ലാ ആരാധനാലയങ്ങൾക്കും അതിന്റേതായ പ്രാധാന്യമുണ്ട്. ആ നിലയിൽ മുസ്ലിംലീഗ് വിശ്വാസികൾക്കൊപ്പമാണ്. എന്നാൽ ബി.ജെ.പി ഇതിനെ രാഷ്ട്രീയ അജണ്ടയാക്കുന്നതിനോട് യോജിക്കാനാവില്ലെന്നും തങ്ങൾ പറഞ്ഞു.

വരാൻ പോകുന്ന പാർലമെന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഉദ്ഘാടനമായി ബി.ജെ.പി ക്ഷേത്ര ഉദ്ഘാടനം മാറ്റുകയാണെന്ന് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഹൈന്ദവ സമുദായത്തിന്റെ വിശ്വാസത്തെയും ആരാധനാ സ്വാതന്ത്ര്യത്തെയും മുസ്ലിംലീഗ് അങ്ങേയറ്റം ബഹുമാനിക്കുന്നു. എന്നാൽ ഉദ്ഘാടന ചടങ്ങ് ബിജെപി കേവലം രാഷ്ട്രീയമാക്കി മാറ്റുകയാണ്. ബി.ജെ.പിയുടെ രാഷ്ട്രീയ മുതലെടുപ്പ് എല്ലാവരും തിരിച്ചറിയണമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.