ഗവർണറുടെ കോലം കത്തിച്ച് എസ്എഫ്‌ഐ

കണ്ണൂർ: ഗവർണറുടെ കോലം കത്തിച്ച് എസ്എഫ്‌ഐ പയ്യാമ്പലം ബീച്ചിലാണ് ഗവർണറുടെ മുപ്പതടി ഉയരത്തിലുള്ള കോലം കത്തിച്ചത്. ഗവർണർ ആരിഫ് ഖാനെതിരെയുള്ള സമരത്തിന്റെ തുടർച്ചയായാണ് പാപ്പാഞ്ഞി മാതൃകയിലുള്ള കോലം കത്തിച്ചത്. ബീച്ചിൽ പുതുവർഷാഘോഷങ്ങൾ നടക്കുന്നതിനിടയിലാണ് എസ്എഫ്‌ഐ ഗവർണറുടെ കോലം കത്തിച്ച് പ്രതിഷേധം നടത്തിയത്.

സർവകലാശാലകളെ കാവിവത്കരിക്കാൻ ശ്രമിക്കുവെന്ന് ആരോപിച്ച് ഗവർണർക്കെതിരെ വലിയ പ്രതിഷേധം എസ്എഫ്‌ഐ ഉയർത്തിയിരുന്നു. കോളേജുകളിൽ ഗവർണർക്കെതിരെ എസ്എഫ്‌ഐ ബാനറുകളുയർത്തുകയും ചെയ്തു. ഗവർണർക്കെതിരെ കരിങ്കൊടി പ്രതിഷേധവും നടക്കുന്നുണ്ട്.

ഗവർണറുടെ പതിവ് വഴിയായ പാളയം-ജനറൽ ആശുപത്രി റോഡിലാണ് പ്രതിഷേധം നടത്തിയത്. എന്നാൽ, ഗവർണർ റൂട്ട് മാറ്റിയതോടെ പ്രതിഷേധക്കാർക്ക് അദ്ദേഹത്തെ കാണാൻ കഴിഞ്ഞില്ല. ജനറൽ ആശുപത്രി ജംഗ്ഷനിൽ ‘ഫിയർലെസ് 53’ എന്ന ബാനറുമായാണ് പ്രവർത്തകർ പ്രതിഷേധിച്ചത്. പാളയത്തും ചാക്കയിലും പ്രതിഷേധക്കാർ കാത്തുനിന്നു. പതിവ് റൂട്ടിൽ ഒന്നിലധികം ഇടങ്ങളിൽ പ്രതിഷേധമുണ്ടാകുമെന്ന രഹസ്യ വിവരത്തെത്തുടർന്ന് രാജ്ഭവനിൽ നിന്ന് പാളയം വഴി വരാതെ കുറവൻകോണം കുമാരപുരം വഴിയാണ് ഗവർണർ വിമാനത്താവളത്തിലേക്ക് പോയത്.