General (Page 154)

തിരുവനന്തപുരം: കലോത്സവ വേദികളിൽ പരസ്പര മത്സരങ്ങളെക്കാൾ കൂടുതലായി കാണുന്നത് സൗഹൃദങ്ങളാണെന്ന് നടൻ മമ്മൂട്ടി. കലോത്സവങ്ങളിൽ നേടുന്ന മത്സര വിജയം ഒന്നിനും അവസാന വാക്കല്ല. തേച്ചാൽ മിനുങ്ങുന്നത് തന്നെ ആണ് പ്രതിഭ. കലോത്സവ വേദികളിലെ പ്രകടനം കേവലം ഒറ്റപ്പെട്ട പ്രകടനം മാത്രമാണ്. അതല്ല പ്രതിഭയുടെ അളവുകോൽ. എന്നാൽ കലോത്സവ വേദികളിൽ കാണുന്ന സൗഹൃദം പകരം വയ്ക്കാൻ ആകാത്തതാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന കലോത്സവത്തിന്റെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മത്സരിക്കുന്ന സുഹൃത്തിന്റെ വിജയത്തിൽ പോലും ആഹ്ലാദം കണ്ടെത്തുന്നതാണ് കാണാൻ കഴിയുന്നത്. വിജയകിരീടത്തെക്കാൾ വലിയ സുവർണ നേട്ടങ്ങൾ ആയിരിക്കും അത്തരം സൗഹൃദങ്ങൾ. സ്‌കൂൾ യുവജനോത്സവത്തിന്റെ സമാപന സമ്മേളനത്തിന് ക്ഷണിച്ചപ്പോൾ തന്നെപ്പോലൊരാൾക്ക് ഈ യുവജനങ്ങളുടെ ഇടയിൽ എന്തുകാര്യം എന്നു ചിന്തിച്ചു. അപ്പോൾ മന്ത്രി പറഞ്ഞത് നിങ്ങളാണ് ഈ പരിപാടിക്ക് യോഗ്യനായ ആളെന്ന്. താനിപ്പോഴും യുവാവാണെന്നുള്ളതാണ് അദ്ദേഹം കണ്ടുപിടിച്ചത്. അതു കാഴ്ചയിലേ ഉള്ളൂ, വയസ്സ് പത്തുതൊണ്ണൂറായെന്ന് മമ്മൂട്ടി പറഞ്ഞു.

വരാമെന്നു തീരുമാനിച്ചപ്പോഴാണ് ഒരു വീഡിയോ ക്ലിപ് കണ്ടത്. മമ്മൂട്ടി എന്തുടുപ്പിട്ടിട്ടാവും വരികയെന്നുപറഞ്ഞ്. താൻ പുതിയൊരു ഉടുപ്പും കൂളിങ് ഗ്ലാസുമൊക്കെയിട്ട് തയ്യാറാക്കി വച്ചതായിരുന്നു. അപ്പോഴാണ് ആ വീഡിയോയിൽ ഒരു മുണ്ടും വെള്ള ഷർട്ടുമിട്ടാവും വരികയെന്നു പറയുന്നത് കേട്ടത്. അങ്ങനെ ആ പ്രതീക്ഷക്കൊത്ത് അണിഞ്ഞൊരുങ്ങി വന്നു. ഈ ജനക്കൂട്ടം കാണുമ്പോൾ തനിക്ക് പരിഭ്രമമുണ്ട്. വാക്കുകൾ കൊണ്ട് നിങ്ങളെ സന്തോഷിപ്പിക്കണം എന്നതൊന്ന്. മറ്റൊന്ന് മഴ വരാനുള്ള സാധ്യത കാണുന്നുണ്ട്. പെട്ടെന്നു മഴ പെയ്താൽ ആളുകൾ അങ്ങോട്ടുമിങ്ങോട്ടും ഓടുമ്പോൾ എന്തെങ്കിലും സംഭവിക്കുമോയെന്ന ആശങ്കയും. അതുകൊണ്ട് ഒരുപാടു നേരം സംസാരിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കൊല്ലത്ത് ഇത്ര വലിയ പരിപടി സംഘടിപ്പിക്കാൻ സാധിച്ച സംഘാടകരോടും മത്സരങ്ങൾ കാണാൻ പ്രോത്സാഹിപ്പിച്ച ഇവിടുത്തെ ജനങ്ങളോടും നന്ദി പറയുന്നുവെന്നും മമ്മൂട്ടി കൂട്ടിച്ചേർത്തു.

ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ ഇടുക്കി സന്ദർശനത്തിൽ സിപിഎം പ്രതിഷേധം. മാർച്ച്, തൊടുപുഴയിലെ രണ്ട് സിപിഎം ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ നടത്തി. സിപിഎം പ്രവര്‍ത്തകരുടെ പ്രകടനം ‘തെമ്മാടി, താന്തോന്നി, എച്ചിൽ പട്ടി’ അടക്കമുള്ള അസഭ്യ മുദ്രാവാക്യങ്ങൾ ഉയർത്തിയായിരുന്നു. അതേസമയം, തനിക്ക് ഒരു ഭീഷണിയും ഇല്ലെന്ന് ഗവർണർ പ്രതികരിച്ചു.

കഴിഞ്ഞ സെപ്റ്റംബറിൽ നിയമസഭ ഏകകണ്ഠമായി പാസാക്കിയ ഭൂമി പതിവ് നിയമഭേദഗതി ബില്ലിൽ ഒപ്പിടാത്തതാണ് ഇപ്പോൾ ഗവർണർ ക്കെതിരായ ഇടത് പ്രതിഷേധത്തിൻ്റെ കാരണം. പ്രതിപക്ഷം ബില്ലിനോട് യോജിച്ചത് പട്ടയഭൂമിയിലെ ക്രമപ്പെടുത്തലുകളെന്ന കർഷകരുടെ എല്ലാകാലത്തെയും ആവശ്യം മുൻനിർത്തിയായിരുന്നു.

അതേസമയം ഗവർണറുടെ വിശദീകരണം, ബില്ലിൻ്റെ മറവിൽ കയ്യേറ്റക്കാർക്ക് നിയമസാധുത നൽകുമെന്നതടക്കമുള്ള പരാതികൾ വന്നതാണ് തീരുമാനമെടുക്കാൻ വൈകുന്നതെന്നാണ്.

എൽഡിഎഫ് ഇന്ന് ഗവര്‍ണറുടെ സന്ദര്‍ശത്തിന് മുന്നോടിയായി ജില്ലാ ഹർത്താൽ പ്രഖ്യാപിച്ചെങ്കിലും ഇടുക്കിയിലെ പരിപാടിയിൽ പങ്കെടുക്കുമെന്ന് ഗവർണർ ഉറച്ച നിലപാട് എടുക്കുകയായിരുന്നു.ഭൂമി പതിവ് നിയമഭേദഗതി ബില്ലിൽ ഒപ്പിടാത്തതിനെതിരെയാണ് ഹർത്താൽ എങ്കിൽ ഒപ്പിടാത്തതിന് കാരണം സർക്കാറാണെന്ന് ആരിഫ് മുഹമ്മദ് ഖാൻ കുറ്റപ്പെടുത്തുന്നു. ഗവർണർ ഇന്നലെ ബില്ലിനെതിരെ കിട്ടിയ പരാതികളിൽ സർക്കാറിനോട് മറുപടി ആവശ്യപ്പെട്ടിട്ടും നൽകിയില്ലെന്നും പറഞ്ഞു.

വത്തിക്കാൻ സിറ്റി: വാടക ഗർഭധാരണത്തിനെതിരെ ഫ്രാൻസിസ് മാർപ്പാപ്പ. വാടക ഗർഭധാരണം നിരോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അമ്മയുടെയും കുഞ്ഞിന്റെയും അന്തസിനെ ബാധിക്കുന്നതാണ് വാടക ഗർഭധാരണമെന്നും അദ്ദേഹം വ്യക്തമാക്കി.

വാടക ഗർഭധാരണം അപലപനീയമാണ്. അതിനാൽ ഈ സമ്പ്രദായം ആഗോളതലത്തിൽ നിരോധിക്കാനുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രമത്തിൽ താൻ പ്രത്യാശ പ്രകടിപ്പിക്കുന്നുവെന്നും മാർപാപ്പ അറിയിച്ചു. വത്തിക്കാൻ അക്രഡിറ്റഡ് നയതന്ത്രജ്ഞരെ അഭിസംബോധന ചെയ്യവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. എന്നാൽ, എൽജിബിടിക്യു വിഭാഗത്തെ ബാധിക്കുന്ന പ്രസ്താവനയാണ് പോപ്പ് നടത്തിയതെന്ന വിമർശനവും ശക്തമാണ്.

അതേസമയം, ഇറ്റലിയിൽ നിലവിൽ വാടക ഗർഭധാരണം നിയമവിരുദ്ധമാണ്. വിദേശത്ത് പോയി വാടക ഗർഭപാത്രം സ്വീകരിക്കുന്നവരെ ശിക്ഷിക്കാൻ, നിലവിലെ നിരോധനം നീട്ടുന്നതിനുള്ള ബിൽ സർക്കാർ അവതരിപ്പിപ്പിച്ചിട്ടുണ്ട്.

ചലച്ചിത്ര നിര്‍മാതാവ് ജി സുരേഷ് കുമാര്‍ ബിജെപി സംസ്ഥാന സമിതിയില്‍. സംസ്ഥാന സമിതിയിലേക്ക് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണ് സുരേഷ് കുമാറിനെ നാമനിര്‍ദേശം ചെയ്തത്. നേരത്തെ ബിജെപി സംസ്ഥാന ഉപാധ്യക്ഷന്മാരായി സിനിമാ സംവിധായകനും നടനുമായ മേജര്‍ രവിയെയും നടന്‍ ദേവനെയും തെരഞ്ഞെടുത്തിരുന്നു. ദേവന്‍, കേരള പീപ്പിള്‍സ് പാര്‍ട്ടി എന്ന സ്വന്തം പാര്‍ട്ടിയെ ലയിപ്പിച്ചാണ് ബിജെപിയിലേക്ക് എത്തിയത്.

ന്യൂഡൽഹി: ലൈഫ് മിഷൻ കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ ഇടക്കാല ജാമ്യം നീട്ടി സുപ്രീംകോടതി. ഒരാഴ്ചത്തേക്കാണ് കോടതി സുപ്രീം കോടതി എം ശിവശങ്കറിന്റെ ഇടക്കാല ജാമ്യം നീട്ടിയത്.

പുതുച്ചേരി ജിപ്‌മെർ ആശുപത്രിയിൽ വൈദ്യ പരിശോധന നടത്താൻ ശിവശങ്കറിന് നേരത്തെ കോടതി നിർദ്ദേശം നൽകിയിരുന്നു. കഴിഞ്ഞ ദിവസം മാത്രമാണ് ശിവശങ്കർ ആശുപത്രിയിൽ പ്രവേശിച്ചതെന്ന് അഭിഭാഷകൻ വ്യക്തമാക്കി. തുടർന്നാണ് ഇടക്കാല ജാമ്യത്തിന്റെ കാലാവധി നീട്ടാൻ കോടതി അറിയിച്ചത്. ജഡ്ജിമാരായ എം എ സുന്ദരേഷ്, എസ് വി എൻ ഭാട്ടി എന്നിവർ ഉൾപ്പെട്ട ബെഞ്ചാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്.

സ്ഥിരം ജാമ്യത്തിനായി ശിവശങ്കർ നൽകിയ അപേക്ഷയിൽ അടുത്തയാഴ്ച അന്തിമ വാദം ആരംഭിക്കും. അതുവരെയാണ് ഇടക്കാല ജാമ്യം നീട്ടിയത്.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തതിനെതിരെ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. പൊലീസ് രാജിന്റെ ഒടുവിലത്തെ ഉദാഹരണമാണ് വീട് വളഞ്ഞ് രാഹുലിനെ അറസ്റ്റ് ചെയ്തത് എന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. പൊലീസ് നടപടി ഭീകരവാദിയെ അറസ്റ്റ് ചെയ്യുന്നത് പോലെയാണ് എന്നും അദ്ദേഹം വിമര്‍ശിച്ചു. പൊലീസിന്റേത് ഫാസിസ്റ്റ് നടപടിയാണെന്നും മര്യാദകളുടെ സീമകള്‍ ലംഘിച്ചെന്നും കെ സി വേണുഗോപാല്‍ വിമര്‍ശിച്ചു. മുഖ്യമന്ത്രിയുടെ ഈ പോക്ക് അപകടകരമാണെന്ന് അദ്ദേഹം കെ സി വേണുഗോപാല്‍ മുന്നറിയിപ്പ് നല്‍കി.

സര്‍ സിപിയെപ്പോലും ലജ്ജിപ്പിക്കുന്ന കിരാത നടപടിയാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിന്റെ നാടകീയമായ അറസ്റ്റെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. സമനില തെറ്റിയതുപോലെയാണ് സ്തുതിപാടകരാല്‍ ചുറ്റപ്പെട്ട മുഖ്യമന്ത്രി പ്രവര്‍ത്തിക്കുന്നത്. പിണറായി വിജയന്‍ രാഹുലിനെ കരിച്ചു കളയാമെന്ന് കരുതുന്നുണ്ടെങ്കില്‍ ആ പരിപ്പ് ഇവിടെ വേകില്ല. ഇതിന് കനത്ത തിരിച്ചടി ഉണ്ടാകുമെന്നു സുധാകരന്‍ മുന്നറിയിപ്പ് നൽകി.

അപ്രതീക്ഷിതമായി, പൊലീസ് മര്‍ദനമേറ്റ രാഹുലിനെ ആശുപത്രിയില്‍ നിന്നു ചികിത്സ കഴിഞ്ഞ വന്നയുടനേയാണ് അറസ്റ്റ് ചെയ്തത്. ഇങ്ങനെ ഭീകരരോടുപോലും ചെയ്യില്ല. ക്രിമിനല്‍ കേസിലെ പ്രതികളെ പിടികൂടുന്നതുപോലെ വീടുകയറി വളഞ്ഞിട്ട് പിടികൂടേണ്ട ഒരു സാഹചര്യവുമില്ല. ജനങ്ങളുടെ ഇടയില്‍ ജീവിക്കുന്ന പൊതുപ്രവര്‍ത്തകനാണ് സംസ്ഥാനത്തെ ഏറ്റവും വലിയ യുവജനപ്രസ്ഥാനമായ യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന അധ്യക്ഷനായ രാഹുല്‍. പോലീസ് സ്റ്റേഷനില്‍ നേരിട്ട് നോട്ടീസ് അയച്ചുവിളിച്ചാല്‍ ഹാജരാകുന്നയാളാണ് അദ്ദേഹം.

രാഹുലിനെ അറസ്റ്റ് ചെയ്തത് സിപിഎമ്മും പൊലീസും ചേര്‍ന്നുള്ള വ്യക്തമായ ഗൂഢാലോചനയുടെ അടിസ്ഥാനത്തിലാണ്. നവകേരള സദസിനെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ചെടിച്ചട്ടിയും ഇരുമ്പുവടിയും കൊണ്ട് അക്രമിച്ച ഡിവൈഎഫ്ഐ -സിപിഎം ക്രിമിനലുകളും കുറുവടി ഉപയോഗിച്ച് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരും കെപിസിസി ഭാരവാഹിയുടെ വീടാക്രമിച്ച ക്രിമിനലുകളും സൈ്വര്യവിഹാരം നടത്തുമ്പോഴാണ് രാഹുല്‍ മാങ്കൂട്ടത്തെ അറസ്റ്റ് ചെയ്തത്. വിമര്‍ശിക്കുന്നവരെ നിശബ്ദമാക്കാമെന്നാണ് ഈ ഫാസിസ്റ്റ് ഭരണാധികാരി കരുതുന്നതെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി.

ന്യൂഡൽഹി: 2026-27 മുതൽ രാജ്യത്തെ സ്‌കൂൾ വിദ്യാർഥികൾക്കെല്ലാം പൊതു തിരിച്ചറിയൽ നമ്പർ ക്രമീകരിക്കാനുള്ള നാഷണൽ എജ്യുക്കേഷൻ രജിസ്ട്രി സംവിധാനം നിർബന്ധമാക്കാൻ തീരുമാനിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. എല്ലാ സ്‌കൂൾ വിദ്യാർഥികളുടെയും വിവരങ്ങൾ ഓട്ടമേറ്റഡ് പെർമനന്റ് അക്കാദമിക് അക്കൗണ്ട് റജിസ്ട്രിയുടെ (എപിഎഎആർ) ഭാഗമാക്കാനുള്ള നടപടികൾ വേഗത്തിലാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. സംസ്ഥാന ചീഫ് സെക്രട്ടറിമാരുടെ യോഗത്തിലാണ് കേന്ദ്ര സർക്കാർ ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്.

അടുത്ത 3 വർഷത്തിനുള്ളിൽ എല്ലാ സർക്കാർ, എയ്ഡഡ് സ്‌കൂളുകളുടെയും പ്രവേശന നടപടികൾ ഓൺലൈൻ സംവിധാനത്തിലേക്കു മാറണമെന്നാണ് മറ്റൊരു പ്രധാന നിർദ്ദേശം. പ്രീ പ്രൈമറി തലം മുതൽ ഉന്നത വിദ്യാഭ്യാസ തലം വരെ ഉപയോഗിക്കാവുന്ന തരത്തിലാകും ആധാർ അധിഷ്ഠിതമായിട്ടുള്ള തിരിച്ചറിയൽ കാർഡ് സജ്ജീകരിക്കുക. വിദ്യാർഥികളിൽ നിന്നു ശേഖരിക്കുന്ന വിവരങ്ങളും റജിസ്ട്രിയിൽ ഉൾപ്പെടുത്തുന്ന വിശദാംശങ്ങളുമെല്ലാം സുരക്ഷിതമായിരിക്കും. സർക്കാർ ഏജൻസികൾ മാത്രമാകും വിവരങ്ങൾ ഉപയോഗിക്കുകയെന്നും കേന്ദ്ര സർക്കാർ അറിയിച്ചു.

രജിസ്ട്രിയിൽ ഓരോ ക്ലാസിലെയും പഠനവിവരങ്ങളും നേട്ടങ്ങളും പരീക്ഷാഫലവുമെല്ലാമുണ്ടാകും. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശന നടപടികൾ കൂടുതൽ സുതാര്യമാകും. ഒരു സ്‌കൂളിൽ നിന്നു മറ്റൊരു സ്‌കൂളിലേക്കുള്ള ട്രാൻസ്ഫർ എളുപ്പമാകും. വിദ്യാർഥികളുടെ കൊഴിഞ്ഞു പോകൽ, തൊഴിൽ ലഭ്യത എന്നിവയെല്ലാം വിലയിരുത്താനും കഴിയുമെന്നാണ് കരുതുന്നത്.

രാഹുൽ മാങ്കൂട്ടത്തിന്റെ അറസ്റ്റ് അപലപനീയമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. ഭരിക്കുന്നവർ പൊലീസിനെ കയറൂരി വിട്ടതാണോ എന്ന് വ്യക്തമാക്കണം. അറസ്റ്റ്, ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ചെയ്യേണ്ട സാഹചര്യമുണ്ടായിരുന്നില്ലെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. പ്രതിപക്ഷത്തിനും ഭരണപക്ഷത്തിനും കേരളത്തിൽ രണ്ട് നീതി. കേരളത്തിൽ ഇത് ചെയ്യുന്നത് ഇന്ത്യ മുന്നണിയിൽ ഇരിക്കുന്നവർ ആണ്. കേസ് എടുക്കാറുണ്ടെങ്കിലും ഇത് എന്തിനാണ് എന്ന് മനസ്സിലാകുന്നില്ല. പ്രതിഷേധാർഹമാണ് അറെസ്റ്റെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

നാട്ടിൽ സാധരണ ജനകീയ സമരങ്ങൾ ഉള്ളതാണ്. കുറച്ചുകൂടി ജനാധിപത്യപരമായി നീങ്ങുന്നതാണ് നല്ലതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിപക്ഷത്തിന് പ്രതികരിക്കാൻ ഉള്ള അവകാശം ഉണ്ട്. പൊലീസിനെ ഉപയോഗിച്ച് അടിച്ചമർത്തുന്നത് ശരിയല്ല. കേന്ദ്രത്തെ വിമർശിക്കാൻ അടിച്ചമർത്താൻ തുടങ്ങിയാൽ സിപിഐഎമ്മിന് പറ്റാതെയാകുമെന്നും കുഞ്ഞാലിക്കുട്ടി. നാളെ യുഡിഎഫ് ചർച്ച വിഷയം ചെയ്യും. പ്രതിപക്ഷം ജനകീയ സമരങ്ങളിലൂടെ തന്നെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തത നടപടിയിൽ പ്രതികരിച്ച് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. ആളെനോക്കിയല്ല, നിയമപരമായ നടപടിയാണ് പൊലീസ് സ്വീകരിക്കുന്നത്. യൂത്ത് കോൺഗ്രസ് പ്രസിഡന്റിന് പ്രത്യേക സംരക്ഷണം അക്രമം നടത്തിയാൽ ഉണ്ടോ.? പൊലീസിനെ വടിയും കല്ലുമെടുത്ത് ആക്രമിക്കുന്ന നിലയാണ് ഉണ്ടായതെന്നും ഇ പി ജയരാജൻ പ്രതികരിച്ചു. രാഹുൽ മാങ്കൂട്ടത്തിലിനെ സെക്രട്ടറിയേറ്റ് മാർച്ച് കേസിലാണ് അറസ്റ്റ് ചെയ്തത്. രാഹുലിനെ ഇന്ന് പുലര്‍ച്ചെ പത്തനംതിട്ട അടൂരില്‍ വച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കന്‍റോണ്‍മെന്‍റ് പൊലീസാണ് അറസ്റ്റ് ചെയ്തത്. സെക്രട്ടേറിയറ്റ് മാര്‍ച്ചുമായി ബന്ധപ്പെട്ട അക്രമ കേസിലാണ് അറസ്റ്റെന്ന് പൊലീസ് പറഞ്ഞു.