General (Page 1,276)

തിരുവനന്തപുരം: വാളയാർ കേസിൽ കുറ്റപത്രം സമർപ്പിച്ച് സിബിഐ. വാളയാർ സഹോദരിമാരുടേത് ആത്മഹത്യയാണെന്നും നിരന്തര ശാരീരിക പീഡനത്തെ തുടർന്നാണ് പെൺകുട്ടി ആത്മഹത്യ ചെയ്തതെന്നുമാണ് കുറ്റപത്രത്തിൽ വ്യക്തമാക്കുന്നത്. തിരുവനന്തപുരം സിബിഐ യൂണിറ്റ് ഡിവൈഎസ്പി അനന്തകൃഷ്ണനാണ് പാലക്കാട് പോക്സോ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പൊലീസ് പിടികൂടിയ പ്രതികൾ തന്നെയാണ് യഥാർത്ഥ കുറ്റവാളികൾ തന്നെയെന്നുമാണ് സിബിഐ കണ്ടെത്തി.

വി. മധു, ഷിബു, എം. മധു എന്നിവരാണ് വാളയാറിൽ മരിച്ച ഒന്നാമത്തെ പെൺകുട്ടിയുടെ മരണത്തിൽ പ്രതികൾ. രണ്ടാമത്തെ പെൺകുട്ടിയുടെ മരണത്തിൽ വി. മധുവും പ്രായപൂർത്തിയാകാത്ത ആൺകുട്ടിയുമാണ് പ്രതികളെന്നും സിബിഐ വ്യക്തമാക്കുന്നു. ബലാത്സംഗം, ആത്മഹത്യാ പ്രേരണ, പോക്സോ വകുപ്പുകൾ പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തത്. അതേസമയം സിബിഐ റിപ്പോർട്ട് ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയുന്നതല്ലെന്ന് വാളയാർ സമര സമിതി നേതാവ് സി.ആർ നീലകണ്ഠൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. ഒന്നുകിൽ സിബിഐ ഗൗരവമല്ലാത്ത അന്വേഷണമാണ് നടത്തിയത്. അല്ലെങ്കിൽ ആദ്യമേ സംശയിക്കുന്നത് പോലെ കേസിൽ അട്ടിമറി നടന്നിട്ടുണ്ടാകുമെന്നും കുറ്റപത്രം പഠിച്ച ശേഷം ഹൈക്കോടതിയിലേക്ക് പോകുമെന്നും അദ്ദേഹം പറഞ്ഞു.

കേസിൽ സിബിഐ അന്വേഷണം ശരിയായി നടന്നിരുന്നെങ്കിൽ കൊലപാതകമാണെന്ന് തെളിയുമായിരുന്നെന്നും വാളയാർ കുട്ടികളുടെ അമ്മ പറഞ്ഞു. കേസന്വേഷണത്തിൽ പൊലീസ് ചെയ്ത തെറ്റ് തന്നെയാണ് സിബിഐയും ആവർത്തിച്ചതെന്നും അവർ കുറ്റപ്പെടുത്തി.

തിരുവനന്തപുരം: കേരള പോലിസ് ബിജെപി-ആർഎസ്എസ് പ്രവർത്തകരെ വേട്ടയാടുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംഘം സംസ്ഥാന പോലീസ് മേധാവി അനിൽകാന്തിനെ കണ്ടു. പ്രതിരോധ കസ്റ്റഡിയുടെ പേരിൽ പോലിസ് സംഘപരിവാർ നേതാക്കളെ തിരഞ്ഞുപിടിച്ച് വേട്ടയാടുകയാണെന്നാണ് ബിജെപിയുടെ ആരോപണം. മറ്റു ജില്ലകളിലെ ഉൾപ്പെടെയുള്ള പ്രവർത്തകരെ ബലം പ്രയോഗിച്ച് തടങ്കലിൽ വെക്കുന്നത് ജനാധിപത്യ വിരുദ്ധമാണ്. വനിതാ ജനപ്രതിനിധിമാരെ ഉൾപ്പെടെ മണിക്കൂറുകളോളം പോലിസ് സ്റ്റേഷനിൽ വിളിച്ചു വരുത്തി അപമാനിക്കുകയാണ്. പോലിസിനെ ഉപയോഗിച്ച് ബിജെപിയെ തകർക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും ബിജെപി പറയുന്നു.

രാജ്യം ഭരിക്കുന്ന പാർട്ടിയുടെ നേതാക്കളെ ഭീഷണിപ്പെടുത്തി വീട്ടിലിരുത്താമെന്നത് വ്യാമോഹമാണെന്ന് ദേശീയ നിർവാഹക സമിതി അംഗം കുമ്മനം രാജശേഖരൻ ഡിജിപിയോട് പറഞ്ഞു. രണ്ട് മാസം കൊണ്ട് മൂന്ന് ആർഎസ്എസ് പ്രവർത്തകരെ വധിച്ച എസ്ഡിപിഐക്കും പിഎഫ്‌ഐയ്ക്കും എതിരെ ഒരു നടപടിയും ആരംഭിച്ചിട്ടില്ല. അവരുടെ കൊലയാളി സംഘത്തെ സംസ്ഥാനം വിടാൻ സഹായിച്ചത് പോലിസാണ്. സംസ്ഥാനത്ത് ഇപ്പോൾ ഭരണകക്ഷിയായ സിപിഎമ്മും ഇസ്ലാമിക ഭീകര സംഘടനകളും കൈകോർത്തിരിക്കുകയാണെന്നത് പരസ്യമായ രഹസ്യമാണ്. കേരളത്തിലെ ദേശീയ ശക്തികളെ ഉന്മൂലനം ചെയ്യുക എന്നതാണ് അവരുടെ പൊതു ലക്ഷ്യമെന്നും ബിജെപി സംഘം ഡിജിപിയോട് വിശദീകരിച്ചു.

ആലപ്പുഴയിൽ ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ.രൺജിത്ത് ശ്രീനിവാസനെ പോപ്പുലർ ഫ്രണ്ട് ഭീകരർ കൊലപ്പെടുത്തിയ കേസിൽ പൊലീസ് അന്വേഷണം ഏകപക്ഷീയമായ രീതിയിലാണ് നടക്കുന്നത്. പോലീസിന്റെ വിവേചനം അവസാനിപ്പിച്ചില്ലെങ്കിൽ ബിജെപി ജനങ്ങളെ സംഘടിപ്പിച്ച് ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സെക്രട്ടറി എസ്.സുരേഷ്, ജില്ലാ പ്രസിഡന്റ് വിവി രാജേഷ് എന്നിവർ ഒപ്പമുണ്ടായിരുന്നു.

ന്യൂഡൽഹി: മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയിൽ രാജ്യത്തിന്റെ വളർച്ച കുതിക്കുന്നു. അടുത്ത വർഷം രാജ്യത്തെ ഇലക്ട്രോണിക്സ് മേഖലയിലെ നിർമാണ പ്രവർത്തനങ്ങൾ 30 ശതമാനം വളർന്ന് 7 ലക്ഷം കോടി രൂപയാകുമെന്നാണ് റിപ്പോർട്ട്. തദ്ദേശീയവത്കരണം വൻ വിജയമാണെന്നാണ് ഇതിൽ നിന്നും ലഭിക്കുന്ന വിവരം. ഇലക്ട്രോണിക് ഉപകരണ നിർമാണ മേഖലയിൽ കൂടുതൽ കരുത്താർജിക്കുക എന്നതാണ് ഇന്ത്യ ലക്ഷ്യം വെ്ക്കുന്നത്. വെയറബിൾസ്, ഐടി ഹാർഡ്‌വെയർ എന്നിവയ്ക്ക് പ്രാധാന്യം നൽകാനും ഇന്ത്യ ലക്ഷ്യമിടുന്നു.

18 ശതമാനമാണ് നിലവിൽ പ്രാദേശിക നിർമാണ യൂണിറ്റുകളിൽ നിന്നുള്ള വരുമാന വർധനവ്. ഇത് അടുത്ത വർഷം 25 ശതമാനമായി ഉയരുമെന്നാണ് കണക്കാക്കപ്പെടുന്നത്. രാജ്യത്തെ മൊത്തം ഇലക്ട്രോണിക്സ് നിർമാണം അടുത്ത വർഷം 30 ശതമാനം വളർന്ന് 6.9 കോടി രൂപയാകുമെന്നും വിലയിരുത്തപ്പെടുന്നുണ്ട്. ഇലക്ട്രോണിക് മേഖലയ്ക്കു വേണ്ട ഘടകഭാഗങ്ങളിൽ ചിപ്പ് നിർമാണത്തിന് കൂടുതൽ ഊന്നൽ നൽകാനാണ് രാജ്യത്തിന്റെ തീരുമാനമെന്നാണ് സൂചനകൾ.

2020-21 ൽ 2.2 ലക്ഷം കോടി രൂപയ്ക്കായിരുന്നു രാജ്യത്തെ മൊബൈൽ ഫോൺ നിർമാണമെന്നാണ് ഇന്ത്യാ സെല്ലുലാർ ആൻഡ് ഇലക്ട്രോണിക്സ് അസോസിയേഷൻ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നത്. ഇന്ത്യൻ കമ്പനികൾ ആഗോള തലത്തിൽ ചാമ്പ്യൻമാരാകുന്നതു കാണാനുള്ള കാത്തിരിപ്പിലാണ് അധികൃതർ.

തിരുവനന്തപുരം: പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഡി.ജെ. പാർട്ടികൾക്ക് കർശന നിയന്ത്രണമേർപ്പെടുത്തി പോലീസ്. ഡിജിപി അനിൽകാന്താണ് ഇതുസംബന്ധിച്ച നിർദ്ദേശം പുറപ്പെടുവിച്ചത്. വൻതോതിലുള്ള ലഹരി ഉപയോഗത്തിന് സാധ്യതയുണ്ടെന്ന ഇന്റലിജൻസ് മുന്നറിയിപ്പിനെ തുടർന്നാണ് ഡി.ജെ. പാർട്ടികൾക്ക് നിയന്ത്രണമേർപ്പെടുത്താൻ തീരുമാനിച്ചത്.

രാത്രി പത്ത് മണിക്ക് ശേഷം ഡി.ജെ. പാർട്ടികൾ പാടില്ലെന്നാണ് പോലീസിന്റെ നിർദ്ദേശം. പാർട്ടികൾ നടക്കുന്ന ഹോട്ടലുകൾ സ്പെഷ്യൽ ബ്രാഞ്ച് നിരീക്ഷിക്കും. ഡി.ജെ. പാർട്ടികൾ സംഘടിപ്പിക്കുന്ന ഹോട്ടലുകളിൽ സിസിടിവി ക്യാമറകൾ കൃത്യമായി പ്രവർത്തിപ്പിക്കണമെന്നും ഈ ക്യാമറകളിലെ ദൃശ്യങ്ങൾ സൂക്ഷിച്ചുവെയ്ക്കണമെന്നും പോലീസ് നിർദ്ദേശിച്ചു. ഇതുസംബന്ധിച്ച നിർദ്ദേശങ്ങൾ ഡി ജെ പാർട്ടികൾ സംഘടിപ്പിക്കുന്ന ഹോട്ടലുകാർക്കും നൽകും.

സംസ്ഥാനത്ത് ലഹരിമരുന്ന് ഉപയോഗം വ്യാപകമായതിന്റെ സാഹചര്യത്തിലാണ് ഡി.ജെ. പാർട്ടികൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ പോലീസ് തീരുമാനിച്ചത്. പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി പലയിടങ്ങളിലും ഡി.ജെ. പാർട്ടികൾ സംഘടിപ്പിക്കാറുണ്ട്. എന്നാൽ ഈ പാർട്ടികളിലൊന്നും ലഹരിമരുന്ന് ഉപയോഗം ഉണ്ടാകാതിരിക്കാനാണ് പോലീസ് ശ്രമിക്കുന്നത്.

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് കെ മുരളീധരൻ. ഗുണ്ടകളുടെ കയ്യിൽ നിന്ന് പോലീസിനെ രക്ഷിക്കാൻ കഴിയാത്ത പിണറായിയാണ് മറ്റുള്ളവരെ ഭയപ്പെടുത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. അഥിതി ദേവോ ഭവ എന്നു പറഞ്ഞാൽ അതിഥികളിൽ നിന്ന് തല്ലുവാങ്ങുകയെന്നല്ലെന്നും അദ്ദേഹം പരിഹസിച്ചു. കോഴിക്കോട് കെ. കരുണാകരൻ അനുസ്മരണത്തിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ലഹരിമാഫിയ കേരളത്തിൽ പടർന്നു പിടിച്ചതിന്റെ തെളിവാണ് പോലീസുകാർക്ക് നേരിട്ട അനുഭവമെന്നും കെ മുരളീധരൻ വിമർശിച്ചു. കെ കരുണാകരനെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു. യഥാർത്ഥ വികസനം എന്തെന്ന് കേരളത്തെ കാണിച്ചു തന്ന ഭരണാധികാരിയാണ് കെ കരുണാകരൻ. ജനങ്ങളെ കൂടെ നിർത്തിയുള്ള വികസനമാണ് അദ്ദേഹം നടത്തിയത്. കമ്മീഷൻ പറ്റിയുള്ള വികസനം ആയിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കെ റെയിൽ പദ്ധതിക്കെതിരെയും കെ കരുണാകരൻ വിമർശനം ഉന്നയിച്ചു. കെ റെയിൽ പൂർത്തിയാകുമ്പോഴേക്കും കമ്മ്യുണിസ്റ്റ് പാർട്ടി കേരളത്തിൽ ഉണ്ടാകുമോയെന്ന് അദ്ദേഹം ചോദിച്ചു. കെ റെയിൽ വിഷയത്തിൽ ശശി തരൂർ പാർട്ടിക്കൊപ്പം നിൽക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

covid

ന്യൂയോർക്ക്: ന്യൂയോർക്കിൽ കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന കുട്ടികളുടെ എണ്ണം വർധിക്കുന്നു. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന 18 വയസിൽ താഴെയുള്ളവരിൽ പകുതിയിലേറെയും അഞ്ച് വയസ്സിൽ താഴെയുള്ളവരാണെന്നാണ് വിവരം. അമേരിക്കയിൽ കോവിഡ് കേസുകൾ കുതിച്ചുയരുകയാണ്.

കഴിഞ്ഞ ഒരാഴ്ചത്തെ കൊവിഡ് കേസുകളുടെ കണക്കെടുത്താൽ 1.90 ലക്ഷമാണ് അമേരിക്കയിലെ ശരാശരി. കോവിഡ് വൈറസിന്റെ ജനിതക വകഭേദം ഒമിക്രോൺ വ്യാപിക്കുന്ന സാഹചര്യത്തിൽ അമേരിക്കയിൽ ജാഗ്രത കർശനമാക്കിയിരിക്കുകയാണ്. അടുത്ത മാസത്തോടെ അമേരിക്കയിൽ പരിശോധനകൾ വർധിപ്പിക്കാനുള്ള സൗകര്യം ഒരുക്കുമെന്ന് അധികൃതർ അറിയിച്ചു.

കോവിഡ് കേസുകൾ ക്രമാതീതമായി ഉയരാനുള്ള സാധ്യതയുണ്ടെന്നാണ് ആരോഗ്യ വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്. രോഗവ്യാപനം തടയാൻ പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കുകയാണ് വേണ്ടതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.

കൊല്ലം: സംസ്ഥാന സർക്കാരിന്റെ സ്വപ്‌ന പദ്ധതിയായ കെ റെയിലിനെതിരെ വിമർശനവുമായി മുൻമന്ത്രി ഷിബു ബേബി ജോൺ. കെ റെയിൽ പദ്ധതി കേരളത്തിലെ മൂന്നു തലമുറകളെ കടക്കെണിയിലേക്ക് തള്ളിവിടുമെന്ന് അദ്ദേഹം പറഞ്ഞു. പദ്ധതിയ്ക്ക് വേണ്ടി ഒരു ലക്ഷം കോടിക്കു പുറത്തു ചെലവാകും എന്നാണ് ഇപ്പോൾ പറയുന്നത്. ഈ കടം കേരളമാണ് ഏറ്റെടുക്കുന്നത്. അപ്പോൾ എത്ര തലമുറ ഈ ബാധ്യത ഏറ്റെടുക്കേണ്ടി വരുമെന്ന് അദ്ദേഹം ചോദിക്കുന്നു.

പണി തീർന്നു പ്രതീക്ഷിച്ച പോലെ വരുമാനം കിട്ടിയില്ലെങ്കിൽ എന്താകും കേരളത്തിന്റെ അവസ്ഥയെന്നും അദ്ദേഹം ചോദിച്ചു. കൊച്ചി മെട്രോ ഇപ്പോൾ നഷ്ടത്തിലാണ് പ്രവർത്തിക്കുന്നതെന്നും ഷിബു ബേബി ജോൺ ചൂണ്ടിക്കാട്ടി.

കെ റെയിൽ പദ്ധതിയിൽ തിരുവനന്തപുരം മുതൽ കാസർകോട് വരെ ഒരു ദിവസം രാത്രിയും പകലുമായി ഏകദേശം നൂറോളം ട്രെയിനുകൾ ഓടിക്കുമെന്നാണ് അറിയുന്നത്. അങ്ങനെയെങ്കിൽ 15 മിനിറ്റ് ഇടവേളയിൽ ട്രെയിൻ ഓടും. ഈ പാത കടന്നു പോകുന്ന റോഡുകളിലെ ഗതാഗത സംവിധാനം എങ്ങനെയാകുമെന്ന ചോദ്യവും അദ്ദേഹം മുന്നോട്ടുവെയ്ക്കുന്നുണ്ട.

ദുരൂഹതകൾ നീങ്ങാതെ, ചർച്ചകൾ നടത്താതെ അടിച്ചേൽപ്പിക്കുന്ന വികസനം ജനം എതിർക്കുക തന്നെ ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ഈ എതിർപ്പുകൾ വികസനവിരോധം എന്നു മുദ്രകുത്തിയാൽ അവസാനിക്കില്ലെന്നും അദ്ദേഹം അറിയിച്ചു.

കാസർകോട്: കാസർകോട് സിപിഎമ്മിന്റെ പുതിയ ജില്ലാ കമ്മിറ്റി ഓഫീസ് കെട്ടിടം എ കെ ജി മന്ദിരം ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രിയും പൊളിറ്റ്ബ്യൂറോ അംഗവുമായ പിണറായി വിജയനാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. വിദ്യാനഗർ ചാല റോഡിലാണ് എ കെജി സെന്റർ നിർമ്മിച്ചിരിക്കുന്നത്. 42 സെന്റ് സ്ഥലത്ത് 32,000 ചതുരശ്രയടി വിസ്തൃതിയിൽ ആധുനിക സംവിധാനങ്ങളോടെയാണ് ഓഫീസ് സജ്ജമാക്കിയിട്ടുള്ളത്.

ഉദ്ഘാടന ചടങ്ങിൽ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. പിണറായി വിജയൻ പതാക ഉയർത്തുകയും ചെയ്തു. അതേസമയം കേന്ദ്ര കമ്മിറ്റിയംഗം പി കരുണാകരൻ സി കൃഷ്ണൻ നായർ സ്മാരക ഹാളിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. കേന്ദ്ര കമ്മിറ്റിയംഗങ്ങളായ എ വിജയരാഘവൻ ചരിത്രശിൽപ്പവും ഇ പി ജയരാജൻ സാമൂഹ്യ ചിത്രശിൽപ്പവും അനാഛാദനം ചെയ്തു.

ചടങ്ങിൽ ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എം വി ജയരാജൻ, പി ജയരാജൻ, ടി വി രാജേഷ്, സി എച്ച് കുഞ്ഞമ്പു എംഎൽഎ, എ കെ ജിയുടെ മകൾ ലൈല കരുണാകരൻ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു. കേന്ദ്ര കമ്മിറ്റിയംഗങ്ങളായ പി കെ ശ്രീമതി ഗ്രന്ഥാലയം ഉദ്ഘാടനം ചെയ്തു. കെ കെ ശൈലജ ഫോട്ടോ അനാഛാദനവും എം വി ഗോവിന്ദൻ മീഡിയ റൂം ഉദ്ഘാടനവും നിർവഹിച്ചു.

ന്യൂഡൽഹി: ഡൽഹിയിൽ രാത്രികാല കർഫ്യു പ്രഖ്യാപിച്ചു. ഒമിക്രോൺ വ്യാപനം തുടരുന്നതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. തിങ്കളാഴ്ച്ച മുതൽ രാത്രികാല കർഫ്യു നിലവിൽ വരും. രാത്രി 11 മണി മുതൽ പുലർച്ചെ അഞ്ച് മണി വരെയാണ് കർഫ്യൂ. ഹരിയാന, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും രാത്രികാല കർഫ്യു ഏർപ്പെടുത്തിയിട്ടുണ്ട്.

വരും ദിവസങ്ങളിൽ പുതുവത്സര ആഘോഷങ്ങൾ ഉൾപ്പെടെ നടക്കാനിരിക്കെയാണ് ഡൽഹി സർക്കാർ കർഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്. ക്രിസ്മസിനും ന്യൂ ഇയറിനും ആളുകൾ കൂട്ടം കൂടുന്നത് ഡൽഹി നിരോധിച്ചിരുന്നു. എല്ലാ ആഘോഷ പരിപാടികളും ഒഴിവാക്കണമെന്ന് ഡൽഹി ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി അറിയിക്കുകയും ചെയ്തിരുന്നു.

ഇന്ത്യയിൽ ഇതുവരെ 422 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിലാണ് നിലവിൽ ഏറ്റവും അധികം രോഗികളുള്ളത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പുതുവത്സര ആഘോഷങ്ങൾക്ക് പല സംസ്ഥാനങ്ങളും കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കോവിഡ് പ്രോട്ടോകോളുകൾ പാലിക്കണമെന്നും ആരോഗ്യ മന്ത്രാലയം നിർദ്ദേശിച്ചു.

കൊച്ചി: കിഴക്കമ്പലം അതിക്രമത്തിൽ വിശദീകരണവുമായി കിറ്റക്സ് എം.ഡി. സാബു ജേക്കബ്. സംഭവത്തിൽ കുറ്റക്കാർ നാൽപതിൽ താഴെ പേർ മാത്രമാണെന്നും എന്നാൽ 155 പേരെയാണ് പോലീസ് പിടിച്ചുകൊണ്ടുപോയെന്നും അദ്ദേഹം പറഞ്ഞു. വാർത്താക്കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. എല്ലാവരും കുറ്റക്കാരാണെന്ന് കരുതുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പോലീസ് വാഹനം തീവെച്ചു നശിപ്പിച്ചയാളെ കിറ്റക്സ് കമ്പനി തന്നെയാണ് പിടികൂടി പോലീസിനെ ഏൽപിച്ചത്. പോലീസ് അന്വേഷണത്തോട് പൂർണമായി സഹകരിക്കുമെന്നും അദ്ദേഹം ഉറപ്പു നൽകി. കേസിൽ കുറ്റക്കാരായ ഒരു തൊഴിലാളിയെയും രക്ഷപ്പെടാൻ അനുവദിക്കില്ല. കമ്പനി തൊഴിലാളികൾക്ക് ലഹരിവസ്തു ലഭിച്ചത് എങ്ങനെയെന്ന് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കിറ്റെക്‌സ് കമ്പനിയിലെ ഇതര സംസ്ഥാന തൊഴിലാളികൾ ലേബർ ക്യാമ്പിനുള്ളിൽ ക്രിസ്മസ് കരോൾ നടത്തിയിരുന്നു. ഈ സംഘത്തിലെ പലരും മദ്യലഹരിയിലായിരുന്നു. ഇതിനിടെ ക്യാംപിലുണ്ടായിരുന്ന മറ്റൊരു വിഭാഗം എല്ലാവരും ഉറങ്ങുന്ന സമയത്ത് കാരൾ നടത്തുന്നതിനെ എതിർത്തതോടെ ഇരുകൂട്ടരും തമ്മിൽ തർക്കം ഉണ്ടായി. പിന്നീട് ഈ തർക്കം രൂക്ഷമാകുകയും സ്ഥിതിഗതികൾ വഷളാകുകയും ചെയ്തു. തുടർന്ന് നാട്ടുകാർ വിവരം പോലീസിനെ അറിയിച്ചു.

എന്നാൽ സംഭവ സ്ഥലത്തേക്കെത്തിയ ഇൻസ്‌പെക്ടർക്കും സംഘത്തിനും നേരെ തൊഴിലാളികൾ അക്രമം അഴിച്ചു വിട്ടു. നാട്ടുകാരാണ് പോലീസുകാരെ സ്ഥലത്ത് നിന്ന് ഇടറോഡുകൾ വഴി രക്ഷപ്പെടാൻ സഹായിച്ചത്. പൊലീസ് പിന്മാറിയതോടെ തൊഴിലാളികൾ പൊലീസ് ജീപ്പുകൾ അക്രമിക്കുകയും ഒരു വാഹനം പൂർണമായി കത്തിക്കുകയും ചെയ്തു. രണ്ട് വാഹനങ്ങൾ അടിച്ച് തകർത്തിട്ടുമുണ്ട്.